കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി ഡിവിഷന് കൗണ്‍സിലറായിരുന്ന കോകില എസ് കുമാര്‍ വാഹനാപകത്തില്‍ മരിച്ചതിനെ തുടര്‍ന്ന് നടത്തുന്ന ബൈ ഇലക്ഷന് മുന്നോടിയായിട്ടുള്ള ബിജെപിയുടെ വോട്ടുപിടിത്തം എല്ലാ മര്യാദകളെയും ലംഘിക്കുന്നതാണ്
മരിച്ചു പോയ തന്റെ മകളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഒരമ്മയെ കൊണ്ട് വോട്ട് ചോദിപ്പിച്ച നടപടി തീര്‍ച്ചയായും കടന്നകൈയായിപ്പോയി ബിജെപി. തുറന്നു പറയട്ടെ, പലപ്പോഴും ബിജെപിയോടുള്ള വിയോജിപ്പുകള്‍ ഉണ്ടായിരിക്കുന്നത് രാഷ്ട്രീയ പരമായിട്ടാണ്. പക്ഷെ ഇത് അങ്ങനെയല്ല. ആധുനിക സമൂഹമെന്ന് മേനി നടിക്കുന്ന നമ്മള്‍ മരണപ്പെട്ടവരോട് കാണിക്കേണ്ട മര്യാദകള്‍ പാടേ മറന്നുകൊണ്ട് ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നത് തീരെ മോശമായ ഒരു കാര്യമായിപ്പോയി. കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി ഡിവിഷന് കൗണ്‍സിലറായിരുന്ന കോകില എസ് കുമാര്‍ വാഹനാപകത്തില്‍ മരിച്ചതിനെ തുടര്‍ന്ന് നടത്തുന്ന ബൈ ഇലക്ഷന് മുന്നോടിയായിട്ടുള്ള ബിജെപിയുടെ വോട്ടുപിടിത്തം എല്ലാ മര്യാദകളെയും ലംഘിക്കുന്നതാണ്. ജനപ്രതിനിധികള്‍ മരണപ്പെട്ടാല്‍ ബന്ധുക്കളെ ബൈ ഇലക്ഷന് നിര്‍ത്തി സഹതാപതരംഗത്തിലൂടെ ജയിക്കാന്‍ എല്ലാ പാര്‍ട്ടിക്കാരും ശ്രമിക്കാറുണ്ടെങ്കിലും ബിജെപിയുള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികള്‍ നാളിതുവരെ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ ശ്രമിച്ചിരുന്നില്ല. ഇപ്പോള്‍ അതും ലംഘിക്കപ്പെട്ടു.
തേവള്ളി ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് കോകിലയുടെ അമ്മ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. അതിനെ തുടര്‍ന്ന് വോട്ടു നേടാന്‍ കോകില എഴുതിയ തരത്തിലുള്ള ഒരു കത്താണ് ബിജെപി പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അതിലെ വരികളില്‍ താനും അച്ഛനും നഷ്ടപ്പെട്ട അമ്മയെ വിജയിപ്പിക്കണമെന്നാണ് പറഞ്ഞു വയ്ക്കുന്നത്. ഒരു പക്ഷെ കോകിലയുടെ അമ്മ പോലും അറിയാതെയാവും പ്രവര്‍ത്തകര്‍ ഇത്തരമൊരു പ്രചാരണ കത്ത് വിതരണം ചെയ്തത്. അതിലെ വരികള്‍ സത്യത്തില്‍ ആ അമ്മയെയും മകളെയും അപമാനിക്കുകയാണ്. ജീവിച്ചിരിക്കുന്ന ആ അമ്മയുടെ മാനസികാവസ്ഥയെങ്കിലും ചിന്തിച്ചു നോക്കാമായിരുന്നില്ലേ പ്രവര്‍ത്തകരേ. ഒരു വാദത്തിന് നിങ്ങള്‍ക്ക് (ബിജെപി) പറയാം അമ്മ സമ്മതിച്ചിട്ടാണ് ഇതെല്ലാമെന്ന്. അത് പക്ഷെ നിങ്ങള്‍ക്ക് വാദത്തിന് ജയിക്കാന്‍ മാത്രമെ കഴിയൂ. മന:സാക്ഷിയോട് ഒന്ന് ചോദിച്ചു നോക്കണം. അപ്പോള്‍ മനസിലാകും പരാജയപ്പെട്ടുവെന്ന്.
ഇനിയിപ്പോള്‍ ബിജെപി തുടങ്ങിവച്ച ഇത്തരം നടപടികള്‍ ബാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി പിന്തുടരും എന്നതില്‍ സംശയമില്ല. നല്ലതായാലും ചീത്തയായാലും ഒന്നു തുടങ്ങി കിട്ടാനാണ് പ്രയാസം. അതുകഴിഞ്ഞാല്‍ ഏറ്റെടുക്കാന്‍ ആളുകള്‍ ഉണ്ടാവും. ആവേശത്തിന് ധാര്‍മ്മികമായി ഞങ്ങളുടെ പാര്‍ട്ടികാര്‍ ഇങ്ങനെ ഒന്നും ചെയ്യില്ലെന്ന് പറഞ്ഞുകൊണ്ട് ചിലരെത്തും. അത് വെറുതയാണെന്ന് നല്ല ബോധ്യമുണ്ട്. ഒന്നോ രണ്ടോ ഇതുപോലെത്തെ വിഷയത്തില്‍ ധാര്‍മ്മികത കാണിക്കും. പിന്നെ വിജയിക്കാനായി ഇതല്ല ഇതിന്റെ അപ്പുറത്തുള്ള തന്ത്രങ്ങള്‍ കാണിക്കും. രാഷ്ട്രീയ ധാര്‍മ്മികത മുമ്പേ തന്നെ നഷ്ടപ്പെട്ടിരുന്നു. മരണപ്പെട്ടവരോട് എന്ത് ധാര്‍മ്മികത? എന്ത് മര്യാദ? നമുക്ക് വിജയിക്കണം അത് മാത്രം നോക്കിയാല്‍ പോരെ. അതേ, ഇന്നുള്ള രാഷ്ട്രീയം വിജയിക്കുക എന്നതു മാത്രമാണ്.
(ആലപ്പുഴ സ്വദേശിയാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്
അഴിമുഖം ഡെസ്ക്
സെപ്റ്റംബര്‍ 13 ചൊവ്വാഴ്ച പടിഞ്ഞാറെ കൊല്ലം കാവനാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലായിരുന്നു കോകിലയും (23) അച്ഛന്‍ സുനില്‍ കുമാറും(50) മരിച്ചത്. കൊല്ലം കര്‍മ്മലറാണി ട്രെയിനിങ് കോളേജിലെ ബിഎഡ് വിദ്യാര്‍ഥിനികൂടിയായിരുന്നു കോകില. എസ് എന്‍ വനിതാ കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടിയശേഷമാണ് കോകില ബിഎഡിന് ചേര്‍ന്നത്. പരവൂര്‍ ഫയര്‍സ്റ്റേഷനിലെ ഡ്രൈവറായിരുന്നു സുനില്‍ കുമാര്‍. കൊല്ലം കോര്‍പ്പറേഷനില്‍ ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറന്ന രണ്ട് കൗണ്‍സിലര്‍മാരില്‍ ഒരാളായിരുന്നു കോകില. രണ്ടാമത്തെയാള്‍ തിരുമുല്ലവാരം ഡിവിഷനിലെ തുവനാട്ട് വി സുരേഷ്‌കുമാറാണ്.
ഇത്തവണ നാല് സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്. സിപിഎം, കോണ്‍ഗ്രസ്, ബിജെപി സ്ഥാനര്‍ഥികള്‍ക്ക് പുറമെ കോണ്‍ഗ്രസിന്റെ റിബല്‍ സ്ഥാനാര്‍ഥിയും മത്സര രംഗത്തുണ്ട്. നോട്ട് പിന്‍വലിക്കല്‍ പ്രശ്നം സിപിഎമ്മും കോണ്‍ഗ്രസും പ്രചരണവിഷയമാക്കുമ്പോള്‍ കോകിലയുടെ മരണം തന്നെയാണ് ബിജെപ്പിയുടെ പ്രാധാന പ്രചരണവിഷയം. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് കോകില വിജയിച്ചത്. കോകില (ബിജെപി)-1096, ഗീത വിശ്വന്‍ (സിപിഎം)- 870, കുസുമം ടീച്ചര്‍ (ആര്‍എസ്പി)- 853, ലക്ഷ്മി ശങ്കര്‍ (സ്വത.)- 123 എന്നിങ്ങനെയായിരുന്നു വോട്ടിംഗ് നില.
കോകിലയുടെ പേരില്‍ കത്തെഴുതിക്കൊണ്ടുള്ള പ്രചരണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. ചില ഫെയ്‌സ്ബുക്ക് കമന്റുകള്‍ ഇപ്രകാരമാണ്-
‘മരണപ്പെട്ടവരോടും മൃതദേഹങ്ങളോടും ആധുനിക സമൂഹങ്ങള്‍ പ്രകടിപ്പിക്കുന്ന അടിസ്ഥാനപരമായ ചില മര്യാദകളുണ്ട്. ഓരോരുത്തരുടെയും സാമൂഹികബോധ്യങ്ങള്‍ അനുസരിച്ച് അതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും ഇത് അല്പം കടന്നു പോയി. രാഷ്ട്രീയലാഭത്തിനുവേണ്ടി ഒരമ്മയെ കൊണ്ട് മരിച്ചു പോയ തന്റെ മകളെ ഉപയോഗപ്പെടുത്തുവാന്‍ നിങ്ങള്‍ പ്രയോഗിച്ച ബുദ്ധിയുണ്ടല്ലോ അത് ചെയ്യുവാന്‍ നിങ്ങളെക്കൊണ്ടല്ലാതെ മറ്റാരെയുംകൊണ്ടത് സാധിക്കില്ല.’
‘പ്രിയപ്പെട്ട ബിജെപി, ഇത്തരം ക്രൂരതകള്‍ തുടരുക. അച്ഛനെക്കൊണ്ട് മകന്റെയും സഹോദരനെക്കൊണ്ട് സഹോദരിയുടെയും ഭാര്യയെക്കൊണ്ട് ഭര്‍ത്താവിന്റെയും മൃതദേഹങ്ങള്‍ വില്പനയ്ക്ക് വെപ്പിക്കുക, വമ്പിച്ച ലാഭം കൊയ്യുക.’
‘അടുപ്പിലെ ചാരം വാരി മരിച്ചവരുടെ ഭൗതികാവശിഷ്ടമെന്ന് പറഞ്ഞ് അതും കൊണ്ടു നടന്ന് വോട്ടു പിടിക്കാനും ഇവര്‍ മടിക്കില്ല..!’