UPDATES

അഭിലാഷ് മേലേതില്‍

കാഴ്ചപ്പാട്

BookMark

അഭിലാഷ് മേലേതില്‍

ഭ്രഷ്ടജീവിതം: The End of Eddy ഒരു വായന

ഈ നോവൽ Édouard Louis-ന്റെ നാടായ ഫ്രാൻസിൽ വലിയ തരംഗങ്ങൾ സൃഷ്ടിക്കുകയുണ്ടായി

                       

നമുക്ക് എന്തൊക്കെ വയലൻസ് ആയി കണക്കാക്കാം എന്നതിനെക്കുറിച്ചുള്ള ഒരു ബോധ്യമില്ലായ്‌മ പൊതുവേയുണ്ട് . ചെറുപ്പത്തിൽ മാതാപിതാക്കളും അധ്യാപകരും ബന്ധുക്കളുമൊക്കെ കുട്ടികളുടെ നേരെ, ചിലപ്പോൾ അവരുടെയൊക്കെ കൗമാരം കഴിഞ്ഞുപോലും, അഴിച്ചുവിട്ടിരുന്ന അച്ചടക്കം പഠിപ്പിക്കൽ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന, ഇപ്പോൾ ആലോചിക്കുമ്പോൾ എത്ര ഭീദിതമായിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിയുന്ന, അതിക്രമമാണ് ആദ്യം ഓർമ്മ വരുന്നത്. പിന്നെ പൊതുവേദികളിൽ, സ്വകാര്യ സദസ്സുകളിൽ മക്കളെ താരതമ്യം ചെയ്ത് താഴ്‌ത്തിക്കെട്ടുകയും വിമർശിക്കുകയും ചെയ്യുന്നവർ, പിന്നെ തങ്ങളിൽ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവർ, വേറിട്ട തൊലിനിറമോ, അതുപോലെ എളുപ്പം തിരിച്ചറിയാൻ പറ്റുന്ന എന്തെങ്കിലും അടയാളം പേറുന്നവർ തുടങ്ങിയവരോടുള്ള, പലപ്പോഴും പൊതുബോധം എന്നതിനെ പിൻപറ്റുന്ന, നിശ്ശബ്ദമായ അക്രമം. ഇവയെ കീഴ്‌വഴക്കം പോലെ പിന്തുടരുന്നത്, അതിനുള്ള നിശ്ശബ്ദമായ അനുവാദം. അക്രമത്തെ തന്നെ അങ്ങനെ ഇൻസ്റ്റിറ്റ്യൂഷനലൈസ് ചെയ്തുവച്ച സമൂഹമാണ് നമ്മുടേത്. വളരെക്കാലത്തെ അനുഭവ/നിരീക്ഷണങ്ങൾ കൊണ്ടാണ് പലരും ആ അവസ്ഥ മനസ്സിലാക്കാൻ പോലും പ്രാപ്‌തരാകുന്നത്. എന്നാൽ ഓരോ കാലത്തും നമ്മൾ പുതിയ തരം വയലൻസ് ഉത്പ്പാദിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. തെറികൾ, സാധാരണ വ്യവഹാരങ്ങളിൽ നമ്മൾ സ്വാഭാവികമായി ഉപയോഗിക്കുന്ന വാക്കുകൾ തുടങ്ങി എണ്ണമറ്റ അടരുകൾ ഇതിനുണ്ട്.

ഇപ്പോൾ നമ്മുടെ പൊതുസമൂഹം പതിയെ പരിചയപ്പെട്ടുവരുന്ന ഒന്നാണ് എൽജിബിറ്റി എന്ന പദം. എന്നാൽ പൊതുധാരയ്ക്ക് പുറത്തുള്ള സെക്ഷ്വൽ ഐഡന്റിറ്റി എന്നത് പരിഹാസ്യമായ ഒന്നായാണ് നമ്മൾ കാണുന്നത്. ട്രാൻസ് കഥാപാത്രങ്ങളെക്കൊണ്ട് സമൃദ്ധമാണ് നമ്മുടെ പുരാണങ്ങളും മറ്റും. എന്നിട്ടും വർത്തമാനകാലത്തെ ഈ വിഭാഗത്തിലുള്ളവരുടെ ഐഡന്റിറ്റി, അതിന്റെ പ്രശ്നങ്ങൾ തുടങ്ങിയവ നമുക്ക് വിഷയമല്ല. ഇതിന്റെ പേരിലും പ്രത്യക്ഷവും പരോക്ഷവുമായ അക്രമങ്ങൾ നമ്മൾ നടത്തുന്നുണ്ട്. മൊത്തത്തിൽ അക്രമത്തെ അതിന്റെ വലിപ്പമോ വ്യാപ്തിയോ നോക്കിയില്ലെങ്കിൽപ്പോലും അതായി തിരിച്ചറിയാൻ പോലും വൈകിയ ആളുകളാണ് നമ്മൾ. കുട്ടികളോടായാലും, മുതിർന്നവരായാലും തങ്ങളോട് ഏതെങ്കിലും രീതിയിൽ യോജിപ്പില്ലാത്തവരാണെങ്കിൽ പ്രതികരണം നിരാസവും, ചിലപ്പോൾ നശീകരണവും വരെ എത്തിക്കാൻ നമുക്ക് ലജ്ജയില്ല.

ലൈംഗിക വ്യക്തിത്വം എന്നുള്ളത് അത്ര ലളിതവുമല്ല. അറിയാത്തതിനെ പ്രതിരോധിക്കാനുള്ള പ്രവണത മനുഷ്യരിൽ സഹജമാണല്ലോ – എന്നാൽ ഇൻഫർമേഷൻ യുഗം എന്നുപറയുന്ന കാലത്തും ഇത്തരം അവബോധത്തെ പുനഃപരിശോധിക്കാനോ മുൻവിധികളെ തള്ളിക്കളയാനോ നമ്മൾ ശ്രമിക്കുന്നില്ല എന്നതാണ് പ്രശ്നം. ഇത് പരിഷ്കൃതം എന്നവകാശപ്പെടുന്ന സമൂഹങ്ങളിലും അത്ര വ്യത്യസ്തമൊന്നുമല്ല. പക്ഷെ അത്തരം പല സമൂഹങ്ങളും വ്യക്തിസ്വാതന്ത്ര്യത്തിൽ അത്രയധികം ഊന്നുന്നത് മൂലം അതിന്റെ മാനങ്ങൾ വേറെയാണ് എന്ന് മാത്രം. Édouard Louis ഇരുപത്തൊന്നാം വയസ്സിൽ എഴുതിയ ‘The End of Eddy’ എന്ന നോവലിൽ എഴുത്തുകാരൻ താൻ കാണുകയും അനുഭവിക്കുകയും ചെയ്ത പല നിലകളിലെ വയലൻസിനെ രേഖപ്പെടുത്തുകയാണ്. ഈ നോവൽ Édouard-ന്റെ നാടായ ഫ്രാൻസിൽ വലിയ തരംഗങ്ങൾ സൃഷ്ടിക്കുകയുണ്ടായി – അതിൽ ചിത്രീകൃതമായിക്കുന്ന തരത്തിലെ ദാരിദ്ര്യം അന്നാട്ടിൽ സാധ്യമാണെന്നത് തന്നെ പല വായനക്കാർക്കും അവിശ്വസനീയമായിരുന്നുവത്രെ. സർക്കാർ സഹായം കൊണ്ട് കഴിഞ്ഞുവരുന്ന വിദൂര ഗ്രാമീണജീവിതങ്ങൾ വർക്കിംഗ് ക്ലാസ് വിഭാഗത്തെപ്പറ്റി ഒരു പുതിയ അവബോധം തന്നെ സൃഷ്ടിച്ചു എന്നാണ് പറയപ്പെടുന്നത്. മിക്കവാറും ആത്മകഥാപരമായ ഒരു കൃതിയാണിത്. നോസ്‌ഗാർഡിനോടും എഡ്മണ്ട് വൈറ്റിനോടും ഒക്കെ തുലനം ചെയ്യപ്പെടുന്നുണ്ട് Édouard. അതൽപ്പം അതിശയോക്തി തന്നെയാണ്. പക്ഷേ ഒരു കൃതി അത്രയധികം പ്രശസ്തമാകുകയും ഇരുപതോളം ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുകയും ചെയ്തു എന്ന് പറയുമ്പോൾ ഇത്തരത്തിലെ താരതമ്യങ്ങൾ സ്വാഭാവികമായി വന്നുപോയതാവാം. എന്നാൽ മോശം ഭാഷയോ അപക്വമായ ആഖ്യാനശൈലിയോ അല്ല Édouard-ന്റെ. അനുഭവങ്ങളെ, സാഹചര്യങ്ങളെ, തന്റെ ചുറ്റുമുള്ള ആളുകളെ കഥക്കാവശ്യമായ വിധത്തിൽ ചെത്തിമിനുക്കിയെടുക്കാൻ വേണ്ട വൈഭവം അയാൾ നോവലിലുടനീളം പ്രദർശിപ്പിക്കുന്നുണ്ട്. പരിഷ്‌കൃതം എന്ന് നമ്മൾ കരുതുന്ന ഇടങ്ങളിൽപ്പോലും ഏതെങ്കിലും തരത്തിൽ ന്യൂനപക്ഷമാകുന്നവരോട് മനുഷ്യർ ചെയ്യുന്ന അക്രമം എത്ര വലുതാണ് എന്ന് നമ്മൾ മനസിലാക്കുന്നു.

കഥ തുടങ്ങുമ്പോൾ സ്‌കൂളിലെ ഒരു ഇടനാഴിയിൽ ‘ഫാഗറ്റ്’ എന്ന് വിളിച്ചുകൊണ്ട് രണ്ടു മുതിർന്ന വിദ്യാർഥികൾ എഡി എന്ന കഥാനായകനെ മർദ്ദിക്കുകയാണ്, പിന്നെ അവരവന്റെ മുഖത്ത് തുപ്പുന്നു. ഇത് കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുകയാണ്. വന്നുവന്ന് ഒരനുഷ്ഠാനം പോലെ അവൻ സ്വമേധയാ ചെന്ന് അവരുടെ ശിക്ഷയ്ക്കായി കാത്തുനിൽക്കാൻ വരെ തുടങ്ങി. അവന്റെ നടത്തം, ശരീരത്തിന്റെ പ്രത്യേകതകൾ, സ്വഭാവത്തിൽ പൊതുവെയുള്ള മൃദുത്വം തുടങ്ങിയവയാണ് ഈ പരിഹാസത്തിന്റെയും അക്രമത്തിന്റെയും ഹേതു. തങ്ങളിൽ വ്യത്യസ്തരായവരെ ആക്രമിക്കുവാൻ പൊതുബോധത്തെ സഹായിക്കുന്ന ഘടകങ്ങൾ മറ്റു പലതാണ് – മതപരമായ ബോധനം, മസ്കുലിനിറ്റിയെപ്പറ്റിയുള്ള (ആണത്തം എന്ന മലയാള പദം, സ്ത്രീകൾക്കും മൂന്നാം ലിംഗക്കാർക്കും പേശിബലമില്ലെന്നുള്ള തീർപ്പ്) പരമ്പരാഗത സങ്കൽപ്പം -“നിയെന്താടാ/ടീ പെണ്ണുങ്ങ/ആണുങ്ങളെപ്പോലെ” – തുടങ്ങി, സാധാരണ വ്യവഹാര ഭാഷയിൽ കടന്നുകൂടിയിട്ടുള്ള തെറികൾ വരെയുണ്ടതിൽ.

എഡിയുടെ അച്ഛൻ ഗ്രാമത്തിലെ ആണുങ്ങളുടെ എല്ലാവരുടെയും നിയോഗംപോലെ വീടിനടുത്തുള്ള ഒരു ഫാക്ടറിയിലാണ് ജോലിചെയ്തിരുന്നത്, നടുവിന് പരിക്കായപ്പോൾ ടിവിയും മദ്യപാനവുമായി വീട്ടിലിരിക്കുന്നു, അമ്മ ഒരു ഹോംനഴ്‌സാണ്. ദാരിദ്ര്യത്തെ മറയ്ക്കാൻ അവർ കഷ്ടപ്പെടുകയാണ്. ഗ്രാമത്തിൽ മറ്റുള്ളവരുടെ സ്ഥിതി വ്യത്യസ്‍തമൊന്നുമല്ല. എന്നാലും തന്റെ മക്കൾ നല്ല രീതിയിൽ വളരണം. കൂട്ടത്തിൽ ദുർബ്ബലനായ എഡി നന്നായി പഠിച്ചു നല്ല ജോലി നേടണം എന്നതൊക്കെയാണ് അവരുടെ ആഗ്രഹം. അവനോടാണ് അമ്മയെല്ലാം പറയുന്നത്. സ്വന്തം അമ്മയെപ്പറ്റിയും (വീട്ടിൽ വളർത്തുന്ന നായകൾക്കൊപ്പം മിക്കവാറും എല്ലാ ദിവസവും പട്ടിണി കിടക്കുന്നു അവർ) കുടുംബത്തിലെ പല കഥകൾ, തന്റെ ഒരു കുഞ്ഞിനെ അബദ്ധത്തിൽ കക്കൂസിലേക്ക് പ്രസവിച്ചിടുന്നതും വെപ്രാളത്തിൽ അതിനെ ഫ്ലഷ് ചെയ്തു കളയാൻ നോക്കുന്നതും അങ്ങനെ പലതും. അത്രയെളുപ്പമല്ല നോവലിന്റെ വായന എന്നുള്ളതിന്റെ സൂചനയായാണ് ഇത് പറഞ്ഞത്. ഇതിൽ അത്തരമൊരു അസുഖകരമായ അന്തരീക്ഷത്തിന്റെ സ്ഥിരസാന്നിധ്യമുണ്ട്.

അച്ഛൻ വിശ്വസിക്കുന്നത് പേശീബലത്തിലാണ്. എഡിയെ അച്ഛനും പരിഹസിക്കുന്നുണ്ട് – ഒരിക്കൽ അയാളുടെ സുഹൃത്തുക്കളുടെ മുന്നിൽവച്ചുപോലും. എന്നാൽ സ്വകാര്യത്തിൽ തന്റെ സഹപ്രവർത്തകരോടൊക്കെ മകൻ ഒരിക്കൽ പഠിക്കും, പണക്കാരനാകും എന്നൊക്കെ പ്രതീക്ഷയോടെ പറയുന്നുമുണ്ട് അയാൾ. മദ്യപിച്ചു വന്ന സഹോദരൻ എഡിയെ സ്ത്രൈണതയാരോപിച്ചു മർദ്ദിക്കാൻ തുടങ്ങുമ്പോൾ അയാൾ തടുക്കുന്നു – ഇത്തരം അസാധാരണ സന്ദർഭങ്ങളെയാണ് അവൻ അതിജീവിക്കുന്നത്. അവനെ സാധാരണ പുരുഷനാക്കുന്നതിന് വേണ്ടി അമ്മയും ചേച്ചിയും കൂടി ഒരു പെൺകുട്ടിയുടെ കൂടെ ഡേറ്റിനു വിടുന്നു. എന്നാൽ ചെറുപ്പത്തിലേ തന്റെ ഐഡന്റിറ്റി എന്താണ് എന്നതിനെക്കുറിച്ച് അവനു ബോധ്യമുണ്ട്. അത് മറച്ചുവെക്കാനുള്ള ശ്രമമാണ് അവന്റേത്. താൻ കുട്ടിയായിരിക്കുമ്പോൾ ചുറ്റുമുള്ള സമൂഹം താൻ മറ്റ് ആണുങ്ങളുമായി കൂട്ടുകൂടുന്നതേ ആഗ്രഹിക്കുന്നുള്ളൂ എന്നതും, പെൺകുട്ടികളോട് കാണിച്ചിരുന്ന അടുപ്പം സ്വാഭാവികമല്ലെന്നുമാണ് അവൻ പഠിക്കുന്നത് – വലുതാകുമ്പോള്‍ നേരെ തിരിച്ചും. ആദ്യത്തേതിൽ ലൈംഗികത ഇല്ലെങ്കിൽ മറ്റേതിൽ അതാണ് പ്രധാന വിഷയം. അതാണ് സ്വാഭാവികം, അവരുടെ കാഴ്ചപ്പാടിൽ. ചെറുപ്പത്തിൽ ലൈംഗിക ചൂഷണത്തിന് വിധേയനാകുന്നതോടെയാണ് തന്റെ ലൈംഗിക വ്യക്തിത്വം എന്താണ് എന്നതിനെക്കുറിച്ച് എഡി കൃത്യമായി ബോധവാനാകുന്നത്. അവനെ ഉപയോഗിച്ച ആൾ അതെല്ലാവരോടും പറഞ്ഞുനടക്കുന്നതിന്റെ ഫലമായാണ് ആദ്യ രംഗത്തിൽ വിവരിച്ച, നിരന്തരമായ, ആക്രമണങ്ങളുണ്ടാകുന്നത്. അപ്പോൾ എഡിയുടെ ചിന്ത എന്തുകൊണ്ട് താൻ മാത്രം കളിയാക്കപ്പെടുന്നു, തന്റെ ചൂഷകൻ എന്തുകൊണ്ട് പരിഹസിക്കപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതാണ്. സമൂഹത്തിന്റെ ഇരട്ടത്താപ്പുകൾ ബോധ്യമാവുകയാണ് അവന്.

കഥാഗതി മുന്നോട്ടും പിന്നോട്ടും ഇടക്കിടക്ക് ദിശമാറുന്നുണ്ട്. എല്ലാകാലത്തും എഡി ചുറ്റും കാണുന്നത് ആണത്തഘോഷണങ്ങളും അറബികളോടും കറുത്തവരോടുമുള്ള വിരോധവും (എന്നാൽ പരിസരത്തൊന്നും അവരില്ല, പിൽക്കാലത്ത് അവരെക്കാണുമ്പോൾ എഡി മാറിനടക്കാനാണ് നോക്കുന്നത്), പിന്നെ മിഡിൽ ക്ലാസ്സുകാരോടുള്ള വെറുപ്പുമാണ്. മദ്യപാനവും അടിപിടിയുണ്ടാക്കുന്നതും ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ള കാര്യമായാണ് സ്ത്രീകളും കരുതുന്നത്. അത്തരം ഒരിടത്തിൽ ഇപ്പറഞ്ഞ ‘ഗുണ’ങ്ങളില്ലാതെ വളരുന്നതാണ് തന്റെ പ്രശ്നങ്ങൾക്ക്‌ കാരണം എന്നത് എഡി തിരിച്ചറിയുന്നു. പിന്നെ ആ ‘ഗുണങ്ങൾ’ വളർത്താനുള്ള ശ്രമമാണ്. ഹൈസ്‌കൂളിൽ എത്തുമ്പോഴും രാവിലെ കണ്ണാടിയിൽ നോക്കി ഇന്ന് ഞാൻ റ്റഫ് ആയിരിക്കും എന്ന് പറഞ്ഞാണ് അവനിറങ്ങുന്നത്. താൻ ഗേ അല്ല എന്ന് സ്ഥാപിക്കാൻ വേറൊരു വിദ്യാർത്ഥിയെ സ്‌കൂൾ ഇടനാഴിയിൽ എല്ലാവരുടെയും മുന്നിൽ വച്ച് ഫാഗറ്റ് എന്ന് വിളിക്കാൻ പോലും അവൻ തയ്യാറാകുന്നു. എന്നാലും ആത്യന്തികമായി അവന്റെ രഹസ്യത്തെ ഒളിപ്പിക്കാനും മറക്കാനുമൊന്നും അതുതകുന്നില്ല എന്നതാണ് സത്യം.

വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രയാസങ്ങൾ, ദാരിദ്ര്യം, മദ്യപാനാസക്തി തുടങ്ങി തന്നെ ഇരുട്ടിലേക്കാഴ്‌ത്തിയേക്കാവുന്ന എല്ലാറ്റിൽ നിന്നും മോചനം നേടുന്ന ഒരു നിമിഷത്തിൽ ആ നിമിഷം തന്റേതാണ്, അതിൽ അച്ഛനുമമ്മയ്ക്കുപോലും പങ്കില്ലെന്ന് ചിന്തിച്ചുകൊണ്ട് വീട്ടിൽ നിന്നിറങ്ങിയോടുന്ന എഡി കഥയുടെ അവസാന ഭാഗത്തുണ്ട്. ഒരു തിക്താനുഭത്തിൽ നിന്ന് അടുത്തതിലേക്ക് നീങ്ങുന്ന കഥയിൽ താനിപ്പോൾ അതിൽ നിന്നെല്ലാം രക്ഷപെട്ടു കഴിഞ്ഞു എന്ന് കഥാകാരൻ ഇടക്കിടയ്ക്ക് വായനക്കാരനെ ഓർമ്മിപ്പിക്കുന്നുണ്ട്. ഇല്ലെങ്കിൽ ഒരു പക്ഷെ വായന നിർത്തിവെക്കാൻ പ്രേരിതനാകാൻ മാത്രം ദുസ്സഹമാണ് കഥയിലെ പലഭാഗങ്ങളും. നേരത്തെ പറഞ്ഞ പോലെ ഇതിലെ വയലൻസ് കാണുമ്പോൾ നമ്മൾ ഒരു പക്ഷെ കുലുങ്ങില്ലായിരിക്കും, എന്നാൽ ഫ്രാൻസ് പോലുള്ള സമൂഹങ്ങളിൽ ഇതുണ്ടാക്കിയ ഓളം നമുക്കൂഹിക്കാൻ കഴിയും.

Mishima, Burroughs, Forster, Ginsberg, Cavafy തുടങ്ങിയ എഴുത്തുകാരുടെ കൃതികളിലൂടെയാണ് മുഖ്യധാരയിലെ ഗേ എഴുത്തുകൾ ഞാൻ പരിചയപ്പെടുന്നത്. പിന്നെ Alan Hollinghurst, Andre Aciman തുടങ്ങിയവരെ വായിക്കുകയുണ്ടായി – രണ്ടുപേരുടെയും വായിച്ച പുസ്തകങ്ങൾ നിർഭാഗ്യവശാൽ നിരാശയുളവാക്കുന്നതായിരുന്നു. നേരത്തെ സൂചിപ്പിച്ച എഡ്മണ്ട് വൈറ്റും ഈ ധാരയിലെ പ്രധാന എഴുത്തുകാരനാണ് (ബോയ് സ്റ്റോറി ട്രിലജി). Édouard Louis കുറച്ചുകൂടി വേഴ്സറ്റൈൽ എന്ന് പറയാവുന്നയാളാണ്. അയാളുടെ എഴുത്തിലെ ഫോക്‌നറുടെയും Bourdieu-യുടെയും സ്വാധീനത്തെക്കുറിച്ചു പല നിരൂപകരും പറയുന്നുണ്ട്. ചെറുപ്രായത്തിൽ രണ്ടു നോവലുകളും (Histoire de la violence ആണ് മറ്റേത്, ഇംഗ്ലീഷിൽ വന്നിട്ടില്ല, ആത്മകഥാംശമുള്ളതാണ്, തീം വയലൻസ് തന്നെ), Pierre Bourdieu -വെപ്പറ്റിയുള്ള ആന്തോളജിയും, Manifesto for an Intellectual and Political Counteroffensive എന്ന വലതുപക്ഷ വിമർശനഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുള്ള ഇയാൾ പ്രതീക്ഷയുണർത്തുന്ന എഴുത്തുകാരനാണെന്നതിൽ സംശയമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

എഴുത്തുകാരന്‍, സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍