UPDATES

വായന/സംസ്കാരം

കണ്ണുസൂത്രം; കെട്ടകാലത്ത് രാഷ്ട്രീയം സംസാരിക്കാതെ വയ്യ ഈ കഥകള്‍ക്ക്

സങ്കീര്‍ണ്ണമായ ഇന്നത്തെ ജീവിതപരിസരത്തില്‍ നിന്നുള്ള ചില യാഥാര്‍ത്ഥ്യങ്ങളെ വിമര്‍ശനാത്മകമായ നിരീക്ഷണത്തോടു കൂടി അവതരിപ്പിച്ചിരിക്കുന്ന 13 കഥകളുടെ സമാഹാരമാണ് വിനോദ് കൃഷ്ണയുടെ ‘കണ്ണുസൂത്രം’

                       

കണ്ണുസൂത്രം (കഥകള്‍)
വിനോദ് ക്യഷ്ണ
ഗ്രീന്‍ പെപ്പര്‍ പബ്ലിക്ക
വില: 120 രൂപ

സമകാലിക മലയാള കഥയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന കഥകളാണ് വിനോദ് ക്യഷ്ണയുടെത്. അതിസങ്കീര്‍ണ്ണമായ ഇന്നത്തെ ജീവിതപരിസരത്തില്‍ നിന്നുള്ള ചില യാഥാര്‍ത്ഥ്യങ്ങളെ വിമര്‍ശനാത്മകമായ നിരീക്ഷണത്തോടു കൂടി അവതരിപ്പിച്ചിരിക്കുന്ന പതിമൂന്ന് കഥകളുടെ സമാഹാരമാണ് ‘കണ്ണുസൂത്രം’. യുക്തിബോധത്തിന് നിരക്കുന്ന ഇതിവ്യത്തം, യഥാര്‍ത്ഥ മനുഷ്യരുടെ ഛായയും പ്രക്യതിയുമുള്ള കുറെ കഥാപാത്രങ്ങള്‍, വിശ്വസനീയമായ ജീവിത ചിത്രണം തുടങ്ങി താന്‍ ജീവിക്കുന്ന കാലത്തിന്‍റെ തരംഗദൈര്‍ഘ്യം ഒപ്പിയെടുക്കാനുള്ള ഒരു എഴുത്തുകാരന്‍റെ കഴിവിന്‍റെ സാക്ഷ്യപത്രമാണ് ഈ കഥാസമാഹാരം. ആധുനിക ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകളും, സംഘര്‍ഷങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ കഥകള്‍ നിത്യജീവിതത്തിലെ ഉള്‍ക്കൊള്ളാനാവാത്ത ചില വ്യവസ്ഥാപിത നിലപാടുകളുടെ രാഷ്ട്രീയം കൂടി അടയാളപ്പെടുത്തുന്നുണ്ട്.

ചിത്രകാരനായ വിനോദ് സക്കറിയയുടെയും  പാര്‍വ്വതിയുടെയും ജീവിത കഥയിലൂടെ ആരംഭിക്കുന്ന ‘കണ്ണുസൂത്രം’ എന്ന കഥ സ്ത്രീകള്‍ അനുഭവിക്കുന്ന കടുത്ത വിവേചനത്തിന്‍റെ അനുഭവവത്ക്കരണമാണ്. സ്ത്രീ ശരീരം ഒളിഞ്ഞുനോട്ടത്തിനുള്ള ഇടമായി കണക്കാക്കപ്പെടുന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തെ വിമര്‍ശനാത്മകമായി നിരീക്ഷണ വിധേയമാക്കുകയാണ് ഇവിടെ. വിനോദ് സക്കറിയയുമായി ഒരുമിച്ച് ജീവിക്കാന്‍ നഗരത്തിലെത്തുന്ന പാര്‍വ്വതി തിരക്കു പിടിച്ച നഗരജീവിതത്തില്‍ അലിഞ്ഞു ചേരുമ്പോഴും മറ്റുള്ളവര്‍ തന്നിലേക്കയച്ച ഒളിഞ്ഞു നോട്ടങ്ങളെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നതും, ഗര്‍ഭാവസ്ഥയില്‍പോലും തന്‍റെ ശരീരത്തിലേറ്റ ഒളിഞ്ഞു നോട്ടങ്ങളുടെ തുടര്‍കഥകളും കൃത്യമായി ഒരു ഫെമിനിസ്റ്റ് നിരീക്ഷണത്തോടു കൂടി അവതരിപ്പിക്കുന്ന  അപൂര്‍വം കഥകളില്‍ ഒന്നാണ് കണ്ണുസൂത്രം എന്ന് നിസംശയം പറയാം. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമായി കഥ മാറുന്ന കാഴ്ച്ചയാണ് ഇവിടെ കാണുന്നത്.

ബലാല്‍സംഗം ചെയ്യപ്പെട്ടവള്‍, കാണാതായവള്‍, കൊല്ലപ്പെട്ടവള്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള മുസ്ലീം സ്നേഹിതയായ ഉമൈബാനുവിനെ നഷ്ടപ്പെട്ട വേദന മാറ്റാന്‍ സ്കൂളില്‍ അവളെ പ്രച്ഛന്നവേഷം കെട്ടുന്ന ഹിന്ദുകുട്ടിയായ ശിവാനിക്ക് സ്വന്തം വീട്ടുകാരില്‍ നിന്നുപോലും അനുഭവിക്കേണ്ടി വരുന്ന തിരസ്കരണത്തിന്‍റെ കഥയാണ് ‘വിപരീതം’ മനുഷ്യത്വ വിരുദ്ധതയെ ഹിന്ദുത്വ ശക്തികള്‍ കൈപ്പിടിയിലൊതുക്കുന്ന ദുരന്താനുഭവ വ്യാഖ്യാനമാണിത്. തീഷ്ണമായ ഉള്‍ക്കാഴ്ച്ചയുടെ രാസപ്രയോഗങ്ങള്‍ കാലത്തിന്‍റെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ സാക്ഷ്യപ്പെടുത്തുകയാണിവിടെ. വിപ്ളവകാരിയും, തീവ്രവാദിയുമായിരുന്ന മരണപ്പെട്ട ആളുടെ മേല്‍വിലാസത്തിന് ജീവന്‍ നല്‍കി വിസ്മയലോകം തീര്‍ത്ത് അവസാനം ഭീകരവാദത്തിനും, മരണത്തിനും കീഴടങ്ങുന്ന അജ്ഞാതന്‍റെ കഥയാണ് ‘അജ്ഞാതന്‍റെ മേല്‍വിലാസം’  ഇന്‍റ്റര്‍നെറ്റും, മൊബെല്‍ ജീവിതവും അതിലൂടെയുള്ള ഭീകരവാദവും സാക്ഷ്യപ്പെടുത്തുന്ന ശക്തമായ പ്രമേയം.

ഭര്‍ത്താവിനെ കൊന്ന ക്വട്ടേഷന്‍ കൊലയാളിയെ കണ്ടെത്താനായി ലതികയെന്ന യുവതി നടത്തുന്ന ഒറ്റയാള്‍ പോരാട്ടങ്ങളും, അതിനിടയില്‍ അവള്‍ അഭിമുഖീകരിക്കുന്ന ജീവിത സങ്കീര്‍ണ്ണതകളുടെയും കഥയാണ് ‘ആള്‍മാറാട്ടം’. സമകാലിക ഇന്ത്യയുടെ ശക്തമായ രാഷ്ട്രീയ പ്രമേയമുള്ള കഥയാണ് ‘ഒറ്റക്കാലുള്ള കസേരയിലൂടെ വരച്ചുകാട്ടുന്നത്. ദളിതരെ ചുട്ടുകൊല്ലുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അന്തരീക്ഷം, പലയിടങ്ങളിലും പുസ്തകങ്ങള്‍ക്ക് നിരോധനം,  നിരീശ്വര വാദികളും, ബുദ്ധിജീവികളും നിശബ്ദരാക്കപ്പെടുന്ന അന്തരീക്ഷത്തില്‍ നിരോധിച്ച പുസ്തകം വായിക്കാന്‍ പുരോഗമന ചിന്താഗതിക്കാരും സുഹ്യത്തുക്കളുമായ മുഹമ്മദ് മുസ്ലീം, അയ്യപ്പന്‍ ദാസന്‍, വിക്ടര്‍ ലീനസും ബാറില്‍ ഒത്തുകൂടുന്ന സാഹചര്യത്തില്‍ ആരംഭിക്കുന്ന കഥയില്‍ മതതീരുമാനങ്ങളെ വെല്ലുവിളിക്കുന്നതും, അധികാര വര്‍ഗ്ഗത്തോട് കലഹിക്കുന്നതായും കാണാം. പക്ഷേ ജീവിതത്തിലെ ആദര്‍ശവും, യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ഇവരെ ആശയകുഴപ്പത്തിലാക്കുകയും അവസാനം അധികാര വര്‍ഗ്ഗത്തോട് സന്ധിചെയ്യാന്‍ തയാറാകുന്നതുമാണ് കഥയുടെ പ്രമേയം. കുട്ടിക്കാലം മുതല്‍ കുപ്പികളെ സ്നേഹിച്ച അച്ഛന്‍ പ്രായമായപ്പോള്‍ കുപ്പികളെപ്പോലെ അനാവശ്യ വസ്തുവായി മാറുന്നതും, ഒരു വലിയ കുപ്പിയിലാക്കി അടച്ചുവെച്ചുകൊണ്ട് മകനും, മരുമകളും വ്യദ്ധനോട് കാഴ്ചവയ്ക്കുന്ന സ്നേഹം മനോഹരമായി ‘ദയാവധം എന്ന കഥയിലൂടെ  അവതരിപ്പിച്ചിരിക്കുന്നു.

‘മാരകായുധം’ എന്ന കഥയിലെ നിഷ്കളങ്കനായ മൊയ്തുവും, ആക്രമിക്കപ്പെട്ട പെണ്ണിന്‍റെ നിസ്സഹായതയെന്ന സ്ഥായീഭാവത്തെ വരച്ചിടുന്ന ‘നരച്ച കുപ്പായവും’ സമൂഹത്തിന്‍റെ നേര്‍ക്കാഴ്ച്ചകളാണ്. എന്നാല്‍ പ്രണയത്തിന്‍റെ മനോഹാരിതയും, പ്രണയഭംഗത്തിന്‍റെ പിന്നനുഭവങ്ങളും വായനക്കാരന്‍റെ മനസ്സില്‍ സൗന്ദര്യപരമായ ചലനങ്ങള്‍ സ്യഷ്ടിക്കുന്ന ‘പാമ്പും കോണി’യുമാണ് അവസാനം. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളെ വിമര്‍ശനാത്മകമായ നിരീക്ഷണത്തോടു കൂടി അവതരിപ്പിച്ചിരിക്കുന്ന ഈ കഥാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് തിരുവനന്തപുരം ഗ്രീന്‍ പെപ്പര്‍ പബ്ലിക്കയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Share on

മറ്റുവാര്‍ത്തകള്‍