UPDATES

ബ്ലോഗ്

കൃതി ഫെസ്റ്റിവലിന്റെ ആദ്യ എഡിഷന്റെ ചിഹ്നമായി തീരുമാനിച്ചത് വേഴാമ്പലായിരുന്നു; അതെങ്ങനെ കാക്കയായി?

സര്‍വ്വ സ്വതന്ത്രരായ കാക്കകള്‍ വൈലോപ്പിള്ളിക്കവിതയിലെ പോലെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നവരാണ്. ഇവിടെ കൃതി പറയാതെ പറയുന്നതും അതുതന്നെയാണ്.

                       

‘കൂരിരുട്ടിന്റെ കിടാത്തിയെന്നാല്‍
സൂര്യപ്രകാശത്തിനുറ്റ തോഴി,
ചീത്തകള്‍ കൊത്തി വലിക്കുന്നു
മേറ്റവും വൃത്തി വെടിപ്പെഴുന്നോള്‍.’

മലയാളസാഹിത്യത്തിലെ ശ്രീയായ കൊച്ചിയുടെ പ്രിയ കവി വൈലോപ്പിള്ളിയുടെ കാക്ക എന്ന കവിതയിലെ വരികളാണിത്. മറ്റു കവികള്‍ കുയിലിനെയും മയിലിനെയും പുകഴ്ത്തി പാടിയപ്പോള്‍ അദ്ദേഹം പാടിയത് കുട്ടിയുടെ കയ്യില്‍ നിന്നും നെയ്യപ്പം തട്ടിയെടുത്ത കൗശലക്കാരന്‍ എന്ന മാലോകര്‍ അപഹസിച്ച് കാക്കയെ കുറിച്ച് ആയിരുന്നു. കേള്‍വിക്ക് അരോചകമായി പാടുന്ന കാക്കകളെ ബലിതര്‍പ്പണത്തിന് മാത്രം നമ്മള്‍ കൈകൊട്ടി വിളിച്ചു. അല്ലാത്തപ്പോള്‍ ആട്ടിയോടിച്ചു. കാക്കയും കറുത്തവനും നമുക്ക് ചുറ്റും അലഞ്ഞു നടന്നു. അല്ല കരഞ്ഞു നടന്നു.

ഇതേ കാക്കയാണ് സംസ്ഥാനത്തെ സഹകരണ കൂട്ടായ്മകള്‍ ചേര്‍ന്നു നടത്തുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മുഖ്യ ആകര്‍ഷണവും മുഖമുദ്രയും ആയി മാറിയത്. കൂട്ടത്തില്‍ ഒരംഗത്തിന് ആവശ്യം വന്നാല്‍ വളരെ പെട്ടെന്ന് ഒത്തുകൂടുന്ന കാക്കകള്‍ കൂട്ടായ്മയുടെ പ്രതീകമാണ്. കാക്കത്തൊള്ളായിരം എന്ന പ്രയോഗം തന്നെ നോക്കാം. സര്‍വ്വ സ്വതന്ത്രരായ കാക്കകള്‍ വൈലോപ്പിള്ളിക്കവിതയിലെ പോലെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നവരാണ്. ഇവിടെ കൃതി പറയാതെ പറയുന്നതും അതുതന്നെയാണ്. വായനയിലൂടെ നമ്മള്‍ സ്വതന്ത്രരായി മാറണമെന്നും മനസ്സിലെയും സമൂഹത്തിലേയും അഴുക്കുകളില്‍ നിന്നും മോചിതരാകണാം എന്നും.

യഥാര്‍ത്ഥത്തില്‍ കാക്ക കൃതിയിലേക്ക് പറന്നിറങ്ങിയത് ആകസ്മികതയുടെ കഥ പറഞ്ഞു കൊണ്ടാണ്. സാഹിത്യ പ്രസാധക സഹകരണ സംഘവും സഹകരണ വകുപ്പും ചേര്‍ന്നുനടത്തുന്ന സാഹിത്യ സാംസ്‌കാരികോത്സവത്തിന് ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്തിരുന്നത് കൊച്ചി കേന്ദ്രമായ സമൂഹ് എന്ന സഹകരണ കൂട്ടായ്മയായിരുന്നു. 2018ല്‍ കൃതിയുടെ ആദ്യ എഡിഷന് വേണ്ടി തീരുമാനിച്ചിരുന്ന ലോഗോ വിശ്വാസത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായ വേഴാമ്പല്‍ ആയിരുന്നു.

സംഘാടകരുടെ യോഗത്തില്‍ ഇത് അവതരിപ്പിച്ചപ്പോള്‍ പ്രശസ്ത സിനിമാ സംവിധായകനും ചിന്തകനുമായ ഷാജി എന്‍ കരുണാണ് എന്തുകൊണ്ട് കാക്കയെ പരിഗണിച്ചു കൂടാ എന്ന് ചോദിച്ചത്. സംഘാടക സമിതി ജനറല്‍ കണ്‍വീനറായിരുന്നു എസ് രമേഷ് ഇതിനെ വൈലോപ്പിള്ളിയുടെ കാക്കയുമായി ബന്ധിപ്പിക്കുകയും ചെയ്തു. പിന്നീട് സമൂഹിന്റെ ക്രിയേറ്റീവ് പാര്‍ട്ണര്‍ ആയ ലോക്കല്‍ നെറ്റ്വര്‍ക്ക് ആണ് കവിതയിലെ വരികളെ കൃതിയിലെ കാക്കയിലേക്ക് സന്നിവേശിപ്പിച്ചത്. ‘സാധാരണക്കാരനെ അഭിരുചികളെ പുരോഗമനപരമായി സ്വാധീനിക്കുക’ എന്ന ലക്ഷ്യത്തിലേക്ക് എന്തുകൊണ്ടും അടുത്തുനില്‍ക്കുന്നത് കാക്ക തന്നെയാണെന്ന് തെളിയിച്ചത് പിന്നീടുള്ള ചരിത്രമാണ്.

കൃതിയുടെ കാക്കയുടെ ഉടലും തലയും വാലും എല്ലാം അക്ഷരങ്ങള്‍ നിറഞ്ഞതാണ്. തലയും ഉടലും കവിതാശകലത്താല്‍ വാചാലമാകുന്ന കൃതി കാക്കയുടെ വാല്‍ ഭാഗത്ത് പുസ്തകോത്സവത്തിന്റെ ആപ്തവാക്യവും. കഴിഞ്ഞ വര്‍ഷം അത് കൂരിരുട്ടിന്റെ കിടാത്തിയെന്നാല്‍.. എന്നു തുടങ്ങുന്ന വൈലോപ്പിള്ളിയുടെ കവിതയിലെ ആദ്യ വരിയായിരുന്നു. ഇത്തവണ ഉപയോഗിച്ചിരിക്കുന്നത് മൂന്നാമത്തെ വരിയാണ്. ‘ കാക്ക നീ ഞങ്ങളെ സ്‌നേഹിക്കിലും കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍. നവകേരള നിര്‍മ്മിതിക്ക് ഊര്‍ജ്ജം പകരാന്‍ എന്ന പോലെ ‘ഭാവിയിലേക്ക് ഒരു മടക്കയാത്ര’ എന്ന ടാഗ് ലൈനാണ് ഇത്തവണ ഉപയോഗിച്ചിരിക്കുന്നത്. ഇതിനിടയില്‍ പുസ്തകോല്‍സവം നടക്കുന്ന വര്‍ഷവും രേഖപ്പെടുത്തുന്നു.

ഒരു ബ്രാന്‍ഡിന്റെ ഐക്കണ്‍/ലോഗോ അതിനേക്കാള്‍ പ്രശസ്തമാകുന്നത് അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണ്. ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന എഴുത്തുകാരന് അറിയപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ തന്നെ ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു. എന്ന ആഗോള ബ്രാന്‍ഡ് അറിയപ്പെട്ടത് ആകട്ടെ ഒരു ശരിയടയാളത്തിലൂടെയും. അങ്ങനെയൊന്നാണ് കറുപ്പിലും വെളുപ്പിലും നിറഞ്ഞു നിന്ന് കൃതിയുടെ ബിംബമായി മാറിയ ‘കാക്ക’.

കാക്കയെ കുറിച്ച് എഴുതി കൊണ്ടിരുന്നപ്പോള്‍ വെറുതെ ഒരു കൗതുകത്തിന് യഥാര്‍ത്ഥ കാക്കയെ തേടി കൃതി പരിസരത്തിലേക്ക് ഞാനിറങ്ങി. കായലിന് സമീപത്തായിട്ടും ഒന്നിനെ പോലും കാണാന്‍ കഴിഞ്ഞില്ല. തിരിച്ചുവരുമ്പോള്‍ പ്രധാന വേദിയില്‍ കസേരകളില്‍ കുറേ കാക്കകള്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കൂടി ഐഡന്റിറ്റിയില്‍ നടക്കുന്ന മേളയില്‍ ഞങ്ങളുടെ സാന്നിധ്യം ഇല്ലാതിരിക്കുന്നതെങ്ങനെ എന്ന് അവ പറയുന്നത് പോലെ എനിക്ക് തോന്നി.

Share on

മറ്റുവാര്‍ത്തകള്‍