UPDATES

ബ്ലോഗ്

എന്തുകൊണ്ട് ബിജെപി? വടക്ക് നോക്കി കാരണമന്വേഷിക്കുന്ന മലയാളി സ്വന്തം പതനം തിരിച്ചറിയുന്നില്ല

ഈ ഇലക്ഷന്‍ റിസള്‍ട്ട് മുന്‍നിര്‍ത്തി ഇന്ത്യയുടെ രാഷ്ട്രീയ പ്രവണതയെ പൊതുവായും കേരളത്തിലെ ഇടതു വിരുദ്ധ മനോഭാവങ്ങളെ സവിശേഷമായും വിലയിരുത്തേണ്ടതുണ്ട്

                       

ഒരു അഞ്ച് വര്‍ഷം കൊണ്ടൊന്നും പാഠം പഠിക്കാത്തവരാണ് ഇന്ത്യയിലെ ജനങ്ങള്‍ എന്ന് കരുതുന്നില്ല. ഇന്ദിരയുടെ ധാര്‍ഷ്ട്യത്തിന് രണ്ട് വര്‍ഷത്തിന്റെ അനുഭവം കൊണ്ട് മറുപടി നല്‍കിയവരാണ് സ്വതന്ത്ര ഇന്ത്യയിലെ  ജനങ്ങള്‍. ദാരിദ്ര്യത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ചങ്ങലക്കുള്ളില്‍ നിന്ന് ജനാധിപത്യത്തിന്റെ രാഷ്ട്രീയ വെളിച്ചത്തിലേക്ക് കടന്നു ചെല്ലാത്ത പരകോടി ഇന്ത്യന്‍ ജനതയില്‍ നിന്ന് ഇതില്‍ വലിയ രാഷ്ട്രീയ നിയോഗം പ്രതീക്ഷിക്കരുത് എന്ന കേരളത്തിന്റെ ഇട്ടാവട്ടത്തിനകത്തു നിന്നുള്ള അതിശയോക്തി കലര്‍ന്ന പുരോഗമന ഹുങ്കില്‍ നിന്നുള്ള പ്രസ്താവനകളില്‍ നിന്ന് മാറി ഇന്ത്യന്‍ ജനതയെ സൂക്ഷ്മതലത്തില്‍ ചരിത്ര രേഖയുടെ അടിത്തറയില്‍ ആലോചിക്കാന്‍ ശ്രമിക്കുമ്പോഴാണ് 2019 ഇലക്ഷന്‍ ഫലത്തിലെ മറിമായങ്ങളെ ചൊല്ലിയുള്ള ആശങ്ക വിട്ടൊഴിയുന്നത്.

വോട്ടു രേഖപ്പെടുത്തിയ 57 കോടി ജനങ്ങളില്‍ (67.11%) കേരള, തമിഴ്‌നാട് പൗരന്മാരൊഴിച്ച് ബാക്കി വരുന്നവരില്‍ ഭൂരിഭാഗവും പടു വിഡ്ഢികളാണെന്നോ നിരക്ഷരരാണെന്നോ കരുതുന്നത് ഇന്ത്യയുടെ രാഷ്ട്രീയത്തിന്റെ അടിത്തട്ടറിയാത്ത പ്രശ്‌നമാണ്. അല്ലെങ്കില്‍ ചരിത്രപരമായി വിലയിരുത്തുന്നതിലെ അപക്വതയാണ്.

വടക്കു നോക്കി രാഷ്ട്രീയ വീഴ്ച്ചകളെ പരിഹസിക്കുന്ന മലയാളി വളരെ നിര്‍ണ്ണായകമായ ഈ ഇലക്ഷനില്‍ തങ്ങള്‍ക്കു പറ്റിയ പതനത്തെയും തിരിച്ചറിയുന്നില്ല. ഈ ഇലക്ഷന്‍ റിസള്‍ട്ട് മുന്‍നിര്‍ത്തി ഇന്ത്യയുടെ രാഷ്ട്രീയ പ്രവണതയെ പൊതുവായും കേരളത്തിലെ ഇടതു വിരുദ്ധ മനോഭാവങ്ങളെ സവിശേഷമായും വിലയിരുത്തേണ്ടതുണ്ട്.

വര്‍ഗീയ ധ്രുവീകരണത്തിന്റെ ചാരത്തില്‍ നിന്ന് ജന്മം കൊണ്ട ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രത്തിന്റെ രാഷ്ട്രീയഗതി, ഭൂരിപക്ഷ രാഷ്ട്രീയ വാദത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ് 2014 മുതല്‍. 2019 ല്‍ അതിനൊരു മാറ്റം ആഗ്രഹിച്ചവരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് രാജ്യം ആ പ്രവണതയെ കൂടുതല്‍ ശക്തിയോടെ പുണരുന്നതാണ് 2019 ല്‍ കാണുന്നത്.

നിരക്ഷരതയും ദാരിദ്ര്യവും അന്ധവിശ്വാസവും ശരി തന്നെയാണ്. പക്ഷെ, അതു മാത്രം ഏക കാരണങ്ങളായി എടുത്തുയര്‍ത്തി സാമാന്യവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് അസംബന്ധമാണ്. നെഹ്‌റു മുതല്‍ മോദി വരെ ഇന്ത്യന്‍ രാഷ്ടീയം കടന്നു പോയപ്പോള്‍ ആറു പതിറ്റാണ്ടുകാലം ഇന്ത്യയെ ഭരിച്ച കോണ്‍ഗ്രസിനെ പരാമര്‍ശിക്കാതെ വെറും ദാരിദ്ര്യവും നിരക്ഷരതയും മാത്രം എടുത്തു കാണിക്കുന്നത് ശരിയല്ല.

അവിടെ നിന്ന്, രാഹുല്‍ എത്ര ഓടി നടന്ന് പ്രസംഗിച്ചിട്ടും കാര്യമില്ല, മുതുമുത്തച്ചന്‍മാര്‍ വരുത്തിവെച്ച വിന, ഇല്ലാതാക്കിത്തീര്‍ക്കാന്‍ ഇനിയും പതിറ്റാണ്ടുകള്‍ വേണ്ടിവരുമെന്ന നിഗമനത്തിലേക്കെത്താം, പക്ഷെ ഒരു കാര്യം, അപ്പോഴത്തേക്കും കോണ്‍ഗ്രസ് അസ്തമിച്ചിരിക്കണമെന്നേയുള്ളു.

നെഹ്‌റു സ്വപ്നം കണ്ട ഇന്ത്യയെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റെടുക്കാനായില്ല. അതിരുകാക്കുന്ന ജവാനെയും കതിരു കാക്കുന്ന കര്‍ഷകനെയും രാജ്യത്തിന്റെ നിര്‍ണ്ണായക ഘടകങ്ങളായി കണ്ട ചരണ്‍ സിങ്ങിന്റെ പാരമ്പര്യത്തെയും പാര്‍ട്ടി കാരണവര്‍ക്ക് തുടരാനായില്ല എന്നതാണ് യാഥാര്‍ഥ്യം.

ജനങ്ങള്‍ക്ക് വേണ്ടി എന്തു പുരോഗതിയും നേടിയെടുക്കാനുള്ള തന്റേടവും വ്യക്തിപ്രഭാവവുമുണ്ടായിരുന്ന ഇന്ദിര അന്ന് ശ്രമിച്ചത് സ്വന്തത്തെയങ്ങ് പാര്‍ട്ടിയായി പ്രതിഷ്ടിക്കാനും കുടുംബത്തെ ഭരണ കേന്ദ്രമായി ശാശ്വതവല്‍ക്കരിക്കാനുമായിരുന്നു.

Read: ‘ഇന്ത്യയുടെ ആത്മാവിനേറ്റ ആഘാതം’ എന്ന് ദി ഗാർഡിയൻ, മോദിയുടെ രണ്ടാം വരവിനെ വിലയിരുത്തി അന്താരാഷ്ട്ര മാധ്യമങ്ങൾ

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ജനങ്ങളെ കാണാന്‍ നിരത്തിലിറങ്ങിയിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍, പാര്‍ട്ടി ശിഖരങ്ങള്‍ തങ്ങളുടെ കുടുംബാധിപത്യമായി ഏറ്റെടുത്തു. ഗാന്ധി കുടുംബമെന്ന ആസ്ഥാന കുല വ്യവസ്ഥക്കു ചുറ്റും ഹിന്ദി ബെല്‍റ്റിലെ ഓരോ സംസ്ഥാനത്തും പാര്‍ട്ടി നേതാക്കളുടെ കുടുംബവാഴ്ച്ച ആസ്ഥാനമുറപ്പിച്ചു. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും അത് ഇന്നും നിലയുറപ്പിച്ചു കിടക്കുന്നു.

ഇക്കാലയളവില്‍, സ്വാതന്ത്ര്യത്തിനും പതിറ്റാണ്ടുകള്‍ക്കു മുമ്പെ ഉടലെടുത്ത ഹിന്ദുത്വ പ്രത്യയശാസ്ത്രം അതിന്റെ രാഷ്ടീയ രൗദ്രഭാവം പ്രാപിക്കുന്നതു, മതേതര ജനായത്ത ഭരണക്രമത്തെ വിഭാവന ചെയ്യാനാവാത്ത കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിനു തിരിച്ചറിയാനായില്ല. രാഷ്ട്ര ഭരണത്തെ തങ്ങളുടെ കുടുംബ സേവക്കുള്ള കരുതലായി കണ്ടവര്‍ക്ക് പാര്‍ട്ടി കൂറിനേക്കാളും അധികാരേച്ഛ മുന്‍ഗണനയായി നിന്നതിനാല്‍ ഹിന്ദുത്വ രാഷ്ടീയത്തെ തങ്ങളുടെ ആള്‍ട്ടര്‍നേറ്റീവ് തെരഞ്ഞെടുപ്പായി കാണാനായിരുന്നു താല്‍പര്യം.

പാര്‍ട്ടിക്കകത്തു കുടുംബത്തെ അധികാര കേന്ദ്രമായി വളര്‍ത്തിയെടുത്ത നേതാക്കള്‍ കോണ്‍ഗ്രസിന്റെ ജനകീയത പൂര്‍ണ്ണമായും റദ്ദുചെയ്തു. ആയിടക്കു വര്‍ഗീയത മുതലെടുത്തു വളര്‍ന്ന ബിജെപി, ഭൂരിപക്ഷ മനസില്‍ സ്ഥാനം പിടിക്കുന്നതിനു ശ്രദ്ധിച്ചു. പതിറ്റാണ്ടുകാലം ജനാധിപത്യത്തിന്റെ മേന്മയറിയാതെ, ജനാധിപത്യമെന്തെനു തങ്ങളെ പഠിപ്പിക്കാത്ത കോണ്‍ഗ്രസിനു കീഴില്‍ കഴിഞ്ഞ ജനങ്ങള്‍ക്കു തങ്ങളുടെ മതസ്വത്വത്തിനു വേണ്ടി നിലകൊള്ളുന്ന, തങ്ങള്‍ക്ക് പരിഗണന ലഭിക്കുന്ന പാര്‍ട്ടിക്കു വേണ്ടിയല്ലാതെ തങ്ങളുടെ രാഷ്ട്രീയ ഭാഗദേയം നിര്‍ണ്ണയിക്കാനാവില്ല എന്ന അവസ്ഥ വരെയെത്തി. പാര്‍ട്ടി എന്ന നിലക്ക് ബിജെപി ജനമനസ്സുകളെ അടിത്തട്ടില്‍ തന്നെ സ്വാധീനിച്ചു. മത സ്വത്വവും രാഷ്ട്രരക്ഷയും പരസ്പരം കൂട്ടിക്കുഴച്ചപ്പോള്‍ ഭൂരിപക്ഷ പിന്തുണയുള്ള പാര്‍ട്ടിയായി ബിജെപിജ മാറിയെന്നു മാത്രമല്ല, മത സ്വത്വത്തോടു ഇത്തിരി പോലും കൂററിയിക്കാത്ത ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ക്കും കോണ്‍ഗ്രസില്‍ നിന്നുള്ള മോചനം ബിജെപിയില്‍ ശരണം പ്രാപിക്കുന്നതോടെ ആശ്വാസമായി മാറി..

ഡിമോണിടൈസേഷനും ജിഎസ്ടിയും മധ്യ വര്‍ഗത്തെ നന്നായി ബാധിച്ചതായിരുന്നെങ്കിലും രാജ്യ നന്മയെ മുന്‍നിര്‍ത്തി അവയെല്ലാം ന്യായീകരിക്കപ്പെട്ടു എന്നു മാത്രമല്ല, അവയിലെ കൃത്രിമ കൈകളും മറുവശത്ത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ദൗര്‍ബ്ബല്യവും ജനങ്ങളില്‍ ബിജെപിക്ക് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് മാത്രമേ തുണയായിട്ടുള്ളു.

ചുരുക്കിപ്പറഞ്ഞാല്‍, കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളും ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയവും അതിന്റെ ജനകീയതയും അതില്‍ വടക്കേന്ത്യന്‍ ന്യൂനപക്ഷത്തിന്റെ തൃപ്തിയും കൊണ്ട് നിലകൊള്ളുന്നതാണ്് ബിജെപിയുടെ വേരോട്ടം. അതിനെ വടക്കരുടെ അരാഷ്ടീയതയുടെ പേരിലോ നിരക്ഷരതയുടെയോ ദാരിദ്രത്തിന്റെയോ അന്ധവിശ്വാസത്തിന്റെയോ പേരില്‍ ആക്ഷേപിച്ച് ആശ്വസിക്കുന്നതിനേക്കാള്‍ പ്രതിപക്ഷമെന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ജാതകത്തിലെ വിള്ളലുകളായി കാണുന്നതായിരിക്കും ശരി.

അത് രാഹുലെന്ന ഏക വ്യക്തിയെ കൊണ്ട് പരിഹരിക്കാവുന്നതല്ലയെന്നതു വസ്തുത. കോണ്‍ഗ്രസ് സ്വയമങ്ങ് അസ്തമിച്ചു കഴിഞ്ഞ് ഉയര്‍ന്നു വരുന്ന പുതിയ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ടീയ ശേഷിയിലും പക്വതയിലുമാണ് അത് സ്വപ്നം കാണേണ്ടത്. പക്ഷെ ദേശീയ വേരോട്ടമുള്ള അത്തരം പ്രതിപക്ഷ സാധ്യതക്ക് ഇനി രാജ്യം എത്ര നാള്‍ കാത്തിരിക്കണമെന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.

ബിജെപി ആധിപത്യത്തിന്റെ പേരില്‍ വടക്കരെ നിഷ്ചരിത്രപരമായി ആക്ഷേപിക്കുന്ന മലയാളികള്‍ തങ്ങള്‍ വിജയിപ്പിച്ചയക്കുന്ന 19 യു ഡി എഫ് എംപിമാരെയും തങ്ങളുടെ ബിജെപി വിരുദ്ധ രാഷട്രീയത്തിന്റെ പ്രതിനിധാനമായി കാണാന്‍ വ്യഖ്യാനങ്ങള്‍ നിര്‍മിക്കുന്നതാണ് ഏറ്റവും വലിയ പ്രഹസനം.

കാസര്‍കോഡും കണ്ണൂരും കോഴിക്കോടും ഇടതുപക്ഷത്തെ ന്യൂനപക്ഷം കൈവിട്ടതു മോദി വിരുദ്ധ രാഹുലാശ്ലേഷണ പൊതുബോധത്തിന്റെ ഫലമാണെന്നു വെക്കാം. പക്ഷെ പാലക്കാടും തൃശൂരും തുടങ്ങി മലബാറേതര കേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചാലും വര്‍ധിത ഹിന്ദു വോട്ട് പ്രതീക്ഷിക്കാവുന്ന ഇടതുപക്ഷത്തിനു പതര്‍ച്ച സംഭവിച്ചത് മോദി വിരുദ്ധ രാഷ്ട്രീയ ലൈനിലെ ന്യൂനപക്ഷ ഏകീകരണ വ്യാഖ്യാനത്തെ അത്ര പെട്ടെന്നങ്ങ് ഉള്‍ക്കൊള്ളുമോ. ഒടുവില്‍ ഹിന്ദുവോട്ടു ചോര്‍ച്ചക്ക് ഉത്തരം തേടേണ്ടത് ശബരിമലയാവുമ്പോള്‍ വടക്കു നോക്കി പരിഹസിക്കാനുള്ള പ്രബുദ്ധത മലയാളിക്കുണ്ടോ എന്നു ചോദിക്കേണ്ടതു തന്നെയാണ്.

Read: ഒരു ലിബറല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് അവസാനിക്കുക ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ലത്തീഫ് അബ്ബാസ് പട്‌ല

ലത്തീഫ് അബ്ബാസ് പട്‌ല

എഴുത്തുകാരന്‍, രാഷ്ട്രീയ നിരീക്ഷകന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍