അവളവളെ അവളവള്‍ തന്നെ ഈ മല്ലു പൊതുബോധത്തില്‍ നിന്നും രക്ഷിക്കുക.
മലയാളി എന്നാല്‍ രണ്ടാണ്. (മനസ്സ് മാത്രമുള്ള) മലയാളി പെണ്ണും മലയാളി പുരുഷനും. എല്ലാ പുരുഷാധിപത്യ സമൂഹത്തിലേതുമെന്ന പോലെ മലയാളി പൊതുബോധവും (മല്ലു ബോധം) ആണ്‍ബോധമാണ്. പക്ഷേ, മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ലിംഗപരമായി രണ്ടിനുമിടയില്‍ ഒരു വര വരച്ചാണ് മലയാളി സമൂഹം പെണ്ണിനെയും ആണിനേയും വളര്‍ത്തുന്നത് തന്നെ. പെണ്‍പള്ളിക്കൂടങ്ങളിലും ആണ്‍പള്ളിക്കൂടങ്ങളിലും പഠിച്ച് (അല്ലെങ്കില്‍ ഒരേ ക്ലാസ്സില്‍ രണ്ടുഭാഗങ്ങളില്‍ കൂടിക്കലരാതെ ഇരുന്ന്), പള്ളിയുടെ രണ്ട് ഭാഗങ്ങളില്‍ ഇരുന്നു പ്രാര്‍ത്ഥന ചൊല്ലി, ബസ്സില്‍ ഒരേ സീറ്റില്‍ ഒന്നിച്ചിരിക്കാതെ, രാഷ്ട്രീയവും അല്ലാത്തതുമായ ജാഥകളില്‍, എന്തിനു ശവമടക്കിനു പോലും, മുന്‍പിലും പിന്‍പിലുമായി നടന്ന്, അങ്ങനെയങ്ങനെ ഒരിക്കല്‍ പോലും ശാരീരികമായി തൊട്ട് ലിംഗഭംഗപ്പെടാതെയാണ് ഈ സമൂഹം ഇതു സാധ്യമാക്കുന്നത്. ഈ മല്ലു ബോധത്തില്‍ വീടിനു വെളിയില്‍ പുരുഷന്‍ പെണ്ണിനെ തൊടുന്നത് ലൈംഗിക അതിക്രമം നടത്താന്‍ വേണ്ടി മാത്രമാണ്. ശാരീരികമായി പരസ്പരം തൊടുന്ന അവസരങ്ങളില്‍ തിരക്കിനിടയിലെ ‘മല്ലു’ പുരുഷന്റെ പ്രധാന ചോദന ലൈംഗികാതിക്രമമാണ്. തിരക്കുള്ള ബസ്സിലേയും നടപ്പു വഴികളിലേയും, പെരുന്നാള്‍-ഉത്സവങ്ങളിലേയും ഞെക്കല്‍, തോണ്ടല്‍, ജാക്കി എന്നിവയുടെ രൂപത്തിലും സിനിമ തീയേറ്ററിലെ കയ്യ്- കാലുകളുടെ രൂപത്തിലും മറ്റും അതു സ്ത്രീകളെ വേട്ടയാടിക്കൊണ്ടിരിക്കും. ഇത്തരം ലൈംഗികാതിക്രമങ്ങളെ സേഫ്റ്റി പിന്‍, ചെരുപ്പ്, അടി, കടി മുതലായ അതീവ ദുര്‍ബലമായ ആയുധങ്ങളുമായി നേരിടാന്‍ തയ്യാറെടുത്തു കൊണ്ടായിരിക്കും ഏതൊരു മലയാളി പെണ്ണും ഒരു തിരക്കിലേക്കിറങ്ങുന്നത്.
ഈ പ്രത്യേക മാനസികാവസ്ഥയിലുള്ള ഒരു സമൂഹത്തിലാണ് മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ല എന്ന തീരുമാനവുമായി നിയമസഭയിലേക്ക് ഇടതുപക്ഷ സമാജികര്‍ ചെല്ലുന്നത്. ശാരീരിക മതില്‍ക്കെട്ടിനുള്ളിലെ മല്ലു ബോധത്തിനനുസരിച്ചാണെങ്കില്‍ പെണ്‍ പ്രതിനിധികള്‍ ഒരു മൂലയ്ക്ക് മാറി നിന്ന്‍ ആണ്‍പ്രതിനിധികള്‍ക്കുള്ള പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മുദ്രാവാക്യം വിളിക്കണം. അല്ലെങ്കില്‍ ഇടതുപക്ഷ പെണ്‍ എം.എല്‍.എമാര്‍ കോണ്‍ഗ്രസ്സിന്റെ പെണ്‍ എം.എല്‍.എമാരെ മാത്രം തടയണം. ഈ മുന്‍നിശ്ചയങ്ങളെ റദ്ദ് ചെയ്ത് കൊണ്ടാണ് മുഖ്യമന്ത്രിയെ തടയുക എന്ന തീരുമാനപ്രകാരം ‘ചാവേര്‍ ആക്രമണം’ എന്ന് വിളിക്കപ്പെട്ട വനിതാ എം.എല്‍.എമാരുടെ മുന്നേറ്റം നടന്നത്. ചാവേര്‍ ആക്രമണം എന്ന് പരിഹാസരൂപത്തിലാണ് ആണ്‍ മാധ്യമലോകം നിരീക്ഷിച്ചത് എങ്കിലും, തിരക്കില്‍ പെണ്ണിനെ കിട്ടിയാല്‍ ലൈംഗികാതിക്രമം എന്ന മല്ലുബോധമുള്ള ഈ സമൂഹത്തില്‍ ആ പെണ്ണുങ്ങളുടെ ധൈര്യം ഒരു ചാവേര്‍ ധൈര്യം തന്നെ എന്ന്‍ സമ്മതിക്കാതെ വയ്യ. എന്നാല്‍ ഇങ്ങനെ ശാരീരിക മതിലുകളുള്ള ഒരു സമൂഹത്തില്‍ അത്തരം മതിലുകളെ പൊളിക്കാന്‍ നിയമസഭയില്‍ നിന്ന് തന്നെയുള്ള ഒരു പോസിറ്റീവ് ഇടപ്പെടലാകേണ്ടിയിരുന്ന ഈ നീക്കം തിരക്ക് = പെണ്ണുങ്ങളെ ഞെക്കല്‍ എന്ന മല്ലു പൊതുബോധത്തിന്റെ ആകെത്തുകയായി, ശിവദാസന്‍ നായരായി അവതരിച്ചു. കാലാകാലങ്ങളായി ലൈംഗികാതിക്രമികള്‍ക്കെതിരെ മലയാളിപ്പെണ്ണ് അഭ്യസിക്കപ്പെട്ട അവളുടെ കയ്യിലുള്ള കൊച്ച് ആയുധമായ ‘കടി’യിലൂടെ ജമീല പ്രകാശം അതിനെ നേരിട്ടു. കാഴ്ചക്കാരന്റെ മല്ലു പൊതുബോധമായി ഡൊമിനിക് പ്രസന്റേഷന്‍ പ്രതികരിച്ചു. “നിന്റെ നാടാരെ വിളിച്ചു കൊണ്ട് വാടീ”. ഹാ! പൊതുജനമേ, എന്തെങ്കിലും അസ്വഭാവികത തോന്നുന്നുണ്ടോ?! ഇതൊക്കെ നമ്മള്‍ എന്നും കാണുന്നതല്ലേ? ഒരു പക്ഷേ, ബസ്സിലെ സേഫ്റ്റി പിന്‍ പ്രയോഗം പോലെ കുത്തു കൊണ്ടവന്‍ നിലവിളിച്ചില്ലായിരുന്നെങ്കില്‍
എന്നാല്‍ അങ്ങനെയല്ല ഉണ്ടായത്. ശിവദാസന്‍ നായര്‍ താന്‍ കടിക്കപ്പെട്ടു എന്ന് കരഞ്ഞു. ജമീല പ്രകാശം ശക്തമായി തന്നെ തന്റെ നിലപാടില്‍ ഉറച്ച് നിന്നു. എന്നാല്‍ ശിവദാസന്‍ നായരെ കൊണ്ട് മാപ്പ് പറയിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. കാരണം? തിരക്ക് = പെണ്ണുങ്ങളെ ഞെക്കല്‍ എന്ന മല്ലു പൊതുബോധം! ‘തിരക്കാണെങ്കില്‍ ഞങ്ങള്‍ ഞെക്കും എന്ന് നിങ്ങള്‍ക്കറിഞ്ഞു കൂടെ, പിന്നെന്തിനീ തിരക്കില്‍ വരണം; അവിടെ എവിടെയെങ്കിലും നിന്ന് കൂടെ’ എന്നാണ് ആ വിഷയത്തില്‍ മാധ്യമങ്ങളും പൊതുസമൂഹവും ഒളിഞ്ഞും തെളിഞ്ഞും മലയാളി പെണ്ണിനോട് ചോദിച്ചത്. ഈ മാധ്യമ, പൊതുബോധ ‘സംഗതികള്‍’ ഒരു ഗവേഷണ പ്രബന്ധമാക്കാനുള്ളത്രയുണ്ട്. വിസ്താര ഭയത്താല്‍ ചില സാമ്പിളുകള്‍ മാത്രം വായനക്കാരുടെ യുക്തിക്കു മുന്നില്‍ വയ്ക്കുന്നു.
“ജമീലയുടെ ലീലകള്‍”- മാതൃഭൂമി
“നിയമസഭയില്‍ കെ. ശിവദാസന്‍ നായരുടെ തോളില്‍ കടിച്ചതിനെ ന്യായീകരിച്ച് ജമീല പ്രകാശം എംഎല്‍എ” – മനോരമ
“നളിനി നെറ്റോയെ പിടിച്ച നാടാരുടെ ഭാര്യയല്ലേ!” -സോഷ്യല്‍ മീഡിയ കമന്റ്
“ഇന്നത്തെ കടി – ജമീല” – പലഹാരക്കടക്കരന്‍
ഹെന്താലേ മല്ലു പൊതുബോധം!
ഇതേ മല്ലു പൊതുബോധം തന്നെയാണ് ഷിബു ബേബി ജോണ്‍ തടഞ്ഞപ്പോള്‍ ബിജിമോള്‍ പരിഭ്രമിച്ചില്ല, പകരം ചിരിച്ചു കൊണ്ടാണ് നേരിട്ടത് എന്ന് കെ.സി അബുവിനെ കൊണ്ട് പറയിപ്പിക്കുന്നത്. അബുവിന്റെ മാപ്പ് സംഭവിച്ചത്, സുധീരന്റെ ആദര്‍ശത്തിന് ഒരു പൊന്‍താരകത്തിന്റെ ആവശ്യമുണ്ടായിരുന്നു എന്നത് കൊണ്ടായിരിക്കണം. അല്ലാതെ ¨പ്രായം ബാധിച്ച ശിവദാസന്‍ നായരെ കടിക്കുന്നത്തിന് പകരം കരിമ്പു ശരീരമുള്ള പി.കെ ബഷീറിനെ കടിച്ചാല്‍ പോരായിരുന്നോ¨ എന്നു കേട്ടാല്‍ ‘ചോരയും നീരുമുള്ള ചെക്കന്മാരെ കണ്ടാല്‍ അവള്‍ക്ക് പ്രാന്താ’ എന്ന്, നന്നായി ഒരുങ്ങി, സോഷ്യലായി നടക്കുന്ന പെണ്ണിനെ നോക്കി എന്നും ചോദിക്കുന്ന മല്ലുവിനു വല്ലതും ഏശുമോ? വെടിവഴിപാടിലെ അവതാരക രശ്മി (അനുശ്രീ) തന്നെ കടന്ന് പിടിക്കുന്ന പി.പിയെ നോക്കി പുഞ്ചിരിക്കുന്ന രംഗമുണ്ട്. അതിനു ശേഷമുള്ള രംഗം (മുട്ടുകാലു വച്ച് കയറ്റുന്നത് ) ഓര്‍ക്കാന്‍ മല്ലു അബുമാര്‍ക്ക് അവസരമുണ്ടാക്കാനുള്ള മനക്കരുത്ത് മലയാളി പെണ്ണിന് ഉണ്ടാക്കാനെങ്കിലും ഈ മാപ്പു പറച്ചില്‍ ഉപകരിക്കട്ടെ.
മല്ലു പൊതുബോധം എന്ന ആണ്‍ബോധം ആണില്‍ മാത്രം കാണുന്ന ഒന്നല്ല എന്നതാണ് സി.കെ ജാനുവിന്റെ നിലപാട് നമ്മളോട് പറയുന്നത്. ¨സ്ത്രീകള്‍ അല്പം കൂടെ മാന്യത കാട്ടണമായിരുന്നു എന്നും യോജിപ്പും വിയോജിപ്പും പ്രകടിപ്പിക്കാം, പക്ഷേ അതെല്ലാം രാഷ്ട്രീയപരമായി നേരിടേണ്ടതിനു പകരം അടിപിടി കൂടുകയല്ല വേണ്ടത്. സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും കാത്തു സൂക്ഷിക്കേണ്ടത് ആദ്യം സ്ത്രീ തന്നെയാണ്¨ എന്നാണ് യു.ഡിഎഫ് ഘടകകക്ഷി നേതാവു കൂടിയായ ജാനു എഴുതിയത്! തങ്ങളുടെ ഗ്രൂപ്പിനു താങ്ങായി നില്‍ക്കേണ്ടത് ഒരോ ഘടകകക്ഷിയുടേയും ബാധ്യതയാണ്. എന്നാല്‍ സമകാലീന കേരളരാഷ്ട്രീയത്തിന് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു പെണ്‍മുഖമാണ് മുത്തങ്ങ സമരത്തില്‍ ആന്റണിയുടെ പോലീസ് അടിച്ച് നീരുവന്ന ജാനുവിന്റെ മുഖം. ആ മുഖത്തിനു പുറകിലും ഒരു ആണ്‍മുഖം ഉണ്ടെന്ന് ഈ കൂട്ടുകൂടല്‍ മലയാളി പെണ്ണിനു കാണിച്ചു തന്നു.
മല്ലുവിന്റെ ഈ ആണ്‍മുഖത്തില്‍ ഒരു കോറല്‍ വീഴ്ത്താന്‍ മാത്രമേ ഈ സംഭവത്തിനു കഴിഞ്ഞിട്ടുള്ളൂ. അബുവിന്റെ മാപ്പിനു ശേഷം ഇടതുപക്ഷവും ഇതു മറക്കാനാണു സാധ്യത. ഒരു പക്ഷേ ശിവദാസന്‍ നായരെന്ന, തിരക്ക് = പെണ്ണുങ്ങളെ ഞെക്കല്‍ എന്ന മല്ലു പൊതുബോധത്തെ കേടുകൂടാതെ സംരക്ഷിച്ചു നിര്‍ത്താനാണോ അബുവിനെ ബലിയാടാക്കിയതെന്ന് പോലും മലയാളി പെണ്ണിന് ചിന്തിക്കാവുന്നതാണ്. മലയാളി പെണ്ണേ നിന്റെ മനസ്സില്‍, പിടിക്കാന്‍ വരുന്നവര്‍ക്കെതിരെ പ്രയോഗിക്കാന്‍ രശ്മിയുടെ ആ പുഞ്ചിരിയോ, ചുരുക്കം ജമീലയുടെ ആ കടിയോ എങ്കിലും കരുതി വയ്ക്കുക. അവളവളെ അവളവള്‍ തന്നെ ഈ മല്ലു പൊതുബോധത്തില്‍ നിന്നും രക്ഷിക്കുക.
*ലേഖിക മനുഷ്യന് ഒരു ആമുഖം എന്ന നോവല്‍ ഇതുവരെ വായിച്ചിട്ടില്ല.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)