UPDATES

പ്രവാസം

രൂപയുടെ മുല്യത്തില്‍ ഇടിവ് തുടരുന്നു; ഗള്‍ഫ് കറന്‍സികള്‍ പുതിയ ഉയരത്തില്‍

നിലവിലെ സാഹചര്യത്തില്‍ എണ്ണ ഇറക്കുമതിക്ക് കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരുന്നത് രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി രൂക്ഷമാക്കിയേക്കും.

                       

രൂപയുടെ വിനിമയമൂല്യത്തില്‍ തുടരുന്ന ഇടിവ് രാജ്യത്തെ സാമ്പത്തിക രംഗത്തിന് ആശങ്ക ഉണര്‍ത്തുന്നതാണെങ്കിലും പ്രവാസികള്‍ക്ക് ചെറിയ തോതിലെങ്കിലും ആശ്വാസമാവുകയാണ്. രൂപ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതോടെ മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് കഴിഞ്ഞ രണ്ടാഴ്ചയായി എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബുധനാഴ്ച്ചത്തെ കണക്കുകള്‍ പ്രകാരം ഒരു യുഎഇ ദിര്‍ഹത്തിനെതിരെ 19.59 ആണ് രൂപയുടെ വിനിമയ നിരക്ക്. ഖത്തര്‍ റിയാല്‍ 19.76, സൗദി റിയാല്‍ 19.18, ഒമാന്‍ റിയാല്‍ 187.06, ബഹ്‌റൈന്‍ ദിനാര്‍ 191.28, കുവൈത്ത് ദിനാര്‍ 237.04 എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് കറന്‍സികളുടെ നിരക്കുകള്‍. അന്താരാഷ്ട്ര വാണിജ്യ തര്‍ക്കങ്ങളുയര്‍ത്തുന്ന ആശങ്കയും ക്രൂഡ് ഓയില്‍ വില വര്‍ധനയുമാണ് രൂപയുള്‍പ്പെടെയുള്ള മുന്നാം ലോക രാജ്യങ്ങളുടെ കറന്‍സികള്‍ക്കെതിരേ ഡോളര്‍ ശക്തിയാര്‍ജ്ജിക്കാനുള്ള പ്രധാന കാരണം.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ധന ഇറക്കുമതിക്ക് കൂടുതല്‍ പണം ചിലവഴിക്കേണ്ടിവരുന്നത് രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി രൂക്ഷമാക്കിയേക്കും. ഇന്ധനവിലയിലുണ്ടാകുന്ന മാറ്റം വിവിധ മേഖലകളില്‍ വില കയറ്റത്തിനും കാരണമായേക്കും. രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നാണ് എസ്ബിഐ പത്രക്കുറിപ്പ് നല്‍കുന്ന സൂചന. ഇതോടെ പലിശ നിരക്ക് കൂട്ടി മൂല്യ തകര്‍ച്ച നിയന്ത്രിക്കാന്‍ ആര്‍ബിഐ ശ്രമിക്കുമെന്ന സൂചനയും എസ്ബിഐ നല്‍കുന്നു. ഈ വര്‍ഷം ജനുവരി ഒന്നിനും സെപ്തംബര്‍ മൂന്നിനും ഇടയില്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 10 ശതമാനത്തില്‍ അധികമാണ് ഇടിഞ്ഞിട്ടുള്ളത്. തുര്‍ക്കി, അര്‍ജന്റീന രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി ആഗോള വിപണിയില്‍ സൃഷ്ടിച്ചിട്ടുള്ള ആശങ്കകളും അഗോള വിനിമയത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍