2009-ലാണ് എമിലി യോഫ് തന്റെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ കുറിച്ച് എഴുതുന്നത്. ക്യാന്‍സര്‍ ബാധിച്ച് മുപ്പത്തിനാലാം വയസില്‍ മരിച്ചു പോയിരുന്നു അവര്‍. തന്റെ കുടുംബ ജീവിതത്തില്‍ ഭര്‍ത്താവിന്റെ ആദ്യഭാര്യക്കുള്ള സ്ഥാനം എന്താണെന്ന് എമിലി ഈ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു. സ്ലേറ്റ് പ്രസിദ്ധീകരിച്ച ഈ പോപ്പുലര്‍ ലേഖനം മാതൃദിനം പ്രമാണിച്ച് ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു.
എമിലി യോഫ്
(സ്ലേറ്റ്)
ഞാനും ജോണും വിവാഹിതരായി അധികം കഴിയും മുന്‍പ് ഒരു ദിവസം ഞാന്‍ എന്റെ സാധനസാമഗ്രികള്‍ അടുക്കിവയ്ക്കുകയായിരുന്നു. ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. തട്ടിന്‍മുകളില്‍ നിന്ന് എനിക്കൊരു കാര്‍ഡ്ബോര്‍ഡ് പെട്ടി കിട്ടി. ഭര്‍ത്താവിന്റെ ആദ്യവിവാഹത്തിന്റെ ഫോട്ടോകളായിരുന്നു അതില്‍ നിറയെ. എന്റെ ഭര്‍ത്താവിന്റെ ആദ്യഭാര്യ റോബിന്‍ ഗോള്‍ഡ്‌സ്ടീന്‍റെ ചിത്രങ്ങള്‍. അവര്‍ വിവാഹിതരാകുമ്പോള്‍ റോബിന് 28 വയസായിരുന്നു. ആറുമാസം കഴിഞ്ഞാണ് റോബിന് സ്തനാര്‍ബുദമാണെന്ന് കണ്ടെത്തിയത്. എന്റെ ഭര്‍ത്താവ് അവരെ നന്നായി പരിചരിച്ചു. 34-ആം ജന്മദിനം കഴിഞ്ഞ് റോബിന്‍ മരിച്ചു. ആ പെട്ടിയില്‍ അവരുടെ വിവാഹഫോട്ടോകള്‍, ഹണിമൂണ്‍ ഫോട്ടോകള്‍, പാര്‍ട്ടികളുടെയും ബര്‍ത്ത്ഡേകളുടെയും ഫോട്ടോകള്‍ എന്നിവയൊക്കെയാണ് ഉണ്ടായിരുന്നത്. ആ ഫോട്ടോകളിലൂടെ എനിക്ക് അവരുടെ അസുഖം അവരുടെ തലമുടിയില്‍ കാണാന്‍ കഴിഞ്ഞു. കനംകുറഞ്ഞുവന്ന തലമുടി പിന്നെ വിഗ്ഗുകള്‍ക്കും സ്കാര്‍ഫുകള്‍ക്കും വഴിമാറി. ആ ഫോട്ടോകള്‍ കണ്ടുകഴിഞ്ഞ് ഞാന്‍ അവര്‍ക്ക് വേണ്ടി കരഞ്ഞു. അവരുടെ മരണമാണ് അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാന്‍ പ്രേമിക്കുന്ന മനുഷ്യന്റെ ഒപ്പം ജീവിക്കാന്‍ എന്നെ സഹായിച്ചത് എന്ന ചിന്ത എനിക്ക് കുറ്റബോധമുണ്ടാക്കി.
ഞങ്ങളുടെ മകള്‍ ജനിച്ചപോള്‍ കിട്ടിയ സമ്മാനങ്ങളില്‍ ഏറ്റവും മികച്ചത് അവളുടെ പേര് എഴുതിയ ഒരു ചെറിയ കസേരയായിരുന്നു. റോബിന്റെ കുടുംബമാണ് ആ സമ്മാനം അയച്ചത്. ഈ സമ്മാനം അയച്ചതിലൂടെ ജോണിന്റെ ജീവിതം മുന്നോട്ടുപോകുന്നുവെന്ന് ഒടുവില്‍ അവര്‍ മനസ്സില്‍ ഉറപ്പിച്ചിരിക്കണം. റോബിന് കുട്ടികള്‍ വേണമെന്നുണ്ടായിരുന്നു. എന്നാല്‍ അസുഖവും ചികിത്സകളും അതിനനുവദിച്ചില്ല.
ചില ദുരന്തങ്ങള്‍ സംഭവിച്ചത് കൊണ്ടാണ് നമ്മില്‍ പലരും ജീവിക്കുന്നത്. ഞാന്‍ ജനിക്കാന്‍ കാരണം 80 വര്‍ഷം മുന്‍പ് എന്റെ മുത്തച്ഛനു ഭാര്യ റൂത്തിനെ നഷ്ടപ്പെട്ടത് കൊണ്ടാണ്. ഫ്ലൂ ബാധിച്ചായിരുന്നു റൂത്ത് മരിച്ചത്. രണ്ടുകുട്ടികളും അവര്‍ക്കുണ്ടായിരുന്നു. പിന്നീട് അദ്ദേഹം എന്റെ മുത്തശ്ശിയെ വിവാഹം കഴിക്കുകയും എന്റെ അമ്മ ജനിക്കുകയും ചെയ്തു. മുത്തശ്ശി റൂത്തിന്‍റെ എല്ലാ സാന്നിധ്യവും വീട്ടില്‍ നിന്ന് എടുത്തുമാറ്റി. റൂത്തിന്റെ മക്കള്‍ക്ക് അവരുടെ ബന്ധുക്കളുമായി അടുപ്പമുണ്ടായില്ല. വീട്ടില്‍ അവരുടെ ചിത്രങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അവര്‍ ഉണ്ടായിരുന്നേയില്ല എന്നതുപോലെയായിരുന്നു വീട്ടിലെ അവസ്ഥ. ഒടുവില്‍ 95 വയസില്‍ മുത്തശ്ശന് തന്റെ പഴയഭൂതകാലം ഏറെ പ്രിയപ്പെട്ടതായി തെളിഞ്ഞുവന്നു. അദ്ദേഹം റൂത്തിനെപ്പറ്റിയുള്ള കഥകള്‍ പറയാന്‍ തുടങ്ങി. എന്റെ മുത്തശ്ശിക്ക് ദേഷ്യത്തേക്കാള്‍ ഇത് വിശ്വസിക്കാനാകാത്ത ഒരു അവസ്ഥയാണ് ഉണ്ടായത്. അവര്‍ എന്നോട് പറഞ്ഞു, “നിനക്ക് സങ്കല്‍പ്പിക്കാനാകുമോ? അവര്‍ മരിച്ചിട്ട് എത്ര നാളായി?”
ഒരു പക്ഷെ ഞാനും ഭര്‍ത്താവും വൃദ്ധരാകുമ്പോള്‍ ഞങ്ങളുടെ ജീവിതത്തെക്കാള്‍ മിഴിവോടെ റോബിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വരുമായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ആ ഓര്‍മ്മകളെ സ്വാഗതം ചെയ്യും. റോബിനോട് എനിക്ക് നന്ദിയുണ്ട്, അസൂയ തീരെയില്ല. വിവാഹത്തിനുമുന്‍പ് നാലുമാസത്തെ പരിചയം മാത്രമേ എനിക്ക് ജോണുമായി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ജോണ്‍ റോബിനെ എങ്ങനെ സ്നേഹത്തോടെ സംരക്ഷിച്ചുവെന്നും അവരുടെ അടുപ്പം എങ്ങനെയായിരുന്നുവെന്നും മറ്റുള്ളവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഒരുപക്ഷെ അവരുടെ ബന്ധമാവാം ജോണിനോട് എനിക്ക് വിശ്വാസം തോന്നിപ്പിച്ചത്. ഒരാള്‍ക്ക് ഒരു പ്രേമം മാത്രമല്ല ഉണ്ടാകാവുന്നത് എന്നും എനിക്ക് അറിയുമായിരുന്നു. ഞാന്‍ ജോണിന് പ്രിയപ്പെട്ടവളാണ്, അതുപോലെ തന്നെയായിരുന്നു റോബിനും.
ന്യൂജേര്‍സിയിലാണ് റോബിന്‍ ജനിച്ചത്. ആകര്‍ഷകയായ ഒരു യുവതിയായിരുന്നു അവര്‍. ന്യൂജേര്‍സിയിലെ ചെറിയ ഒരു പത്രത്തിനുവേണ്ടി സിറ്റി റിപ്പോര്‍ട്ടറായാണ് റോബിന്‍ ജോലി തുടങ്ങിയത്. അന്ന് പോലീസുകാര്‍ക്കും കള്ളന്മാര്‍ക്കും ഒരേ പോലെ റോബിനെ ഇഷ്ടമായിരുന്നു. റോബിന്റെ ഇടപെടലുകള്‍ പുതിയ നിയമങ്ങള്‍ക്ക് വരെ വഴിതെളിച്ചിട്ടുണ്ട്.
ജീവിതത്തില്‍ കാണിച്ച ധൈര്യം അവര്‍ രോഗത്തോടും കാണിച്ചു. ആദ്യത്തെ സര്‍ജറിയും റേഡിയേഷനും കീമോയും കഴിഞ്ഞ് അവര്‍ സുഖപ്പെട്ടതായിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞ് കാന്‍സര്‍ തിരിച്ചുവന്നു. പിന്നീടുള്ള അഞ്ചു വര്‍ഷം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെല്ലാം റോബിന്‍ സഹിച്ചു. ആളുകളോട് സഹതപിക്കാതിരിക്കാന്‍ ആവശ്യപ്പെട്ടു.
എത്രകാലം ജീവിതം ബാക്കിയുണ്ടെങ്കിലും അത്രയും നാള്‍ ഒരു സാധാരണജീവിതം നയിക്കുമെന്ന് റോബിന്‍ തീരുമാനിച്ചു. അവര്‍ ജോലിയും യാത്രകളും തുടര്‍ന്നു. ഞാന്‍ കണ്ടെത്തിയ പെട്ടിയില്‍ ഒരുപാട് അവധിക്കാലഫോട്ടോകളുണ്ടായിരുന്നു. കാന്‍സര്‍ എല്ലുകളെ ബാധിച്ചപ്പോള്‍ അവര്‍ ക്രച്ചസില്‍ ഓഫീസില്‍ പോയി. തലച്ചോറിനെ ബാധിച്ചുതുടങ്ങിയപ്പോള്‍ ജോലി നിറുത്തേണ്ടിവന്നു. ജീവിതത്തിന്റെ അവസാനയാഴ്ച തന്റെ റേഡിയേഷന്‍ ടെക്നോളജിസ്റ്റിനെ പത്രപ്രവര്‍ത്തക സുഹൃത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നതിലാണ് റോബിന്‍ സന്തോഷം കണ്ടെത്തിയത്.
അവര്‍ വിവാഹിതരായിരുന്ന സമയം മുഴുവന്‍ റോബിന്റെ മരണത്തിലേയ്ക്കായിരുന്നു അവരുടെ യാത്രയെങ്കിലും മരണത്തെപ്പറ്റി അവര്‍ അധികമൊന്നും സംസാരിച്ചില്ല എന്നാണ് എന്റെ ഭര്‍ത്താവ് പറയുന്നത്. സൂര്യനെ നോക്കുന്നതുപോലെ വേദനയോടെ മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണ് അത്തരം സംഭാഷണങ്ങള്‍ എന്നാണ് ഒരു തെറാപ്പിസ്റ്റ് എന്റെ ഭര്‍ത്താവിനോട് പറഞ്ഞത്. മരണമടുത്തപ്പോള്‍ ജോണിന് ഒരു കുട്ടി വേണമെന്ന് റോബിന്‍ പറഞ്ഞു. ജീവിതത്തില്‍ ഒരു കുട്ടിയുണ്ടാകുമെന്ന് റോബിന്‍ ഉറപ്പുവാങ്ങി. ജോണിന് കുട്ടികളെ എത്ര ഇഷ്ടമാണെന്ന് റോബിന് അറിയുമായിരുന്നു. പുതിയൊരു ഭാര്യയെ ജോണ്‍ കണ്ടെത്തുന്നത് വിഷമമുള്ള കാര്യമാണെങ്കിലും അങ്ങനെ ചെയ്യുമെന്ന് ജോണിനെക്കൊണ്ട് അവര്‍ സമ്മതിപ്പിച്ചു. അവര്‍ ഇത് പറഞ്ഞപ്പോള്‍ എന്ത് മറുപടി പറഞ്ഞുവെന്ന് ഞാന്‍ ചോദിച്ചു. “നീയില്ലാത്ത ഒരു ജീവിതം ചിന്തിക്കാന്‍ വയ്യ”, എന്ന് പറഞ്ഞുവെന്നു ജോണ്‍.
ഞങ്ങള്‍ വിവാഹിതരായി കുറച്ചുമാസം കഴിഞ്ഞായിരുന്നു റോബിന്റെ ആറാം ചരമവാര്‍ഷികം. ആ ദിവസം അടുത്തുവന്നപ്പോള്‍ എന്റെ ഭര്‍ത്താവ് ഒരു ഡിപ്രഷനിലായി. അദ്ദേഹം നിശബ്ദനും ദു:ഖിതനുമായി മാറി. കുറെ ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഇനി ഞങ്ങളുടെ വിവാഹജീവിതം ഇങ്ങനെയായിരിക്കുമോ എന്ന് എനിക്ക് പേടി തോന്നി. ഞാന്‍ മാത്രമാണ് സന്തോഷത്തോടെയിരിക്കുന്നതെങ്കിലും എനിക്ക് സന്തോഷമുള്ള ഒരു കുടുംബജീവിതം വേണമെന്ന് എനിക്ക് തോന്നി. ഒടുവില്‍ അവരുടെ ഓര്‍മ്മദിവസം കഴിഞ്ഞപ്പോള്‍ ജോണ്‍ ഡിപ്രഷനില്‍ നിന്ന് പുറത്തുവന്നു. അവരെ ഉപേക്ഷിക്കുന്നതിന്റെ കുറ്റബോധത്തിന്റെ അവസാനദിനങ്ങളായിരുന്നു കഴിഞ്ഞത്.
ഞാന്‍ പരിഹാസത്തോടെ സംസാരിക്കുന്നയൊരാളാണ്. റോബിന്‍ അങ്ങനെയായിരുന്നില്ല. ഞാന്‍ ചോദിച്ചു മനസിലാക്കിയതാണിത്. റോബിന്‍ ജീവിച്ചിരുന്നെങ്കില്‍ ജോണ്‍ കുറച്ചുകൂടി സൌമ്യമായ ഒരു ജീവിതം നയിക്കുമായിരുന്നു. പലപ്പോഴും “ഞാന്‍ എത്ര തവണ പറഞ്ഞു…” എന്നോ “ഞാന്‍ ഇത് പറഞ്ഞപ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചില്ല” എന്നോ ഒക്കെയുള്ള ഡയലോഗുകള്‍ പറയുമ്പോള്‍ ഞാന്‍ ആലോചിക്കും, റോബിനായിരുന്നെങ്കില്‍ ജോണിന് ഇത് കേള്‍ക്കേണ്ടിവരില്ലായിരുന്നു എന്ന്.
ഞങ്ങളുടെ മകള്‍ക്ക് ആറുവയസ് പ്രായമുണ്ടായിരുന്നപ്പോള്‍ അവളും അച്ഛനും കൂടി തട്ടിന്‍മുകള്‍ പരിശോധിക്കുകയായിരുന്നു. അവള്‍ റോബിന്റെ വസ്തുക്കളുള്ള പെട്ടി കണ്ടെത്തി. അവള്‍ കരഞ്ഞുകൊണ്ട് എന്റെ അടുത്തെത്തി. “ഞാന്‍ ഒരു പെട്ടിയില്‍ കുറെ ആഭരണങ്ങള്‍ കണ്ടു, അതില്‍ തൊടാന്‍ അച്ഛന്‍ സമ്മതിച്ചില്ല!” അവള്‍ പരാതി പറഞ്ഞു. ഞാനും ഭര്‍ത്താവും ഇതേപ്പറ്റി സംസാരിച്ചു. റോബിന്റെ വസ്തുക്കള്‍ സുരക്ഷിതമാക്കി സൂക്ഷിക്കാനുള്ള ജോണിന്റെ ആഗ്രഹം എനിക്ക് മനസിലാകും. എന്നാല്‍ ഒരു കൊച്ചുപെണ്‍കുട്ടി അത്ഭുതത്തോടെ അവരുടെ ആഭരണങ്ങളെ കണ്ടുവെന്നത് റോബിന് ഇഷ്ടമാകും എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ മകള്‍ക്ക് ഈ ആഭരണങ്ങള്‍ ഉപയോഗിച്ച് കളിക്കാമെന്നും പക്ഷെ അവയെ വളരെ മൂല്യത്തോടെ കാണണമെന്നും ഞങ്ങള്‍ പറഞ്ഞു കൊടുത്തു. അച്ഛന്റെ ഒരു നല്ല സുഹൃത്തായിരുന്നു റോബിന്‍ എന്നും അവര്‍ മരിച്ചുപോയി എന്നും അവരുടെ വസ്തുക്കള്‍ അച്ഛന്‍ സൂക്ഷിക്കുകയാണെന്നും ഞങ്ങള്‍ പറഞ്ഞുകൊടുത്തു.
മകള്‍ക്ക് എട്ടുവയസായപ്പോള്‍ അവള്‍ ഞാന്‍ കണ്ടെത്തിയ പഴയ ഫോട്ടോകളുടെ പെട്ടി കണ്ടെത്തി. അവള്‍ അത് താഴെ കൊണ്ടുവന്ന് അച്ഛന്റെ പഴയഫോട്ടോകള്‍ കാണണമെന്ന് ആവശ്യപ്പെട്ടു. അച്ഛന്റെയൊപ്പം എപ്പോഴും നിന്നിരുന്ന കറുത്ത മുടിയുള്ള സ്ത്രീയെപ്പറ്റി അവള്‍ ചോദിച്ചു. അത് റോബിനാണെന്ന് എന്റെ ഭര്‍ത്താവ് പറഞ്ഞു. കുറച്ചുനിമിഷങ്ങള്‍ കഴിഞ്ഞ് അവള്‍ പറഞ്ഞു, “റോബിന്റെ ഒരുപാട് ചിത്രങ്ങളുണ്ടല്ലോ.”
“അച്ഛന് അവരെ ഇഷ്ടമായിരുന്നു.”, ഞാന്‍ പറഞ്ഞു.
“അത്രയ്ക്ക് ഇഷ്ടമായിരുന്നെങ്കില്‍ എന്തുകൊണ്ട് അവരെ കല്യാണം കഴിച്ചില്ല?”, അവള്‍ അച്ഛനോട് ചോദിച്ചു.
ജോണ്‍ എന്റെ നേര്‍ക്ക് നോക്കി, ഞാന്‍ തലകുലുക്കി.
“കല്യാണം കഴിച്ചു”, ജോണ്‍ പറഞ്ഞു.
മകള്‍ അവളുടെ കയ്യിലിരുന്ന ഫോട്ടോയില്‍ നോക്കി, അവളുടെ കണ്ണുകള്‍ വിടര്‍ന്നു. പിന്നെയവള്‍ എന്നെ നോക്കി.
“എനിക്ക് രണ്ട് അമ്മമാരുള്ളതുപോലെയാണ് അല്ലേ?”, അത്ഭുതത്തോടെ അവള്‍ പറഞ്ഞു.
അവള്‍ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു. റോബിന് സന്തോഷമായിട്ടുണ്ടാവണം.
ഞാനും എന്റെ ഭര്‍ത്താവും പതിനഞ്ച് വര്‍ഷമായി വിവാഹിതരാണ്. റോബിനെ വിവാഹം ചെയ്തതിനേക്കാള്‍ ഇരട്ടിയിലേറെ കാലം. എന്റെ മകള്‍ക്ക് പതിമൂന്നുവയസാണ് പ്രായം. റോബിന്റെ കുടുംബം അവള്‍ക്ക് സമ്മാനിച്ച കസേരയേക്കാള്‍ അവള്‍ വളര്‍ന്നു. അവളുടെ തൊട്ടിലിനും കിലുക്കത്തിനും ആനകളുടെ പടമുള്ള ഉടുപ്പിനുമൊപ്പം ഞാന്‍ അതും സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങളുടെ കൊച്ചുമകള്‍ ഒരിക്കല്‍ ഇതൊക്കെ കാണുമെന്നാണ് ഞാന്‍ കരുതുന്നത്. ആ കുട്ടി വലുതാകുമ്പോള്‍ ഞാന്‍ അവളോട് അവളുടെ മറ്റൊരു മുത്തശ്ശിയായ റോബിന്റെ കഥ പറഞ്ഞുകൊടുക്കും.