UPDATES

ട്രെന്‍ഡിങ്ങ്

എം ജി ആര്‍ സ്മരണകൊണ്ട് ചില രാഷ്ട്രീയക്കളികള്‍

തലൈവനും തലൈവിയും ഇല്ലാത്ത തമിഴകത്തിനു നേതാക്കളുടെ സ്മരണകളില്‍ മാത്രം ജീവിക്കാനാവുമോ?

                       

രാഷ്ട്രീയത്തിലും ചലച്ചിത്രരംഗത്തും വിസ്മയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള മരുതൂര്‍ ഗോപാലമേനോന്‍ രാമചന്ദ്രന്‍ എന്ന എംജിആറിന്റെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് തമിഴകം. ജയലളിതയുടെ മരണത്തിനു ശേഷം പ്രഭ മങ്ങിത്തുടങ്ങിയ ആള്‍ ഇന്ത്യാ ദ്രാവിഡ മുന്നേറ്റ കഴകത്തെ (എഐഎഡിഎംകെ) സജീവമാക്കാനും ജനങ്ങളുടെ മനസ്സില്‍ എംജിആറിന്റെ സ്മരണ നിലനിര്‍ത്തി വോട്ടുബാങ്ക് നിലനിര്‍ത്താനും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന തലൈവരുടെ ജന്മവാര്‍ഷികാഘോഷങ്ങളിലൂടെ കഴിയുമെന്ന ചിന്തയാണ് പാര്‍ട്ടിനേതൃത്വത്തെ ഇപ്പോള്‍ നയിക്കുന്നത്. താന്‍ വെട്ടിപ്പിടിച്ച സ്ഥാനമാനങ്ങള്‍ക്ക് എം ജി ആറിന്റെ പിന്‍ബലമാണ്, ശക്തിയാണ് സഹായകമായതെന്ന ബോധം ജയലളിതക്കുണ്ടായിരുന്നു. എന്തിനും ഏതിനും എം ജി ആറിനെ മുന്‍നിര്‍ത്തിയായിരുന്നു അവരുടെ മുന്നേറ്റം. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഇന്ന് നേരിടുന്ന ഭീഷണി പോലും എം ജി ആര്‍ ഉപേക്ഷിച്ചുപോയ വിസ്മയങ്ങള്‍ തന്നെയാണ്. ജനമനസ്സില്‍ നിന്ന് എം ജി ആറിനെ തൂത്തെറിയാന്‍ ഉടനാവില്ല എന്ന യാഥാര്‍ത്ഥ്യമാണ് ചിന്നത്തലൈവി ശശികലയെപ്പോലും ആശ്വസിപ്പിക്കുന്നത്.

എം ജി ആറിന്റെ ദീപശിഖയുമായി മുന്നേറിയ ജയലളിത തന്റെ വിജയത്തിനു പിന്നില്‍ മറ്റാരേയും പ്രതിഷ്ഠിക്കാന്‍ തയ്യാറായിരുന്നില്ല. തലൈവനും തലൈവിയും ഇല്ലാത്ത തമിഴകത്തിനു നേതാക്കളുടെ സ്മരണകളില്‍ മാത്രം ജീവിക്കാനാവുമോ? എം ജി ആര്‍ ജയലളിതയെ ഏല്‍പ്പിച്ച ദീപശിഖ അവര്‍ ശശികലയെ എന്നല്ല മറ്റാരേയും ഏല്‍പ്പിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. എം ജി ആറും ജയലളിതയും നെയ്‌തെടുത്ത സമവാക്യം തികച്ചും വിഭിന്നമായിരുന്നു. ‘എന്റെ ജീവിതം എനിക്ക് ഓര്‍മ്മവച്ച നാള്‍ മുതല്‍ ഇന്നേവരെ വമ്പിച്ച ഒരു പോരാട്ടമായിരുന്നു’- ഒരിക്കല്‍ എം ജി ആര്‍ ജനങ്ങളോടു പറഞ്ഞു. മൂന്നാം ക്ലാസില്‍ പഠിത്തം നിര്‍ത്തേണ്ടി വന്ന ഒരാള്‍ക്ക് വെട്ടിപ്പിടിക്കാവുന്ന ചുറ്റുവട്ടങ്ങള്‍ക്ക് പരിമിതികള്‍ ഏറെയാണ്. രാഷ്ട്രീയ നേതാവാകാനുള്ള അറിവോ, ദര്‍ശനമോ, ഉത്സാഹമോ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല.

ഏഴാം വയസ്സില്‍ പട്ടിണി മാറ്റാന്‍ നാലണ ശമ്പളത്തില്‍ നാടക കമ്പനിയില്‍ എത്തിയ എം ജി ആറിനു ജീവിതമായിരുന്നു ഏറ്റവും വലിയ പാഠപുസ്തകം. ബാല-കൗമാരങ്ങളില്‍ അനുഭവിച്ച ദാരിദ്ര്യവും പട്ടിണിയും ഉള്‍ക്കിടിലങ്ങളുമായിരുന്നു എം ജി ആറിന്റെ അനുഭവസമ്പത്ത്. സിനിമയില്‍ വന്‍ വിജയങ്ങള്‍ കൊയ്‌തെടുക്കുമ്പോഴും തന്റെ അനുഭവങ്ങളുടെ വേലിക്കെട്ടുകളില്‍ നിന്ന് പുറത്തുചാടാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. അന്ന് ലഭിച്ച ജീവിതവീക്ഷണമാണ് രാഷ്ട്രീയത്തില്‍ പുതിയൊരു കാഴ്ചപ്പാട് കൈവരിക്കാന്‍ എം ജി ആറിനെ പ്രേരിപ്പിച്ചത്. ലളിതമായ ജീവിതത്തിന്റെ ഭാഗത്തായിരുന്നു അദ്ദേഹം നിലയുറപ്പിച്ചിരുന്നത്. അതുകൊണ്ടാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം എന്ന മഹത്തായ ആശയം നടപ്പിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതും. സാധാരണക്കാരനെ ലക്ഷ്യമിട്ടുകൊണ്ടുള്ള ജയലളിതയുടെ ഭരണപരിഷ്‌ക്കാരങ്ങളൊക്കെയും എം ജി ആറിന്റെ ആശയത്തെ മുറുകെ പിടിച്ചുകൊണ്ടുള്ളതായിരുന്നു. വിശപ്പാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. വിശക്കുന്നവന്റെ കണ്ണുകളിലേയ്ക്ക് പ്രകാശം കടന്നുചെല്ലാന്‍ അറയ്ക്കുമ്പോള്‍ അവന്‍ ക്രൂരനായി മാറുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മനുഷ്യന്‍ പരിഷ്‌കൃതനായിട്ടും ഈ തത്വത്തിനു മാറ്റംവന്നിട്ടില്ലെന്ന് ജയലളിതയെ പഠിപ്പിച്ചത് എം ജി ആറായിരുന്നു.

മൂന്നു വിവാഹങ്ങള്‍ കഴിച്ചെങ്കിലും എം ജി ആറിനു സന്താനങ്ങളുണ്ടായില്ല. ഒരുതരത്തില്‍ ഭരണരംഗത്ത് മികവു സൃഷ്ടിക്കാന്‍ അതു സഹായിച്ചിരുന്നിരിക്കണം. (കരുണാനിധിയുടെ ദുരന്തമാകട്ടെ മൂന്നു വിവാഹം കഴിച്ചതും!) തന്റെ ജ്യേഷ്ഠന്‍ ചക്രപാണിയുടെ മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍പോലും അവരെ തന്റെ രാഷ്ട്രീയ വിശ്വാസങ്ങളുടെ ചുറ്റുവട്ടങ്ങളില്‍ കയറിവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ തന്നോടൊപ്പം 27 ചിത്രങ്ങളില്‍ അഭിനയിച്ച ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ എം ജി ആര്‍ താല്‍പ്പര്യം കാണിച്ചു. അദ്ദേഹത്തെ അല്ലാതെ മറ്റൊരു പുരുഷനേയും വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത പ്രകൃതക്കാരിയായിരുന്നല്ലോ ജയലളിത. ഒരുപക്ഷേ ഭാര്യമാരേക്കാള്‍ എം ജി ആര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് തന്റെ ഇഷ്ടനായികയായ ‘അമ്മു’വിനെ ആയിരുന്നിരിക്കണം.

പതിനാറാമത്തെ വയസ്സില്‍ സി വി ശ്രീധറിന്റെ വെണ്ണിറൈ ആടൈ എന്ന ചിത്രത്തില്‍ ആദ്യമായി നായികയായി വേഷമിട്ട ജയലളിതയെ എംജിആര്‍ കാണുന്നത് ആ ചിത്രത്തിന്റെ റഷസിലാണ്. തന്റെ ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ എംജിആര്‍ ജയലളിതെ ക്ഷണിക്കുന്നതും അങ്ങനെയാണ്. ജയലളിതയും എംജിആറും തമ്മില്‍ 31 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു. രാഷ്ട്രീയത്തിന്റെ വിത്തുകള്‍ ജയയുടെ മനസ്സിലേക്ക് വീഴുന്നതും ആയിരത്തില്‍ ഒരുവനില്‍ നിന്നായിരിക്കണം. 1965 മുതല്‍ 1973 വരെയുള്ള കാലഘട്ടത്തില്‍ ജയലളിതയും എംജിആറും 27 ചിത്രങ്ങളില്‍ ജോഡികളായി. തുടര്‍ന്ന് കാവല്‍ക്കാരന്‍, അടിമപ്പെണ്‍, എങ്കല്‍ത്തങ്കം കുടിയിരുന്ത കോവില്‍, രഹസ്യപ്പോലീസ്, നംനാട് തുടങ്ങിയ നിരവധി സൂപ്പര്‍ ചിത്രങ്ങളും. 1973 ല്‍ പുറത്തുവന്ന പട്ടിക്കാട്ട് പൊന്നയ്യയായിരുന്നു ഈ ജോഡികളുടെ അവസാന ചിത്രം. 85 തമിഴ് ചിത്രങ്ങളും 28 തെലുങ്ക് ചിത്രങ്ങളും ഉള്‍പ്പെടെ നൂറ്റിനാല്‍പ്പതിലധികം ചിത്രങ്ങളില്‍ ജയ വേഷമിട്ടു. എംജിആറാകട്ടെ 43 വര്‍ഷങ്ങള്‍ക്കുള്ളില്‍ 136 ചിത്രങ്ങളിലും.

1970 മുതല്‍ എംജിആറും ജയലളിതയും പത്തു വര്‍ഷത്തോളം അകന്നുനിന്നു. പാര്‍ട്ടിയില്‍ അംഗമാകാന്‍ എംജിആര്‍ ജയയോട് ആവശ്യപ്പെടുന്നത് 1982 ലാണ്. തുടര്‍ന്നുള്ള ജയയുടെ രാഷ്ട്രീയ ജീവിതരേഖകള്‍ പരസ്യമാണ്. നിരവധി പ്രത്യാക്രമണങ്ങളും രഹസ്യ വിമര്‍ശനങ്ങളും ഉണ്ടായിട്ടും എംജിആര്‍ ജയലളിതയെ സംരക്ഷിച്ചു. അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞു വന്നപ്പോള്‍ തന്റെ നേതാവിനെ കാണാന്‍ പോലും എംജിആറിന്റെ വാലാട്ടികള്‍ ജയയെ അനുവദിച്ചിരുന്നില്ല. പക്ഷേ കാലം ആരെയും ഏറെക്കാലം സംരക്ഷിക്കില്ല എന്നത് ചരിത്രസത്യം. എംജിആറിന്റെ ഭാര്യ വിഎന്‍ ജാനകി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങി. എംജിആറിന്റെ മനസ്സറിഞ്ഞപോലെ ജയ പാര്‍ട്ടി പിടിച്ചടക്കി അധികാരത്തിന്റെ കോട്ടകള്‍ കൈക്കലാക്കി. എന്നാല്‍ പുരട്ശ്ചിത്തലൈവന്റെ ഉറ്റതോഴി ജയലളിതയുടെ പിന്നില്‍ തമ്പടിച്ചു ഭരണത്തിന്റെ നിറുകയില്‍ കയറാന്‍ ആവേശംകൊള്ളുന്ന ശശികലയുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എംജിആറിന്റെ മനസ്സറിയാന്‍ കഴിയുമോ? തമിഴ് മക്കളുടെ നിര്‍ഭാഗ്യങ്ങളേയും ഭാഗ്യങ്ങളേയും തൊട്ടറിയാന്‍ എംജിആറിനു കഴിഞ്ഞിരുന്നു. എംജിആറിന്റെ ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ദ്രാവിഡ നേതാക്കള്‍ വിസ്മരിക്കുന്ന ഒരു സത്യമുണ്ട്- വിശക്കുന്നവന്റെ കണ്ണുകളില്‍ അസ്തമിക്കുന്ന പ്രകാശം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Share on

മറ്റുവാര്‍ത്തകള്‍