മാനവ കുലത്തിന് മുഹമ്മദ് നബി എന്ന വ്യക്തിത്വവും ഇസ്ലാം എന്ന മതവും തങ്ങളുടെതായ സംഭാവന ചെയ്തിട്ടുണ്ട് എന്ന കാര്യം അനിഷേധ്യമാണ്. മുഹമ്മദ് തിരികൊളുത്തിയ വൈജ്ഞാനിക ഊര്‍ജ്ജമായിരുന്നു ഇസ്ലാമിന്റെ സുവര്‍ണ്ണകാലഘട്ടങ്ങളില്‍ വിവിധ വിജ്ഞാനശാഖകളെ പോഷിപ്പിച്ചതും ഇന്നും പല ശാസ്ത്ര മേഖലകളിലുള്‍പ്പെടെ കൊടിയടയാളമായി വര്‍ത്തിക്കുന്നതും. ആ അഗ്നിയില്‍ നിന്ന് കൊളുത്തിയ ദീപശിഖയുമായാണ് നവോത്ഥാന യൂറോപ്പ് വൈജ്ഞാനിക രംഗത്ത് കുതിച്ചു ചാട്ടം നടത്തിയത് എന്നതും നിസ്തര്‍ക്കം.
അടിസ്ഥാന ഇസ്ലാമികാധ്യാപനങ്ങള്‍ ഉറച്ച് പിന്തുടരേണ്ടതാണ് എന്ന് ഒരു വിശ്വാസി കരുതുമ്പോഴും, പ്രായോഗിക ജീവിതത്തിലേക്കുള്ള നിര്‍ദ്ദേശങ്ങളും നയനിലപാടുകളും കാലികമായ പുന:പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. അതിനായി നബിയുടെ ജീവിതവും നിലപാടുകളും പോലും മാനവികതയെയും ചരിത്രബോധത്തെയും മുന്‍നിര്‍ത്തി വായിക്കുകയും പുനര്‍വായിക്കുകയും, അനിവാര്യമായിടത്ത് വിമര്‍ശനമുന്നയിക്കുകയും വേണം.
ഇസ്ലാമിന്റെ പ്രസക്തി സ്ഥാപിക്കാനും മുഹമ്മദ് നബിയെ ചരിത്രം കണ്ട ഏറ്റവും വലിയ പരിഷ്‌കര്‍ത്താവായി ഉയര്‍ത്തിക്കാട്ടാനുമായി ഇസ്ലാമിക ചരിത്രകാരന്മാരും മതപ്രബോധകരും കാലങ്ങളായി ചെയ്തു വരുന്ന ഒരു പ്രക്രിയയാണ് ഇസ്ലാം പൂര്‍വ അറേബ്യയെ അങ്ങേയറ്റം അപരിഷ്‌കൃതവും പ്രാകൃതവുമാക്കി ചിത്രീകരിക്കുക എന്നത്. ജാഹിലിയത്ത് അഥവാ അന്ധകാരയുഗം എന്ന ഒരു വിശേഷണപദമാണ് അവര്‍ക്കായി റിസര്‍വ് ചെയ്തത്. അന്നത്തെ മക്കാ നായകരായിരുന്ന അംറ് ബിന്‍ ഹിശാമോ അബൂലഹബോ ഉത്ബത്തോ ശൈബത്തോ കുഴിയില്‍ നിന്നെണീറ്റ് വന്ന് ചോദ്യം ചെയ്യില്ല എന്ന ധൈര്യമാണെങ്കിലും, ഇതെത്രത്തോളം സത്യസന്ധമാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്.
ഇസ്ലാമിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം, സ്ത്രീകളോടുള്ള നയം തന്നെയാണ്. പ്രഥമമായും പുരുഷന്റെ വികാരശമനത്തിനും സന്താനോത്പാദനത്തിനുമുള്ള ഒബ്ജക്റ്റ് ആയിട്ട് തന്നെയാണ് മനുഷ്യകുലത്തിന്റെ പാതിയെ പരിഗണിക്കുന്നത്. ഇത് മറയ്ക്കാനുള്ള ചെപ്പടിവിദ്യ കൂടിയാകാം ‘ജാഹിലിയാ’ ഡീമനൈസേഷന്‍. ഇസ്ലാമിക ചരിത്രകാരന്മാര്‍ തന്നെ ഉദ്ദരിക്കുന്ന ചരിത്രത്തെ ആസ്പദമാക്കുമ്പോഴും ഇത് നീര്‍ക്കുമിള പോലെ പൊട്ടുന്നുണ്ട്.
ഇസ്ലാമിലെ സ്ത്രീപദവിയെക്കാള്‍ സ്വാതന്ത്ര്യവും അന്തസ്സും സാമുഹ്യ ഉത്ക്കര്‍ഷതയും ഇസ്ലാം പൂര്‍വ്വ അറേബ്യയിലെ ഗോത്രനീതികളില്‍ സ്ത്രീക്ക് ഉണ്ടായിരുന്നു. അവര്‍ സ്വതന്ത്രരായിരുന്നു; സ്വന്തമായി തീരുമാനങ്ങള്‍ എടുത്തിരുന്നു. കച്ചവടം പോലുള്ള രംഗങ്ങളില്‍ ശോഭിച്ചിരുന്നു. യുദ്ധങ്ങളില്‍ പോലും നേരിട്ട് പങ്കെടുത്തിരുന്നു. മുഹമ്മദ് നബിയുടെ മെന്റര്‍ ആയി നാം കാണുന്നത് ഖദീജ എന്ന ആദ്യ ഭാര്യയെയാണ്. സമ്പന്നയായ വണിക്ക് മാത്രമായിരുന്നില്ല അങ്ങേയറ്റം സാമൂഹ്യ സ്വീകാര്യത കൂടി ഉണ്ടായിരുന്നു രണ്ട് തവണ വിധവയായ ഖദീജയ്ക്ക്. അന്നത്തെ സാമൂഹികാന്തരീക്ഷം വിധവയേയോ ഏറെ പ്രായക്കൂടുതല്‍ ഉള്ള സ്ത്രീയേയോ കല്യാണം കഴിക്കുന്നതില്‍ ഒട്ടും അവമതി കാണുന്നില്ല എന്നതിനാലാണ് 40 വയസുള്ള ഖദീജയുടെ വിവാഹാലോചന മുഹമ്മദിന് തനിക്കുള്ള അംഗീകാരമായി തോന്നിയത്. അത് അദ്ദേഹത്തിന്റെ സാമൂഹികപദവി കൂടിയാണ് ഉയര്‍ത്തിയത്.
ഇതേ മുഹമ്മദ്, ‘നബി’ ആയതില്‍പ്പിന്നെ വിധവയെ കല്യാണം കഴിച്ച അനുരചനോട് ‘നിനക്ക് കന്യകയെ കെട്ടിക്കൂടായിരുന്നോ’ എന്ന് ചോദിക്കുന്നുണ്ട്. വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ കന്യകയെ തേടണം എന്ന് അനുചരരോട് ഉപദേശിക്കുന്നുണ്ട്. പോസ്റ്റ് ഇസ്ലാമിക് കാലഘട്ടത്തില്‍ നാമൊരിക്കലും മറ്റൊരു ഖദീജയെ കണ്ടുമുട്ടുന്നില്ല എന്നതാണ് ഇസ്ലാം സാധിച്ച ‘സ്ത്രീ ശാക്തീകരണം’. മുഹമ്മദിന്റെ ജീവിതകാലത്ത് തന്നെ സത്രീകള്‍ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട നിഴലുകളായിത്തീര്‍ന്ന്, സാമൂഹികമേധാവിത്തം പൂര്‍ണ്ണമായി പുരുഷകരങ്ങളിലൊതുങ്ങി. മുഹമ്മദ് നബിയുടെ കാലത്ത് സ്ത്രീകള്‍ നിഴലുകളാക്കി നിറുത്തപ്പെട്ടുവെങ്കില്‍, കുറെക്കൂടി കാര്‍ക്കശ്യതയുളള അനുയായികളും അനന്തര തലമുറകളും ആ നിഴലിനെക്കൂടി മായ്ച്ചു കളഞ്ഞു എന്നതാണ് കാലാന്തരേണ സംഭവിച്ചത്.
തന്റെ പിതാവിനെയും സഹോദരനെയും വധിച്ചവരോട് പ്രതികാരദാഹിയായി യുദ്ധക്കളത്തില്‍ അലഞ്ഞ ഹിന്ദിനെ നാം ‘ജാഹിലിയാ’ സന്തതിയായി കണ്ടെത്തുമ്പോള്‍ റിഫോമിസ്റ്റ് ഇസ്ലാമികള്‍ കൊട്ടിപ്പാടുന്ന ‘യുദ്ധം നയിച്ച ആയിഷ’ ഒരു വ്യാജനിര്‍മിതിയാണ്. ഒന്ന് അലിയെ കണ്ടച്ച് വരാം എന്ന് പറഞ്ഞു യാത്ര തിരിക്കുന്ന തന്റെ സഹോദരീപുത്രന്‍ ഉള്‍പ്പെടെയുള്ള സംഘം ആയിഷയെ ഒട്ടകപ്പുറത്തെ കൂടാരത്തില്‍ മുഖപടത്തിനുള്ളില്‍ ഇരുത്തി എന്നത് നേരാണ്. അല്ലാതെ അവര്‍ വാളെടുത്ത് അങ്കം വെട്ടിയൊന്നുമില്ല.
മറ്റൊരു പ്രചരണമാണ് ‘ജാഹിലിയ’ക്കാര്‍ പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ച് മൂടിയിരുന്നു എന്ന്. ഇസ്ലാമിക പൂര്‍വ അറേബിയയില്‍ ഒരു പുരുഷന് ഇരുപതും അന്‍പതും സ്ത്രീകള്‍ ഉണ്ടെന്നും ഇസ്ലാം അവയെ നാലാക്കി പരിമിതപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന മറ്റൊരു ന്യായവും കേള്‍ക്കാം. ഇത് രണ്ടും എങ്ങനെ സിങ്കാകും എന്ന് ഒരു ഇസ്ലാം പ്രബോധിക്കും ഇന്നോളം പറഞ്ഞു തരാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടികളെ മുഴുക്കെ കൊന്നൊടുക്കിയിരുന്നെങ്കില്‍ ഇത്രേം പെണ്ണുങ്ങള്‍ എങ്ങനെ വന്നു? ഇനി നല്ലൊരു ശതമാനം അങ്ങനെ ചെയ്തു എന്നാണെങ്കില്‍ അതിന് മുന്‍പത്തെ പുരുഷ-സ്ത്രീ അനുപാതം 1:100 എങ്ങാന്‍ ആയിരിക്കണ്ടേ?
അറേബ്യയില്‍ കൊടികുത്തിയിരുന്ന അടിമവ്യവസ്ഥ ഇസ്ലാം ഘട്ടംഘട്ടമായി നിര്‍ത്തലാക്കി എന്നാണ് മറ്റൊരു അവകാശവാദം. അങ്ങനെയെങ്കില്‍ യുദ്ധത്തില്‍ ജയിച്ചവര്‍ തോറ്റവരുടെ സ്ത്രീകളെ ലൈംഗിക അടിമകളാക്കുക തുടങ്ങിയ അന്നത്തെ അനീതികള്‍ ഒന്നിനും തന്നെ മുഹമ്മദ് തടയിട്ടിട്ടില്ല. തന്റെ യുദ്ധങ്ങളില്‍ അവ യാതൊരു ഉപാധിയുമില്ലാതെ തുടരുകയും ചെയ്തു. എന്നാല്‍ അടിമകളോട് കുറെക്കൂടി മാനുഷികമായി പെരുമാറാന്‍ അദ്ദേഹം ഉണര്‍ത്തിക്കുകയും അടിമത്തമോചനം ഒരു പുണ്യപ്രവര്‍ത്തിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്ലാം പൂര്‍വ അറേബ്യയുടെ ഉത്കൃഷ്ടമായ ഒരു നടപ്പുരീതിയായിരുന്നു ദത്തെടുക്കലും ദത്ത് സന്താനങ്ങള്‍ക്ക് രക്തസന്തതികളുടെ എല്ലാ അവകാശങ്ങളും നല്‍കലും. ആദിയില്‍ മുഹമ്മദും ഇത് തന്നെ പിന്തുടര്‍ന്നു. ദത്ത് പുത്രന്‍ സൈദിന്റെ മുന്‍ ഭാര്യയെ കല്യാണം കഴിക്കാന്‍ ആലോചിക്കുന്നത് വരേക്കും. അപ്പോഴാണ് ദത്ത് പുത്രന്മാര്‍ പുത്രതുല്യരല്ല എന്ന പ്രഖ്യാപനത്തോടെ അവര്‍ക്കുള്ള സ്വത്തവകാശമുള്‍പ്പെടെ ‘ജാഹിലിയ’ത്തിന്റെ ചില നന്മകളെ റദ്ദ് ചെയ്യുന്നത്.
ഇസ്ലാമികമായ എല്ലാം പ്രതിലോമകരമാണ് എന്ന് സ്ഥാപിച്ചെടുക്കല്‍ അല്ല ഇവിടെ ഉദ്ദേശ്യം, ഏകപക്ഷീയമായ ചരിത്രവായനകള്‍ സദ്ഫലങ്ങള്‍ ഉണ്ടാക്കില്ല എന്ന ബോധ്യപ്പെടുത്തലാണ്. ഇസ്ലാമിലെ സ്ത്രീപദവി ഉടച്ചു വാര്‍ക്കണമെങ്കില്‍ ഒന്നുകില്‍ മുന്നോട്ട് നോക്കണം. പിറകോട്ട് മാത്രമേ നോക്കൂ എന്നാണ് വാശിയെങ്കില്‍ മുഹമ്മദ് നബിക്കും പിറകിലേക്ക് നോക്കണം. മനുഷ്യരിൽ പാതിക്ക് അക്കാലത്തെ “അജ്ഞരായ” ജനം കല്പിച്ച് നൽകിയിരുന്ന പദവി എന്തായിരുന്നെന്ന് ബോധ്യപ്പെടാൻ. എങ്കിലേ ലിംഗനീതിയിലേക്ക് എത്തിച്ചേരാന്‍ മുസ്ലിം സമൂഹങ്ങള്‍ക്ക് സാധിക്കൂ. ദത്ത് സന്താനങ്ങള്‍ക്ക് അനന്തരസ്വത്ത് നല്‍കുന്ന പോലുള്ള കാര്യത്തില്‍ മാനുഷികമായ നിലപാടില്‍ എത്തിച്ചേരാന്‍ സാധിക്കൂ.
അപ്പോള്‍, എല്ലാവര്‍ക്കും നബിദിനാശംസകള്‍!
നബിദിനത്തോടോ ആചരണത്തോടോ പ്രത്യേകിച്ച് പ്രതിപത്തിയോ വിപ്രതിപത്തിയോ ഉണ്ടായിട്ടല്ല. എന്നാലും, മതത്തിനകത്തെ കുറെ ‘മൗലികവാദി’, ‘ശുദ്ധിവാദി’ വായ്ത്താരികള്‍ ഈ ദിനം ആചരിക്കരുത് എന്നും ‘ശുദ്ധമതം’ കൈക്കൊള്ളണമെന്നും ആര്‍ക്കുന്ന പശ്ചാത്തലത്തില്‍, അത്ര ‘ശുദ്ധ’മല്ലാത്തതിനെ മാത്രം പ്രിഫര്‍ ചെയ്യുന്ന ഒരാള്‍ എന്ന നിലയ്ക്ക് നബിദിനാഘോഷവാദികളെ പിന്തുണയ്ക്കുന്നു. കാരണം ”ശുദ്ധ’മായത് എപ്പോഴും ഹിംസാത്മകമാണ്, മാനവികവിരുദ്ധവും. ഹിറ്റ്‌ലര്‍ മുതല്‍ ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ വരെയും വഹാബികള്‍ മുതല്‍ ഐഎസ് വരെയും ‘ശുദ്ധിവാദികള്‍’ ആയിക്കൊണ്ടാണ് പ്രത്യക്ഷപ്പെട്ട് കണ്ടത്.
ഈ പിന്തുണ, ശബ്ദമലിനീകരണവും ഗതാഗതസ്തംഭനവും ഇല്ലാതെ എന്ന ഒരുപാധിയോടെയാണ്. ഏറെ സ്‌നേഹാദരങ്ങളുള്ള ഒരാള്‍, രണ്ട് ദിവസം മുന്‍പ് ഒരു മെസ്സേജയച്ചു. ചുരുക്കം ഇതാണ്: ഈയിടെ കുറെ നാളായി തൊട്ടടുത്ത പള്ളിയില്‍ പ്രദോഷ നമസ്‌ക്കാരത്തിന് ശേഷം അരമണിക്കൂറിലേറെ മൈക്കിലൂടെയുള്ള ഒച്ചപ്പാടുകളാണ്. അത് പരിസരവാസികളുടെ ദൈനംദിന റൂട്ടീനെ ബാധിക്കുന്നു. ആര്‍ക്കും അലോഗ്യം തോന്നാതെയും വിവാദം ഉണ്ടാകാതെയും പരിഹരിക്കാന്‍ വഴിയുണ്ടോ എന്നറിയാനാണ് സന്ദേശമയച്ചത്. നബിജന്മ മാസത്തിലെ മൌലൂദ് അഥവാ നബിവന്ദന ഗീതികള്‍ ആകാം എന്നൂഹിച്ചു.
ഭാഗ്യവശാല്‍ ആ പ്രദേശത്തു തന്നെയുള്ള മറ്റൊരു സുഹൃത്തിനെ എഫ്ബിയില്‍ നിന്ന് കിട്ടി. കക്ഷിക്ക് പള്ളി പ്രസിഡന്റിനെ നേരില്‍ പരിചയമുണ്ട്. സംസാരിച്ച് നോക്കാമെന്ന് പറഞ്ഞു. എന്നാല്‍, കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ നോക്കിയതിന്‍ പിന്നെ എനിക്കയച്ച മറുപടി: ‘നടക്കുമെന്ന് തോന്നുന്നില്ല. തൊട്ടടുത്ത ക്ഷേത്രത്തിലെ മൈക്കാണ് താരതമ്യം. സുഹൃത്തിനോട് സ്‌റ്റേഷനില്‍ പരാതി കൊടുക്കാന്‍ പറയൂ.’
അപ്പോ അദ്ദാണ്! അപ്പോ അദ്ദാണ്! നബിപ്രേമത്തെക്കാൾ മാത്സര്യമാണ്. ഞമ്മൾ മൈക്ക് ഉപയോഗത്തിൽ കുറഞ്ഞ് പോകരുത്, അതെത്ര ശല്യങ്ങൾ തീർത്താലും! അല്ല ഉസ്താദേ, ഭക്തരേ, മൈക്കില്ലാതെ മൗലിദ് ചൊല്ലിയാൽ നബിക്ക് ഇഷ്ടാകില്ലേ? റോഡ് ബ്ലോക്കാക്കിക്കൊണ്ടുള്ള പ്രകടനങ്ങൾ ഒഴിവാക്കിയും? അദ്ദേഹത്തിന്റെ ഉദ്ബോധനങ്ങളിൽ ദൈവത്തെ രഹസ്യമായി വിളിച്ച് പ്രാർത്ഥിക്കാനും ആരാധനകൾ മനുഷ്യർക്ക് ശല്യമാകരുത് എന്നുമുണ്ടല്ലോ.