UPDATES

കല്‍ക്കരി ഇടപാടില്‍ അദാനിയെ മോദി സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ച കഥ

ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ഉടനെ ഇന്ത്യയിലെ സ്വകാര്യ കല്‍ക്കരി ഖനനത്തെ നിയന്ത്രിക്കുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ നിയന്ത്രണത്തിന്റെ ഒരാള്‍ക്കു വേണ്ടി പൂര്‍ണ്ണമായും മാറ്റിവെച്ചിരിക്കുകയാണ്

                       

വിവാദ വ്യവസായി ഗൗതം അദാനിയുടെ കല്‍ക്കരി വ്യവസായത്തിന് കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്ന് തെളിക്കുന്ന രേഖകള്‍ പുറത്ത് വന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ഉടനെ ഇന്ത്യയിലെ സ്വകാര്യ കല്‍ക്കരി ഖനനത്തെ നിയന്ത്രിക്കുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ നിയന്ത്രണത്തിന്റെ ഒരാള്‍ക്കു വേണ്ടി പൂര്‍ണ്ണമായും മാറ്റിവെച്ചിരിക്കുകയാണ്. ഇന്ത്യയുടെ നിബിഡ വനമേഖലകളിലെ ഖനികളില്‍ നിന്ന് 450 മില്യണ്‍ ടണ്‍ കല്‍ക്കരി ഖനനം ചെയ്യ്‌തെടുക്കാന്‍ അദാനി എന്റെര്‍പ്രസസ്സ് ലിമിറ്റഡ് എന്ന കമ്പനിയെ സഹായിക്കും വിധത്തിലാണ് ഈ നിയന്ത്രണങ്ങള്‍ മാറ്റിയെഴുതിയിരുക്കുന്നത്.

അല്‍ ജസീറയും റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ രേഖകളിലാണ് ഗവണ്‍മെന്റ് ഗൗതം അദാനിയുടെ കമ്പനിയ്ക്ക് വേണ്ടി കല്‍ക്കരി ഖനനത്തിനായി പ്രത്യേക പരിഗണ നല്‍കിയതിന്റെ തെളിവുകള്‍ പുറത്തുവന്നത്. എന്നാല്‍ എന്തുകൊണ്ടാണ് അദാനിയുടെ കമ്പനിയ്ക്ക് മാത്രം ഇത്തരത്തില്‍ ഒരു പ്രത്യേക പരിഗണന നല്‍കിയതെന്ന് വിശിദീകരിക്കാന്‍ ഗവണ്‍മെന്റും ഇതുവരെ തയ്യാറായിട്ടില്ല.

രാജ്യത്തെ 204 കല്‍ക്കരി ഖനികളുടെ നടത്തിപ്പ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് 2014-ല്‍ അധികാരത്തിലെത്തിയ മോദി ഗവണ്‍മെന്റ് കല്‍ക്കരി പാടങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. കോടതി ഇടപെടലുകള്‍ക്ക് മുന്‍പ് വരെ രാജ്യത്തെ ഒട്ടുമിക്ക കല്‍ക്കരി ഖനികളും സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള കമ്പനികളായിരുന്നു ലേലം വിളിച്ച് എടുത്തിരുന്നത്. എന്നാല്‍ പിന്നീട് അവര്‍ തന്നെ പുറത്ത് പോലും പറയാത്ത ഒരു തുകയ്ക്ക് കല്‍ക്കരി പാടങ്ങള്‍ നടത്തിപ്പിനായി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത് ഒരു പതിവ് പരിപാടിയായിരുന്നു. 2008 ജൂലൈയില്‍ അദാനിക്കും ഇത്തരത്തിലുള്ള കരാര്‍ ലഭിച്ചിരുന്നു.

ഒട്ടുമിക്ക കല്‍ക്കരി പാടങ്ങളുടെയും കൈമാറ്റങ്ങള്‍ക്ക് നിയമസഭയുടെ പോലും അനുമതിയില്ലയെന്ന് കണ്ടെത്തിയ കോടതി രാജ്യത്തെ എല്ലാ കല്‍ക്കരി പാടങ്ങളുമായി ബന്ധപ്പെട്ട ഖനന വ്യവസ്ഥകളും റദ്ദു ചെയ്യാനും കമ്പനികളുടെ കല്‍ക്കരി പാടങ്ങളിലെ എല്ലാവിധ പ്രവര്‍ത്തനങ്ങളും തടയാനും ഉത്തരവിറക്കി.

എന്നാല്‍ രാഷ്ട്രീയത്തില്‍ മോദി വളരുന്നതിന് സമാന്തരമായി വ്യവസായത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന അദാനിക്ക് മാത്രം കോടതി ഉത്തരവും സര്‍ക്കാരിന്റെ നയ തീരുമാനങ്ങളും ബാധകമായിരുന്നില്ല. മറ്റെല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കോടതി ഉത്തരവിന്റേയും സര്‍ക്കാര്‍ നയത്തിന്റേയും അടിസ്ഥാനത്തില്‍ ഖനനം അവസാനിപ്പിക്കേണ്ടി വന്നപ്പോഴും അദാനി ഗ്രൂപ്പ് കല്‍ക്കരി ഖനനം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇന്നുവരെ 80 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് അദാനി എന്റെര്‍പ്രസസ്സ് ലിമിറ്റഡ് നിയമങ്ങളെ കാറ്റില്‍ പറത്തി ഖനനം ചെയ്യ്‌തെടുത്തത്.

കഥ ഇതുവരെ
2014 നരേന്ദ്ര മോദിയുടെ നേത്യത്വത്തിലുള്ള തീവ്രവലതുപക്ഷ ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയത് തന്നെ അഴിമതിക്ക് എതിരായുള്ള പൊതുവികാരത്തില്‍ നിന്നുമാണ്. അതുവരെ 2004 മുതല്‍ 2014 വരെ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ്സ് നേത്യത്വം കൊടുത്തിരുന്ന യു.പി.എ സര്‍ക്കാര്‍ സമസ്ത മേഖലകളിലും അഴിമതി ആരോപണങ്ങള്‍ നേരിട്ടിരുന്നു. ടെലികോം കുംഭകോണവും കല്‍ക്കരി പാടങ്ങളുടെ ലേലവുമെല്ലാം ഇവയില്‍ ചിലതുമാത്രമായിരുന്നു. രാജ്യത്തെ കല്‍ക്കരി പാടങ്ങള്‍ ലേലത്തില്‍ വയ്ക്കുന്നതിലൂടെ വലിയ തോതില്‍ വരുമാനം ഉണ്ടാക്കുന്നതിന് പകരം അവ്യക്തമായ കരാറുകളിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി പാടങ്ങള്‍ തീറെഴുതി കൊടുക്കുന്ന നയമായിരുന്നു യു.പി.എ ഗവണ്‍മെന്റ് പിന്‍തുടര്‍ന്നിരുന്നത്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കണ്ടെത്തലിലെ കണക്ക് പ്രകാരം ഈ കാലയളവില്‍ കൃത്യമായ ലേലത്തിലൂടെ കല്‍ക്കരി പാടങ്ങള്‍ വിതരണം നടത്താതിരുന്നതിലൂടെ ഗവണ്‍മെന്റിന് 22 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നഷ്ടം ഉണ്ടായിട്ടുണ്ട്. 2014 ഇലക്ഷന്‍ കാമ്പയിനുകളില്‍ ഇടനീളം മോദി യു.പി.എ സര്‍ക്കാരിന്റെ കല്‍ക്കരി നയങ്ങള്‍ക്കെതിരെ രംഗത്തുവരുകയും ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്സ് കമ്മറ്റിയെ ഓള്‍ ഇന്ത്യ കോള്‍(കല്‍ക്കരിയുടെ ഇംഗ്ലീഷ്) കമ്മറ്റിയെന്ന് കളിയാക്കി 2012 സെപ്റ്റംബര്‍ 13 ട്വീറ്റ് ചെയ്യുകപോലുമുണ്ടായി. ഇലക്ഷന്‍ ജയിച്ചപ്പോള്‍ രാജ്യത്തെ കല്‍ക്കരി ഇടപാടുകളില്‍ സുതാര്യത വരുത്താന്‍ കല്‍ക്കരി പാടങ്ങളുടെ ലേലം വീണ്ടും നടത്താനും തീരുമാനിച്ചിരുന്നു.

കല്‍ക്കരി പാടങ്ങളില്‍ ലാഭകരമായി ഖനനം നടത്താന്‍ സ്വകാര്യ കമ്പിനികള്‍ക്ക് മത്സരാധിഷ്ഠിത ലേലം മറികടക്കാനുള്ള വഴികള്‍ പുതിയ ഭരണകൂടവും തുറന്ന് നല്‍കിയിരുന്നുവെന്ന് ഈ പരമ്പരയിലെ ഞങ്ങളുടെ ആദ്യ റിപ്പോര്‍ട്ട്  കണ്ടെത്തിരുന്നു.. ആര്‍.പി സഞ്ജീവ് ഗോയങ്ക (ആര്‍പി-എസ്ജി) ഗ്രൂപ്പിന് ലേലത്തിലെ മത്സരം ഒഴിവാക്കി ഖനനാനുമതി നേടാന്‍ സര്‍ക്കാര്‍ അനുവദിച്ചതിനെ കുറിച്ചായിരുന്നു ആ റിപ്പോര്‍ട്ട്. മറ്റൊരു മാര്‍ഗ്ഗത്തിലൂടെ അദാനിയെ സഹായിച്ചതിന്റെ വഴികളാണ് ഇതില്‍.

നിയമം മറികടക്കാനുള്ള വഴി
യുപിഎ ഭരണകാലത്ത് കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവായി ലഭ്യമാക്കാന്‍ അനുവദിച്ചിരുന്ന കരാറുകളെ മൈന്‍ ഡെവലപ്പര്‍ ആന്‍ഡ് ഓപ്പറേറ്റര്‍ കരാറുകള്‍ അല്ലെങ്കില്‍ എം.ഡി.ഒ കരാറുകള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അദാനി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം, ബിസിനസ് നടത്തിപ്പിന്റെ നിക്ഷേപവും പ്രവര്‍ത്തനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന ലാഭവിഹിതം ലഭിക്കുന്ന രീതിയലുള്ള കരാറുകളാണ് ലഭിച്ചിരുന്നത്.

കാലക്രമേണ അദാനി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരി കരാറുകാരായി മാറി. നിലവില്‍ 2,800 ദശലക്ഷം ടണ്‍ കല്‍ക്കരി കൈവശം വച്ചിരിക്കുന്ന ബ്ലോക്കുകള്‍ക്കായി ഒമ്പത് എം.ഡി.ഒ കരാറുകളുണ്ട് അദാനിയുടെ കമ്പനിക്ക്.

2014-ല്‍ തന്നെ അദാനി ഗ്രൂപ്പ് ഇത്തരം അഞ്ച് കരാറുകള്‍ തരപ്പെടുത്തിയിരുന്നു. ഇവയില്‍ രണ്ട് കരാറുകളില്‍ ബിജെപി ഭരിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ നേരിട്ട് നേടിയെടുത്തവയാണ്. ഒരെണ്ണം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുമായിട്ടാണ്. മറ്റ് രണ്ടെണ്ണം വിവിധ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ സംയുക്ത സംരംഭങ്ങളുടേതാണ്. ഈ രണ്ട് ഇടങ്ങളിലും സംയുക്ത സംരംഭ പങ്കാളി ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായിരുന്നു.

സുപ്രീം കോടതി ഇടപെടുന്നു
ഈ ഘട്ടത്തിലായിരുന്നു സുപ്രീം കോടതിയുടെ ഇടപെല്‍. ഒരു പൊതുതാത്പര്യ ഹര്‍ജിയെ തുടര്‍ന്നാണ് ഇന്ത്യയിലെ കല്‍ക്കരി പാടങ്ങളിലെ ഖനനം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയത്.

ഖനികള്‍ ‘വാണിജ്യ ഉപയോഗത്തിനായി സ്വകാര്യ കമ്പനികളുടെ കൈകളിലേക്ക്’ പോകാന്‍ അനുവദിക്കുന്ന രീതി നിയമവിരുദ്ധമായ ഒരു പിന്‍വാതില്‍ വഴി സ്ഥാപിച്ചുവെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. വിവാദകേന്ദ്രമായിരുന്ന 204 കല്‍ക്കരി ഖനികളുടെ പാട്ടം കോടതി വിധിയിലൂടെ റദ്ദാക്കി. നിലവിലുള്ള നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കാമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് അനുവദിക്കാന്‍ പാലില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിഗമനം. റദ്ദാക്കിയ 204 കല്‍ക്കരി പാട ഖനനാനുമതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് നല്‍കിയ 101 പാട്ടങ്ങളും ഉള്‍പ്പെടുന്നു. ഇവരില്‍ പലരും എംഡിഒ കരാര്‍ വഴി ഖനനം സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചവയായിരുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ കമ്പനികള്‍ക്കുള്ള യഥാര്‍ത്ഥ വിഹിതം കോടതി റദ്ദാക്കിയതോടെ, സ്വകാര്യ കമ്പനികളുമായുള്ള ഈ കമ്പനികളുടെ എംഡിഒ കരാറുകള്‍ സ്വയമേവ അസാധുവായി മാറുകയും ചെയ്യ്തു.

ഉത്തരവിലെ പഴുതുകള്‍
ഇതോടെ ആദ്യം മുതല്‍ കാര്യങ്ങള്‍ ആരംഭിക്കാനുള്ള അവസരമായിരുന്നു മോദി സര്‍ക്കാരിന് ലഭിച്ചത്. മുന്‍ കാലങ്ങളില്‍ നിസാര വിലയ്ക്ക് ആര്‍ക്കൊക്കെയാണ് ഈ കല്‍ക്കരി പാടങ്ങളില്‍ ഖനനാനുമതി ലഭിച്ചതെന്നോ ആരൊക്കെയായിരുന്നു അതിന്റെ ഗുണഭോക്താക്കളെന്നോ ആലോചിക്കാതെ 204 കല്‍ക്കരി പാടങ്ങളും പുതുതായി ലേലം ചെയ്യാനുള്ള അവസരം കോടതി കേന്ദ്രസര്‍ക്കാരിന് നല്‍കി. ‘കല്‍ക്കരി പാടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ വിനിയോഗത്തില്‍ സുതാര്യത കൊണ്ടുവരുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ 2015 ജനുവരിയില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ അന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞവാക്കുകളായിരുന്നു ഇത്. ‘വിശ്വാസ്യതയും ആത്മവിശ്വാസവും പുനസൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നിക്ഷേപങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനും അത് വളരെ പ്രധാനമാണ്.’-അദ്ദേഹം പറഞ്ഞു.

കേന്ദ്രം പുതിയ നിയമം കൊണ്ടുവരികയും നിലവിലുള്ള നിയമങ്ങള്‍ ദേഭഗതി ചെയ്ത് പുതിയ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. കല്‍ക്കരി പാടങ്ങള്‍ ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്നവര്‍ക്ക് മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് സര്‍ക്കാരിന് ഉറപ്പ് വരുത്താന്‍ കഴിയുന്ന തരത്തിലായിരുന്നു അത്.

എന്നാലതൊരു അര്‍ദ്ധസത്യം മാത്രമായിരുന്നു. നിയന്ത്രണ നിയമങ്ങളില്‍ വിവേചനാധികാരത്തിനുള്ള ഒരു വാതില്‍ സര്‍ക്കാര്‍ തുറന്നിട്ടിരുന്നു. ഏതെല്ലാം ലേലം ചെയ്യണം ഏതെല്ലാം സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കമെന്ന് സര്‍ക്കാരിന് തീരുമാനിക്കാന്‍ സാധിച്ചു. സുപ്രീം കോടതി നിയമവിരുദ്ധം എന്ന് ചൂണ്ടിക്കാണിച്ച അതേ കാര്യത്തിന് നിയമത്തിന്റെ പിന്തുണ നല്‍കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ഇതോടെ വിവേചനേച്ഛ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് വീണ്ടും ഖനനാനുമതി നല്‍കാന്‍ നിയമപ്രകാരം തന്നെ സാധിച്ചു. അതുമാത്രമല്ല, വിവാദ പരമായ എം.ഡി.ഒ കരാറുകള്‍ക്ക് തികച്ചും വ്യക്തമായ നിയമ പിന്തുണയും ആദ്യമായി മോദി
സര്‍ക്കാര്‍ നല്‍കി. സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ സ്പഷ്ടമാക്കുന്ന തരത്തിലുള്ള ഒരു കരാര്‍ മാതൃകയും തയ്യാറാക്കി. കരാര്‍ മാതൃകയുടെ നിര്‍ദ്ദേശമനുസരിച്ച് കരാറിന്റെ ഭാഗങ്ങളോ മുഴുവന്‍ കരാര്‍ തന്നെയോ പൊതുജന പരിശോധനയില്‍ നിന്ന് പൂര്‍ണ്ണമായും മറച്ച് വയ്ക്കാന്‍ സാധിക്കുമായിരുന്നു. അതിന്റെ അര്‍ത്ഥം സ്വകാര്യകമ്പിനികള്‍ക്ക് എത്ര തുകയ്ക്കാണ് ഖനനം അനുവദിച്ചതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജനങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യം ഉണ്ടാവില്ല എന്നതാണ്.

കേന്ദ്രസര്‍ക്കാരിന്റെ അടുത്ത നടപടി കൂടുതല്‍ സവിശേഷമായിരുന്നു. അത് അദാനി ഗ്രൂപ്പിനെ സഹായിക്കാന്‍ വേണ്ടി മാത്രമുള്ളതുമായിരുന്നു.

പുതുതായി ഖനനാനുമതി നല്‍കിയ കല്‍ക്കരി പാടങ്ങളില്‍, ഖനനകരാറുകള്‍ കോടതി റദ്ദാക്കുന്നത് മുന്‍പ് ആര്‍ക്കാണോ ഖനനം ചെയ്യാനുള്ള അനുമതി ഉണ്ടായിരുന്നത്, അവര്‍ക്ക് തുടര്‍ന്നും ഖനനം ചെയ്യന്നത്, എം.ഡി.ഒ കരാര്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കുന്ന ഒരു നിയമം കൂടി കേന്ദ്രസര്‍ക്കാര്‍ ഇതിനൊപ്പം തിരുകി കേറ്റി. അതോടെ കല്‍ക്കരി ഖനനം ചെയ്യാന്‍ പുതിയ സ്വകാര്യ കമ്പിനികളെ ക്ഷണിക്കുന്ന ലേല നടപടികളുടെ ആവശ്യം പോലും സര്‍ക്കാരുകള്‍ക്ക് വേണ്ടിവന്നില്ല. സുപ്രീം കോടതി അസാധുവാക്കിയ എം.ഡി.ഒ കരാറുകള്‍ വീണ്ടും സാധുവായി മാറി.

അദാനിയെ പുനഃസ്ഥാപിക്കല്‍
ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരിന് അദാനി ഗ്രൂപ്പ് കമ്പനികളെ രണ്ട് ഖനികളുടെ എം.ഡി.ഒ ആയി പുനഃസ്ഥാപിക്കാന്‍ ഈ അസാധാരണ വ്യവസ്ഥ പ്രയോജനപ്പെട്ടു. വാസ്തവത്തില്‍, അവയിലൊന്ന് രാജ്യത്ത് ഒപ്പുവെച്ച ആദ്യത്തെ കല്‍ക്കരി എംഡിഒ കരാറായിരുന്നു.

2007-ല്‍, 450 ദശലക്ഷം ടണ്‍ കല്‍ക്കരിയുള്ള കല്‍ക്കരി ഖനിയായ പാര്‍സ ഈസ്റ്റ് കെന്റെ ബസന്‍, രാജസ്ഥാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതി കമ്പനിയായ രാജസ്ഥാന്‍ രാജ്യ വിദ്യുത് ഉത്പാദന്‍ നിഗം ലിമിറ്റഡിന് (RRVUNL) അനുവദിച്ചിരുന്നു. ബ്ലോക്ക് അനുവദിക്കുന്നതിന് ഒരു വര്‍ഷത്തിലേറെ മുമ്പ്, രാജസ്ഥാന്‍ പൊതുമേഖലാ കമ്പനി അദാനി ഗ്രൂപ്പിനെ അതിന്റെ സംയുക്ത സംരംഭമായ പാര്‍സ കെന്റെ കോളറീസ് ലിമിറ്റഡിന്റെ പങ്കാളിയായി തിരഞ്ഞെടുത്തിരുന്നു. സംയുക്ത സംരംഭത്തിന്റെ 74 ശതമാനം ഓഹരികള്‍ അദാനിക്ക് സ്വന്തമായപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് 26 ശതമാനം ഓഹരികള്‍ ഉണ്ടായിരുന്നു. 2008 ജൂലൈയില്‍, ഈ സംയുക്ത സംരംഭം ഛത്തീസ്ഗഡിലെ ഹസ്ഡിയോ അരന്റ് വനങ്ങളിലെ പാര്‍സ ഈസ്റ്റ് കെന്റെ ബസാന്‍ കല്‍ക്കരി ഖനിക്ക് വേണ്ടി ഒരു എം.ഡി.ഒ കരാറില്‍ ഒപ്പുവച്ചു. എംഡിഒ കരാര്‍ ഒപ്പുവെക്കുമ്പോള്‍ ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണമായിരുന്നു. രാജസ്ഥാനില്‍ വസുന്ധര രാജെയായിരുന്നു മുഖ്യമന്ത്രി. ഛത്തീസ്ഗഡില്‍ രമണ്‍ സിങ്ങും. 2013 ആയപ്പോഴേക്കും ഖനിയില്‍ കല്‍ക്കരി ഉല്‍പ്പാദനം ആരംഭിച്ചിരുന്നു. ഒരു വര്‍ഷത്തിനുശേഷം, 2014-ല്‍, രാജ്യവ്യാപകമായി 203 ബ്ലോക്കുകള്‍ക്കൊപ്പം രാജസ്ഥാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഖനനാവകാശവും സുപ്രീംകോടതി റദ്ദാക്കി.

2015 മാര്‍ച്ച് 26 ന്, രാജസ്ഥാന്‍ രാജ്യ വിദ്യുത് ഉത്പാദന്‍ നിഗം ലിമിറ്റഡിന് അതിന്റെ രണ്ട് താപവൈദ്യുത നിലയങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നതിനായി ബ്ലോക്ക് വീണ്ടും അനുവദിച്ചു. പഴയ എം.ഡി.ഒ കരാറുകള്‍ പുനഃസ്ഥാപിക്കാന്‍ അനുവദിക്കുന്ന പുതിയ കല്‍ക്കരി നിയമത്തിലെ വ്യവസ്ഥ പ്രകാരം, രാജസ്ഥാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനം അദാനിയുടെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭവുമായി കല്‍ക്കരി കുംഭകോണ കാലത്തെ കരാര്‍ തുടര്‍ന്നു. അദാനി എന്റര്‍പ്രൈസസിന്റെ 2015ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍, കല്‍ക്കരി ബ്ലോക്കിന്റെ വികസനത്തിനും പ്രവര്‍ത്തനത്തിനുമായി PKCL-മായി നിലവിലുള്ള കരാര്‍ വീണ്ടും അനുവദിക്കുന്നതിന് അനുസരിച്ച് തുടരാന്‍ RRVUNL തീരുമാനിച്ചതായി പരാമര്‍ശമുണ്ട്.

2020 ലെ പരിശോധന
സര്‍ക്കാരിന്റെ വിദഗ്ദ്ധ സമിതിയായ നീതി ആയോഗ് ഖനികളേയും ധാതുവിഭവങ്ങളേയും കല്‍ക്കരി മേഖലയേയും സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് കാബിനറ്റ് സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ തീയതിയും ഉള്ളടക്കവും പൊതുസമൂഹത്തിന് ലഭ്യമാക്കിയിട്ടില്ല. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് പോലും ഇതിനെ ഒഴിവാക്കി. എന്നാല്‍ റിപ്പോര്‍ട്ടേഴസ് കളക്ടീവിന് ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങള്‍ നടത്തിയ മറ്റ് ആശയവിനിമയങ്ങള്‍ ലഭ്യമായിട്ടുണ്ട്.

എം.ഡി.ഒ കരാറുകള്‍ സംബന്ധിച്ച തീഷ്ണമായ പുനപരിശോധനയ്ക്ക് കാബിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ ഓഫീസും തയ്യാറാകുന്നത് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.

എന്നാല്‍ സര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങള്‍ നടത്തിയ ഈ റിപ്പോര്‍ട്ടിനെ ചുറ്റിപ്പറ്റിയുള്ള മറ്റ് കത്തിടപാടുകളിലേക്ക് ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന് രോഖകള്‍ ലഭിച്ചു. കാബിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ ഓഫീസും ചേര്‍ന്ന് എംഡിഒയുടെ മുഴുവന്‍ കരാര്‍ ബിസിനസ്സിന്റെയും ആഴത്തില്‍ പഠനം നടത്തുകയും റിപ്പോട്ട് തയ്യറാക്കുകയും ചെയ്യ്തു. 2020 മാര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ ഓഫീസും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും എം.ഡി.ഒ മോഡല്‍ എത്രമാത്രം പിഴവുള്ളതാണെന്ന് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് വിവരാവകാശ അപേക്ഷകള്‍ ഉപയോഗിച്ച് അല്‍ ജസീറയ്ക്കായി ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവും കണ്ടെത്തിയ രേഖകള്‍ തെളിയിക്കുന്നു.

‘എം.ഡി.ഒ നിയമനത്തിന്റെ സമ്പ്രദായത്തിന്” ”സ്ഥിരതയും സുതാര്യതയും” ഇല്ല, അതിനാല്‍ അത് ”പൊതു ഇടങ്ങളില്‍ ചോദ്യം ചെയ്യപ്പെടുന്നത് തുടരും,’ നീതി ആയോഗ് സിഇഒയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫിസിലെ ഇപ്പോഴത്തെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ ഡെപ്യൂട്ടി സെക്രട്ടറിയുമായ ഡോ.ഹര്‍ദിക് ഷാ 2020 മാര്‍ച്ച് നാലിന് എഴുതി. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ ഹാര്‍ദിക് ഷാ നിലവില്‍ പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ അഞ്ച് ഉയര്‍ന്ന ഓഫീസര്‍മാരില്‍ ഒരാളാണ്.

ഹാര്‍ദിക് ഷാ ഇതേ കത്തില്‍ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ കാബിനറ്റ് സെക്രട്ടറിയെ ഉദ്ധരിക്കുന്നു- ‘കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുന്നതിന് മുമ്പ് തന്നെ എംഡിഒകള്‍ പ്രാബല്യത്തില്‍ വരുത്തിയത് തികച്ചും അനുചിതവും ഭാവിയില്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാകുന്നു.”.

ചുരുക്കത്തില്‍ സുപ്രീംകോടതി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച കരാറുകള്‍ തുടര്‍ന്നതിനെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാണിച്ചിരുന്നത്. അത് നടപടി അവസാനിപ്പിക്കണമെന്നായിരുന്നു അവരുടെ താത്പര്യം.

നീതി ആയോഗും കല്‍ക്കരി, ധനം, ഖനി, ഉരുക്ക് മന്ത്രാലയങ്ങളും പിഎംഒയുമായി ധാരണയിലെത്തുകയും ഭാവിയില്‍ ഇത്തരം കരാറുകള്‍ അനുവദിക്കില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

ഈ മന്ത്രായലങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ രണ്ട് വട്ടം- 2020 ആഗസ്ത് 25നും 2020 ഒക്ടോബര്‍ ഏഴിനും- പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത് പ്രകാരമുള്ള ശുപാര്‍ശകളുമായി രംഗത്തെത്തി.

പുതിയ കല്‍ക്കരി നിയമത്തിന്റെ ‘സെക്ഷന്‍ 11 അനുസരിച്ചാണ് കല്‍ക്കരി പാടങ്ങള്‍ അനുവദിക്കുന്നതിന് മുമ്പ് എം.ഡി.ഒകള്‍ പ്രാബല്യത്തില്‍ വരുത്തിയത്’ എന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു. കല്‍ക്കരി അഴിമതിക്കാലത്തെ എം.ഡി.ഒ കരാറുകള്‍ പുനസ്ഥാപിക്കാന്‍ കമ്പിനികളെ അനുവദിക്കുന്ന വകുപ്പായിരുന്നു അവര്‍ സൂചിപ്പിച്ചത്. എന്നാല്‍ കല്‍ക്കരി അഴിമതികാലത്തെ ഒരു എം.ഡി.ഒ കരാര്‍ മാത്രമാണ് ഇപ്പോഴും തുടരുന്നതെന്നും ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു. പര്‍സ ഈസ്റ്റ് കെന്റെ ബേസന്‍ കല്‍ക്കരി പാടം ഖനനം ചെയ്യുന്നതിന് രാജസ്ഥാന്‍ വൈദ്യുതോത്പാദന കമ്പിനിയുമായി അദാനി ഗ്രൂപ്പ് ഒപ്പിട്ട കരാര്‍.

 

അതേസമയം 2015-ല്‍ മോദി സര്‍ക്കാര്‍ കല്‍ക്കരി നിയമത്തില്‍ ശുപാര്‍ശ ചെയ്തതും അദാനിക്ക് സഹായകരവുമായ വകുപ്പ് മാറ്റേണ്ടതില്ല എന്നായിരുന്നു ഉദ്യോസ്ഥരുടെ ശുപാര്‍ശ. പകരം സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിനുള്ള കമ്പിനികള്‍ ഭാവിയില്‍ ഖനാനാനുമതി പുതുക്കി നല്‍കുമ്പോള്‍ പഴയ എം.ഡി.ഒകള്‍ പുതുക്കേണ്ടതില്ല എന്ന് വകുപ്പ് ചേര്‍ക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ കല്‍ക്കരി കുംഭകോണ കാലത്ത് അദാനിക്ക് ലഭിച്ച എം.ഡി..എ കരാറുകള്‍ക്ക് യാതൊരു ഇളക്കവും തട്ടില്ല എന്ന് ഉറപ്പ് വരുത്തി.

പഴയ എം.ഡി.ഒ കരാറുകള്‍ പുനസ്ഥാപിക്കുന്ന വകുപ്പ് ഭേദഗതി ചെയ്യാന്‍ നിര്‍ദ്ദേശിക്കാത്തതിന് യാതൊരു കാരണവും അവര്‍ ചൂണ്ടിക്കാണിക്കുന്നുമില്ല.

അതിനിടെ ‘സുതാര്യതയുടെ കുറവ്’ എന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ആകുലതയെ ചില മിനുക്ക് പണികളിലൂടെ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ വഴി കണ്ടെത്തി. 2017-ലെ കല്‍ക്കരി പാട അനുമതി നിയമങ്ങളില്‍ ‘പുതിയ എം.ഡി.ഒകളുടെ തിരഞ്ഞെടുപ്പ് മത്സരാധിഷ്ഠിത ലേല പ്രക്രിയയിലൂടെ ആയിരിക്കും’ എന്ന വാചകത്തില്‍ ‘മത്സരാധിഷ്ഠിത ലേല പ്രക്രിയ’ എന്നതിന് മുന്നോടിയായി ‘സുതാര്യമായ’ എന്ന വാക്ക് കൂടി കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു.

അദാനിയുടെ പാത സുഗമമായി തന്നെ തുടര്‍ന്നു.

എന്നാല്‍ തങ്ങള്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ കരാറുകളും സുതാര്യമായ ലേല പ്രക്രിയയിലൂടെ നേടിയെടുത്തതാണെന്നാണ് അല്‍ ജസീറയും റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് ചോദിച്ച ചോദ്യാവലിക്ക് മറുപടിയായി അദാനി ഗ്രൂപ്പിന്റെ വക്താവ് പ്രതികരിച്ചത്. കല്‍ക്കരി
മന്ത്രാലയമോ പ്രാധാനമന്ത്രിയുടെ ഓഫീസോ, നീതി ആയോഗ് മന്ത്രാലയമോ ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഒരുതരത്തിലും തയ്യാറായതുമില്ല.

മറ്റൊരു സഹായം
പ്രത്യേക വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഏതെല്ലാം കമ്പിനികള്‍ക്കാണ് കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടേഴസ് കളക്ടീവ് വിവരാവകാശ നിയമപ്രകാരം കല്‍ക്കരി മന്ത്രായലത്തോട് അന്വേഷിച്ചിരുന്നു. രാജസ്ഥാനില്‍ അദാനിക്ക് കൈമാറിയതായ പാര്‍സ കല്‍ക്കരി പാടം മന്ത്രാലയം നല്‍കിയ പട്ടികയില്‍ ഇല്ലായിരുന്നു. അതില്ലാതിരിക്കാന്‍ കാരണമുണ്ട്. ഈ ബ്ലോക്ക് അദാനിക്ക് അനുവദിക്കാന്‍ രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാര്‍ മറ്റൊരു സാങ്കേതിക ന്യായം കണ്ടെത്തിരുന്നു.

പാര്‍സ ഈസ്റ്റിനും കെന്റെ ബേസനും സമീപുള്ള പാര്‍സ കല്‍ക്കരി പാടശേഖരത്തില്‍ 2000 ലക്ഷം ടണ്ണിന് മേല്‍ ഖനനം ചെയ്യാവുന്ന കല്‍ക്കരി ഉണ്ടെന്നാണ് കണക്ക്. ഇത് 2006 ആഗസ്ത് രണ്ടിന് ഛത്തീസ്ഗഢ് സ്റ്റേ് പവര്‍ ജെനറേഷന്‍ കമ്പിനി ലിമിഡനാണ് ആദ്യം അനുവദിച്ചിരുന്നത്. അക്കാലത്ത് ഛത്തീസ്ഗഢ് ഭരിച്ചിരുന്നത് ബി.ജെ.പിയായിരുന്നു. 2010 ഈ സംസ്ഥാന സര്‍ക്കാര്‍ കമ്പിനി അദാനിയുമായി ചേര്‍ന്ന് ഒരു സംയുക്ത സംരംഭത്തിന് രൂപം നല്‍കി. ഈ സംയുക്ത സംരംഭത്തിന് പാര്‍സ ബ്ലോക്ക് ഖനനം ചെയ്യാനുള്ള എം.ഡി.ഒയും നല്‍കി. 2014-ല്‍ സുപ്രീം കോടതി പാര്‍സ ബ്ലോക്കിന്റെ അനുമതിയും മറ്റ് 203 ഖനാനുമതികള്‍ക്കൊപ്പം റദ്ദാക്കിരുന്നു. ഒരു വര്‍ഷത്തിന് ശേഷം പാര്‍സ കല്‍ക്കരി ശേഖരം ഖനനത്തിന് ഒരുങ്ങി. ഈ കല്‍ക്കരി പാടത്ത് ഖനനം നടത്തണമെന്ന അപേക്ഷ നല്‍കാന്‍ രാജസ്ഥാന്‍ വൈദ്യുത വിതരണ കമ്പിനിയോട് അദാനി എന്റര്‍പ്രൈസസ് ശുപാര്‍ശ ചെയ്തു.

അവരുടെ എം.ഡി.ഒ കരാര്‍ പ്രകാരം രാജസ്ഥാനിലെ ‘വിവിധ താപവൈദ്യുതി പ്ലാന്റുകളിലെ കല്‍ക്കരി ആവശ്യം’ പരിഗണിച്ച് ‘ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍’ പാര്‍സ കല്‍ക്കരി പാടം ഖനനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പിനി ശുപാര്‍ശ ചെയ്തതാണ് എന്ന് വിശദമായി പറയുന്നുണ്ട്.

2015 മാര്‍ച്ചില്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റ ഉടമസ്ഥതയിലുള്ള കമ്പിനിക്ക് ഖനനാനുമതി ലഭിച്ചു. ഈ സമയത്തും ബി.ജെ.പിയായിരുന്നു രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം. പുതിയ ലേലമൊന്നും നടത്താതെ തന്നെ -പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശുപാര്‍ശയ്ക്ക് തന്നെ എതിരായി കൊണ്ട് -അദാനി നയിക്കുന്ന സംയുക്ത സംരംഭത്തെ ഈ പാടശേഖരത്തിന്റെ എം.ഡി.ഒ ആയി തീരുമാനിച്ചു. അഥവാ ഒരു സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പിനിയില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പിനിയിലേയ്ക്ക് കല്‍ക്കരി പാടത്തിന്റെ ഖനനാനുമതി മാറിയെങ്കിലും എം.ഡി.ഒ
ആയി അദാനി തന്നെ തുടര്‍ന്നു.

അനന്തരഫലം
2021 മാര്‍ച്ച് വരെ, അദാനിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ ഈ വ്യവസ്ഥയുടെ ഏക ഗുണഭോക്താവായി അദാനി തുടര്‍ന്നു. ശരിയല്ലയെന്ന് അറിഞ്ഞിട്ടും മോദി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ അത് അനുവദിച്ചു കൊടുക്കുന്നു.

2020 ഒക്ടോബറില്‍ മോദി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ അദാനിക്ക് അനുവദിച്ചിട്ടുള്ളതൊഴിച്ച് മറ്റ് പഴയ എംഡിഒ കരാറുകളൊന്നും പുനരുജ്ജീവിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും, അഞ്ച് മാസത്തിന് ശേഷം ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനം ആ തീരുമാനം അട്ടിമറിച്ചു. 2021 മാര്‍ച്ചില്‍, കൊല്‍ക്കത്ത ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനമായ ഇഎംടിഎയ്ക്ക് അനുകൂലമായി കര്‍ണാടക സര്‍ക്കാര്‍ അതിന്റെ വൈദ്യുതി ഉല്‍പാദന കമ്പനിയായ കര്‍ണാടക പവര്‍ കോര്‍പ്പറേഷന് അനുവദിച്ച ഖനിക്കുള്ള ‘കല്‍ക്കരി കുംഭകോണ കാല’ എം.ഡി.ഒ കരാര്‍ പുനസ്ഥാപിച്ചു.

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് കൈ കഴുകുകയും സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനുള്ള അനുമതി നല്‍കുകയും ചെയ്തു. രാജ്യത്തെ എംഡിഒ ഇടപാടുകളുടെ ആഭ്യന്തര അവലോകനം നടന്നുകൊണ്ടിരിക്കെ തന്നെയായിരുന്നു ഇത്. ‘മുന്‍കൂര്‍ കരാറുകള്‍ നവീകരിക്കുന്നതില്‍ കല്‍ക്കരി മന്ത്രാലയത്തിന് ഒരു പങ്കുമില്ല… ഇത് സംസ്ഥാന സര്‍ക്കാര്‍ / കെപിസിഎല്‍ എടുക്കേണ്ട ഏക തീരുമാനമാണ്’ -ഇ.എം.റ്റി.എയുമായുള്ള എം.ഡി.ഒ പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനമെടുക്കുന്നത് എട്ടുമാസം മുന്നേ തന്നെ, 2020 ജൂലായില്‍, കല്‍ക്കരി മന്ത്രാലയം 2020 ജൂണില്‍ കര്‍ണാടക സര്‍ക്കാരിന് കത്തെഴുതി.

(ശ്രീഗിരീഷ് ജലിഹലും, കുമാര്‍ സംഭവും റിപ്പോര്‍ട്ടേഴ്സ് കളക്ട്ടീവ് അംഗങ്ങളാണ്. അല്‍ ജസീറ ഇംഗ്ലീഷിലാണ് ഈ റിപ്പോര്‍ട്ടിന്റെ രണ്ട് ഭാഗങ്ങളും –ഭാഗം 1, ഭാഗം 2– ആദ്യം പ്രസിദ്ധീകരിച്ചത്)

Related news


Share on

മറ്റുവാര്‍ത്തകള്‍