UPDATES

ഷൈമ പി

കാഴ്ചപ്പാട്

ഷൈമ പി

ഒതുങ്ങാത്ത പെണ്ണ്; മുന്നറിയിപ്പിന്റെ ആണ്‍ രാഷ്ട്രീയം

ദൃശ്യം മുതല്‍ ഒരു പുതിയ തരംഗമായിത്തീര്‍ന്ന കുറ്റാന്വേഷണ സിനിമകളിലെ ഒരു പ്രധാന ചേരുവ ഇത്തരം പെണ്ണത്തങ്ങളുടെ കൊലപാതകം തന്നെ

                       

പുരുഷന്റെ ജീവചരിത്രം എഴുതാന്‍ മുന്നിട്ടിറങ്ങുന്ന പെണ്ണിനുള്ള മുന്നറിയിപ്പാണ് അതേ പേരില്‍ ഇറങ്ങിയ, ഉണ്ണി ആര്‍. തിരക്കഥയും വേണു സംവിധാനവും നിര്‍വഹിച്ച സിനിമ. ജീവചരിത്രപരമായ ഏറെ സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞ് (രവിവര്‍മയെ കുറിച്ച്- 2011), പി. കുഞ്ഞിരാമന്‍ നായരെ കുറിച്ച് പി. ബാലചന്ദ്രന്റെ ഇവന്‍ മേഘരൂപന്‍- 2012, നാരായണ ഗുരുവിനെ കുറിച്ച് പി.എ ബക്കര്‍ 1985-ലും ആര്‍. സുകുമാരന്‍ 2010-ലും എടുത്ത സിനിമകള്‍, എം.എ റഹ്മാന്റെ ബഷീറിനെ കുറിച്ചുള്ള ഡോക്യുമെന്ററി ബഷീര്‍ ദി മാന്‍ – 1987, കണ്ണന്‍ പെരുവണ്ണാന്‍ എന്ന തെയ്യം കലാകാരനെ കുറിച്ച് ദേവനര്‍ത്തകന്‍ എന്ന സുധീഷ് ഗോപാലകൃഷ്ണന്റെ ഡോക്യുമെന്ററി തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. പുരുഷന്മാര്‍ പുരുഷന്മാരെ കുറിച്ച് എഴുതുകയും ദൃശ്യവത്ക്കരിക്കുകയും ചെയ്യുന്നു. (ജീവ) ചരിത്രമുണ്ടാക്കുക എന്ന പുരുഷന്റെ മേഖലയില്‍ പെണ്ണ് കടന്നുവന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്താണ് മുന്നറിയിപ്പ്.

നാഷണല്‍ അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ബയോഗ്രഫിക്കല്‍ ഫിലിമിന്റെ സൈറ്റ് നോക്കിയാല്‍ അവയില്‍ ഒന്നൊഴികെ ബാക്കിയെല്ലാം പുരുഷന്മാര്‍ പുരുഷന്മാരെ കുറിച്ച് നിര്‍മിച്ച ജീവചരിത്രങ്ങളാണെന്ന് കാണാം. പെണ്ണുങ്ങളെ കുറിച്ചുള്ള ജീവചരിത്രങ്ങള്‍ ഇല്ല എന്ന് ഇവിടെ അര്‍ഥമാക്കുന്നില്ല. അവ നിര്‍മിക്കുന്നതും പുരുഷന്മാര്‍ തന്നെയാണ് എന്ന് മാത്രം. മലയാള സിനിമ ഒരര്‍ഥത്തില്‍ പെണ്ണുങ്ങളെ കുറിച്ചും ആണുങ്ങളെ കുറിച്ചും ആണുങ്ങള്‍ നിര്‍മിക്കുന്ന ദൃശ്യചരിത്രമായി കാണാവുന്നതാണ്.

ഐ. ഗോപിനാഥ്, ഭാസ്‌കരന്‍ മുതലയാവര്‍ സാഹിത്യ മേഖലയില്‍ നളിനി ജമീല, സി.കെ ജാനു തുടങ്ങിയവരുടെ ആത്മകഥാ രചന ഏറ്റെടുക്കുമ്പോള്‍ സിനിമയില്‍ അതിന്റെ തുടര്‍ച്ചകള്‍ തന്നെയാണ് കാണുന്നത്. അഞ്ജലി മേനോന്‍, ശാലിനി നായര്‍, രേവതി വര്‍മ തുടങ്ങി വിരലിലെണ്ണാവുന്ന പെണ്‍ സംവിധായകര്‍ മാത്രമാണ് മലയാള സിനിമയ്ക്ക് അവകാശപ്പെടാവുന്നത് എന്നിരിക്കെ, പെണ്ണിടങ്ങളേയും പെണ്‍ മുന്നേറ്റങ്ങളും പുരുഷ സിനിമാ നിര്‍മാതാക്കള്‍ നിര്‍മിക്കുന്നതെങ്ങനെയെന്ന് നോക്കേണ്ടതുണ്ട്.

പുരുഷനെ കുറിച്ചുള്ള ജീവചരിത്രങ്ങള്‍ അവരുടെ ദേശ/പ്രദേശ/രാഷ്ട്രീയ ഇടപെടലുകള്‍ പ്രമേയമാകുമ്പോള്‍ പെണ്ണുങ്ങളെ കുറിച്ചുള്ളവ അവളുടെ ‘അപഥ’ സഞ്ചാരങ്ങളെ കുറിച്ചും അവ എങ്ങനെ അവളെ ഇല്ലായ്മ ചെയ്യുന്നു എന്നും മാത്രം ശ്രദ്ധിക്കുന്നു. മുന്നറിയിപ്പിനെ ആസ്പദമാക്കി ഇത് വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ.

ആണ്‍ നിര്‍മിത ജീവചരിത്രങ്ങളിലെ പെണ്ണ്

കാളിയമ്മ ആത്മകഥ എഴുതിയിട്ടില്ല, കാളിയമ്മയുടെ ജീവചരിത്രവുമില്ല. ചരിത്രത്തിന്റെ ഭാഗമാകാന്‍ വേണ്ടുന്ന പ്രവര്‍ത്തികളൊന്നും തന്നെ കാളിയമ്മ ചെയ്തിട്ടുമില്ല. എന്നിട്ടും ഈ സ്ത്രീയുടെ ജീവിതത്തെ കുറിച്ച് അന്വേഷിക്കാന്‍ ഈയുള്ളവനെ പ്രേരിപ്പിച്ച സംഗതികള്‍ ആമുഖമായി പറയാം (കാളിനാടകം 2006, 17).

നാരായണ ഗുരുവിന്റെ ഭാര്യയായ കാളിയമ്മയ്ക്ക് ചരിത്രമുണ്ടാക്കിക്കൊടുക്കാന്‍ ഉണ്ടായ പ്രേരണയും സാഹചര്യവും വിശദീകരിക്കുകയാണ് ഉണ്ണി ആര്‍ തന്റെ കാളിനാടകം എന്ന കഥയില്‍. വിഷബാധയില്‍ നിന്നും തന്നെ രക്ഷിച്ചെടുത്ത അന്ധനായ കൊമ്മനാശാനെ വൈദ്യം പഠിപ്പിച്ച കാളിയമ്മയെ കുറിച്ച് അറിയാന്‍ ചിറയിന്‍കീഴില്‍ പോകുന്ന ഈഴവനായ ആഖ്യാതാവ്, അവര്‍ നാരായണ ഗുരുവിന്റെ ഭാര്യയായിരുന്നുവെന്ന് അറിയുന്നു. ചരിത്രമില്ലാത്ത ആ സത്രീക്ക് ചരിത്രത്തില്‍ ഇടം ഉണ്ടാക്കിക്കൊടുക്കുക എന്ന പുരോഗമന പുരുഷന്റെ ഉത്തരവാദിത്തം ഉണ്ണി ആറിന്റെ ഈഴവ ആഖ്യാതാവിന് ഓര്‍മ വരികയും കാളിനാടം എന്ന ജീവചരിത്രപരമായ കഥ ഉണ്ടാവുകയുമാണ്.

ആത്മകഥ എഴുതിയിട്ടില്ലാത്ത, ജീവചരിത്രമില്ലാത്ത, ചരിത്രത്തിന്റെ ഭാഗമാകാന്‍ വേണ്ടുന്ന പ്രവര്‍ത്തികളൊന്നും ചെയ്തിട്ടില്ലാത്ത (രണ്ടു പെണ്ണുങ്ങളുടെ കൊലപാതകം ഒഴികെ!!!) രാഘവന്‍ എന്ന ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവന്റെ ജീവചരിത്രം എഴുതാന്‍ ഒരുമ്പെടുന്ന അപര്‍ണ എന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകയ്ക്കു പക്ഷേ ഇത്തരം ഉത്തരവാദിത്തങ്ങളൊന്നും പറഞ്ഞിട്ടുള്ളതല്ല. അമ്മ തനിക്കു വേണ്ടി കണ്ടെത്തിയ പുരുഷനെ വിവാഹം ചെയ്ത്, ഇത്തരം അനാവശ്യമായ കാര്യങ്ങളില്‍ തലയിടാതെ, വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കാമായിരുന്നു. അതല്ലെങ്കില്‍ സീനിയര്‍ ജേര്‍ണലിസ്റ്റിന്റെ ഉപദേശം കേട്ട് അയാള്‍ക്ക് പരിചയവും താത്പര്യവുമുള്ള ജയില്‍ സൂപ്രണ്ടിന്റെ ജീവചരിത്രം അയാള്‍ പറയുന്നതുപോലെ എഴുതാമായിരുന്നു. ഇതൊന്നും ചെയ്യാതെ, തന്നിഷ്ടപ്രകാരം കെ.കെ എന്ന സീനിയര്‍ പത്രപ്രവര്‍ത്തകന്‍, രാമമൂര്‍ത്തി എന്ന ജയില്‍ സൂപ്രണ്ട് പോലുള്ള പുരുഷന്മാരുടെ അനുവാദം ചോദിക്കാതെ, നിയമത്തിന്റെ കണ്ണില്‍ കുറ്റവാളിയായ രാഘവനെ കുറിച്ച് ജീവചരിത്രമെഴുതാന്‍ സ്വയം ഉത്തരവാദിത്തവും അതിനു വേണ്ടുന്ന റിസ്‌കും ഏറ്റെടുക്കുന്ന പെണ്ണിന് മരണത്തില്‍ കുറഞ്ഞൊരു ശിക്ഷയും ഇല്ലെന്നു മുന്നറിയിപ്പ് വ്യക്തമാക്കുന്നു. അവിവാഹിതകളായ, റിസ്‌ക് എടുക്കാന്‍ ധൈര്യമുള്ള പെണ്ണുങ്ങളുടെ ആണ്‍ നിര്‍മിത ജീവചരിത്രമായി തീരുകയാണ് അങ്ങനെ മുന്നറിയിപ്പ്. പെണ്‍ ഉയര്‍ച്ചകളെയും ഉണര്‍ച്ചകളെയും തങ്ങളുടെ അധികാരത്തിനു ഭീഷണി ഉണ്ടാക്കുന്ന ഒന്നായി മാത്രം കാണാന്‍ പറ്റുന്നവര്‍ അവരെ നിലയ്ക്കു നിര്‍ത്താനുള്ള ഉപാധിയായി തീരുന്നു പുരുഷന്മാര്‍ക്ക് സ്ത്രീകളെ കുറിച്ചുള്ള ജീവചരിത്രങ്ങള്‍.

മലയാള സിനിമയില്‍ പെണ്ണുങ്ങളെ കുറിച്ചുള്ള ജീവചരിത്രങ്ങള്‍ നോക്കിയാല്‍ ഇത് വ്യക്തമാകും. വിവാഹം, കുടുംബം എന്നീ ചട്ടക്കൂടുകളില്‍ ഒതുങ്ങാത്ത പെണ്ണുങ്ങളുടെ ജീവിതമാണ് ഇത്തരം ജീവചരിത്ര സിനിമകള്‍ പ്രമേയമാക്കുന്നതില്‍ കുടുതലും. അങ്ങനെ ജീവിതത്തില്‍ ഒതുക്കം കാണിക്കാത്ത അവരെ സിനിമാ ഫ്രേമുകള്‍ക്കിടയില്‍ ഒതുക്കിയെടുക്കുന്നു. ലേഘയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് (കെ.ജി ജോര്‍ജ്- 1983), തിരക്കഥ (രഞ്ജിത്- 2008), നായിക (ജയരാജ്- 2011) മുതലായ സിനിമകളൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

ദൃശ്യം മുതല്‍ ഒരു പുതിയ തരംഗമായിത്തീര്‍ന്ന കുറ്റാന്വേഷണ സിനിമകളിലെ ഒരു പ്രധാന ചേരുവ ഇത്തരം പെണ്ണത്തങ്ങളുടെ കൊലപാതകം തന്നെ. അധീശ ആണത്ത പ്രകടനങ്ങളുടെ ഇടമായ കുറ്റാന്വേഷണ സിനിമകളില്‍ പെണ്ണ് രു കാഴ്ചവസ്തു (അല്ലെങ്കില്‍ അന്വേഷിക്കപ്പെടേണ്ട ശവം) മാത്രമാണ്. ആണുങ്ങളുടെ ബുദ്ധി/ശക്തി പ്രകടനങ്ങളില്‍ അരികുകളിലേക്ക് തള്ളപ്പെടുന്നവരായിത്തീരുന്നു അതിലെ പെണ്ണുങ്ങള്‍ – തൊഴില്‍പരമായി അവര്‍ എത്ര വലിയ സ്ഥാനത്താണെങ്കിലും. ഈ സിനിമകളില്‍ പെണ്ണുങ്ങള്‍ വരുന്നത് പുരുഷന്മാരുടെ മുന്നില്‍ അവര്‍ ഒന്നുമല്ലെന്ന് തെളിയിക്കപ്പെടാന്‍ മാത്രം. ദൃശ്യത്തിലെ (ജീത്തു ജോസഫ്- 2013) ഐ.ജി ഗീതാ പ്രഭാകര്‍ സാധാരണക്കാരനായ ജോര്‍ജ് കുട്ടിയുടെ ബുദ്ധിക്കു മുന്നില്‍ തകര്‍ന്ന് പോവുകയാണ്. അവളുടെ തന്റേടം ധാര്‍ഷ്ട്യമായാണ് സിനിമ അവതരിപ്പിക്കുന്നത്. അവളുടെ മകന്റെ കൊലപാതകം അതിനുളള ശിക്ഷയും. തന്റെ പുരുഷ സുഹൃത്തായ മനു കൃഷ്ണനെ പണത്തിനു വേണ്ടി സഹായിക്കാന്‍ ഒരുമ്പെടുന്ന ധീരയും അവിവാഹിതയും പുരുഷന്മാരോട് എതിര്‍ത്ത് സംസാരിക്കുകയും ചെയ്യുന്ന ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയിലെ എഴുത്തുകാരിയായ അഭിരാമിയും സിനിമയുടെ ആണ്‍കാഴ്ചകള്‍ക്ക് അനഭിമതയാണ്. അവള്‍ അപകടത്തില്‍ പെട്ട് ശരീരം തളര്‍ന്ന്, ഏതു പുരുഷനെയാണോ സഹായിക്കാന്‍ ഇറങ്ങിയത്, അയാളുടെ തന്നെ സംരക്ഷണയില്‍ ജീവിതകാലം മുഴുവന്‍ വീല്‍ ചെയറില്‍ ഒതുക്കപ്പെടുന്നു.

പുരുഷന്മാരെ വശീകരിക്കുക, അവരുടെ കാമുകിയാവുക തുടങ്ങിയ ഉത്തരവാദിത്തങ്ങളില്‍ കൂടുതലൊന്നും സെവന്‍ത് ഡേ (ശ്യാംധര്‍ – 2014) ജെസി എന്ന വിദ്യാര്‍ഥിനിയും വണ്‍ ബൈ ടുവിലെയും ഗാംഗ്സ്റ്ററിലെയും പ്രേമലത, നൈലാ ഉഷ എന്നീ ഡോക്ടര്‍മാരും ആവശ്യപ്പെടുന്നില്ല. പെണ്ണുങ്ങളുടെ ആത്മകഥാ രചനകളില്‍ കാണുന്ന തൊഴില്‍/കുടുംബ ഇടങ്ങളിലെ ദൈനംദിനാഖ്യാനങ്ങള്‍ അവരുടെ സ്വത്വാവിഷ്‌കാരത്തിന്റെ ഭാഗമാണെന്നും അവ പുരുഷാനുഭവ ലോകത്തിന്മേലുള്ള പെണ്ണനുഭവങ്ങളുടെ കടന്നുകയറ്റമാകുന്നുണ്ടെന്നും ഉഷാ കുമാരി, ഷര്‍മിള ശ്രീകുമാര്‍ മുതലായവര്‍ ആത്മകഥകളെ കുറിച്ചുള്ള അവരുടെ പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സെവന്‍ത് ഡേയിലെ ഡോ. പ്രേമ ആയാലും ഗാംഗ്സ്റ്ററിലെ ഡോ. നൈലാ ഉഷ ആയാലും ദൃശ്യത്തിലെ ഐ.ജി ഗീതാ പ്രഭാകര്‍ ആയാലും അവരുടെ തൊഴില്‍ അവരുടെ പ്രതിരോധങ്ങളുടേയും പോരാട്ടങ്ങളുടേയും ആവിഷ്‌കാരമായിട്ടല്ല, മറിച്ച് പുരുഷന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. അപര്‍ണയും ഇതുപോലെ മമ്മൂട്ടി എന്ന പുരുഷ താരത്തിന്റെ സത്യ/സ്വതന്ത്രാന്വേഷണങ്ങള്‍ക്ക് ബലിയാകേണ്ടി വന്ന പെണ്‍ യുവത്വമാണ്.

ക്യൂബയിലായാലും കുടുംബത്തിലായാലും രക്തം വീഴ്ത്തിയിട്ടല്ലാതെ വിപ്ലവം സാധ്യമല്ലെന്ന് വിശ്വസിക്കുന്ന ഒരു ഭ്രാന്തന്‍ വിപ്ലവ ബോധത്തിന്റെ പെണ്ണിരയായി തീരുന്നു അവള്‍. ഇങ്ങനെ അവിവാഹിതകളെ കൊന്നും കൂസാത്ത, മറുത്തു പറയുന്ന വിവാഹിതകളെ നിലയ്ക്ക് നിര്‍ത്താനും നിര്‍മിച്ച സവര്‍ണ ആണ്‍കാഴ്ചകളുടെ ഏറ്റവും പുതിയ ജീവചരിത്രമാണ് മുന്നറിയിപ്പ്.

 

ഷൈമ പി

ഷൈമ പി

പയ്യന്നൂര്‍ സ്വദേശിയായ ഷൈമ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‍ മലയാള ജനപ്രിയ ചലച്ചിത്രങ്ങളിലെ thiyya masculinities and interventions എന്ന വിഷയത്തില്‍ പി.എച്ച്.ഡി നേടി. അധ്യാപികയാണ്. അഴിമുഖത്തില്‍ smokescreen എന്ന സിനിമ കോളം കൈകാര്യം ചെയ്യുന്നു

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍