UPDATES

എഡിറ്റേഴ്സ് പിക്ക്

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സായുധകലാപത്തിന്റെ ഭാവി ഇനിയെന്തായിരിക്കും?

വിവിധ സായുധ വിഭാഗങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളും രക്തച്ചൊരിച്ചിലുകളും ഒരു ജനതയുടെ ജീവിതം തന്നെ താറുമാറാക്കിയ ചരിത്രമാണ് നാഗാ വംശജരുടേത്

                       

ഒരു ദേശരാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ ഇന്നും അതിന്റെ പൂര്‍ണതയിലെത്തിയിട്ടില്ല എന്നതിന് ഒരുദാഹരണം ആവശ്യമെങ്കില്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തേക്ക് നോക്കുക. പ്രത്യേകിച്ച് നാഗാ സായുധ കലാപം. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സായുധ കലാപങ്ങളിലൊന്നാണിത്. ഉറപ്പുള്ള രാഷ്ട്രീയ നേതൃത്വവും വിശാലമായ ദേശീയ വീക്ഷണവും ഇന്നത്തെ ഇന്ത്യയില്‍ ഇല്ല എന്നുള്ളതിന്റെ പ്രത്യക്ഷ ഉദാഹരണം കൂടിയാണത്.

നാഗാ സായുധ കലാപത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ഒരാള്‍, ഒരു ക്രിസ്ത്യന്‍ മതവിശ്വാസി, കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡല്‍ഹിയിലെ ഒരാശുപത്രിയില്‍ അന്തരിച്ചത്. ഏറെക്കാലമായി അസുഖബാധിതനായിരുന്ന 87-കാരനായ ചെയര്‍മാന്‍ ഇസാക്ക് സ്വു (Isak Chishi Swu). നാഗാ കലാപത്തിന് ചൈനയുടെ പിന്തുണയുണ്ടായിരുന്നു എന്നു വിശ്വസിക്കുന്നവരാണ് കൂടുതലും. ദശകങ്ങളായി നടന്നു വരുന്ന സായുധ കലാപം സംബന്ധിച്ച് ഒരുപാട് രഹസ്യങ്ങളും സ്വുവിനൊപ്പം മണ്‍മറയുകയും ചെയ്തു. സ്വുവിനെ മുന്നില്‍ നിര്‍ത്തി ഇന്ത്യന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ സമാധാന കരാറിന്റെ ഭാവി ഇനി എന്തായിരിക്കും?

ഈ സായുധ കലാപത്തിന്റെ ശരിക്കുമുള്ള ശക്തി തു മുയ്‌വ (Thuingaleng Muivah) ആയിരുന്നെങ്കില്‍ സ്വു അത്രയൊന്നും സ്വാധീനശേഷിയുളളയാള്‍ ആയിരുന്നില്ല. എങ്കിലും തങ്ങള്‍ പൊരുതുന്നത് കൃത്യമായ ഒരു കാര്യത്തിനു വേണ്ടിയാണെന്ന അവരുടെ സംഘടനയുടെ ന്യായീകരണത്തിന് ഏതെങ്കിലും വിധത്തില്‍ നിയമസാധുത ഉണ്ടാക്കുന്നതില്‍ സ്വുവിനും പങ്കുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം സ്വു അസുഖബാധിതനായതോടെ ഇന്ത്യന്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ നാഗാ സംഘടനയുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടു. ദശകങ്ങളായി തുടരുന്ന ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും വിരാമമിട്ടു കൊണ്ടായിരുന്നു ഇത്. അര നൂറ്റാണ്ട് കാലത്തെ രക്തച്ചൊരിച്ചിലിനും 80 വട്ടമെങ്കിലും നടന്ന ചര്‍ച്ചകള്‍ക്കും ഇതോടെ അന്ത്യമായിരിക്കുന്നുവെന്നും നാഗാ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റില്‍ പ്രഖ്യാപനവും നടത്തി. എന്നാല്‍ ആ കരാര്‍ എല്ലാ വിധത്തിലും തട്ടിപ്പായിരുന്നു.

മുയ്‌വയുടെ നേതൃത്വത്തിലുള്ള ഒരു സായുധ സംഘടനയായിരുന്നു ദി നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്  (ഇസാക്ക്-മുയ്‌വ)- NSCN (Isak-Muivah). എന്നാല്‍ കുറച്ചുകഴിഞ്ഞതോടെ സംഘടന ഈ രണ്ടു പേരിലേക്ക് മാത്രമായി ചുരുങ്ങുകയായിരുന്നു. ചെയര്‍മാന്‍ ഇസാക് ചിഷി സ്വുവും ജനറല്‍ സെക്രട്ടറി തു മുയ്‌വയും. പതുക്കെ സംഘടനയുടെ മുഖമായി ഇസാക് സ്വു മാറുകയും അധികാരം അദ്ദേഹത്തില്‍ കേന്ദ്രീകരിക്കുകയും ചെയ്തു. ഇന്ത്യന്‍ സായുധ കലാപത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ് ഈ സംഘടന. കൂട്ടക്കൊലകളും സാധാരണക്കാരെ ഭീഷണിപ്പെടുത്തലും നികുതി ഏര്‍പ്പെടുത്തലും ആയുധങ്ങളും മയക്കുമരുന്നുകളും കള്ളക്കടത്ത് നടത്തുകയും ആ മേഖലയിലുടനീളം ഇത്തരത്തിലുള്ള ചെറു സംഘങ്ങള്‍ക്ക് രൂപം നല്‍കുകയും രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ഒക്കെ ചെയ്ത രക്തരൂക്ഷിതമായ ചരിത്രം മാത്രമുള്ള സംഘടന.


ഇസാക് – മുയ്‌വ

ദശകങ്ങള്‍ നീണ്ട ചരിത്രം
നാഗാ സായുധ കലാപത്തിന്റെ വേരുകള്‍ ഏറെ ആഴമുള്ളതാണ്. 1918-ല്‍ കൊഹിമയില്‍ ഒരുകൂട്ടം വിദ്യാസമ്പന്നരായ നാഗ വംശജര്‍ ചേര്‍ന്ന് രൂപീകരിച്ച നാഗ ക്ലബ് ആയിരുന്നു നാഗ പോരാട്ടത്തിന്റെ തുടക്കം കുറിക്കുന്നത്. 1940-കളില്‍ അംഗാമി സാപു ഫിസോ (Angami Zapu Phizo) യുടെ വരവോടെ പോരാട്ടം കൂടുതല്‍ ശക്തിപ്പെട്ടു. 1946-ല്‍ നാഗാ നാഷണല്‍ കൗണ്‍സില്‍ ബ്രിട്ടീഷ് ഭരണകൂടത്തോട് ആവശ്യപ്പെട്ടത് തങ്ങളുടെ പ്രദേശങ്ങള്‍ ഇന്ത്യക്ക് കൈമാറരുത് എന്നാണ്. അന്നുമുതല്‍ ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള സായുധ പ്രതിരോധം അവര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ മുന്നോട്ട് പോകും തോറും നാഗാ പ്രസ്ഥാനത്തില്‍ പിളര്‍പ്പുണ്ടായി, സംഘടനയില്‍ അഴിമതി കൂടി വന്നു, ലക്ഷ്യത്തില്‍ നിന്ന് അകന്നുപോയി.

വംശീയമായ കൂറായിരുന്നു സംഘടനയുടെ അടിസ്ഥാനപ്രമാണം. അംഗാമീസ് ഗോത്രത്തില്‍പ്പെട്ട ആളായിരുന്നു ആദ്യകാല നേതാവായിരുന്ന ഫിസോ. ആവോസും (Aos) അംഗാമിസുമായിരുന്നു നാഗരിലെ അധികാര കേന്ദ്രങ്ങള്‍. ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് താത്പര്യം പ്രകടിപ്പിച്ചിരുന്ന വിഭാഗമായിരുന്നു ആവോസ്. എന്നാല്‍ മറ്റ് ഗോത്രവര്‍ഗങ്ങളാകട്ടെ ഇക്കാര്യത്തില്‍ ഭിന്നിപ്പിലായിരുന്നു.

നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്, NSCN (IM) എന്നും NSCN (K) എന്നുമുള്ള രണ്ട് വിഭാഗങ്ങളായി പിരിഞ്ഞതോടെ 1988-ല്‍ മുയ്‌വ അധികാരത്തിലേക്ക് വന്നു. പക്ഷേ അദ്ദേഹം താങ്കുള്‍ (Thangkul) ഗോത്രത്തില്‍ നിന്നുള്ളയാളും ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ചികഞ്ഞാല്‍ മണിപ്പൂരില്‍ വേരുകള്‍ ഉള്ളയാളുമായിരുന്നു. നാഗാ വംശജര്‍ പാര്‍ക്കുന്ന മേഖലകളുടെ അല്ലെങ്കില്‍ ഗ്രേറ്റര്‍ നാഗാലാന്‍ഡ്- നാഗാലിം- ഏകീകരണം ഇത്രമേല്‍ രക്തരൂക്ഷിതമായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതായിരുന്നു എന്ന് സൂചനകളുണ്ട്. അതായത് ‘കച്ച നാഗാസ്’ എന്നറിയപ്പെട്ടിരുന്ന താങ്കുള്‍ വംശജരെ മറ്റ് നാഗാ ഗോത്രങ്ങള്‍ തങ്ങളുടെ യഥാര്‍ഥ പ്രതിനിധികളായി അംഗീകരിക്കാന്‍ തയാറായിരുന്നില്ല.

അതുകൊണ്ടാണ് സ്വു എല്ലായ്‌പ്പോും മുയ്‌വയ്‌ക്കൊപ്പം ചേര്‍ന്നു നിന്നത്. സെമ നാഗയായതുകൊണ്ട് നാഗ വംശജരുടെ യഥാര്‍ഥ ശബ്ദമായി മാറാന്‍ സ്വുവിനെ അദ്ദേഹം അനുവദിക്കുകയും ചെയ്തു. എന്നാല്‍ സ്വു ആവട്ടെ, തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ബൈബിള്‍ പഠനത്തിനായി ചെലവിടുകയും അതുവഴി തീരുമാനങ്ങള്‍ മുയ്‌വ ഒറ്റയ്ക്ക് എടുക്കേണ്ടിയും വന്നു.

ഇപ്പാള്‍ സ്വു ഇല്ലാതായിരിക്കുന്നു. കരാര്‍ സംബന്ധിച്ച അവ്യക്തതകള്‍ നിലനില്‍ക്കുന്നതു കൊണ്ട് ഭാവിയില്‍ കുഴപ്പങ്ങള്‍ക്കുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സര്‍ക്കാരുമായി നടന്ന ചര്‍ച്ചകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പിന്മാറിയ NSCN (K) ആകട്ടെ അന്നു മുതല്‍ ഇന്ത്യന്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലിലുമാണ്. മ്യാന്‍മാറില്‍ നിന്നുള്ള ഹെമി നാഗ വംശജനായ കപ്ലാങ് (Khaplang) ആണ് ഇപ്പോള്‍ നാഗാ പ്രതിരോധ പോരാട്ടത്തിന്റെ അവകാശവാദം ഉന്നയിക്കുന്നതില്‍ പ്രധാനി.


കപ്ലാങ്

ഒരു യഥാര്‍ഥ നാഗ
സ്വു യഥാര്‍ഥത്തില്‍ ഒരു നിഴല്‍ മാത്രമായിരുന്നു. നാഗാ വംശജര്‍ക്ക് എന്തെങ്കിലും പ്രതീക്ഷിക്കാനുള്ള ഒരു നേതാവ് പോലുമായിരുന്നില്ല. എന്നാല്‍ മുയ്‌വയെപ്പോലെയല്ല, സ്വു ഇന്നും ‘നമ്മുടെ ആളാ’ണ്. അതുകൊണ്ട് മുയ്‌വ വേഗം മറക്കപ്പെടും. വാര്‍ധക്യം ബാധിച്ചു തുടങ്ങിയ മുയ്‌വയ്ക്കു മുന്നിലുള്ളത് തന്റെ സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തുകയാണ്. എന്നാല്‍ അദ്ദേഹം കണ്ടെത്തുന്നത് തന്റെ ഗോത്രമായ താങ്കൂളില്‍ നിന്നുള്ള ഒരാളെയാണെങ്കിലോ? കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുമെന്ന് ഉറപ്പാണ്, അതായത്, വീണ്ടുമൊരു തകര്‍ച്ച തന്നെയായിരിക്കും ഈ സംഘടനയെ കാത്തിരിക്കുന്നത്.

നാഗാ പ്രസ്ഥാനത്തിലെ പല നേതാക്കളും അധികാരമേറ്റെടുക്കാന്‍ പ്രായം തടസമായിട്ടുള്ളവരാണ്. ഒരുപക്ഷേ കരാറിലേക്കെത്തുന്ന സമയത്ത് ഇന്ത്യന്‍ സര്‍ക്കാരിന്റെ മനസില്‍ ഉണ്ടായിരുന്നതും ഇതാവാം. കരാറില്‍ ഒപ്പുവച്ച പ്രധാന മധ്യസ്ഥന്‍ ആര്‍.എന്‍ രവിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇതൊരു സാധ്യതയായി കണക്കുകൂട്ടിയിരിക്കാം. അതുകൊണ്ടു തന്നെയാണ് NSCN (K) യ്ക്കു പകരമായി NSCN(IM) വിഭാഗത്തെ നാഗകളുടെ പ്രതിനിധികളായി ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നത്. അതിന് NSCN (IM)യുടെ ആയുധശക്തിയും ഗോത്രപരമായി അവര്‍ക്കുള്ള മേല്‍ക്കോയ്മയും ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാവാം. പ്രധാനമായും മ്യാന്‍മാര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന NSCN (K) നെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ അവിടെത്തന്നെ ആക്രമണം നടത്തുകയും ചെയ്യുന്നുണ്ട്.

വിവിധ സായുധ വിഭാഗങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളും രക്തച്ചൊരിച്ചിലുകളും ഒരു ജനതയുടെ ജീവിതം തന്നെ താറുമാറാക്കിയ ചരിത്രമാണ് നാഗാ വംശജരുടേത്. അനധികൃത നികുതിയും കൊലപാതകങ്ങളും അടക്കം ദുരിതമയമായ ജീവിതമാണ് പതിറ്റാണ്ടുകളായി അവരുടേത്. പക്ഷേ അതിനൊപ്പം അവര്‍ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന മറ്റൊന്നുണ്ട്. സമാധാനത്തിനായി ഉണ്ടാക്കിയ കരാര്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തണം. അവര്‍ക്ക് കുറച്ച് സമാധാനത്തില്‍ ജീവിക്കേണ്ടതുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍