വി.എസ് വിഷ്ണു
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ മൈലുകള്‍ക്ക് അപ്പുറത്ത് നിന്ന് ഒരു അതിഥി എത്തി. വളരെ പ്രധാനപ്പെട്ട അതിഥി. മോദി ക്ഷണിക്കാതെ തന്നെ എത്തിയ അതിഥി. സുഗന്ധം പരത്തുന്ന പൂക്കളുള്ള ഒരു ബൊക്കെയും കൈയ്യില്‍ കരുതിയിരുന്നു. ബൊക്കെ കൈമാറി തന്റെ പാര്‍ട്ടിയുടെ പിന്തുണ മോദിയെ അതിഥി അറിയിച്ചു. നിറഞ്ഞ പുച്ഛത്തോടെയാണെങ്കിലും തനിക്ക് ലഭിച്ച പിന്തുണ ഉള്ളില്‍ ചിരിച്ചുകൊണ്ട് മോദി സ്വീകരിച്ചു. അതിഥി ആരാണെന്ന് അറിയാനാണ് കാത്തിരിപ്പെങ്കില്‍, ഇന്ത്യയില്‍ ഏറ്റവും അവസാനം പൊട്ടിമുളച്ച ‘സി.ബി.ഐ പാര്‍ട്ടി’യായ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ ലീഡറായ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ഈ അതിഥി താരം.
എന്താണ് സി.ബി.ഐ പാര്‍ട്ടിയെന്നല്ലേ അടുത്ത സംശയം. സി.ബി.ഐ പാര്‍ട്ടിയെന്നാല്‍, സി.ബി.ഐയുടെ മേല്‍നോട്ടത്തിലുള്ള പാര്‍ട്ടി എന്നല്ല. സി.ബി.ഐയുടെ നോട്ടപ്പുള്ളിയായ പാര്‍ട്ടിയെന്നാണ് അര്‍ത്ഥം. അഴിമതിക്കെതിരെ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പോരാട്ടം അളക്കുന്നതിനുള്ള ഒരു അളവുകോല്‍ കൂടിയാണ് ഇത്തരം സി.ബി.ഐ പാര്‍ട്ടികള്‍ എന്ന് ഓര്‍മ്മിക്കുന്നു. വര്‍ഗീയ, മതേതര മുന്നണികള്‍ക്ക് പുറമേ ഒരു അഴിമതിയുടെ സംഭാവനയായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലകൊള്ളുന്ന ഈ രാഷ്ട്രീയ പ്രസ്താവനങ്ങളെ സി.ബി.ഐ പാര്‍ട്ടികള്‍ എന്ന മൂന്നാം ബദലായി വിളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ജഗന്‍ ഏറ്റവും ഒടുവിലത്തെ സി.ബി.ഐ പാര്‍ട്ടിയാണെന്ന് നേരത്ത സൂചിപ്പിച്ചുവല്ലോ. ഇങ്ങനെ വോറെയും ചില പാര്‍ട്ടികള്‍ രാജ്യത്തുണ്ട്. അതില്‍ പ്രധാനപ്പെട്ട രണ്ട് കക്ഷികളാണ് മുലായം സിംഗ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടിയും. രണ്ടും പ്രസിദ്ധമായ സ്വന്തം സി.ബി.ഐ പാര്‍ട്ടികളാണ്. ഇവരുടെ മേലുള്ള തിരക്കഥ സി.ബി.ഐ പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെ പടം റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ അതിനുള്ള അനുമതി ഭരണവര്‍ഗ്ഗവും നിയമവ്യവസ്ഥയും പുറപ്പെടുവിച്ചിട്ടില്ല. സി.ബി.ഐ പൂര്‍ത്തിയാക്കി വച്ചിരിക്കുന്ന, ഇവരെ സംബന്ധിക്കുന്ന പടങ്ങള്‍ പലതും കേരളത്തിലെ ഫെഫ്ക്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, വിതരണ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുട വിലക്കുകളെ പോലെ റിലീസ് ചെയ്യാനുള്ള ഡേറ്റ് കാത്തു കിടക്കുകയാണ്.
സി.ബി.ഐയുടെ ഈ തിരക്കഥകള്‍ വച്ചാണ് യു.പി.എ സര്‍ക്കാര്‍ തങ്ങളുടെ രണ്ടാമത്തെ അഞ്ച് വര്‍ഷം തന്നെ തള്ളിനീക്കിയത് തന്നെ. സത്യത്തില്‍ ബി.ജെ.പിയുടെ ഈ വമ്പന്‍ വിജയം ആഘോഷിക്കുന്ന വേളയില്‍ നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി ഓഫീസില്‍ വയ്‌ക്കേണ്ട ഒരു ചിത്രമുണ്ട്. രാഹുല്‍ മോന്‍ ഈ വീടിന്റെ ഐശ്വര്യം എന്ന് അടിക്കുറപ്പോടെ വേണം ചിത്രം വയ്ക്കാന്‍. അതുപോലെ എ.ഐ.സി.സി തങ്ങളുടെ അഞ്ച് വര്‍ഷത്തെ കാലയളവില്‍ തങ്ങളുടെ ഓഫീസില്‍ തൂക്കേണ്ടിയിരുന്ന ഒരു പടമാണ് സി.ബി.ഐയുടെത്. അത്രയ്ക്ക് സഹായമാണ് സി.ബി.ഐ സര്‍ക്കാരിന് ചെയ്തുകൊടുത്തത്.
സി.ബി.ഐ പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് അന്വേഷണ ഏജന്‍സികളെ വലിയ പേടിയാണ്. അനധികൃതമായാണ് ഈ നേതാക്കള്‍ എല്ലാം വെട്ടിപ്പിടിച്ചത്. പലരും പണമുണ്ടാക്കാന്‍ ഇത്തിരി ഒളിയും മറയുമൊക്കെ തേടിയപ്പോള്‍ ഇവര്‍ അത് പകല്‍ വെളിച്ചത്തില്‍ സാധിച്ചെടുത്തു. ഫലമോ സി.ബി.ഐ എന്നുവേണ്ട രാജ്യത്തെ എല്ലാ അന്വേഷണ സംഘങ്ങളും ഇവരെ നോട്ടമിട്ടു. ഇവരുടെ വീടുകളുടെ മുകളില്‍ കൂടി വട്ടമിട്ടു പറന്നു.
മുലായത്തെയും മായാവതിയെയും കഴിഞ്ഞ അഞ്ച് വര്‍ഷം ഒന്ന് തൊടാന്‍ പോലും സി.ബി.ഐ അറച്ചു. പല കേസുകളും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഒഴിവാക്കി കൊടുത്തു. ഇന്നും ഇവര്‍ക്കെതിരായ കേസുകളില്‍ ആടിയുലഞ്ഞാണ് നിയമവ്യവസ്ഥ പോലും പെരുമാറുന്നത്.
സി.ബി.ഐ പാര്‍ട്ടികളുടെ മറ്റൊരു പ്രത്യേകതയാണ് ജനങ്ങളോടുള്ള അവമതിപ്പ്. ജനങ്ങളെ വഞ്ചിക്കുകയാണ് അവര്‍ നിരന്തരം ചെയ്യുന്നത്. കാലാകാലങ്ങളില്‍ യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും അധികാരത്തിലേക്ക് മാറി മാറി വന്നിട്ടുള്ളത് കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ്. അവരുടെ നയങ്ങളെ എതിര്‍ത്തുകൊണ്ടാണ്. ആ നിലപാടുകളുടെ പേരിലാണ് ഈ പാര്‍ട്ടികളെ ജനം സഹായിക്കുന്നതും. കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളുടെ പേരില്‍ അധികാരത്തില്‍ വരുന്ന ഈ പാര്‍ട്ടികള്‍, അധികാരം ലഭിച്ചു കഴിഞ്ഞാലോ, അവര്‍ ആരെ എതിര്‍ത്തുവോ, അവരുടെ മുന്നില്‍ തന്നെ ചെന്ന് കാലുപിടിക്കും. അതാണ് നേരത്തെ സൂചിപ്പിച്ചത്. ഇവര്‍ക്ക് ജനാധികാരത്തോട് മതിപ്പില്ലെന്ന്. ജനങ്ങളോട് തികഞ്ഞ പുച്ഛവുമാണ്.
രാജ്യത്ത് ഏറ്റവും ഒടുവില്‍ പിറന്ന സി.ബി.ഐ പാര്‍ട്ടിയും ഇതേ പാതയിലാണ് സഞ്ചരിക്കുന്നത്. പാര്‍ട്ടിയുടെയും നേതാവാവിന്റെയും സമയം അത്ര ശരിയല്ലെന്ന് തെളിഞ്ഞതോടെ അവരും പതിവ് രീതിയിലേക്ക് തന്നെ പോകാന്‍ തീരുമാനിച്ചത്.
ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ അവസാന വാക്കായി മാറിയ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി രാഷ്ട്രീയത്തില്‍ കാലുകുത്തുന്നത് 2009-ലാണ്. അന്ന് വെറും പത്ത് ലക്ഷത്തിന്റെ സ്വത്ത് വകകള്‍ കാണിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജഗന്‍, ഒന്നര വര്‍ഷത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്‌പോള്‍ സ്വത്തുക്കള്‍ കോടികളായി മാറി. രാജശേഖര റെഡ്ഡി ഒരു പണചാക്ക് എന്ന നിലയിലാണ് രാഷ്ട്രീയത്തിലെത്തിയതെങ്കിലും അദ്ദേഹം അഴിമതിക്കാരനാണെന്ന് ആരും അദ്ദേഹം മുഖ്യമന്ത്രിയാകും വരെ പറഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയായിരിക്കുന്ന കാലഘട്ടത്തിലും അതുണ്ടായില്ല. ഫലമോ, അത് ചൂഷണം ചെയ്യാന്‍ റെഡ്ഡിയും കുടുംബവും ഇറങ്ങിത്തിരിച്ചു. മകന്‍ ആന്ധ്രയില്‍ ഒരു അംബാനിയാകണമെന്ന ആഗ്രഹവുമായി ഇറങ്ങിത്തിരിച്ചു.
രാജശേഖര റെഡ്ഡി എന്ന രാഷ്ട്രീയക്കാരന്‍ തന്റെ മകനോട് ചെയ്ത ഏറ്റവും വലിയ ക്രൂരതകളില്‍ ഒന്നായിരുന്നു മകന് വേണ്ടി ചെയ്ത ഈ കൊള്ളരുതായ്മകള്‍. ഇവിടെ അത് വിലയിരുത്താന്‍ വേണ്ടി സ്ഥലം കളയുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങും മുന്‍പ് ജഗന്റെ അമ്മ വിജയമ്മ ബി.ജെ.പി നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. തങ്ങള്‍ ബി.ജെ.പിയുമായി യോജിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന സൂചനകള്‍ വരെ പുറത്തുവന്നു. എന്നാല്‍ സംസ്ഥാന വിഭജനത്തിന് കൂട്ടു നിന്ന ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് അപകടമാണെന്ന് തിരിച്ചറിവോടെ എന്‍.ഡി.എയില്‍ ചേരാന്‍ ജഗന്‍ തയ്യാറായില്ല. വര്‍ഗീയ പാര്‍ട്ടിയോട് കൂടുന്നത് തന്റെ പക്കലുള്ള ന്യൂനപക്ഷ വോട്ട് മറിയാന്‍ ഇടയാക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. ആന്ധ്രയില്‍ നാല് ശതമാനം അധിക സംവരണം ഏര്‍പ്പെടുത്തി നല്‍കിയതിലൂടെ ഇന്നും മുസ്‌ലിം ജനതയ്ക്ക് രാജശേഖര റെഡ്ഡിയോട് ഒരു താത്പര്യമുണ്ട്. അത് മുതലാക്കുന്നത് തടയാന്‍ ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട് ഇടയാക്കുമെന്ന്‍ ജഗന്‍ ഉറപ്പിച്ചിരുന്നു. അതിനാലാണ് തെരഞ്ഞെടുപ്പ് ഒറ്റയ്ക്ക് തന്നെ നേരിടാന്‍ ജഗന്‍ തീരുമാനിച്ചതും. ഫലമോ ചന്ദ്രബാബു നായിഡു പഴയ എന്‍.ഡി.എയിലെത്തി.
ആന്ധ്രാ രാഷ്ട്രീയത്തിലേക്കിറങ്ങിയ ഏറ്റവും ഒടുവിലത്തെ താരമായ പവന്‍ കല്ല്യാണും പിന്തുണയുമായി രംഗത്തു വന്നു. നായിഡുവിനെ നായിഡുവിനെ എതിര്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ മോദിയെ എതിര്‍ത്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചരണരംഗം ജഗന്‍ കൊഴുപ്പിച്ചത്. മോദിയെ എതിര്‍ത്തുകൊണ്ടാണ് ജഗന്‍ നായിഡുവിനെ ആക്രമിച്ചത്. ആയിരക്കണക്കിനാളുകളെ കൂട്ടകൊല നടത്തിയ ആളിനൊപ്പം നായിഡു കൂട്ടുകൂടുന്നതിനെ ജഗന്‍ വിമര്‍ശിച്ചു. മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനം പൊള്ളയാണെന്നും അത് വൈ.എസ്.ആര്‍ വികസന മോഡലിനൊപ്പം വരില്ലെന്നും ജഗന്‍ ഉദ്‌ബോധിപ്പിച്ചു. ഇത് കേട്ട് ജഗന് വോട്ട് ചെയ്ത ജനം മോദിക്കും നായിഡുവിനും എതിരായ വിധിയാണ് എഴുതിയതെന്ന് പറയേണ്ടിവരും.
എന്നാല്‍ സംഭവിച്ചതോ, തെരഞ്ഞെടുപ്പ് ചിത്രം പുറത്തുവന്നപ്പോള്‍ അമ്പരന്ന ജഗന്‍ മോദിയെ കണ്ട് പിന്തുണ പ്രഖ്യാപിക്കുന്നു.
അതിന്റെ കാരണം മറ്റൊന്നുമല്ല, സി.ബി.ഐ പാര്‍ട്ടിയായത് കൊണ്ടു മാത്രമാണ്. തന്റെ ഭരണം വന്നാല്‍ 45 ദിവസത്തിനകം ജഗനെ വീണ്ടും കല്‍ത്തുറങ്കിലേക്ക് തന്നെ അയയ്ക്കുമെന്ന് നായിഡു വീരവാദം മുഴക്കിയിട്ടുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ സാദ്ധ്യതകളും കുറവാണ്. കാരണം ജഗന്റെ കൈയ്യിലെ കറ അത്രയ്ക്കുണ്ട്.
അപ്പോള്‍ പിന്നെ ഒറ്റ മാര്‍ഗമേയുള്ളു. നായിഡുവിനെ നിയന്ത്രിക്കാന്‍ കഴിയുന്ന ശക്തിക്ക് മുന്നില്‍ അഭയം പ്രാപിക്കുക. മോദിയെ കണ്ട് പൂച്ചെണ്ട് കൈമാറുക. മോദിക്ക് ആവശ്യമില്ലാത്തതാണെങ്കില്‍ കൂടി വെറുതെ ഒരു സന്തോഷത്തിന്, (ജഗന്റെ) മനസ്സമാധാനത്തിന് ഒരു പിന്തുണയങ്ങ് പ്രഖ്യാപിക്കുക. തീരുമല്ലോ. കുറച്ച് ദിവസമെങ്കിലും ഉറങ്ങാനാകുമല്ലോ. ഇതാണ് ജഗന്റെ ബൊക്കെയ്ക്ക് പിന്നിലെ രാഷ്ട്രീയം.
രാഷ്ട്രീയപരമായി നോക്കിയാല്‍ മോദിയുടെ വിജയം ചെറുതല്ല. സംസ്ഥാനം ഭരിക്കുന്നത് തന്റെ പാര്‍ട്ടി കൂടി ഉള്‍പ്പെട്ട മുന്നണി. പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടിയും തനിക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. ക്രിയാത്മകമായ പ്രതിപക്ഷം എന്നു വച്ചാല്‍ ഇങ്ങനെ വേണം. ജനങ്ങളെ വഞ്ചിച്ച് ജനങ്ങളുടെ വിധിയെഴുത്തിനെ തള്ളി, ഇങ്ങനെയൊരു പിന്തുണ പ്രഖ്യാപിക്കണമെങ്കില്‍ ഒരു സി.ബി.ഐ പാര്‍ട്ടിക്ക് മാത്രമേ അതിന് കഴിയുവെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. വീണ്ടും പഴയ കാര്യത്തിലേക്ക് പോയാല്‍ യു.പിയിലെ ഭരണകക്ഷിയായ സൈക്കിള്‍ പാര്‍ട്ടിയും പ്രതിപക്ഷ കക്ഷിയായ ആന പാര്‍ട്ടിയും കോണ്‍ഗ്രസിനെ അഞ്ച് വര്‍ഷം താങ്ങിനിറുത്തിയില്ലേ. അതിന് കാരണവും ഒന്നല്ലേയുള്ളു.
ജഗന്റെ പതിനാറ് മാസത്തെ ജയില്‍ വാസത്തിനിടയില്‍ 833 കോടിയോളം വരുന്ന സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് ജപ്തി ചെയ്തത്. ജഗനെതിരെ പത്തോളം സി.ബി.ഐ കേസുകളുമുണ്ട്. വരും ദിവസങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടിക്കണകിന് രൂപയുടെ സ്വത്തുകള്‍ ഇനിയും കണ്ടുക്കെട്ടാനുള്ള പ്രാരംഭ നടപടി തുടങ്ങിയതായാണ് ഇ.ഡിയിലെ ഉയര്‍ന്ന വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇ.ഡിയുടെ നടപടി കോടതി ശരിവച്ചാല്‍ ഇവരൊക്കെ നാടിനെ വിറ്റ് സമ്പാദിച്ച പണം രാജ്യത്തിന്റെ ഖജനാവിലേക്ക് തന്നെയാണ് തിരിച്ചുവരുന്നതെന്ന് കൂടി ഓര്‍ക്കുക. പക്ഷേ ഇതിനെ തടയാനാണോ ജഗന്റെ ബൊക്കെ പ്രകടനം എന്നാണ് സംശയം.
ഈ സാഹചര്യത്തില്‍ മോദിയുടെ പുതിയ ഭരണം ബൊക്കെയിലെ പൂക്കളുടെ സുഗന്ധത്തില്‍ വീഴുമോയെന്ന് മാത്രമാണ് ഇനി കാത്തിരുന്നു കാണേണ്ടത്.