Continue reading “മോദിയില്‍ നിന്ന് നമ്മളെന്ത് പ്രതീക്ഷിക്കണം?”

" /> Continue reading “മോദിയില്‍ നിന്ന് നമ്മളെന്ത് പ്രതീക്ഷിക്കണം?”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയില്‍ നിന്ന് നമ്മളെന്ത് പ്രതീക്ഷിക്കണം?

                       

ടീം അഴിമുഖം

തിങ്കളാഴ്ച വൈകുന്നേരം പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മുന്‍പാകെ നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനു മുന്‍പായി രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് പലനിലയിലും മുന്‍പെങ്ങും കാണാത്ത സംഭവങ്ങള്‍ക്കും നടപടികള്‍ക്കുമാണ്. മോദി ഗവന്‍മെന്‍റിന്റെ ഭരണവേഗത്തിന്‍റെ സൂചനായായി വേണം ചടങ്ങിന്‍റെ ഗാംഭീര്യത്തെയും വലുപ്പത്തെയും കാണാന്‍. ഭരണത്തിന്‍റെ ആദ്യ വര്‍ഷത്തില്‍ തന്നെ ഏകദേശം 25 ബില്ല്യണ്‍ ഡോളര്‍ (150,000 കോടി രൂപ) മതിക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കപ്പെടുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. ഇതിലധികവും യു പി എ ഭരണകാലത്ത് നിന്നുപോയ പദ്ധതികളാണ്.

8 രാഷ്ട്രതലവന്‍മാര്‍, 150 വിദേശ പ്രതിനിധികള് എന്നു തുടങ്ങി 4000ത്തോളം അതിഥികളാണ് 6 മണിക്ക് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നത്. മുന്‍പെങ്ങും ഒരു ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ സത്യപ്രതിജ്ഞ വേളയില്‍ കാണാത്ത വിധത്തില്‍ അതിഥികളുടെ എണ്ണം, പ്രാതിനിധ്യം, വൈജാത്യം എന്നിവകൊണ്ട് ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നു മോദിയുടെ സ്ഥാനാരോഹണം. ചരിത്രത്തില്‍ ഇതിനോടടുത്ത് നില്‍ക്കുന്നത് 1999ലെ അടല്‍ ബിഹാരി വാജ്പേയിയുടെ സത്യപ്രതിജ്ഞയാണ്. അന്ന് 1200 അതിഥികളാണ് പങ്കെടുത്തത്. എന്നാല്‍ സാര്‍ക് രാജ്യങ്ങളിലെ രാഷ്ട്ര തലവന്‍മാര്‍ അന്നും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. 

സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം മോദി പുതിയ ഗവണ്‍മെന്‍റിന് രൂപം കൊടുക്കും. സമീപ കാല ചരിത്രത്തിലെ ഗവണ്‍മെന്‍റില്‍ നിന്നും എന്തുകൊണ്ടും വേറിട്ട ഒന്നായിരിക്കും പുതിയ ഗവണ്‍മെന്‍റ് എന്നാണ് കരുതപ്പെടുന്നത്. നിലനില്‍ക്കുന്ന രീതിയില്‍ നിന്നും നിര്‍ണ്ണയാകമായ ചുവടുമാറ്റം പുതിയ ഗവണ്‍മെന്‍റിന്റെ രൂപത്തില്‍ പ്രതീക്ഷിക്കാം. കൂടുതല്‍ ടെക്നോക്രസിയായ ഒരു ഗവേര്‍ണന്‍സ് ആയിരിക്കും നടപ്പില്‍ വരിക. അതായത് കൂടുതല്‍ വിദഗ്ധരായ ശാക്തീകരിക്കപ്പെട്ട ഉദ്യോഗസ്ഥ വിഭാഗം ഭരണരംഗത്ത് കടന്ന് വരും എന്ന് സാരം. തങ്ങളുടെ മന്ത്രിമാരുടെ അക്കൌണ്ടബിലിറ്റി ഉറപ്പ് വരുത്താന്‍ ഉദ്യോഗസ്ഥ വിഭാഗത്തിന് സാധിയ്ക്കും എന്ന് തീര്‍ച്ചയാണ്. അതോടൊപ്പം നിരവധി ടെക്നോക്രാറ്റ്സ് ഉദ്യോഗസ്ഥ സംവിധാനത്തിന് പുറത്തു നിന്ന് കൊണ്ട് ഉപദേശകരായി വിവിധ വകുപ്പുകളെ നയിക്കാനുണ്ടാകും. ഇത് പരമ്പരാഗത സര്‍ക്കാര്‍ ഘടനയില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരനുഭവമായിരിക്കും രാജ്യത്തിന് നല്കുക. നേരത്തെ മന്ത്രിമാര്‍ പ്രാദേശിക തലവന്‍മാരെപ്പോലെയും പ്രധാനമന്ത്രി അവരുടെ തലതൊട്ടപ്പനുമായാണ് പ്രവത്തിച്ചിരുന്നത്. 

പരമ്പരാഗത മന്ത്രിസഭ സംവിധാനം ജനാധിപത്യപരമാണെങ്കിലും അതിന് അതിന്‍റേതായ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. അതിനുള്ളില്‍ പ്രധാനമന്ത്രിയുടെ ഉപദേശം പരിഗണിക്കാതെ എ രാജയ്ക്ക് 2ജി സ്പെക്ട്രം വില്‍ക്കാനും സുരേഷ് കല്‍മാഡിക്ക് കോമണ്‍ വെല്‍ത്ത് ഗെയിംസ് നടത്തിപ്പിലൂടെ ഗവണ്‍മെന്‍റിനെ കുഴപ്പത്തില്‍ ചാടിക്കാനും ഓരോ മന്ത്രിമാര്‍ക്കും അവരവര്‍ക്ക് തോന്നുന്നത് ചെയ്യാനും കഴിയും. ഇനി ഇതായിരിക്കില്ല സ്ഥിതി എന്ന് നമുക്ക് വിശ്വസിക്കാം.


യു പി എ ഗവണ്‍മെന്‍റിന്റെ തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ മൂലം കാലതാമസം നേരിടുന്ന നിരവധി പദ്ധതികള്‍ വിവിധ വകുപ്പുകള്‍ ഇപ്പോള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പല പദ്ധതികളും അതിവേഗ നടപടിക്രമങ്ങളില്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

12 മുതല്‍ 18 വരെ മാസം കൊണ്ട് 25 ബില്ല്യണ്‍ ഡോളറിന്‍റെ പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ദൂര വ്യാപകമായ ഫലങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടാക്കുകയും ഉയര്ന്ന വളര്‍ച്ചാ നിരക്കിലേക്ക് രാജ്യത്തെ കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രത്യാശ ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനവിലും തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൂടുതല്‍ വ്യക്തമാകണമെങ്കില്‍ നമ്മള്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടതുണ്ട്. 

വേഗത്തില്‍ നടപ്പിലാക്കപ്പെടുന്ന പദ്ധതികളില്‍ അടിസ്ഥാന സൌകര്യ വികസനം, ഖനനം, ബാങ്കിംഗ്, തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പദ്ധതികള്‍ ഉള്‍പ്പെടും. 


1160 ഹെക്ടര്‍ വിസ്തൃതിയുള്ള നവി മുംബൈ വിമാനത്താവളമാണ് ഉടന്‍ അംഗീകാരം കിട്ടാന്‍ സാധ്യതയുള്ള പ്രധാന പദ്ധതി. പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കല്‍ നിലവില്‍ സ്തംഭനാവസ്ഥയിലാണ്. ബാന്ദ്ര-വെര്‍ളി സീ ലിങ്കിന്‍റെ തുടര്‍ച്ചയായ ബാന്ദ്ര-വെര്‍സോവ സീ ലിങ്കാണ് മറ്റൊരു പദ്ധതി. 9.9കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം. 600 കോടിയാണ് പദ്ധതി ചെലവ്. ഇത് കൂടാതെ രാജ്യത്തിന്‍റെ വാണിജ്യ തലസ്ഥാനമായ മുംബയില്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കപ്പെടുന്നത്. ഇത് മുംബൈയുടെ അടിസ്ഥാന സൌകര്യ മേഖലയില്‍ വലിയ പുരോഗതി കൊണ്ട് വരും. മാത്രമല്ല കൂടുതല്‍ നിക്ഷേപം കൊണ്ട് വരുന്നതിനും വലിയ തോതില്‍ വിദഗ്ധ-അവിദഗ്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകന്നതിനും ഇത് കാരണമാകും.

മെട്രോ സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിന് സാക്ഷ്യം വഹിക്കുന്ന ചെന്നയില്‍ രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കപ്പെടുന്ന 45 കിലോമീറ്റര്‍ മെട്രോ ലൈനിന്‍റെ പണി കൂടുതല്‍ വേഗത്തിലാകും. 2007ല്‍ നിര്‍ദ്ദേശിക്കപ്പെട്ട ഈ പദ്ധതിക്ക് 2009ലാണ് ക്യാബിനറ്റ് ക്ലീയറന്‍സ് ലഭിച്ചത്. അതിന് ശേഷം മെട്രോ സ്റ്റേഷന്‍ കോണ്ട്രാക്ട് റദ്ദാക്കപ്പെട്ടിരുന്നു. ഒരു മോണോ റെയില്‍ പദ്ധതി കൂടി ചെന്നയില്‍അതി അതിവേഗത്തില്‍ നടപ്പിലാക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 

തന്‍റെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ക്കിടയില്‍ മോദി ഏറെ പരാമര്‍ശിച്ചിട്ടുള്ളതാണ് ബുള്ളറ്റ് ട്രയിന്‍ പദ്ധതി. യു പി എ ഗവണ്‍മെന്‍റ് കാലത്ത് ആരംഭിച്ച പദ്ധതി ഇന്ന് ഇഴഞ്ഞു നീങ്ങുകയാണ്. ഈ പദ്ധതി അതി വേഗത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം പുതിയ ഗവന്‍മെന്‍റിന്റെ ഭാഗത്ത് നിന്നുണ്ടാകും.

കൂടാതെ 1000ത്തോളം ഇന്ത്യന്‍ നഗരങ്ങളില്‍ ശുചിത്വ പദ്ധതികള്‍ നടപ്പിലാക്കാന്‍ മോദി ഗവണ്‍മെന്‍റ് ശ്രമിക്കും. മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ മൂന്നു നഗരങ്ങളിലായിരിക്കും ഈ പദ്ധതിക്ക് തുടക്കം കുറിക്കുക. തൊഴിലാളികളെ ഉപയോഗിച്ചുകൊണ്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്  മുതല്‍ രാജ്യത്തെ ദരിദ്രരായവര്‍ക്ക് കക്കൂസുകള്‍ പണി കഴിപ്പിച്ചുകൊടുക്കുന്നതിലേക്ക് നീളുന്നതാണ് ഈ മേഖലയിലെ മോദിയുടെ നീക്കങ്ങള്‍.

പ്രഖ്യാപനങ്ങള്‍ എന്തുകൊണ്ടും ഗഭീരമാണ്. ഈ പദ്ധതികള്‍ എങ്ങനെയാണ് നടപ്പിലാക്കപ്പെടുന്നത് എന്ന് നമുക്ക് ഇനി കാത്തിരിക്കാം. ഇത്തരം വന്‍ പ്രഖ്യാപനങ്ങള്‍ക്ക് ഒരു കാലത്തും ഇന്ത്യയില്‍ ഒരു ക്ഷാമവും ഉണ്ടായിരുന്നില്ല. പക്ഷേ പലപ്പോഴും ഇവയെല്ലാം നിര്‍വ്വഹണഘട്ടത്തില്‍ തകിടം മറിയുകയാണ് പതിവ്. ഈ പ്രവണതയെ മാറ്റി മറിക്കാനുള്ള ചരിത്രപരമായ അവസരമാണ് മോദിക്ക് ലഭിച്ചിരിക്കുന്നത്. എവിടേക്കാണ് മോദി ഗവണ്‍മെന്‍റ് നീങ്ങുന്നത് എന്നും തന്‍റെ വമ്പന്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ മോദിക്ക് സാധിക്കുമോ എന്ന് വരുന്ന കുറച്ചു മാസങ്ങള്‍ നമ്മളോട് പറയും. യഥാര്‍ഥത്തില്‍ ഈ തിങ്കളാഴ്ച ആരംഭിക്കുന്നത് നരേന്ദ്ര മോദിയുടെ കൌണ്ട് ഡൌണ്‍ ആണ്.

Share on

മറ്റുവാര്‍ത്തകള്‍