UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു മുഴം മുന്‍പേ എറിഞ്ഞ് മോദി

                       

ടീം അഴിമുഖം

നവാസ് ഷെരീഫിനെ ക്ഷണിക്കാനുള്ള തീരുമാനം ആദ്യ നീക്കമെന്ന നിലയില്‍ ഏറെ അപകടകരമായ ഒന്നായിട്ടാണ് എല്ലാവരും കാണുന്നത്. എന്നാല്‍ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ എപ്പോഴും അസാധാരണമായതിനെ തേടിപോകുന്നതിന് പേരുകേട്ടയാളാണ്. ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വ്യവസ്ഥാപിതമായ രീതികളെ  തകിടം മറിച്ച് പാകിസ്ഥാനുമായി ബന്ധം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് മോദി. ഈ നീക്കത്തിലൂടെ നല്ല അയല്‍ബന്ധത്തിനാണ് താന്‍ വിദേശ നയത്തില്‍ മുന്‍ഗണന നല്‍കുന്നത് എന്നു വ്യക്തമാക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പാകിസ്ഥാന്‍ പ്രധാനമന്ത്രി രാഷ്ടപതി ഭവനില്‍ നടക്കുന്ന സത്യപ്രതിഞ്ഞ ചടങ്ങില്‍ പങ്കെടുക്കുന്ന 3000 അതിഥികളില്‍ ഒരാളാകാന്‍ പോകുന്നത്. കൂടാതെ സാര്‍ക് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

താന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന തിങ്കളാഴ്ച നവാസ് ഷെരീഫിന്‍റെ സാന്നിദ്ധ്യമുണ്ടാകണമെന്ന് മോദി കരുതുന്നതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടാകാം. പാക്കിസ്ഥാനുമായുള്ള വിദേശ നയത്തിന്‍റെ കാര്യത്തില്‍ കാലാകാലമായി മുത്തശ്ശി പാര്‍ട്ടിയായ കോണ്‍ഗ്രസ് തുടര്‍ന്ന് പോരുന്ന നിലപാടിലെ ഉറപ്പില്ലായ്മയെ നിരന്തരമായി ആക്രമിച്ചുവരുന്ന ഒരാളാണ് മോദി. ധീരമായ ഒരു നീക്കത്തിലൂടെ പന്ത് പാകിസ്ഥാന്‍റെ കോര്‍ട്ടിലെത്തിച്ചിരിക്കുകയാണ് ഇപ്പോള്‍ മോദി. ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കേണ്ടതിനെകുറിച്ചു നിരന്തരം സംസാരിക്കുന്നയാളാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. “തീര്‍ച്ചയായും ഇതൊരു അസാധാരണമായ നീക്കമാണ്. ഷെരീഫ് ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഇത് രണ്ട് നേതാക്കന്‍മാര്‍ക്കും ഒന്നിച്ചിരിക്കാനും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കാനും ഉള്ള അവസരമായി മാറും. ഇതില്‍ എന്തെങ്കിലും ഫലം ഉണ്ടാക്കിയിട്ടു വേണം ഷെരീഫിന് തന്‍റെ രാജ്യത്തേക്ക് തിരിച്ചു പോകാന്‍. മോദിയും ബി ജെ പിയും വര്‍ഷങ്ങളായി പിന്തുടരുന്ന പാകിസ്ഥാനോടുള്ള നയസമീപനത്തെ ഓര്‍മിപ്പിച്ച് വിമര്‍ശകരും സജീവമായിട്ടുണ്ടാകും.” ഇന്ത്യയുടെ അയല്‍ബന്ധങ്ങളെക്കുറിച്ച് ഏറെ പഠനം നടത്തിയിട്ടുള്ള വിദേശകാര്യ വിദഗ്ധന്‍ എം കെ ഭദ്രകുമാര്‍ അഭിപ്രായപ്പെടുന്നു.

“അസാധ്യമായൊരു കാര്യമാണെങ്കില്‍ പോലും നവാസ് ഷെറീഫിലേക്ക് എത്താനും അതിലൂടെ പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ ഇന്ത്യയോടുള്ള നിലപാടില്‍ വ്യക്തമായ മാറ്റം കൊണ്ടുവരാനും മോദിക്ക് കഴിയേണ്ടതുണ്ട്.” ഈ അടുത്തകാലത്ത് ഉണ്ടായിട്ടുള്ള ഇന്ത്യ-പാക് പ്രശ്നങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തി അഭിപ്രായപ്പെടുന്നു.

മോദിയുടെ സമ്പദ്ഘടന കേന്ദ്രീതവും വികസന കാഴ്ചപ്പാടോടുകൂടിയതുമായ സമീപനത്തിന് മുന്‍പില്‍ എന്തുകൊണ്ടും നിര്‍ണ്ണായക പ്രധാന്യം വഹിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. അതുകൊണ്ട് തന്നെ മോദിയുടെ നയത്തിന് ഏറ്റവും വലിയ പ്രതിബന്ധമാകാന്‍ സാധ്യതയുള്ള രാജ്യമായേക്കാവുന്ന പാകിസ്ഥാനോടുള്ള സമീപനം വളരെ പ്രധാനമാണ്. ഈ കാര്യത്തില്‍ മോദി നടത്തുന്ന പ്രതികരണങ്ങള്‍ മേഖലയില്‍ ഉണ്ടാക്കാനിടയുള്ള അനിഷ്ടകരമായ സംഭവങ്ങള്‍ ശക്തനായ നേതാവ് എന്ന മോദിയുടെ പ്രതിഛായയെ ബാധിക്കാന്‍ സാധ്യതയുണ്ട്. “ഈ മേഖലയില്‍ സമാധാനം ഉണ്ടാകേണ്ടിയിരിക്കുന്നു. ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടവും വികസനത്തിന് പ്രഥമ സ്ഥാനം കൊടുക്കലുമാണ് മേഖല നേരിടുന്ന പൊതുവായ വെല്ലുവിളി. അതുകൊണ്ട് തന്നെ ആഗോള പരിസരവുമായി ഏറ്റവും ദുര്‍ബലമായ രീതിയില്‍ സംയോജിക്കപ്പെട്ടിട്ടുള്ള പ്രദേശമാണിത്.” ഈ അടുത്ത് ബി ജെ പിയില്‍ ചേര്‍ന്ന 39 വര്‍ഷക്കാലം വിദേശകാര്യ മേഖലയില്‍ ജോലി നോക്കിയിട്ടുള്ള ഹര്‍ദീപ് പുരി പറയുന്നു. തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം നേടി അധികാരത്തിലേറിയതിലൂടെ ഈ മേഖലയിലെ ശക്തനായ നേതാവായി സ്വയം അവരോധിക്കാന്‍ ശ്രമിക്കുകയാണ് മോദി.

മറ്റ് പ്രശ്നങ്ങളില്‍പ്പെട്ട് പ്രതിസന്ധിയിലകപ്പെടുന്നതിന് മുന്‍പായി തന്‍റെ ഭരണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ വെല്ലുവിളി ഏറ്റെടുക്കുന്നതായിരിക്കും നല്ലത് എന്ന ചിന്തയാണ് മികച്ച ഭൂരിപക്ഷത്തിലൂടെ അധികാരത്തിലെത്തിയ മോദിയെ നയിക്കുന്നത്. “നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മോദിക്ക് ഏറെ സമയം പാകിസ്ഥാനോടുള്ള നയ സമീപനങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരും. അതുകൊണ്ട് തന്നെ മോദിയെ പോലെ തന്നെ വളരെ വ്യക്തമായ മേല്‍ക്കൈ ഉണ്ടെങ്കിലും പാകിസ്ഥാനുമായി ബന്ധപ്പെട്ട കാര്യത്തില്‍ പരിമിതമായ അധികാരം മാത്രം കയ്യാളുന്ന ഷെരീഫുമായി നല്ല ബന്ധത്തിലാവുന്നതായിരിക്കും മോദിയെ സംബന്ധിച്ചിടത്തോളം നല്ലത്.” വിദേശകാര്യ മേഖലയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍