UPDATES

ഓഫ് ബീറ്റ്

ആസിഡ് ആക്രമണ ഇരകള്‍ നടത്തുന്ന കഫേയും ISROയിലെ വനിതാ ശാസ്ത്രജ്ഞരും

ഈ വനിതാ ദിനത്തിലെ നായികമാരില്‍ ചിലര്‍

                       

ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ ആഗ്രയില്‍ നടത്തുന്ന കഫേ, ഐഎസ്ആര്‍ഒയുടെ റെക്കോഡ് തകര്‍ത്ത സാറ്റ്‌ലൈറ്റ് വിക്ഷേപണത്തില്‍ പങ്കാളികളായ മൂന്ന് ശാസ്ത്രജ്ഞര്‍, ഏഷ്യയിലെ ആദ്യത്തെ വനിത ഡീസല്‍ എഞ്ചിന്‍ ഡ്രൈവര്‍, ദരിദ്രര്‍ക്ക് ചികിത്സയ്ക്കായി പണം കണ്ടെത്തുന്ന ചത്തീസ്ഗഡിലെ വനിത കോണ്‍സ്റ്റബിള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് ഈ വര്‍ഷത്തെ നാരി ശക്തി പുരസ്‌കാരം ലഭിക്കുന്നത്.

ആസിഡ് ആക്രമണത്തിലെ ഇരകള്‍ നടത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ കഫേയാണ് ‘ഷീറോസ്. ‘എനിക്ക് 14 വയസുള്ളപ്പോള്‍ രണ്ടാനമ്മയാണ് എന്റെ മുഖത്ത് ആസിഡ് ഒഴിച്ചത്. അതിന് ശേഷം എന്റെ അമ്മാവന്റെ വീട്ടില്‍ പുറംലോകം കാണാതെ അടച്ചിരിക്കുകയായിരുന്നു ഞാന്‍. ഷീറോസ് എന്റെ ജീവിതവീക്ഷണം തന്നെ മാറ്റിമറിച്ചു. ഇപ്പോള്‍ മുഖം മറയ്ക്കാതെ ഉപഭോക്താക്കളെ പരിചരിക്കാന്‍ എനിക്ക് സാധിക്കുന്നുണ്ട്,’ എന്ന് ചാന്‍വ് ഫൗണ്ടേഷന്‍ നടത്തുന്ന കഫേയിലെ ജീവനക്കാരി 24 വയസുള്ള രൂപ സാ പറയുന്നു.

തുടക്കത്തില്‍ കഫേയില്‍ ജോലിക്ക് വരാന്‍ ആസിഡ് ആക്രമണത്തിലെ ഇരകള്‍ക്ക് മടിയായിരുന്നെങ്കിലും ഇപ്പോള്‍ അവര്‍ ജോലി അന്വേഷിച്ച് ഇങ്ങോട്ട് വരാന്‍ തുടങ്ങിയിട്ടുണ്ടെന്നും രൂപ സാ പറയുന്നു. ആഗ്രയിലെ കഫേ വലിയ വിജയമായതിനെ തുടര്‍ന്ന് ഇപ്പോള്‍ ഉദയ്പൂരിലും ലക്‌നൗവിലും രണ്ട് കഫേകള്‍ കൂടി തുടങ്ങിയിട്ടുണ്ട്. ആസിഡ് ആക്രമണങ്ങളില്‍ പരിക്കേറ്റ 21 പേരാണ് ഈ കഫേകളില്‍ ജോലി ചെയ്യുന്നത്.

ഐഎസ്ആര്‍ഒയുടെ ബംഗളൂരുവിലെ സാറ്റ്‌ലൈറ്റ് കേന്ദ്രത്തിലെ ഫ്‌ളൈറ്റ് ഡയനാമിക്‌സ് ശാസ്ത്രജ്ഞയായ അനാറ്റ സോണെ പുരസ്‌കാരലബ്ദിയിലുള്ള തന്റെ സന്തോഷം മറച്ചുവെക്കുന്നില്ല. വനിത ശാസ്ത്രജ്ഞര്‍ക്ക് ഇത്തരം പുരസ്‌കാരങ്ങള്‍ അപൂര്‍വമായി മാത്രമേ ലഭിക്കാറുള്ളുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അമ്മമാര്‍ക്കുള്ള ബഹുമതി എന്ന നിലയില്‍ മോം എന്ന് പേരിട്ട ചൊവ്വ പര്യവേഷണ പദ്ധതി കൂടാതെ സമീപകാലത്ത് 104 ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ നിര്‍ണായക പങ്കുവഹിച്ച മറ്റ് രണ്ട് വനിത ശാസ്ത്രജ്ഞരായ സുബു വാരിയര്‍, ബി ചോഡനായഗെ എന്നിവര്‍ക്കൊപ്പം അവര്‍ പുരസ്‌കാരം പങ്കിടും. ഇതുവരെയുള്ള യാത്ര വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെങ്കിലും സംതൃപ്തിദായകമാണെന്ന് മംഗല്യയാന്‍ ടീമിന്റെ ഭാഗം കൂടിയായ സോണെ പറയുന്നു. വിക്ഷേപണത്തിന് മുമ്പ് തങ്ങള്‍ക്കും പുരുഷ സഹപ്രവര്‍ത്തകരെ പോലെ നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അവധികളും കുടുംബത്തിലെ ആഘോഷങ്ങളും നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ വിക്ഷേപണം വിജയമാകുന്നതോടെ ഈ ബുദ്ധിമുട്ടുകളൊക്കെ മറന്നുപോകും. കുടുംബവും ജോലിയും ഒപ്പം കൊണ്ടുപോകേണ്ടി വരുന്നതിനാല്‍ സ്ത്രീകള്‍ക്ക് വെല്ലുവിളി കൂടുതലാണെന്നും അവര്‍ പറയുന്നു.

ഏഷ്യയിലെ ആദ്യ വനിത ഡീസല്‍ തീവണ്ടി ഡ്രൈവറായ മുംതാസ് കാസിയും ഇതിനോട് യോജിക്കുന്നു. 26 വര്‍ഷമായി തീവണ്ടി ഡ്രൈവറായി ജോലി നോക്കുന്ന കാസിയും ഇക്കൊല്ലത്തെ പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ‘വളരെ കഠിനമായ ജോലിയാണ്. ജോലി സമയത്ത് യാത്രക്കാരുടെ സുരക്ഷിതത്വം നിങ്ങളുടെ മാത്രം ഉത്തരവാദിത്വത്തിലാണ്,’ എന്ന് അവര്‍ ഹിന്ദുസ്ഥാന്‍  ടൈംസിനോട് പറഞ്ഞു. 13 വയസുകാരിയായ മകള്‍ക്ക് പൈലറ്റാവാനാണ് ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവരുടെ ചികിത്സയ്ക്കായി ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പണം സ്വരൂപിക്കുന്ന ചത്തീസ്ഗഡിലെ പോലീസ് കോണ്‍സ്റ്റബിള്‍ സനിത ടണ്‍ഡി, ലോകത്തിലെ ആദ്യത്തെ വനിത കഥകളി സംഘമായ തൃപ്പൂണിത്തുറ കഥകളി കേന്ദ്രം എന്നിവര്‍ക്കും പുരസ്‌കാരമുണ്ട്.

കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ലോക വനിതദിനമായ മാര്‍ച്ച് എട്ടിന് രാഷ്ട്രപതി വിതരണം ചെയ്യും. 31 പേര്‍ക്കാണ് പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുള്ളത്. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് പുരസ്‌കാരം നല്‍കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍