UPDATES

സിനിമ

IFFK: കലാപങ്ങളാല്‍ ചിതറിയ രാജ്യങ്ങളിലെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഇന്ത്യയെക്കുറിച്ചും ഓര്‍മകളുണ്ടാകണം

ദേശീയ ഗാനം പ്രദർശിപ്പിക്കുമ്പോൾ എഴുന്നേറ്റു നിന്നവരെല്ലാം ദേശ സ്നേഹികളാകുന്നുണ്ടോ? ഇരുന്നവരെല്ലാം ദേശവിരുദ്ധരുമല്ല; അവർക്കും ഈ രാജ്യത്തോട് സ്നേഹവും കരുതലുമുണ്ട്.

                       
രാജ്യത്തെ എല്ലാ തീയേറ്ററുകളിലും സിനിമാ പ്രദർശനത്തിനു മുൻപ് ദേശീയ ഗാനം ഇടണമെന്ന് നവംബർ മുപ്പതിന് സുപ്രീം കോടതി ഉത്തരവിട്ടതിന് ശേഷമുള്ള ഇന്ത്യയിലെ ആദ്യ ചലച്ചിത്രോത്സവം എന്ന നിലയ്ക്കു ഏവരും ഐ.എഫ്.എഫ്.കെയെ ശ്രദ്ധയോടെയാണ് നോക്കിയിരുന്നത്. ദിവസം ആറു പ്രദർശനങ്ങളുള്ള നിലയ്ക്ക് തീയേറ്ററിലെ ദേശീയ ഗാനത്തെ ആളുകൾ എങ്ങനെ സ്വീകരിക്കും എന്നതും ചർച്ചയായിരുന്നു.
മേള തുടങ്ങിയത് ഡിസംബർ ഒൻപതാം തീയതി വെള്ളിയാഴ്ച്ചയാണ്. അന്ന് ഉണ്ടായിരുന്ന മൂന്ന് ഷോയ്ക്കും ഭൂരിപക്ഷം തീയേറ്ററിലും എല്ലാവരും എണീറ്റു നിൽക്കുക തന്നെ ചെയ്തു.  പിറ്റേന്ന്‍ ഒാരോ ഷോയ്ക്കും രണ്ടും മൂന്നും ആളുകൾ വീതം സീറ്റിൽ ഇരിക്കുന്നതാണ് കാണാനായത്.
ഞായറാഴ്ച്ച ഇരിക്കുന്നവരുടെ എണ്ണം പത്തും പന്ത്രണ്ടുമായി ഉയർന്നു. ചെന്നെെയിൽ ദേശീയ ഗാനത്തെ എഴുന്നേറ്റു നിന്നു ബഹുമാനിക്കാതിരുന്ന എട്ട് പേരെ ആക്രമിച്ചെങ്കിൽ, ഇവിടെ എഴുന്നേൽക്കാത്തവർക്കിട്ട് പുറകിൽ നിന്ന് ചവിട്ടും ഇറങ്ങിപ്പോകുമ്പോൾ തള്ളി ഭിത്തിയിൽ ചേർക്കുന്നത് പോലുള്ള ചെറിയ ചെറിയ അക്രമങ്ങളും ഉണ്ടായി. അടിച്ചവരെയല്ല അടി കൊണ്ടവരെയാണ് ചെന്നൈയിൽ അറസ്റ്റ് ചെയ്തത്, അതൊക്കെ കൊണ്ടാകാം ചവിട്ട് കൊണ്ടവരൊന്നും അതൊരു വിഷയമാക്കിയില്ല.
if-3
പിറ്റേന്നു വൈകിട്ട് എട്ടരയ്ക്ക് നിശാഗന്ധിയിൽ ‘ഡെത്ത് ഇൻ സരജെവോ’ എന്ന ഫ്രഞ്ച് ചലച്ചിത്രം പ്രദർശിപ്പിക്കുകയായിരുന്നു. പതിവുപോലെ പത്തിലധികം ആളുകൾ ദേശീയ ഗാനത്തിൻ്റെ സമയത്ത് ഇരിക്കുകയുണ്ടായി. പെട്ടന്നു തന്നെ നാല് പോലീസ് ഉദ്യോഗസ്ഥരെത്തി പിൻസീറ്റിലിരുന്ന നാല് വിദ്യാർത്ഥികളെ കൂട്ടിക്കൊണ്ടു പോയി. ചോദിച്ചപ്പോൾ “നിനക്കറിയണോടാ” എന്നൊക്കെയുള്ള സ്ഥിരം മറുപടി. തുടർന്ന്‍ ഡെലിഗേറ്റ് പാസ്സിട്ട ഒരാൾ എത്തി രണ്ട് സ്ത്രീകളെക്കൂടി പോലീസിന് ചൂണ്ടിക്കാണിച്ചു. അവരുടെ അടുത്ത് പോലീസ് എത്തി എന്തൊക്കെയോ ചോദിച്ചിട്ട് തിരിച്ചു പോയി. ചൂണ്ടിക്കാണിച്ചത്, ജനം ടിവിയിലെ റിപ്പോർട്ടർ ശ്രീകാന്ത് എന്നയാളാണെന്ന്  പിന്നീട് കേട്ടു. ആദ്യം കൊണ്ടുപോയ നാല് പേരെ അറസ്റ്റ് ചെയ്തു.
ദേശീയ ഗാനത്തെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയിൽ, സർക്കാരിനും വ്യക്തമായ നിലപാടില്ലായിരുന്നു. നിയമ മന്ത്രിയുടെ നിലപാടായിരുന്നില്ല മുഖ്യമന്ത്രിയടക്കം ബാക്കി മന്ത്രിമാർ സ്വീകരിച്ചത്. കൂടാതെ അറസ്റ്റ് ചെയ്തത് ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന്‍ ജനങള്‍ക്കും ബോധ്യമില്ലായിരുന്നു.
1976 -ലെ 42-ആം ഭേദഗതി പ്രകാരം ദേശീയ പതാകയേയും ദേശീയ ഗാനത്തേയും ബഹുമാനിക്കുക എന്നത് മൗലിക കർത്തവ്യങ്ങളിൽ ഒന്നാണ്.
ഈ ഒരു വിഷയത്തിലൊരുപാട് വിധികളും കേസുകളും രാജ്യത്തുണ്ടായിട്ടുമുണ്ട്. 2002-ൽ ശ്യാം നാരായൺ ചൗക്സേ എന്നയാൾ മധ്യപ്രദേശ് ഹെക്കോടതിയിൽ ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ചിൽ നിന്നും ‘കഭി കുശി കഭി ഗം’ എന്ന സിനിമയിൽ ദേശീയ ഗാനം ആലപിച്ചപ്പോൾ പ്രേക്ഷകർ എണീറ്റില്ല എന്നു പറഞ്ഞു സിനിമയ്ക്കെതിരെ വിധി സമ്പാദിച്ചു. ദേശീയ ഗാനം നിർന്ധമായും സിനിമയ്ക്കു മുൻപ് പ്രദർശിപ്പിക്കണം എന്നും ഹർജിയിൽ ആവശ്യം ഉണ്ടായിരുന്നു.
if-6
2004ൽ സിനിമയുടെ നിർമ്മാതാവ് കരൺ ജോഹർ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വി.എൻ ഖരെയുടെ ബഞ്ചിൽ നിന്നും ഇതിനെതിരെ കൂല വിധി നേടി. ദേശീയ ഗാനം പ്രദർശിപ്പിക്കുമ്പോൾ ആളുകൾ എഴുന്നേറ്റ് നിൽക്കുന്നത് തീയേറ്ററുകളിൽ നിർബന്ധമാക്കാൻ കഴിയില്ലെന്നും അന്ന് വിധി വന്നു.
ബിജോയ് മാന്വൽ v/s സ്റ്റേറ്റ് ഒാഫ് കേരള എന്ന ഒരു പ്രശസ്ത കേസിൽ വിദ്യാലയങ്ങളിലും പൊതു ചടങ്ങുകളിലും ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നിന്നാൽ മാത്രം മതിയെന്നും കൂടെ പാടണമെന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മറ്റൊരു സ്കൂളിൽ ദേശീയ ഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റു നിന്നില്ല എന്നതിൻ്റെ പേരിൽ സുപ്രീം കോടതി വരെ പോയ കേസുമുണ്ട്. അന്ന് കോടതി നിരീക്ഷിച്ചത് എഴുന്നേൽക്കാതിരിക്കുന്നത് ബഹുമാനക്കുറവല്ല, കൂടാതെ ആരെയും നിർബന്ധിക്കാൻ ആവില്ലെന്നുമാണ്.
തുടർന്ന്‍  2016 നവംബർ 30-ന്  അതേ ശ്യാം നാരായൺ ചൗക്സേ തന്നെ അതേ ദീപക് മിശ്ര സുപ്രീം കോടതി ജഡ്ജിയായപ്പോൾ സിനിമകൾക്കു മുൻപ് ദേശീയ ഗാനം പ്രദർശിപ്പക്കണമെന്ന വിധി വാങ്ങിയിരിക്കുന്നു. അങ്ങനെ ഒരുപാട് ഹർജികളും വിധികളും ദേശീയ ഗാനത്തിൻ്റെ പേരിലുണ്ടായിട്ടുണ്ട്.
അറസ്റ്റ് ചെയ്തവരെ പതിമൂന്നാം തീയതി രാവിലെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. അന്ന് മുതൽ തീയേറ്ററുകളിൽ സിനിമ ആരംഭിക്കും മുൻപ് ‘ദേശീയ ഗാനം പ്രദർശിപ്പിക്കുമ്പോൾ എല്ലാവരും നിർബന്ധമായും എഴുന്നേറ്റു നിന്നു ആദരവ് പ്രകടിപ്പിക്കണം’ എന്ന നോട്ടീസ് വായിക്കാൻ തുടങ്ങി. ദേശീയ ഗാനത്തെ കുറിച്ചൊക്കെ നിർദ്ദേശം നൽക്കുന്നത് കേട്ട് മേളയ്ക്കെത്തിയ വിദേശികളൊക്കെ ഞെട്ടിയിട്ടുണ്ടാകും.
if-4
ദേശീയ ഗാനത്തിനിടയ്ക്ക് ഫോട്ടോയും വീഡിയോയും എടുത്ത മാധ്യമ പ്രവർത്തകർക്കു നേരെ ‘ബഹുമാനം മാധ്യമ പ്രവർത്തകർക്കും ബാധകമാണെന്നു’ പറഞ്ഞു ഡെലിഗേറ്റുകൾ ഒന്നായി തിരിയുന്ന കാഴ്ച്ചയും കാണാനായി. പിറ്റേന്നു മുതൽ ഒരുപാട് പ്രതിഷേധങ്ങൾ നടന്നു. അധ്യാപകരും ചലച്ചിത്ര പ്രവർത്തകരുമടക്കം നിരവധിപ്പേർ ചലച്ചിത്ര മേള ബഹിഷ്കരിച്ചു.
ഇരുന്നു പ്രതിഷേധിക്കുന്നവരുടെ എണ്ണം കൂടി, ചിലർ തിരിഞ്ഞു നിന്നും പ്രതിഷേധിച്ചു. പതിനൊന്നു മണിയോടെ സംവിധായകരായ സനൽ കുമാർ ശശിധരൻ, സജിൻ ബാബു എന്നിവരുൾപ്പെടുന്ന ഇരുപതോളം ആളുകൾ കൈരളി സിനി കോംപ്ലക്സിൻ്റെയും ടാഗോർ തീയേറ്ററിൻ്റെയും മുൻപിൽ ഒത്തുകൂടി.
നമ്മുടെ ദേശീയ ഗാനത്തെ തീയേറ്ററുകളിൽ പ്രദർശിപ്പിച്ച് അപമാനിക്കരുത് എന്ന പ്ലക്കാർഡുകളും അവരുടെ കൈയ്യിലുണ്ടായിരുന്നു.
‘Dear Supreme Court Love Cannot Be Forced’ എന്ന ബാഡ്ജും മിക്ക ഡെലിഗേറ്റ്സുകളും കുത്തിയിരുന്നു. സനൽ കുമാര്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചവര്‍ ചോദിച്ചത് പ്രസക്തമായിരുന്നു, ‘ഇന്ത്യയിലെ ഭൂരിപക്ഷം സിനിമകളും കച്ചവടം മാത്രം ഉദ്ദേശിച്ചു വിറ്റഴിക്കാൻ തീയേറ്ററുകളിൽ എത്തിക്കുന്നതാണ്. ആ സാഹചര്യത്തിൽ തീയേറ്ററുകൾ മാർക്കറ്റ് തന്നെ ആകുന്നു. അവിടെ ഒരു രാജ്യത്തിൻ്റെ ദേശീയ ഗാനം ആലപിക്കുന്നത് വഴി, അത് അപമാനിക്കപ്പെടുക തന്നെയാണ്’.
പതിനാലാം തീയതി വൈകുന്നേരം കമലിനെതിരെ പ്രതിഷേധവുമായി ഇരുപത്തഞ്ചോളം ബി.ജെ.പി പ്രവർത്തകർ കലാഭവനിലേക്കു തള്ളിക്കയറാൻ ശ്രമിച്ചു. തീയേറ്ററുകളിൽ ദേശീയ ഗാനം പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹർജി നൽകിയ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ മേലധികാരി കമലാണെന്നു പറഞ്ഞായിരുന്നു പ്രതിഷേധം. കമലിനെ വീണ്ടും കമാലുദ്ദീനാക്കുകയും കോലം കത്തിക്കുകയും ചെയ്തു.
if-7
പതിനഞ്ചാം തീയതി പത്തരയോടടുത്ത് രാഹുൽ വിജയുടെ നേതൃത്വത്തിൽ ഫെയ്സ്ബുക്കിലൂടെ സംഘടിച്ച നാൽപതിലേറെ വിദ്യാർത്ഥികൾ ചേർന്ന്‍ ‘അടിച്ചേൽപ്പിക്കുന്ന ദേശീയത’ എന്ന മുദ്രാവാക്യമുയർത്തി ടാഗോർ തീയേറ്ററിൻ്റെ മുൻപിൽ തെരുവ് നാടകവും വരയും ആട്ടവും പാട്ടും സംഘടിപ്പിച്ചു. തുടർന്ന്‍ ദേശീയത വിഷയങ്ങള്‍ ചർച്ച ചെയ്യുകയും താന്‍ ദേശസ്നേഹിയാണെന്നു തെളിയിക്കേണ്ട ഒരോരുത്തരുടെയും അവസ്ഥയെ തുറന്നു കാണിക്കുകയും ചെയ്തു.
മേളയുടെ അവസാന രണ്ട് ദിവസവും പത്തും പന്ത്രണ്ടും ആളുകൾ വീതം എല്ലാ തീയേറ്ററുകളിലും ദേശീയ ഗാനത്തിൻ്റെ സമയത്ത് ഇരിക്കുന്നുണ്ടായിരുന്നു. പിന്നീട് പ്രതിഷേധങ്ങളോ അറസ്റ്റുകളോ ഒന്നും ഉണ്ടായില്ല. പല സൗഹൃദം കൂട്ടങ്ങളിലും ചർച്ചകൾ മാത്രമായി ദേശീയ ഗാനം. ഡെലിഗേറ്റ്സുകൾക്കിടയിൽ രണ്ട് അഭിപ്രായങ്ങളാണ് ഇത് സംബന്ധിച്ച് ഉണ്ടായിരുന്നത്. ”ഒന്ന്‍ എണീറ്റതു കൊണ്ട് എന്തു സംഭവിക്കാനാണ്?” എന്ന് ഭൂരിപക്ഷവും ചോദിക്കുമ്പോൾ,
മറ്റൊരു കൂട്ടർ പറയുന്നത് “നിർബന്ധിച്ചുണ്ടാക്കിയെടുക്കേണ്ടതല്ല രാജ്യ സ്നേഹം” എന്നാണ്.
കോടതി തുടങ്ങും മുൻപ് ദേശീയ ഗാനം വയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡിസംബർ രണ്ടിലെ ഹർജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിൽ, തീയേറ്ററുകളാണോ കോടതികളേക്കാളും ദേശീയ ഗാനം പ്രദർശിപ്പക്കാൻ അനുയോജ്യമെന്നു കോടതിക്കു തോന്നിയോ എന്നുള്ള ചര്‍ച്ചകളും ഉയര്‍ന്നു കേട്ടു.
if-1
ഭരണഘടനയനുസരിച്ച് വ്യക്തികളുടെ മൌലിക സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള കർത്തവ്യം സുപ്രീം കോടതിക്കുണ്ട്. ദേശീയ ഗാനം പ്രദർശിപ്പിക്കാൻ തീർത്തും അനുചിതമായ സ്ഥലമാണ് തീയേറ്ററുകൾ. ദേശീയതയോ ദേശസ്നേഹമോ ഒന്നും നിർബന്ധിച്ചോ ഭയപ്പെടുത്തിയോ ആളുകളിൽ ഉണ്ടാക്കി എടുക്കേണ്ട ഒന്നല്ല. അതൊക്കെ സ്വഭാവികമായി ഉണ്ടാകേണ്ടതാണ്. ദേശീയ ഗാനം പ്രദർശിപ്പിക്കുമ്പോൾ എഴുന്നേറ്റു നിന്നവരെല്ലാം ദേശ സ്നേഹികളാകുന്നുണ്ടോ? ഇരുന്നവരെല്ലാം ദേശവിരുദ്ധരുമല്ല; അവർക്കും ഈ രാജ്യത്തോട് സ്നേഹവും കരുതലുമുണ്ട്. എന്നാല്‍ അത് അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും നിര്‍ബന്ധിച്ച് ചെയ്യിക്കേണ്ടതല്ലെന്നുമാണ് അതിനെക്കുറിച്ച് പറയാനുള്ളത്.
ഇരുപത്തൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം തീരുമ്പോൾ പ്രദർശിപ്പിച്ച ചിത്രങ്ങളുടെ പ്രമേയവും രാജ്യത്തു നടക്കുന്ന സംഭവ വികാസങ്ങൾക്കും ഒരേ മാനമാണെന്നു തോന്നി. ഭരണകൂടഭീകരതയും പലായനങ്ങളും പല വിഭാഗങ്ങളായി ചിതറി കലാപങ്ങൾ അരങ്ങേറുന്ന രാജ്യങ്ങളിലെ കാഴ്ച്ചകളും നാളത്തെ ഇന്ത്യയെക്കുറിച്ച് പ്രേക്ഷകരിൽ ഒരു വിങ്ങൽ ഉണ്ടാക്കിയിട്ടുണ്ടാകണം.
if-2
ദേശീയത, ദേശീയ ഗാനം അങ്ങനെ ഒാരോന്നും രാഷ്ട്രീയ ലക്ഷ്യത്തിനായി മാത്രം ഉപയോഗിക്കപ്പെടുന്നു. അതിലെ അപകടം കോടതി തിരിച്ചറിയുന്നുമില്ല. രാജ്യത്തെ പലതായി മുറിക്കുക എന്ന രഹസ്യമായ ലക്ഷ്യം ഈ വിഷയത്തേയും രാഷ്ട്രീയമായി മാറ്റുന്നതിലൂടെ ഇതില്‍ മുതലെടുപ്പ് നടത്തുന്ന സംഘടനകള്‍ക്ക് സാധ്യമാകുന്നുണ്ട്. നമ്മളത് തിരിച്ചറിയാൻ വൈകുന്നത് അപകടവുമാണ്.
നജീബ് എവിടെ എന്ന് ഇന്നാരും ചോദിച്ചു കേൾക്കുന്നില്ല? നോട്ട് നിരോധനം വരുത്തി വച്ച പ്രശ്നങ്ങളും എല്ലാവരും മറന്നു തുടങ്ങി… ആ സമയത്താണ് ഇര തേടിയിരുന്ന സര്‍ക്കാരിന് മുന്നിലേക്ക് ദേശീയ ഗാന വിഷയം വീണുകിട്ടുന്നത്. അവർ അതും കൃത്യമായി ഉപയോഗിക്കുന്നു. അങ്ങനെ നമ്മുടെ നിലപാടുകളൊക്കെ വ്യത്യസ്തമാക്കിയിരിക്കുന്നു.
“സോ കോൾഡ്” രാജ്യസ്നേഹികളെന്നും രാജ്യദ്രോഹികളെന്നും ജങ്ങള്‍ക്കിടയില്‍ ഒരു വിഭാഗീയത കൂടി സൃഷ്ടിച്ചിരിക്കുന്നു. അങ്ങനെ കുറെക്കാലമായി രാജ്യത്തുണ്ടാകുന്ന ഓരോ വിഷയങ്ങളിലും കൃത്യമായ ആസൂത്രണം കാണാനാകും. അതുകൊണ്ട് തന്നെ നമ്മൾ ജാഗ്രതയോടെ കാര്യങ്ങളെ സമീപിക്കേണ്ടിയിരിക്കുന്നു.
(കോട്ടയം സി.എം.എസ്സ് കോളേജ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Avatar

ദേവനാരായണന്‍ പ്രസാദ്

കോട്ടയം സി.എം.എസ്സ് കോളേജ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി

More Posts

Share on

മറ്റുവാര്‍ത്തകള്‍