UPDATES

സ്വാമി സംവിദാനന്ദ്

കാഴ്ചപ്പാട്

നദിയൊഴുകും വഴി

സ്വാമി സംവിദാനന്ദ്

കമലുമാരെ കമാലുദ്ദീനാക്കുമ്പോൾ; ഇത് ആസൂത്രിതമാണ്

കമൽ എന്ന വ്യക്തിയെ ദേശവിരുദ്ധതയുടെ ട്രാക്കിൽ കയറ്റി കമൽ കമാലുദ്ദീനാണെന്നും കമാലുദ്ദീന്‍ എന്നാല്‍ മുസ്ളീമാണെന്നും മുസ്ളീമുകൾ ദേശീയഗാന വിരുദ്ധരാണെന്നും ദേശീയഗാന വിരുദ്ധര്‍ ദേശവിരുദ്ധരാണെന്നും പച്ചയ്ക്ക് പറയുകയാണ്‌ ഈ സമരം.

“അദ്ദേഹത്തിന്റെ പേരിനെ തന്നെ വളച്ചൊടിച്ച് പൊതുജന മധ്യത്തിൽ അദ്ദേഹത്തെ ദേശീയഗാന വിരുദ്ധനാക്കി ചിത്രീകരിക്കുകയും വീടിനു മുന്നിൽ ദേശീയഗാനം ഒരു സമരമാർഗ്ഗമായി ചൊല്ലി ദേശീയ ഗാനത്തെയും സുപ്രീം കോടതി വിധിയേയും അപമാനിക്കുക എന്ന ക്രിമിനൽ കുറ്റം ചെയ്യുന്നത് ആരാണെന്ന് ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്.”

                       

ചില പ്രത്യേക ലക്ഷ്യങ്ങളുള്ള ക്രിമിനലുകൾ ചേർന്ന് അതിഗുരുതരമായ വര്‍ഗീയ ധ്രുവീകരണത്തിനായി ഒളിഞ്ഞും തെളിഞ്ഞും ആസൂത്രിത ചുവടുവായ്പ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. അതിൽ ആരും ഇരയാക്കപ്പെടാം; ചിലപ്പോള്‍ അത് ചെയ്യുന്നത് മതപണ്ഡിതരാവാം ചിലപ്പോള്‍ രാഷ്ട്രീയക്കാരാവാം. കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ്‌ ഇത്തരക്കാർ ഈ പ്രവൃത്തി ചെയ്യുന്നതെന്നത് പകൽ പോലെ വ്യക്തമാണ്‌.

കമൽ എന്നത് ഒരു മതേതര നാമമാണ്‌; അത് ഒരു വ്യക്തി ബോധപൂർവ്വം തിരഞ്ഞെടുത്ത പേരാണ്‌. ആ പേരിലൂടെയും, നിരന്തരം നൃത്തവും ഗീതവും നാട്യവും അടങ്ങുന്ന കാര്യങ്ങളെ തിരസ്ക്കരിക്കുന്ന വ്യവസ്ഥാപിതമായ ഒരു മതത്തിന്റെ പ്രഖ്യാപിത കലാവിരുദ്ധമുഖത്തിനെതിരെയും കലാകാരനെന്ന നിലയിൽ കമൽ ഒരു നിശബ്ദ സമരം തന്നെ ചെയ്യുന്നുണ്ട്. എന്നു മാത്രമല്ല കഴിഞ്ഞ 30 വർഷക്കാലത്തെ കലാജീവിതത്തിനിടയിൽ കമൽ എന്ന കലാ പ്രവർത്തകന്റെ അദ്ദേഹം ഉപയോഗിക്കുന്ന മാധ്യമത്തിന്റെ ഏതെങ്കിലും സങ്കേതം ഉപയോഗിച്ച് ഏതെങ്കിലും രീതിയിലുള്ള മതപ്രചരണമോ അപര മതനിന്ദയോ മതവിരുദ്ധതയോ പ്രചരിപ്പിചതായി നമ്മൾ കണ്ടിട്ടില്ല, അനുഭവിച്ചിട്ടില്ല. എന്നു മാത്രമല്ല രാജ്യത്ത് വർഗ്ഗീയതയും ദേശീയതയ്ക്ക് വിരുദ്ധമായ കാര്യങ്ങൾ സംഭവിക്കുമ്പോഴും അതിനെ എതിർക്കുന്ന ഒരു ജാഗ്രതയുള്ള രാജ്യസ്നേഹി എന്ന നിലയിൽ പല സമരമുഖങ്ങളിലും കമൽ ഉണ്ടായിരുന്നു എന്നതും നമുക്ക് മറക്കുവാൻ സാധിക്കില്ല.

ഈയൊരു സാഹചര്യത്തിൽ വേണം ബിജെപി എന്ന രാഷ്ട്രീയ പാർട്ടി മുസ്ളീം കുലത്തിൽ ജനിച്ചു എന്നതിനാൽ ഇവനും ദേശവിരുദ്ധനാണെന്ന് വരുത്തിത്തീർക്കുക എന്ന ഉദ്ദേശത്തിലൂടെ അദ്ദേഹത്തിനെതിരെ സമരം തുടങ്ങിയതെന്ന് സാധരണ ജനങ്ങൾ അനുമാനിക്കേണ്ടി വരും. തീവ്രമതവാദികളായിരുന്നു സ്ഥിരം ഇത് ചെയ്തിരുന്നതെങ്കില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഭരണത്തിൽ വന്നതുമുതൽ അതിന്റെ രീതികളിൽ പ്രകടമായ വ്യത്യാസം വന്നു. കാണെക്കാണെ നമ്മളെയെല്ലാവരെയും നിർബന്ധിതമായി ഓരോ കളങ്ങളിൽ കുടുക്കുന്ന കാഴ്ച്ചകൾ വർധിച്ചു വരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനു നേരെ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധം.

സോഷ്യൽ മീഡിയായിൽ സ്വതന്ത്ര അഭിപ്രായം പറയുന്ന ആരെയും കാര്യ
കാരണമൊന്നും നോക്കാതെ ഒറ്റയടിക്ക് അവരുടെ നിലപാടുകളെ മാത്രം വിലയിരുത്തി സംഘിയെന്നോ സുഡാപ്പിയെന്നോ കൊങ്ങിയെന്നോ ഒക്കെ പേരിട്ട് ആവശ്യത്തിനും അനാവശ്യത്തിനും ചീത്തവിളിക്കുന്ന അന്ധരായ മതരാഷ്ട്രീയ അണികൾ ഒരു സ്ഥിരം കാഴ്ച്ചയാണ്‌. ഒരു രാഷ്ട്രീയ പാർട്ടി കമൽ എന്ന ചലച്ചിത്ര അക്കാദമി അധ്യക്ഷനെ ഇരയാക്കി, യാതൊരു വിധത്തിലും ദേശീയ ഗാനത്തിനു വിരുദ്ധമായ് എന്തെങ്കിലും നിലപാടെടുക്കാത്ത, അതിനെ അനുകൂലിച്ച് നിലപാടെടുക്കുന്നു എന്ന് നിരന്തരം ഈ ചലച്ചിത്രമേളയിൽ തെളിയിച്ച, അദ്ദേഹത്തെ ഒരു ഫിലിം സൊസൈറ്റിയുടെ പേരിലാണ്‌ അക്രമിക്കുന്നത്.

കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി എന്ന സംഘടനയുടെ രക്ഷാധികാരിയാണ് എന്നതും ആ സംഘടന സുപ്രീം കോടതിയിൽ വിധിക്കെതിരെ പോയി എന്നതുമാണ്‌ കമലിനെ ദേശീയഗാന വിരുദ്ധനാക്കിയും കമാലുദ്ദീനാക്കിയും ബിജെപി എന്ന രാഷ്ട്രീയ പാർട്ടി രംഗത്തെത്തിയത്. നിരവധി വിദേശികൾ ഡെലിഗേറ്റുകളായ, ഒരു ദിവസം അഞ്ച് പ്രാവശ്യം വീതം ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കുന്ന, പ്രദർശിപ്പിക്കുമ്പോഴൊക്കെ ദേശീയഗാനത്തിനായി എഴുന്നേല്ക്കണ്ടി വരും എന്ന തീർത്തും അനുചിതമായ ദേശബഹുമാന രീതിക്ക് ഇരയാവുന്നത് സ്ഥിരം ഡെലിഗേറ്റുകൾ തന്നെയാണ്‌ എന്നൊക്കെ ചൂണ്ടിക്കാട്ടിയാണ്‌ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സുപ്രീം കോടതിയിൽ എത്തിച്ചേർന്നത്. അതിന്റെ ന്യായാന്യായങ്ങളൊക്കെ കോടതി പിന്നീട് വിധിയെ തിരുത്തുകയോ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയോ ഒക്കെയാവാം.

കോടതിയുടെ മുൻ വിധിയനുസരിച്ച് ഇപ്പോഴത്തെ താത്ക്കാലിക വിധിക്ക് സാംഗത്യം ഇല്ല (താത്ക്കാലിക വിധി പാലിക്കാൻ ഹർജ്ജിക്കാരനും അതിനെതിരെ നില്‍ക്കുന്നവർക്കും മാത്രമാണ്‌ പൂർണ്ണ ഉത്തരവാദിത്വം എന്നാണ് നിയമ വിദഗ്ദ്ധര്‍ പറയുന്നത്) എന്നിരിക്കെ തന്നെ കമൽ എന്ന വ്യക്തിയെ ദേശവിരുദ്ധതയുടെ ട്രാക്കിൽ കയറ്റി കമൽ കമാലുദ്ദീനാണെന്നും കമാലുദ്ദീന്‍ എന്നാല്‍ മുസ്ളീമാണെന്നും മുസ്ളീമുകൾ ദേശീയഗാന വിരുദ്ധരാണെന്നും ദേശീയഗാന വിരുദ്ധര്‍ ദേശവിരുദ്ധരാണെന്നും പച്ചയ്ക്ക് പറയുകയാണ്‌ ഈ സമരം.

film-1

മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏതൊരു അറിയപ്പെടുന്ന കലാകാരന്റെയോ പ്രമുഖന്റെയോ നാട്ടിലെ സംഘടനകളിൽ രക്ഷാധികാരിയായും ചെയർമാനായും ഒക്കെ അവരെ കുടിയിരുത്തുകയോ അവർ തന്നെ തുടങ്ങിവെച്ച കലാ സാംസ്ക്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് പില്‍ക്കാലത്ത് രക്ഷാധികാരിയോ സ്ഥിരം ചെയർമാൻ എന്നോ ഒക്കെ പേരു വെച്ച് തന്നെയാണ്‌ (ആ കലാകാരന്റെ മഹത്വത്തിനെ മാനിക്കാനും നാടിനു സ്വയം മാനിക്കാനും കൂടി) ഓരോ നാട്ടിൻ പുറങ്ങളും കലാ സംഘങ്ങളും നിലകൊള്ളുന്നത്.

അത്തരം ഒരു കാര്യം തന്നെയാണ്‌ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ
കാര്യത്തിൽ കമലിനും സംഭവിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ നാട്ടിലെ അദ്ദേഹം
രക്ഷാധികാരിയായ ഒരു സംഘടന നിയമപരമായി കോടതിയെ സമീപച്ചതിനെതിരെ ദേശീയഗാന വിരുദ്ധനായി ചിത്രീകരിക്കുന്ന രീതിയെ നമ്മൾ ഭയക്കണം. കാരണം ഇതൊരു ഒളിയുദ്ധമാണ്‌.

രാജ്യത്തെ ജനങ്ങളുടെ അനുകൂലിച്ചും പ്രതികൂലിച്ചുമുല്ല വാദവിവാദങ്ങള്‍ക്ക് അവസാനവാക്ക് കോടതിയാണ്‌; കോടതി വിധി അനുചിതമെന്ന് തോന്നിയാൽ അപ്പീലിനു പോകാനുള്ള സ്വാതന്ത്ര്യം നല്‍കിയതും കോടതി തന്നെയാണ്‌. അത്തരം നിയമപരമായ പ്രവൃത്തി ചെയ്യുന്നവർക്കെതിരെയാണ്‌ ബിജെപിയുടെ സമരം.

അദ്ദേഹത്തിന്റെ പേരിനെ തന്നെ വളച്ചൊടിച്ച് പൊതുജന മധ്യത്തിൽ അദ്ദേഹത്തെ ദേശീയഗാന വിരുദ്ധനാക്കി ചിത്രീകരിക്കുകയും വീടിനു മുന്നിൽ ദേശീയഗാനം ഒരു സമരമാർഗ്ഗമായി ചൊല്ലി ദേശീയ ഗാനത്തെയും സുപ്രീം കോടതി വിധിയേയും അപമാനിക്കുക എന്ന ക്രിമിനൽ കുറ്റം ചെയ്യുന്നത് ആരാണെന്ന് ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്.

ദേശീയഗാനം അനുചിതമായി പ്രയോഗിക്കുന്നതിലെ നിയമവിരുദ്ധത അത് കണ്ടുനിന്ന പോലീസിന് എന്തുകൊണ്ട് മനസ്സിലായില്ല എന്നതും ഒരു ചോദ്യമായവശേഷിക്കുന്നു.

ഈ ഒളിയുദ്ധം വർഗ്ഗീയതയിലേക്ക് മനുഷ്യനെ തള്ളിയിടുക എന്ന
ഉദ്ദേശത്തോടെയാണ്‌  ചെയ്യുന്നത്; അത് ചെയ്യുന്നതാവട്ടെ രാജ്യം ഭരിക്കുന്ന
കക്ഷി തന്നെ ആണെന്നതാണ്‌ ഏറ്റവും ഭീതിജനകമാകുന്നത്. ഇത്തരം കുടില തന്ത്രങ്ങള്‍ക്കെതിരെ, വിഭജനങ്ങൾക്കെതിരെ നമ്മൾ ജാഗ്രതയോടെയിരിക്കണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
സ്വാമി സംവിദാനന്ദ്

സ്വാമി സംവിദാനന്ദ്

ഹരിദ്വാര്‍ അഭേദഗംഗാമയ്യാ ആശ്രമത്തിന്റെ മഹന്ത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, കാശി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദൈവത്തോറ്റം, അഭയാര്‍ത്ഥിപ്പൂക്കള്‍ എന്നീ രണ്ട് ചൊല്‍ക്കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞുതാമര എന്ന പേരില്‍ 2006 മുതല്‍ കവിതാ ബ്ളോഗ് ഉണ്ട്.

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍