UPDATES

ഇന്ത്യ

ജാതി പീഡനം; രാജസ്ഥാനില്‍ പോലീസുകാരനും കുടുംബവും ആത്മഹത്യ ചെയ്തു

ജനറാം മേഘ്വാളിനെയും ഭാര്യയെയും രണ്ട് മക്കളെയും ജനുവരി 21നാണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

                       

സേനയിലെ ചില അംഗങ്ങളുടെ ജാതിപീഡനം മൂലമാണ് രാജസ്ഥാനിലെ പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെയുള്ള നാലംഗ കുടുംബ ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജസ്ഥാന്‍ പോലീസിലെ കോണ്‍സ്റ്റബിള്‍ ആയിരുന്ന ജനറാം മേഘ്വാളിനെയും ഭാര്യയെയും രണ്ട് മക്കളെയും ജനുവരി 21നാണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സേനയിലുള്ള ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറും വിരമിച്ച രണ്ട് പോലീസുകാരും മേഘ്വാളിനെ ജാതീയമായി പീഡിപ്പിക്കുകയും അദ്ദേഹത്തിന്റെ പുത്രനെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തതാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മേഘ്വാള്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്ന് നഗൗര്‍ ജില്ലയിലെ മേഘ്വാളിന്റെ അയല്‍ക്കാര്‍ പറയുന്നു. ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പണം തിരികെ ചോദിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പുത്രനെ സ്വര്‍ണം മോഷ്ടിച്ചുവെന്ന പേരില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാധാകിഷന്‍ മാലിയും രണ്ട് പോലീസുകാരും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്. നഗൗര്‍ ജില്ലയിലെ തൗസാര്‍ ഗ്രാമത്തില്‍ തന്റെ പുത്രന്‍ അഞ്ചേക്കര്‍ (13 ബിഗ) ഭൂമി വാങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് മേഘ്വാളിന്റെ പിതാവ് ഖുമറാം പറയുന്നു.

2012ലായിരുന്നു ഈ ഇടപാട് നടന്നത്. അതേ സമയത്ത് തന്നെ തന്റെ ക്വാര്‍ട്ടേഴ്‌സില്‍ കടന്ന് ചിലര്‍ സ്വര്‍ണം മോഷ്ടിച്ചുവെന്ന പേരില്‍ ഒരു കേസ് മാലി രജിസ്റ്റര്‍ ചെയ്തിരുന്നു. മാലിയും മേഘ്വാളും തമ്മില്‍ നല്ല ബന്ധം നിലനിന്നിരുന്ന കാലം കൂടിയായിരുന്നു ഇത്. ഭൂമി തന്റെ ഒരു പരിചയക്കാരന് വില്‍ക്കാന്‍ മേഘ്വാളിന് മേല്‍ മാലി സമ്മര്‍ദം ചെലുത്തിയെന്ന് ഖുമറാം പറയുന്നു. മാലിയുടെ നിര്‍ദ്ദേശപ്രകാരം ഭൂമിയുടെ ഉടമസ്ഥത മേഘ്വാള്‍ മറ്റൊരാള്‍ക്ക് കൈമാറിയെങ്കിലും അതിന്റെ പണം ലഭിച്ചില്ല. മേഘ്വാള്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ മാലിയുടെ സ്വഭാവത്തില്‍ മാറ്റം വന്നു.

മേഘ്വാളിന്റെ പുത്രന്‍ ഗണപത്സിംഗാണ് സ്വര്‍ണം കവര്‍ന്നതെന്ന് താന്‍ സംശയിക്കുന്നതായി മാലി പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് പോലീസ് ഗണപത്സിംഗിനെ അറസ്റ്റ് ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പുത്രനെതിരായ കള്ളക്കേസിനെ ചോദ്യം ചെയ്ത മേഘ്വാളിനും മര്‍ദ്ദനമേറ്റു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ വ്യക്തമായതായി നഗൗറിലെ സര്‍പാലിയ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുര്‍ജ റാം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇതിനെതിരെ മാലി കോടതിയെ സമീപിക്കുകയും കേസ് വീണ്ടും തുറക്കുകയും ചെയ്തു.

മേഘ്വാള്‍ ഇതിനെതിരെ മേലുദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഔദ്യോഗിക ക്വാര്‍ട്ടേഴ്‌സിലെ താമസം അവസാനിപ്പിച്ച് മേഘ്വാള്‍ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിപ്പോയി. എന്നാല്‍ മോഷണകേസില്‍ ചോദ്യം ചെയ്യുന്നതിനായി ഗണപത്സിംഗ് ഹാജരാകണം എന്ന് ആവശ്യപ്പെടുന്ന ഒരു പോലീസ് നോട്ടീസ് കഴിഞ്ഞ മാസം മേഘ്വാളിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കുടംബം ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് സമീപവാസികള്‍ പറയുന്നത്. തങ്ങള്‍ ഉയര്‍ന്ന ജാതിക്കാരായിരുന്നെങ്കില്‍ ഇത്തരത്തില്‍ വേട്ടയാടപ്പെടില്ലായിരുന്നുവെന്ന് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ ഖുമറാം ചൂണ്ടിക്കാണിക്കുന്നു. പട്ടികജാതിക്കാരായ തങ്ങള്‍ക്ക് സമൂഹത്തില്‍ നിലനില്‍പ്പില്ലെന്നും അദ്ദേഹം പറയുന്നു.

മാലിക്കും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരായ ബവ്രു ഖാന്‍, രത്‌നറാം എന്നിവര്‍ക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റവും പട്ടികജാതി, പട്ടികവര്‍ഗ്ഗ പീഢന നിരോധന പ്രകാരമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ട്. മാലി ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും നഗൗര്‍ പോലീസ് സുപ്രണ്ട് പാരിസ് ദേശ്മുഖ് പറഞ്ഞു. എന്നാല്‍ മോഷണ കേസില്‍ അന്വേഷണം തുടരാന്‍ ഹൈക്കോടതിയുടെ അനുമതിയുണ്ടെന്നും പോലീസ് പറയുന്നു.

താനൊരു വിരമിച്ച സര്‍ക്കാരുദ്യോഗസ്ഥനാണെന്നും തന്റെ പുത്രന്‍ പോലീസില്‍ ജോലി ചെയ്യുകയാണെന്നും പിന്നെ മോഷ്ടിക്കേണ്ട ആവശ്യമെന്താണെന്നും ഖുമറാം ചോദിക്കുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പണം തിരികെ ചോദിച്ചതാണ് മുന്നോക്ക ജാതിക്കാരായ മാലിയെയും സഹപ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, സമീപകാലത്തായി കേസ് കാട്ടി ഭീഷണിപ്പെടുത്തിയത് കൂടാതെ മാലി തന്റെ പുത്രനോട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും ഖുമറാം ആരോപിക്കുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍