UPDATES

ഇന്ത്യ

ഗുജറാത്തില്‍ വോട്ടെണ്ണലിന് മുമ്പും അനിശ്ചിതത്വം: കണക്കുകളിലേക്ക് കണ്ണുനട്ട് കോണ്‍ഗ്രസ്

ബിജെപി സ്ഥാനാര്‍ത്ഥിയും ദേശീയ അധ്യക്ഷനുമായ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ വിജയം ഉറപ്പിച്ചുകഴിഞ്ഞതാണ്

                       

രാഷ്ട്രീയ കുതിരക്കച്ചവടം, റിസോര്‍ട്ടിലെ ഒളിവുജീവിതം, ആദായ നികുതി റെയ്ഡ് എന്നിങ്ങനെ ഏതാനും ആഴ്ചകളായി തീര്‍ത്തും സംഭവ ബഹുലമാണ് ഗുജറാത്ത് രാഷ്ട്രീയം വോട്ടെണ്ണല്‍ ദിവസമായ ഇന്നും സാധാരണഗതിയിലായില്ല. സംസ്ഥാനത്തെ ഇന്ന് തെരഞ്ഞെടുപ്പ് നടന്ന മൂന്ന് രാജ്യസഭ സീറ്റുകളും പിടിച്ചെടുക്കാനുള്ള ബിജെപിയുടെ കുതിരക്കച്ചവടമാണ് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പായി ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിനെ മാറ്റിയത്. ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങളില്‍ നിന്നൊളിപ്പിച്ച് തങ്ങളുടെ 44 എംഎല്‍എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരാകുകയായിരുന്നു.

182 അംഗങ്ങളുള്ള നിയമസഭയില്‍ 176 എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. വോട്ട് ചെയ്യാത്ത ആറ് എംഎല്‍എമാര്‍ രാജിവച്ചവരാണ്. ബിജെപി സ്ഥാനാര്‍ത്ഥിയും ദേശീയ അധ്യക്ഷനുമായ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ വിജയം ഉറപ്പിച്ചുകഴിഞ്ഞതാണ്. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ വിജയം ഇപ്പോഴും സംശയത്തിലാണ്. തെരഞ്ഞെടുപ്പിലെ നാലാമത്തെ സ്ഥാനാര്‍ത്ഥിയുമായ പഴയ കോണ്‍ഗ്രസ് നേതാവ് ബല്‍വന്ത്‌സിംഗ് രാജ്പുത്തിന്റെ സാന്നിധ്യത്തോടെ ബിജെപിയാണ് മത്സരത്തിന് ചൂടേറ്റിയത്.

പ്രതിപക്ഷ നേതാവായിരുന്ന ശങ്കര്‍ സിംഗ് വഗേലയും മറ്റ് ആറ് എംഎല്‍എമാരും വിമതപക്ഷത്തായതിനാല്‍ കൂടുതല്‍ കൊഴിഞ്ഞ് പോക്ക് തടയുന്നതിനായാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ കൂട്ടത്തോടെ ബംഗളൂരുവിലേക്ക് കടത്തിയത്. ഈ എംഎല്‍എമാരാണ് പട്ടേലിന്റെ ഭാവി നിശ്ചയിക്കുക. ഐക്യജനതാദളിന്റെ ചോട്ടുഭായ് വാസവ നേരത്തെ തന്നെ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നു. എന്‍സിപി സംസ്ഥാന നേതൃത്വം ബിജെപിയെ പിന്തുണച്ചെങ്കിലും ഒരു എംഎല്‍എ ബിജെപിയ്ക്കും രണ്ടാമന്‍ കോണ്‍ഗ്രസിനുമാണ് വോട്ട് ചെയ്തത്. പാര്‍ട്ടി ദേശീയ നേതൃത്തിന്റെ വിപ്പ് ലംഘിച്ച് ബിജെപിയ്ക്ക് വോട്ട് ചെയ്ത കാണ്ഡല്‍ ജദേജയ്‌ക്കെതിരെ നടപടിയെടുക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ഇന്നലെ വരെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സുഹൃത്തുമായ പട്ടേലിനാണെന്ന് പറഞ്ഞ വഗേല ഇന്ന് രാവിലെ വോട്ട് ചെയ്ത ശേഷം താന്‍ ബിജെപിയ്ക്ക് വോട്ട് ചെയ്‌തെന്നാണ് വെളിപ്പെടുത്തിയത്. തോല്‍ക്കുമെന്ന് ഉറപ്പായ കോണ്‍ഗ്രസിന് വോട്ട് ചെയ്യേണ്ടതില്ലെന്ന നിലപാടാണ് വഗേല സ്വീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം ആറ് വിമത എംഎല്‍എമാരും ബിജെപിയെ പിന്തുണച്ചു.

ആകെ 47 വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടുമെന്നാണ് ഇന്ന് രാവിലെയും കോണ്‍ഗ്രസ് നേതാവ് അശോക് ലെഗ്‌ഹോട്ട് അവകാശപ്പെട്ടത്. 45 വോട്ടുകളാണ് പട്ടേലിന് ജയിക്കാന്‍ വേണ്ടത്. എതില്‍ എന്‍സിപി എംഎല്‍എയുടെ വോട്ട് നഷ്ടപ്പെട്ടെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. ഇതിനിടെയാണ് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറ് മാറിയെന്ന ആരോപണവും ഉയര്‍ന്നത്. ഇതോടെ ആഴ്ചകളായി ഗുജറാത്ത് രാഷ്ട്രീയത്തില്‍ തുടരുന്ന കണക്കിലെ ആശങ്കകള്‍ ഇന്ന് അവസാന നിമിഷം വരെയും തുടരുകയും ചെയ്തു. കൂറ് മാറിയ രണ്ട് എംഎല്‍എമാര്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ ബാലറ്റ് പേപ്പറുകള്‍ കാണിച്ചുവെന്നും ഇവരുടെ വോട്ട് റദ്ദാക്കണമെന്നും കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ആരോപണം. ഇത് സംബന്ധിച്ച് ഇവര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ തീരുമാനമുണ്ടായാല്‍ മാത്രമേ വോട്ടെണ്ണല്‍ ആരംഭിക്കാനാകൂ.

ആരൊക്കെ കൂറ് മാറും എന്ന ഇത്രമാത്രമുള്ള ആശങ്കയോടെ ഒരുപക്ഷെ ഇതിന് മുമ്പ് രാജ്യം ഒരു തെരഞ്ഞെടുപ്പിന് സാക്ഷിയായിട്ടുണ്ടാകില്ല. ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ബംഗളൂരുവിലെ ബിഡദി ഈഗിള്‍ട്ടന്‍ റിസോര്‍ട്ടിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ഒരാഴ്ചയിലേറെ ഒളിവില്‍ താമസിപ്പിച്ചത്. ഇന്നലെ തിരിച്ചിത്തിയ ഇവരെ അഹമ്മദാബാദിലെ റിസോര്‍ട്ടില്‍ നിന്ന് പ്രത്യേക ബസിലാണ് വോട്ട് ചെയ്യാന്‍ കൊണ്ടുവന്നത്.

 

Share on

മറ്റുവാര്‍ത്തകള്‍