അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ യാത്രവിലക്കിനെതിരെ ന്യൂയോര്‍ക്കില്‍ വ്യത്യസ്ത മതവിശ്വാസികളുടെ പ്രതിഷേധം. വംശീയതക്കെതിരെ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എത്നിക് അണ്ടര്‍സ്റ്റാന്‍ഡിങ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളും വ്യത്യസ്ത മതവിശ്വാസികളുമാണ് പ്രതിഷേധം നടത്തിയത്. ‘ഞാനും മുസ്ലിമാണ്’ എന്ന പ്ലകാര്‍ഡുകളും മുസ്ലീങ്ങള്‍ക്കുള്ള യാത്രവിലക്ക് ഉപേക്ഷിക്കുക, മുന്‍ധാരണകള്‍ മാറ്റിവെയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു ന്യൂയോര്‍ക്കില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി എത്തിയത്. ന്യൂയോര്‍ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ പ്രതിഷേധത്തില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും സംരക്ഷിക്കാനാണ് അമേരിക്ക സ്ഥാപിതമായതെന്നും ഇവിടെ മുസ്ലിങ്ങള്‍ അനുഭവിക്കുന്ന ഭീഷണിയും ഒറ്റപ്പെടുത്തലിനും അന്ത്യംകുറിയ്ക്കാന്‍ എല്ലാവരും രംഗത്തുവരണമെന്നും അദ്ദേഹം പ്രസംഗിച്ചു.
@iammuslimto This says it all. #iamamuslimtoo pic.twitter.com/zJnnI6t9di
— Christina (@onepinkpuss) February 19, 2017
അതേസമയം നേരത്തെ വിലക്കു കല്‍പിച്ച രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കിക്കൊണ്ട് ട്രംപിന്റെ പുതിയ ഉത്തരവും എത്തി. നേരത്തെ വീസയും ഗ്രീന്‍ കാര്‍ഡും സമ്പാദിച്ച വിലക്കുള്ള രാജ്യത്തിലെ പൗരന്മാരെയും, വിലക്കുള്ള രാജ്യങ്ങളിലും അമേരിക്കയിലുമായി ഇരട്ട പൗരത്വമുള്ളവരെയും ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്. പുതുതായി വീസയ്ക്ക് അപേക്ഷിക്കുന്നവരില്‍ നിന്നു സിറിയന്‍ അഭയാര്‍ഥികളെ നീക്കണമെന്നു നിര്‍ദേശവുമില്ല. ഉത്തരവിന്റെ കരട് രൂപമാണ് ഇപ്പോള്‍ തയാറാക്കിയിരിക്കുന്നത്. ട്രംപ് ഒപ്പിടുന്നതിനു മുന്‍പായി ഉത്തരവില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഉത്തരവ് ഈയാഴ്ച പ്രഖ്യാപിക്കാനാണ് സാധ്യത.
ഇറാന്‍, ഇറാഖ്, സിറിയ, യെമന്‍, സോമാലിയ, സുഡാന്‍, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു 90 ദിവസത്തെ താല്‍ക്കാലിക വിലക്കാണ് നേരത്തെ ഏര്‍പ്പെടുത്തിയത്. ആ ഉത്തരവ് ഉടനെ തന്നെ നടപ്പിലാക്കിയതിനാല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കു പുറപ്പെടാന്‍ വിമാനത്താവളങ്ങളില്‍ എത്തിയവരെയും അതുപ്പോലെ തന്നെ യുഎസ് മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ എത്തിയവരെയും പുതിയ നിയമം കുരുക്കിലാക്കിയിരുന്നു. ഇതും പ്രതിഷേധത്തിന് ഇടയാക്കി.