UPDATES

ട്രെന്‍ഡിങ്ങ്

മതപരിവര്‍ത്തനമെന്ന് ഹിന്ദു യുവ വാഹിനി; യുപിയില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന യോഗം പോലീസ് തടഞ്ഞു

മഹാരാജ്ഗഞ്ച് ജില്ലയിലെ ദൗതൗളി പള്ളി വികാരി യോഹന്നാന്‍ ആദത്തിനെതിരെ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ പരാതി നല്‍കി

                       

മതപരിവര്‍ത്തനം നടക്കുന്നതായുള്ള തീവ്രവലതുപക്ഷ സംഘടനയായ ഹിന്ദു യുവ വാഹിനിയുടെ പ്രവര്‍ത്തകര്‍ ആരോപിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 150 ലേറെ പേര്‍ പങ്കെടുത്ത ഒരു ക്രിസ്ത്യന്‍ പ്രാര്‍ത്ഥന യോഗം പോലീസ് തടഞ്ഞു. പതിനൊന്ന് അമേരിക്കന്‍ വിനോദ സഞ്ചാരികളും പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്തിരുന്നു. മതപരിവര്‍ത്തനത്തിനുള്ള മറയായിട്ടാണ് പ്രാര്‍ത്ഥന യോഗത്തെ ഉപയോഗിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടന പ്രവര്‍ത്തകരുടെ ആരോപണം.

മഹാരാജ്ഗഞ്ച് ജില്ലയിലെ ദൗതൗളി പള്ളി വികാരി യോഹന്നാന്‍ ആദത്തിനെതിരെ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നു എന്നാണ് വികാരിക്കെതിരായ ആരോപണം. എന്നാല്‍ അദ്ദേഹം ഇത് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ യോഗത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്നും പരാതി ലഭിച്ചയുടന്‍ യോഗം നിറുത്തിവെപ്പിക്കുകയുമായിരുന്നു എന്നാല്‍ പോലീസ് ഉദ്യോഗസ്ഥനായ അനന്ദ കുമാര്‍ ഗുപ്ത വിശദീകരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിസയും മറ്റ് രേഖകളും പരിശോധിച്ച ശേഷം വിദേശ വിനോദസഞ്ചാരികളെ വിട്ടയച്ചു. നിഷ്‌കളങ്കരും നിരക്ഷരരുമായ ഹിന്ദുക്കളെ മിഷണറിമാര്‍ മതം മാറ്റുന്നു എന്നതിന്റെ തെളിവാണ് യുഎസ് പൗരന്മാരുടെ സാന്നിധ്യമെന്ന് ഹിന്ദു യുവ വാഹിനി നേതാവ് കൃഷ്ണ നന്ദന്‍ ആരോപിക്കുന്നു. പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന യോഗം നടന്ന പള്ളി വളയുകയായിരുന്നു. ശരിയായ ദിശയില്‍ അന്വേഷണം നടത്തുമെന്ന പോലീസിന്റെ വാഗ്ദാനത്തെ തുടര്‍ന്നാണ് ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായത്.

എന്നാല്‍ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പാസ്റ്റര്‍ ആദം പറഞ്ഞു. ആളുകള്‍ സ്വന്തം താല്‍പര്യപ്രകാരം പ്രാര്‍ത്ഥിക്കാന്‍ എത്തിയതായിരുന്നു. അവിടെ പ്രാര്‍ത്ഥനയല്ലാതെ മറ്റൊന്നും നടന്നില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

വശീകരണത്തിലൂടെയും ഭീഷണിയിലൂടെയും തങ്ങളുടെ വിശ്വാസത്തിലേക്ക് ഹിന്ദുക്കളെ ആകര്‍ഷിക്കാന്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ ഹിന്ദു വലതുപക്ഷ സംഘടനകള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. മതം മാറിയവരെ തിരിച്ച് ഹിന്ദു മതത്തിലേക്ക് മടക്കിക്കൊണ്ട് വരുന്നതിന് ഖര്‍ വാപസി എന്ന പരിപാടി നിരവധി ഹിന്ദു സംഘടനകള്‍ ആരംഭിച്ചിരുന്നു. ഈ വര്‍ഷം ആദ്യം, മതം മാറ്റം നടക്കുന്നു എന്ന് ആരോപിച്ച് ഗോരഖ്പൂരിലെ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിന് നേരെ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍