Continue reading “രാഷ്ട്രീയ പാര്‍ട്ടികളോട്; പട്ടിണി കിടന്ന് സമരം ചെയ്യുന്ന ഈ നഴ്‌സുമാര്‍ക്കും വോട്ടുണ്ട്, മറക്കരുത്‌”

" /> Continue reading “രാഷ്ട്രീയ പാര്‍ട്ടികളോട്; പട്ടിണി കിടന്ന് സമരം ചെയ്യുന്ന ഈ നഴ്‌സുമാര്‍ക്കും വോട്ടുണ്ട്, മറക്കരുത്‌”

"> Continue reading “രാഷ്ട്രീയ പാര്‍ട്ടികളോട്; പട്ടിണി കിടന്ന് സമരം ചെയ്യുന്ന ഈ നഴ്‌സുമാര്‍ക്കും വോട്ടുണ്ട്, മറക്കരുത്‌”

">

UPDATES

രാഷ്ട്രീയ പാര്‍ട്ടികളോട്; പട്ടിണി കിടന്ന് സമരം ചെയ്യുന്ന ഈ നഴ്‌സുമാര്‍ക്കും വോട്ടുണ്ട്, മറക്കരുത്‌

Avatar

                       

വിഷ്ണു എസ് വിജയന്‍

കേരളം മുഴുവന്‍ സമൃദ്ധിയുടെ വിഷു ആഘോഷിച്ചപ്പോള്‍ കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളെജിലെ നഴ്‌സുമാര്‍ പട്ടിണികിടക്കുകയായിരുന്നു. വാക്കു പാലിക്കാതെ വഞ്ചിക്കുന്ന, അവകാശങ്ങള്‍ ചോദിക്കുന്നവരെ പുറത്താക്കുന്ന, കള്ളക്കേസില്‍ കുടുക്കുന്ന മാനേജ്‌മെന്റ് ക്രൂരതയ്‌ക്കെതിരെ നടത്തി വരുന്ന സമരത്തിന്റെ ഭാഗമായാണ് വിഷുദിനം അവര്‍ പട്ടിണി കിടന്നു പ്രതിഷേധിച്ചത്.

അര്‍ഹമായ ആനുകൂല്യങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്തുന്നവരെ പുറത്താക്കാന്‍ വ്യഗ്രത കാണിക്കുന്ന മാനേജ്‌മെന്റ് മാസങ്ങള്‍ പിന്നിട്ട നഴ്‌സുമാരുടെ സമരം ഇതുവരെ ഗൗനിച്ചിട്ടില്ല. ജോലിയും ജീവിതവും കയ്യില്‍ പിടിച്ചുകൊണ്ടുള്ള ഇവരുടെ സമരത്തിനു പിന്തുണ കൊടുക്കേണ്ട തൊഴിലാളി സംഘടനകള്‍ ആകട്ടെ മാനേജ്‌മെന്റിന്റെ കൂടെയും.

കഴിഞ്ഞ വര്‍ഷം നവംബറോടെയാണ് കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളെജിലെ നഴ്‌സുമാര്‍ ശമ്പളം കൂട്ടിനല്‍കുക, പിഎഫ് കൂട്ടുക, ബോണസ് അലവന്‍സ് കൂട്ടുക, യുണിഫോം അലവന്‍സ് നല്‍കുക തുടങ്ങി പന്ത്രണ്ട് ഇന ആവശ്യങ്ങളുമായി മാനേജ്‌മെന്റിനെ സമീപിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ നഴ്‌സുമാര്‍ സമരത്തിലേക്ക്നീങ്ങുമെന്ന തോന്നലില്‍ തങ്ങള്‍ക്കു മുന്നില്‍ വന്ന ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന നിലപാട് മാനേജ്‌മെന്റ് കൈക്കൊണ്ടു. ഇതോടെ നഴ്‌സുമാര്‍ സമരം നടത്താതെ പിന്‍വാങ്ങി. എന്നാല്‍ അടിസ്ഥാന ശമ്പളവും പി എഫും പേരിനു  വര്‍ദ്ധിപ്പിക്കുക മാത്രമായിരുന്നു മാനേജ്‌മെന്റ് ചെയ്തത്. മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും നല്‍കിയില്ല. ഇതിനെതിരെ നഴ്‌സുമാര്‍ രംഗത്തുവന്നപ്പോള്‍ യുണിഫോം അലവന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ജനുവരിയില്‍ നല്‍കും എന്ന ഉറപ്പു കിട്ടി. 1,500 രൂപ യുണിഫോം അലവന്‍സും 3,000 രൂപ ബോണസും ആയി നല്‍കാമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ ജനുവരി കഴിഞ്ഞിട്ടും അതിനൊരു തീരുമാനം ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് ഡ്യുട്ടി സമയം കഴിഞ്ഞ് എച്ച് ആറിനു മുന്നില്‍ പതിനഞ്ചുദിവസത്തോളം നഴ്‌സുമാര്‍ സമരം നടത്തി. ഈ സമരത്തെ തുടര്‍ന്ന് ബോണസ് നല്‍കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരായി. അതേസമയം യുണിഫോം അലവന്‍സിന്റെ കാര്യത്തില്‍ പ്രതികരണമൊന്നും ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച്‌ യുണിഫോം ധരിക്കാതെ നഴ്‌സുമാര്‍ ജോലിക്കെത്താന്‍ തുടങ്ങി. ഇതിനിടയില്‍ ആശുപത്രിയില്‍ പുതിയ മെഡിക്കല്‍ സൂപ്രണ്ട് രാജേന്ദ്രബാബു ചുമതലയേറ്റു.

‘അദേഹം ഞങ്ങളോട് യുണിഫോം ധരിച്ചു ജോലിക്ക് വന്നാല്‍ മതിയെന്ന് കര്‍ശനമായി പറഞ്ഞു. എന്നാല്‍ എന്തുകൊണ്ട് ഞങ്ങള്‍ അങ്ങനെയൊരു തീരുമാനത്തിലെത്തി എന്നു തിരക്കാനോ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ അദ്ദേഹം തയ്യാറായില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഞങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നു. ഞങ്ങളുടെ സംഘടനയായ യു എന്‍ എ( യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍)യ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. എന്നാല്‍ ഞങ്ങള്‍ നിലപാടുകളില്‍ ഉറച്ചു നിന്നതോടെ കൂട്ടത്തില്‍ നിന്നും മൂന്നുപേര്‍ക്ക്‌  സൂപ്രണ്ട് അന്ത്യശാസനം നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ യുണിഫോം ധരിച്ചില്ലെങ്കില്‍ പുറത്താക്കും എന്നായിരുന്നു ഭീഷണി. എന്നാല്‍ ഇത് അനുസരിക്കാന്‍ അവര്‍ തയാറായില്ല. തുടര്‍ന്ന് ആ മൂന്നു സഹപ്രവര്‍ത്തകരെയും ആശുപത്രിയില്‍ നിന്നും ടെര്‍മിനേറ്റ് ചെയ്തു. ഇത് ചോദ്യം ചെയ്യാന്‍ ചെന്ന യു എന്‍ എ യുടെ യൂണിറ്റ് പ്രസിഡന്റ് ശ്രീമേഷ് കുമാറിനെയും മറ്റു മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്തു. പുറത്താക്കിയ നടപടിയെ കുറിച്ച് സംസാരിക്കാനാണ് യഥാര്‍ത്ഥത്തില്‍ ശ്രീമേഷ് കുമാറും കൂട്ടരും സൂപ്രണ്ടിനെ കാണാന്‍ ചെന്നത്. എന്നാല്‍ ക്യാബിനില്‍ കയറി സൂപ്രണ്ടിനെ മര്‍ദ്ദിച്ചു എന്നു കാണിച്ചു പോലീസില്‍ വധശ്രമത്തിനു കേസു കൊടുക്കുകയാണ് സൂപ്രണ്ട് ചെയ്തത്. ഇതൊക്കെ എവിടെ നടക്കുന്ന കാര്യമാണ്?’ സമര മുഖത്തുള്ള നഴ്‌സുമാരുടെ പ്രതിനിധി റമീസ് ചോദിക്കുന്നു. 

ശ്രീമേഷ് കുമാറിനെയും പുറത്താക്കിയതോടെയാണ് നഴ്‌സുമാര്‍ അനിശ്ചിത കാല സമരം ആരംഭിക്കുന്നത്. 

‘സമരം തുടങ്ങിയ ശേഷം രാഷ്ട്രീയപ്പാര്‍ട്ടികളോ അവരുടെ തൊഴിലാളി സംഘടനകളോ ഞങ്ങളോട് അനുഭാവം പ്രകടിപ്പിച്ചില്ല. സിപിഐഎമ്മില്‍ നിന്നും സിഐടിയുവില്‍ നിന്നും അനുകൂല പ്രതികരണം അല്ല ലഭിച്ചത്. ബിജെപിയും ബിഎംഎസും സമരത്തിന് എതിരാണ്. ആകെ സിപിഐയും എഐടിയുസിയും, ആര്‍എംപിയുമാണ് സമരത്തെ പിന്തുണച്ചിരിക്കുന്നത്. സമരം പെട്ടെന്ന് തുടങ്ങേണ്ടായിരുന്നു എന്നാണ് സിപി ഐഎം പറയുന്നത്. ഞങ്ങള്‍ ഇങ്ങനെ നരകിച്ചു ചാകണം എന്നാണോ അവര്‍ പറയുന്നത്?’ മൂന്നുപേരെ ഡിസ്മിസ് ചെയ്തു, ചോദിക്കാന്‍ ചെന്നവരെ സസ്‌പെന്‍ഡ് ചെയ്തു, പോരാത്തതിന് കള്ളക്കേസും. ഇപ്പോള്‍ ഇറങ്ങിയില്ലെങ്കില്‍ ഇനി എന്നാണു ഞങ്ങള്‍ സമരം തുടങ്ങേണ്ടത്?’ റമീസ് ചോദിക്കുന്നു.

സമരം ആരഭിച്ചപ്പോള്‍ മന്ത്രി ഷിബു ബേബിജോണും, ജില്ല കളക്ടറും ഒക്കെ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. തൊഴില്‍ വകുപ്പിന് ഇതേ തുടര്‍ന്നു ചില ഉറപ്പുകള്‍ മാനേജ്‌മെന്റ് നല്‍കിയെങ്കിലും പിന്നീടവയൊന്നും പാലിച്ചില്ല. ആശുപത്രിയുടെ തുടക്ക കാലം തൊട്ട് ജോലി ചെയ്യുന്നവരും വലിയ തുക കെട്ടിവച്ച് ജോലിക്കു കയറിയവരുമൊക്കെയാണ് ഇപ്പോള്‍ സമരം ചെയ്യേണ്ടി വരുന്നത്.

ഈ സമരം ഇനിയും എത്രനാള്‍ പോകുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ആരൊക്കെ കൂടെ നില്‍ക്കുമെന്നും അറിയില്ല. പക്ഷേ അതു തുടരേണ്ടത് ആവശ്യമാണ്. കാരണം ഇതു ഞങ്ങളുടെ ജീവിതത്തിന്റെ പ്രശ്‌നമാണ്. മലബാര്‍ മെഡിക്കല്‍ കോളേജിലെ നഴ്‌സുമാര്‍ പറയുന്നു…

( അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)

Related news


Share on

മറ്റുവാര്‍ത്തകള്‍