UPDATES

വിദേശം

വിക്കിലീക്സ് കേസ്; 35 വര്‍ഷം ശിക്ഷിക്കപ്പെട്ട ചെല്‍സിയ മാനിംഗിന് ശിക്ഷ ഇളവ്

ഔദ്യോഗിക നയതന്ത്ര, സൈനിക രഹസ്യങ്ങള്‍ തട്ടിയെടുത്ത് വിക്കിലീക്‌സിന് കൈമാറിയതാണ് കേസ്

                       

ഔദ്യോഗിക നയതന്ത്ര, സൈനിക രഹസ്യങ്ങള്‍ തട്ടിയെടുത്ത് വിക്കിലീക്‌സിന് കൈമാറിയ കേസില്‍ 35 വര്‍ഷം ശിക്ഷിക്കപ്പെട്ട ചെല്‍സിയ മാനിംഗിന്റെ ശിക്ഷ ഇളവ് ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ബാരക് ഒബാമ തീരുമാനിച്ചു. നാല് മാസത്തിനുള്ള മാനിംഗ് ജയില്‍ മോചിതയാകും. ഇറാന്റെ ആണവോര്‍ജ്ജ പദ്ധതിയില്‍ സൈബര്‍ ആക്രമണം നടത്താനുള്ള യുഎസ്-ഇസ്രായേലി പദ്ധതിയെ സംബന്ധിച്ച് എഫ്ബിഐ അന്വേഷണങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് കുറ്റസമ്മതം നടത്തിയ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് മുന്‍ വൈസ് ചെയര്‍മാന്‍ ജനറല്‍ ജെയിംസ് കാര്‍ട്ട്‌റൈറ്റിനും ഒബാമ ശിക്ഷ ഇളവ് നല്‍കിയിട്ടുണ്ട്.

രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതിന്റെ പേരില്‍ ഒരു മുന്‍ സര്‍ക്കാരും സ്വീകരിച്ചിട്ടില്ലാത്ത അത്ര വിചാരണകള്‍ക്ക് നേതൃത്വം നല്‍കി ഒരു ഭരണകൂടത്തിന്റെ അവസാന നിമിഷത്തെ തീരുമാനങ്ങള്‍ പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സുതാര്യതയുടെ പുതിയ ഒരു കാലഘട്ടത്തിന് തുടക്കം കുറിയ്ക്കും എന്ന വാഗ്ദാനത്തോടെയാണ് ഒബാമ അധികാരത്തില്‍ എത്തിയത്. എന്നാല്‍ എട്ടു വര്‍ഷത്തെ അദ്ദേഹത്തിന്റെ ഭരണകാലത്ത് കുറഞ്ഞപക്ഷം ഒമ്പത് ചോര്‍ത്തല്‍ കേസുകളെങ്കിലും പുറത്തുവന്നിട്ടുണ്ട്.

ഏഴ് വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന ചെല്‍സിയ മാനിംഗ് ആവശ്യത്തിന് ശിക്ഷ അനുഭവിച്ചുവെന്നാണ് പ്രസിഡന്റിന്റെ വീക്ഷണമെന്ന് ചില ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അമേരിക്കയില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയ ശേഷം രാജ്യത്ത് നിന്നും മുങ്ങി റഷ്യയില്‍ അഭയം തേടിയ എഡ്വേര്‍ഡ് സ്‌നോഡനില്‍ നിന്നും വ്യത്യസ്തയാണ് ചെല്‍സിയ മാനിംഗ്. അമേരിക്കന്‍ നിയമവ്യവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ ഒരിക്കലും ശ്രമിച്ചില്ല. സമാനമായ കുറ്റങ്ങള്‍ ചെയ്തവരെക്കാള്‍ കൂടുതല്‍ ശിക്ഷ അവര്‍ അനുഭവിച്ചതായും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

വിഷയത്തില്‍ പ്രതികരിക്കാന്‍ നിയുക്ത പ്രസിഡന്റിന്റെ സംഘം തയ്യാറായിട്ടില്ല. ചില ചെറുകിട മയക്കുമരുന്ന് കേസിലുള്‍പ്പെട്ട 200 ലേറെ പേര്‍ക്ക് ബാരക് ഒബാമ ശിക്ഷ ഇളവ് ചെയ്ത് നല്‍കിയിട്ടുണ്ട്. അദ്ദേഹം ഓഫീസ് വിടുന്നതിന് മുമ്പ് കൂടുതല്‍ ഇളവുകള്‍ ഉണ്ടാവുമെന്ന സൂചനകളുമുണ്ട്. എന്നാല്‍ ഒബാമയുടെ നടപടിയില്‍ ചില കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. മാനിംഗിന് ഇളവ് നല്‍കാന്‍ പെന്റഗണ്‍ പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്തിട്ടില്ല. പ്രതിരോധ വകുപ്പ് ഈ നീക്കങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ചെല്‍സിയ മാനിംഗിന്റെ ശിക്ഷ ഇളവ് ചെയ്യുന്നപക്ഷം യുഎസിലേക്ക് മടങ്ങിവരാന്‍ തയ്യാറാകുമെന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജയുടെ സമീപകാല പ്രസ്താവനയുമായി പ്രസിഡന്റിന്റെ തീരുമാനത്തിന് ബന്ധമില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കന്‍ യുദ്ധ രേഖകള്‍ വിക്കിലീക്‌സിന് ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ 2010 മേയിലാണ് മാനിംഗ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഒരു യുഎസ് അപ്പാഷെ ഹെലിക്കോപ്ടര്‍ ബാഗ്ദാദില്‍ വെടിയുതിര്‍ക്കുന്ന വീഡിയോയും അവര്‍ പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ നിരവധി ഇറാഖി കുട്ടികളും രണ്ട് മാധ്യമപ്രവര്‍ത്തകരും മരിച്ചിരുന്നു. ഗ്വാണ്ടനാമോ ബേയിലെ തടവുകാരെ സംബന്ധിക്കുന്ന ഔദ്ധ്യോഗിക രേഖകളും അവര്‍ പുറത്തുവിട്ടതായി ആരോപണം ഉയര്‍ന്നിരുന്നു.

ശിക്ഷ വിധിക്കപ്പെട്ട ശേഷമാണ് ബ്രാഡ്‌ലി മാനിംഗ് എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന അവര്‍ ചെല്‍സിയ മാനിംഗ് എ്ന്ന ഭിന്നലിംഗക്കാരിയാണെന്ന വാര്‍ത്ത പുറത്തുവരുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ അനുശാസിക്കുന്നതിനെക്കാള്‍ നീണ്ട വര്‍ഷമാണ് അവര്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നതെന്ന വാദം പൊതുവില്‍ ഉയര്‍ന്നിരുന്നു. അവരോടുള്ള അധികൃതരുടെ പെരുമാറ്റം, ‘ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമാണ്,’ എന്ന് യുഎന്റെ ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മാനിംഗിന്റെ കുടുംബം പ്രസിഡന്റിന്റെ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. വരുന്ന മേയ് 27ന് അവര്‍ ജയില്‍ മോചിതയാകും. കാര്‍ട്ട്‌റൈറ്റും ഒബാമയ്ക്ക് നന്ദി അറിയിച്ചു.

Share on

മറ്റുവാര്‍ത്തകള്‍