UPDATES

ഓഫ് ബീറ്റ്

കെട്ടിക്കിടക്കുന്നത് മൊത്തം മൂന്നു കോടി കേസുകള്‍; വേനലവധി 44 ദിവസം; ഇത് ശരിയാണോ യുവര്‍ ഓണര്‍?

കോടതികള്‍ക്ക് എന്തിനാണ് വേനലവധി?

                       

കേരള ഹൈക്കോടതി അല്‍പ്പ ദിവസങ്ങള്‍ക്കു ശേഷം വേനലവധിക്കായി അടയ്ക്കുകയാണ്. ബ്രിട്ടീഷ് കാലത്ത് വെള്ളക്കാരായ ന്യായാധിപന്മാര്‍, ഇന്ത്യയിലെ കൊടുംചൂടില്‍ നിന്ന് അവരുടെ നാട്ടിലേക്ക് രക്ഷപ്പെടാനായി ഉണ്ടാക്കിയതാണ് ഉന്നത കോടതികളുടെ വേനലവധി എന്ന കീഴ്വഴക്കം.

ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ നീതിയും നിയമങ്ങളും ഇപ്പോഴും പിന്തുടരുന്ന ചില വകുപ്പുകളെങ്കിലും സ്വാതന്ത്ര്യം നേടി 70 വര്‍ഷം ആവാറായിട്ടും ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ കോടതികളാണ് പ്രധാന ഉദാഹരണം. രണ്ടര ലക്ഷത്തിലധികം കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഈ നാട്ടിലെ കോടതികള്‍ക്ക് ഇപ്പോഴും അവധിക്കാലമുണ്ട്, സ്‌കൂളുകളിലേതുപോലെ. വാര്‍ഷിക പരീക്ഷ കഴിഞ്ഞ് കൊടുംചൂടില്‍ വീട്ടിലിരുന്ന് അടുത്ത വര്‍ഷത്തേക്ക് തയ്യാറെടുക്കുന്ന കുട്ടികളെപ്പോലെ ന്യായാധിപന്മാര്‍ അവധിയെടുത്ത് ഉല്ലാസയാത്രയ്ക്കു പോവുന്നു. കോടതികള്‍ക്ക് എന്തിനിത്ര അവധി?

അവധിക്കാലത്തും ജോലി ചെയ്യാന്‍ ന്യായാധിപര്‍ തയ്യാറാകണമെന്ന് ഹൈക്കോടതികള്‍ക്ക് കത്തയച്ചത് മുന്‍ ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ ആയിരുന്നു. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ അവധിക്കാലങ്ങളില്‍ ജഡ്ജിമാര്‍ തയാറാകണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കത്തുകള്‍ നല്‍കിയത്.

രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കണമെങ്കില്‍ ഇനിയും 70,000-ല്‍ അധികം ജഡ്ജിമാരെ പുതിയതായി നിയമിക്കണമെന്ന് അദ്ദേഹം പറയുന്നു. പുതിയ ജഡ്ജിമാരെ അടിയന്തിരമായി നിയമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ സംസാരിക്കവെയാണ് ജസ്റ്റിസ് ഠാക്കൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ജനസംഖ്യയും ജഡ്ജിമാരുടെ എണ്ണവും തമ്മിലുള്ള കുറഞ്ഞ അനുപാതം ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഠാക്കൂര്‍, നീതിയെന്നത് ഭരണഘടന ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന മൗലികാവകാശമാണെന്നും അത് നിഷേധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും വിരമിക്കുന്നതിന് മുന്‍പ് വ്യക്തമാക്കിയിരുന്നു. ജുഡീഷ്യറിയുടെ ജോലിഭാരത്തിലും കേസുകള്‍ കെട്ടിക്കിടക്കുന്നതില്‍ കോടതികളെ കുറ്റപ്പെടുത്തുന്നതിലും മനംനൊന്ത് ജസ്റ്റിസ് ഠാക്കൂര്‍ പ്രധാനമന്ത്രിയും, ഉന്നത കോടതി ജഡ്ജിമാരും, മുഖ്യമന്ത്രിമാരും പങ്കെടുത്ത ചടങ്ങില്‍ വികാരാധീനനായത് മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും വലിയ സംവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.

ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍

ഈയവസരത്തില്‍ ഇന്ത്യാ രാജ്യത്ത് ഓരോ കോടതിയിലും ലക്ഷക്കണക്കിന് കേസുകൾ കെട്ടിക്കിടക്കമ്പോൾ എന്തിനാണ് കോടതികൾക്ക് വെക്കേഷൻ അവധി എന്ന ചിന്തയും , ചര്‍ച്ചകളും പ്രസക്തമാണ്. എന്തു കൊണ്ട് ഉന്നത കോടതികള്‍ സ്വന്തം അവധികൾ വേണ്ടായെന്ന് വയ്ക്കാത്തത്? അടിമുടി അഴിമതിയില്‍ മുങ്ങിയ ഒരു സമൂഹത്തില്‍ ജുഡീഷ്യറി മാത്രം അതിനൊരു അപവാദമായി നിലനില്‍ക്കുമെന്നും ഒരു ജനതയുടെ അവസാന ശുഭപ്രതീക്ഷയായി തുടരുമെന്നുമുള്ള ധാരണകള്‍ മിഥ്യയാണോ എന്ന് സംശയിക്കത്തക്ക സംഭവങ്ങളും അന്തരീക്ഷത്തില്‍ ആശങ്കകള്‍ പടര്‍ത്തുന്നുണ്ട്.

ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ എട്ട് ജഡ്ജിമാരുള്ള സുപ്രീം കോടതിയാണ് ഭരണഘടന വിഭാവന ചെയ്തത്. ഇപ്പോള്‍ എണ്ണം 28 ആയി. യുഎസ് സുപ്രീം കോടതിയില്‍ അന്നും ഇന്നും ഒമ്പത് ജഡ്ജിമാരാണുള്ളത്. അവര്‍ ഒരുമിച്ചിരുന്ന് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ തീര്‍പ്പാക്കുന്നു. ഇന്ത്യയില്‍ ഭരണഘടനയുടെ വ്യാഖ്യാനം ആവശ്യമായ കേസുകള്‍ അഞ്ചു ജഡ്ജിമാര്‍ ചേര്‍ന്ന ബെഞ്ചാണ് പരിഗണിക്കുന്നത്. നേരത്തെയുള്ള വിധി തിരുത്തണമെങ്കില്‍ കൂടുതല്‍ ജഡ്ജിമാര്‍ ഒരുമിച്ചിരിക്കണം. എന്നാല്‍ അത്തരം ബെഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നില്ല.

തീര്‍ത്താല്‍ തീരാത്ത വ്യവഹാരങ്ങളുടെ പെരുപ്പത്തില്‍ സുപ്രീം കോടതി ദിശയറിയാതെ ഉഴലുകയാണ്. ഭരണഘടനാപരമായ സവിശേഷത നഷ്ടപ്പെടുത്തിയ പരമോന്നത കോടതി കേവലം അപ്പീല്‍ കോടതിയായി മാറി. പൊതുപ്രാധാന്യമോ പൊതുതാല്‍പ്പര്യമോ ഇല്ലാത്ത വിഷയങ്ങള്‍ സുപ്രീം കോടതിയുടെ ഡോക്കറ്റില്‍ കടന്നുകൂടി. ഇതിനു പരിഹാരമായി നിര്‍ദേശിക്കപ്പെടുന്ന സംവിധാനമാണ് നാഷണല്‍ കോര്‍ട്ട് ഓഫ് അപ്പീല്‍. ഹൈക്കോടതികളില്‍നിന്നുള്ള അപ്പീലുകള്‍ സുപ്രീം കോടതിയിലെത്തിക്കാതെ നാഷണല്‍ കോര്‍ട്ട് ഓഫ് അപ്പീലില്‍ അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. പ്രാദേശിക ബെഞ്ചുകള്‍ ഉണ്ടെങ്കില്‍ വ്യവഹാരച്ചെലവ് ഗണ്യമായി കുറയും. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്തുകൊണ്ട് സുപ്രീം കോടതിക്ക് മഹിതാവസ്ഥ വീണ്ടെടുക്കാന്‍ കഴിയും. ഇപ്രകാരം ഒരു ദേശീയ അപ്പീല്‍ കോടതിക്ക് ഭരണഘടനയില്‍ വ്യവസ്ഥയില്ലെങ്കിലും അതേക്കുറിച്ചുള്ള ചര്‍ച്ച സജീവമാകുന്നുണ്ട്.

അല്‍പ്പ മാസങ്ങള്‍ക്ക് മുന്‍പ്, ദുഃഖവെള്ളി മുതൽ ഈസ്റ്റർ വരെയുള്ള ദിനങ്ങൾ കുടുംബത്തോടും, കുടുംബത്തിൽ പെട്ട മുതിർന്നവരോടുമൊത്ത് കേരളത്തിൽ ചെലവഴിയ്ക്കുന്നതു പതിവായതുകൊണ്ട് പ്രധാനമന്ത്രി സംഘടിപ്പിച്ച കോൺഫറൻസിലും വിരുന്നു സൽക്കാരത്തിലും പങ്കെടുക്കാൻ പറ്റാതെ വന്നതിൽ ഖേദിയ്ക്കുന്നു എന്ന് മലയാളിയായ സുപ്രീം കോടതി ജസ്റ്റീസ് കുര്യൻ ജോസഫ് സുപ്രീം കോടതി ചീഫ് ജസ്റ്റീസിനേയും പ്രധാനമന്ത്രിയേയും എഴുതി അറിയിച്ചു. ‘ഹിന്ദു’ ദിനപ്പത്രത്തിൽ ഉദ്ധരിച്ച കത്തിന്റെ ഭാഗങ്ങളിൽ ദുഃഖവെള്ളി മുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങളിലെ കോൺഫറൻസിൽ പങ്കെടുക്കുന്നത് ‘മതം അനുവദിയ്ക്കുന്നില്ല’ എന്ന് ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞതായി കാണാനായില്ല. മതം അനുവദിയ്ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നത് പത്രങ്ങളുടെ വ്യാഖ്യാനം മാത്രമായിരിയ്ക്കാനാണു വഴി. എങ്കിലും കോടതികള്‍ ദീര്‍ഘമായ അവധിക്കു പോകുമ്പോള്‍ ഈ സംഭവം ഓര്‍മ്മയില്‍ വരുന്നുവെന്ന് പറയാതിരിക്കാനാവില്ല.

ജസ്റ്റിസ് കുര്യൻ ജോസഫ്

കോടതികളുടെ പ്രവർത്തനത്തിനു തടസ്സം വരാതിരിക്കാൻ വേണ്ടിയാണ് ദേശീയ അവധിദിനങ്ങളിൽ കോൺഫറൻസ് നടത്താൻ നിശ്ചയിച്ചതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എച്ച് എൽ ദത്തു, ജസ്റ്റീസ് കുര്യൻ ജോസഫിനു മറുപടി കൊടുത്തു. സ്വാതന്ത്ര്യദിനം, വാൽമീകിദിനം എന്നീ ദേശീയ ഒഴിവുദിനങ്ങളിൽ മുമ്പ് ഇത്തരം ഔദ്യോഗികച്ചടങ്ങുകൾ നടത്തിയ കാര്യവും ചീഫ് ജസ്റ്റീസ് കത്തിൽ ചൂണ്ടിക്കാട്ടി. (വാൽമീകിദിനം ദേശീയ ഒഴിവുദിനമായി ഇതുവരെ കണ്ടിട്ടില്ല) സ്ഥാപനത്തിന്റെ താത്പര്യങ്ങൾക്ക് വ്യക്തിതാത്പര്യത്തേക്കാൾ പ്രാധാന്യം നൽകണമെന്ന് ചീഫ് ജസ്റ്റീസ് ഉപദേശിക്കുകയും ചെയ്തു എന്നതാണ് സംഭവത്തിന്‍റെ ക്ലൈമാക്സ്.

ഇക്കഴിഞ്ഞ വര്‍ഷം മാർച്ച് രണ്ട് (തിങ്കൾ) മുതൽ ഏഴു (ശനി) വരെയുള്ള ഒരാഴ്ച മുഴുവൻ സുപ്രീം കോടതിയ്ക്ക് ‘ഹോളി’ പ്രമാണിച്ച് ഒഴിവായിരുന്നു. ഹോളിയാഘോഷിക്കാൻ ഒരു ദിവസത്തെ അവധിയെടുക്കുന്നതു മനസ്സിലാക്കാം, പക്ഷേ ഹോളിക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന അവധി എന്തിനെന്നു മനസ്സിലാവുന്നില്ല. ദസ്സറ, മുഹറം എന്നിവയ്ക്കായി ഒക്ടോബറിലും ദീപാവലിക്കായി നവംബറിലും കോടതി ഓരോ ആഴ്ച അവധിയെടുക്കുന്നു. തീർന്നില്ല: ക്രിസ്തുമസ്സ് – ന്യൂ‌ഇയർ എന്നിവയ്ക്കായി ഡിസംബർ പതിനേഴു മുതൽ ജനുവരി ഒന്നു വരെ തുടർച്ചയായി 16 ദിവസം കോടതിക്ക് ഒഴിവാണ്. ഇപ്പറഞ്ഞവയേക്കാളെല്ലാം വലുത് പറയാനിരിക്കുന്നേയുള്ളു: അത് മധ്യവേനലവധിയാണ്. മെയ് 18 മുതൽ ജൂൺ 30 വരെ, നീണ്ട 44 ദിവസം.

ഞായറാഴ്ചകൾ കൂടി കണക്കിലെടുത്താൽ 2017ൽ സുപ്രീം കോടതിയ്ക്ക് ആകെ 140 ഒഴിവുദിവസമെന്നു കരുതാം. 365 ദിവസമുള്ള 2017ൽ സുപ്രീം കോടതി 225 ദിവസം മാത്രമേ പ്രവർത്തിയ്ക്കൂ. ഇന്ത്യയിലെ സാധാരണ സർക്കാർ ജീവനക്കാർക്ക് അവധിദിനങ്ങളും ഞായറാഴ്ചകളുമുൾപ്പെടെ ആകെ 85 ഒഴിവുദിവസങ്ങൾ ഒരു വർഷത്തിൽ കിട്ടുന്നുവെന്നു കരുതാം. ആ സ്ഥാനത്ത് സുപ്രീം കോടതിയ്ക്ക് 140 അവധിദിനങ്ങൾ കിട്ടുന്നു. ഇത്ര നീണ്ട അവധിദിനങ്ങൾ ബ്രിട്ടീഷ് ഭരണകാലത്തെ പതിവുകളുടെ തുടർച്ചയായിരിക്കാം. ജനതയോട് പ്രതിബദ്ധതയില്ലാത്ത വിദേശികളായിരുന്നു അന്നു നമ്മെ ഭരിച്ചിരുന്നത്. ഇന്നു ജനതയെ ഭരിയ്ക്കുന്നത് ജനതയോടു പ്രതിബദ്ധതയുള്ള ജനത തന്നെ. നീണ്ട അവധികൾ ആ പ്രതിബദ്ധതയുടെ ലക്ഷണമല്ല.

കഴിഞ്ഞ ജൂലൈ വരെ സുപ്രീം കോടതിയുടെ മധ്യവേനലവധി 70 ദിവസം – പത്താഴ്ച – ആയിരുന്നു. അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന ആർ എം ലോധ സുപ്രധാനമായ ചില നിരീക്ഷണങ്ങൾ നടത്തി. സുപ്രീം കോടതി ഒരു വർഷത്തിൽ ആകെ 193 ദിവസം മാത്രമേ പ്രവർത്തിയ്ക്കുന്നുള്ളു എന്നായിരുന്നു നിരീക്ഷണങ്ങളിലൊന്ന്. എന്നു വച്ചാൽ കഷ്ടി ആറര മാസം. ശേഷിയ്ക്കുന്ന അഞ്ചര മാസം സുപ്രീം കോടതി അവധിയാഘോഷിയ്ക്കുന്നു. ഹൈക്കോടതികൾ 210 ദിവസവും വിചാരണക്കോടതികൾ 245 ദിവസവും മാത്രമേ പ്രവർത്തിയ്ക്കുന്നുള്ളു എന്നും അദ്ദേഹം നിരീക്ഷിച്ചു.

നിരീക്ഷിയ്ക്കുക മാത്രമല്ല, ചീഫ് ജസ്റ്റീസ് ലോധ ചെയ്തത്: താനുൾപ്പെടെയുള്ള സുപ്രീം കോടതിയുടെ മധ്യവേനലവധി പത്താഴ്ചയിൽ നിന്ന് ഏഴാഴ്ചയായി കുറയ്ക്കുകയും ചെയ്തു. മറ്റൊരു കാര്യം കൂടി അദ്ദേഹം ചെയ്തു, വെക്കേഷനുകൾ ഒഴിവാക്കി, വർഷം മുഴുവൻ കോടതികൾ പ്രവർത്തിയ്ക്കുന്നതേപ്പറ്റി ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെ അഭിപ്രായം ആരാഞ്ഞു. വിവിധദിശകളിൽ നിന്ന് രൂക്ഷമായ എതിർപ്പുയർന്നതോടെ അദ്ദേഹം ആ രംഗത്ത് തുടർ നടപടികളെടുത്തില്ല. കഴിഞ്ഞ സെപ്റ്റംബറിൽ അദ്ദേഹം പെൻഷൻ പറ്റുകയും ചെയ്തു.

ഇക്കഴിഞ്ഞ മാർച്ച് ഒന്നാം തീയതി, സുപ്രീം കോടതിയിൽ മാത്രമായി 61,300 കേസുകൾ കെട്ടിക്കിടന്നിരുന്നെന്ന് സുപ്രീം കോടതിയുടെ തന്നെ വെബ്സൈറ്റു കാണിക്കുന്നു. 28 ജസ്റ്റീസുമാരുണ്ട് സുപ്രീം കോടതിയിൽ. സുപ്രീം കോടതി ജസ്റ്റീസുമാർ സാധാരണയായി രണ്ടോ മൂന്നോ പേരടങ്ങുന്ന ‘ബെഞ്ചു’കളായാണ് കേസുകൾ കൈകാര്യം ചെയ്യുന്നത്. ചിലപ്പോൾ അഞ്ചുപേരടങ്ങുന്ന ബെഞ്ചുകളുമുണ്ടാകാം; ഭരണഘടനാബെഞ്ച് ഇത്തരത്തിലുള്ളതായിരിക്കും.

എങ്കിലും തത്കാലത്തേക്ക് രണ്ടു പേർ വീതമുള്ള ബെഞ്ചുകളാണ് 61300 കേസുകൾ കൈകാര്യം ചെയ്യുന്നതെന്നു സങ്കല്പിക്കുക. അങ്ങനെയെങ്കിൽ ആകെ ബെഞ്ചുകൾ 14. ഓരോ ബെഞ്ചും കൈകാര്യം ചെയ്യേണ്ടത് 4378 കേസുകൾ. അതായത്, സുപ്രീം കോടതിയിലെ ഓരോ ജഡ്ജിയും 4378 കേസുകൾ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. പത്തു ദിവസം കൊണ്ട് ഓരോ കേസിലും തീർപ്പു കല്പിക്കുന്നു എന്ന് കരുതുക. 220 പ്രവൃത്തിദിവസങ്ങൾ മാത്രമുള്ള ഒരു വർഷം ഈ തോതിൽ 22 കേസുകൾ മാത്രമാണ് ഒരു സുപ്രീം കോടതി ജസ്റ്റീസിനു തീർപ്പു കല്പിയ്ക്കാനാകുക. എന്നുവച്ചാൽ, 4378 കേസുകൾ തീർക്കാൻ ഒരു ജസ്റ്റീസിന് 199 വർഷം വേണ്ടിവരും! പത്തു ദിവസം കൊണ്ട് ഒരു കേസിൽ വിധി പറയാനാകുമോ എന്ന ചോദ്യത്തിലേക്ക് കടക്കുന്നില്ല.

സുപ്രീം കോടതിയിലെ സ്ഥിതി ഇതാണെങ്കിൽ, മറ്റു കോടതികളിലേത് ഇതിലേറെ ഗുരുതരമാണ്. ഡിസംബർ മാസത്തെ ഒരു പത്രറിപ്പോർട്ടനുസരിച്ച് നാല്പത്തിനാലര ലക്ഷം കേസുകളാണ് രാജ്യത്തെ ഇരുപത്തിനാലു ഹൈക്കോടതികളിൽ കെട്ടിക്കിടന്നിരുന്നത്. കീഴ്ക്കോടതികളിൽ കെട്ടിക്കിടന്നിരുന്നത് രണ്ടരക്കോടിയും! എല്ലാ കോടതികളിലുമായി മൂന്നു കോടി കേസുകൾ! ഇവയിൽ വലിയൊരു ശതമാനം ക്രിമിനൽ കേസുകളുമായിരുന്നു. 61300 കേസുകൾ കെട്ടിക്കിടക്കുന്ന സുപ്രീം കോടതി 140 ദിവസം ഒഴിവെടുക്കുന്നു. നാല്പത്തിനാലര ലക്ഷം കേസുകൾ കെട്ടിക്കിടക്കുന്ന ഹൈക്കോടതികൾ അഞ്ചുമാസത്തോളം (150 ദിവസം) ഒഴിവെടുക്കുന്നു. പത്രവാർത്തയാണിത്; ചില കോടതികളിലെ ഒഴിവുദിനങ്ങളിൽ ഏറ്റക്കുറച്ചിലുണ്ടാകാം.

“ദ ടൈംസി”ലെ ഒരു കാർട്ടൂണിസ്റ്റായിരുന്ന ഫ്രാങ്ക് ടൈഗർ പറഞ്ഞത് ഇവിടെ ഓർത്തു പോകുന്നു: “When you like your work, everyday is a holiday.”

നാം ആസ്വദിക്കുന്നൊരു ജോലി ചെയ്യുമ്പോൾ നമുക്ക് ഒഴിവിന്റെ ആവശ്യം തോന്നുകയില്ല. ജോലിക്കൂടുതലുണ്ടെങ്കിൽ ഒഴിവുദിവസങ്ങളിലും പ്രത്യേക പ്രതിഫലമൊന്നുമില്ലാതെ തന്നെ ഓഫീസിൽ പോയി ജോലി ചെയ്യുന്ന ഒരു കൂട്ടം ജീവനക്കാരെ എനിക്ക് നേരിട്ടറിയാം.

മൂന്നു കോടിയോളം കേസുകൾ കോടതികളിൽ കെട്ടിക്കിടക്കുന്ന ഇന്നത്തെ ഗുരുതരാവസ്ഥയിൽ സുപ്രീം കോടതികളുൾപ്പെടെയുള്ള കോടതികൾ പ്രതിവർഷം എഴുപതോ എൺപതോ ദിവസത്തിൽ കൂടുതൽ ഒഴിവെടുക്കുന്നതിൽ ധാർമ്മികതയില്ല. എന്തിനും ഏതിനും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമുയരുന്ന നമ്മുടെ രാജ്യത്ത് ഇക്കാര്യത്തെപ്പറ്റി മിക്കവരും നിശ്ശബ്ദത പാലിക്കുന്നതാണതിശയം.

“ഭയവും പക്ഷപാതവുമില്ലാതെ പ്രവർത്തിക്കാൻ ഒരു ജഡ്ജിയ്ക്കു ധൈര്യം നൽകുന്നത് ഭരണഘടനയാണ്” എന്ന് ജസ്റ്റീസ് കുര്യൻ ജോസഫ് കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഒരു പെറ്റീഷൻ പരിഗണിക്കുമ്പോൾ പ്രഖ്യാപിച്ചിരുന്നു. ഒഴിവുദിനങ്ങൾ കുറയ്ക്കുകയും പ്രവൃത്തിദിനങ്ങൾ കൂട്ടുകയും ചെയ്ത് കെട്ടിക്കിടക്കുന്ന കേസുകൾ തീർക്കാനുള്ള ആവേശവും ഭരണഘടനയിൽ നിന്ന് ജസ്റ്റിസുമാർക്കു കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചുപോകുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍