UPDATES

ഓഫ് ബീറ്റ്

ആവശ്യങ്ങളല്ല സത്യസന്ധതയാണ് വലുത്; കളഞ്ഞു കിട്ടിയ എട്ട് ലക്ഷം രൂപ മടക്കിക്കൊടുത്ത് ടാക്‌സി ഡ്രൈവര്‍

പതിനേഴാം വയസ്സില്‍ മറ്റ് നിവൃത്തിയില്ലാതെ തൊഴില്‍ തേടിയിറങ്ങിയതാണ് ഇദ്ദേഹം

                       

സഹോദരിമാരെ വിവാഹം കഴിച്ചയച്ചതിലുണ്ടായ ഒരു ലക്ഷം രൂപo രൂപയുടെ ബാങ്ക് കടം. അതുകൂടാതെ സ്വകാര്യ ബാങ്കില്‍ നിന്നും കടം വാങ്ങിയ എഴുപതിനായിരം രൂപയുടെ കടം. ഇത്രയും കടമുള്ള ഒരാള്‍ക്ക് എട്ട് ലക്ഷം രൂപ കളഞ്ഞുകിട്ടിയാല്‍ എന്തു ചെയ്യും? ഡല്‍ഹിയില്‍ ടാക്‌സി ഡ്രൈവറായ ദേബേന്ദ്ര കപ്രിയ്ക്കും ഇതു തന്നെയാണ് സംഭവിച്ചത്. അതേസമയം തന്റെ ആവശ്യങ്ങളേക്കാള്‍ പ്രാധാന്യം തന്റ സത്യസന്ധതയ്ക്കുണ്ടെന്ന് തിരിച്ചറിഞ്ഞ കപ്രി ഈ പണം ഉടമസ്ഥന് തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് 22-കാരനായ കപ്രി ഓടിക്കുന്ന ടാക്‌സിയുടെ പിറകിലെ സീറ്റില്‍ ഒരാള്‍ സ്വര്‍ണാഭരണങ്ങളും ലാപ്‌ടോപ്പും ഐഫോണും ക്യാമറയും 70 ഡോളര്‍ പണവും അടങ്ങുന്ന ബാഗ് മറന്നു വച്ചു പോയത്. യാത്രക്കാരന്റെ രൂപഭാവങ്ങള്‍ ഓര്‍മയില്ലായിരുന്നെങ്കിലും കപ്രി ചെയ്തത് ബാഗുമായി വിമാനത്താവളത്തില്‍ തന്നെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ചെയ്യുകയായിരുന്നു. ഏകദേശം എട്ട് ലക്ഷം രൂപ വിലമതിക്കുന്നവയാണ് ഇതെന്ന് പോലീസ് കണ്ടെത്തി. വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ പഹാഡ്ഗഞ്ചിലേക്ക് പോയ ശ്രീനഗര്‍ സ്വദേശി മുബിഷെര്‍ വാണിയുടേതാണ് ബാഗെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. അന്ന് വൈകുന്നേരം തന്നെ ബാഗ് അദ്ദേഹത്തിന് കൈമാറുകയും ചെയ്തു.

ബാഗില്‍ വിലപിടിപ്പുള്ള വസ്തുക്കളായിരുന്നുവെന്ന് തനിക്കറിയാമായിരുന്നെന്നാണ് കപ്രി പറയുന്നത്. എന്നാല്‍ എപ്പോഴും സത്യസന്ധനായിരിക്കണമെന്ന തന്റെ അച്ഛന്റെ വാക്കുകള്‍ ഓര്‍ത്താണ് ബാഗ് തിരിച്ചേല്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ പറയുന്നു. കൃഷിക്കാരനായ ഇയാളുടെ അച്ഛന്‍ പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാനാകാതെ വിഷമിക്കുകയാണ്. ഇതിന്റെയും സ്വകാര്യ ബാങ്കില്‍ നിന്നുമെടുത്ത വായ്പയുടെയും പലിശ അടയ്ക്കാന്‍ ഈ കുടുംബത്തിന് പല മാസങ്ങളിലും സാധിക്കാറില്ല. പലിശ മാസാമാസം കൂടി വന്ന് വലിയൊരു തുകയായി കഴിഞ്ഞു. ഒരു ലക്ഷത്തിന്റെ വായ്പ അടച്ചു തീര്‍ക്കാന്‍ ഇപ്പോള്‍ രണ്ട് ലക്ഷം രൂപ വേണ്ട സാഹചര്യമാണ്. ജപ്തിഭീഷണിയും ഗുണ്ടകളില്‍ നിന്നുള്ള ഭീഷണിയും നിലനില്‍ക്കുന്നതിനിടെയാണ് കപ്രിയ്ക്ക് ഇത്രയും പണം കളഞ്ഞു ലഭിച്ചത്.

കപ്രിയുടെ താമസസ്ഥലം

അടുത്തിടെ ഈ കുടുംബം തങ്ങളുടെ ഭൂമിയുടെ ഒരു ഭാഗം വിറ്റെങ്കിലും കടം അടച്ചു തീര്‍ക്കാന്‍ അത് മതിയാകുമായിരുന്നില്ല. 2011ല്‍ കൂടുതല്‍ വരുമാനം തേടി കപ്രിയുടെ സഹോദരന്‍ ഗുജറാത്തിലെ രാജ്‌കോട്ടിലേക്ക് പോയതാണ് എന്നാല്‍ അവിടെ നിന്നും ലഭിക്കുന്നത് അദ്ദേഹത്തിന്റെ ജീവിത ചെലവുകള്‍ക്ക് തന്നെ തികയാത്ത അവസ്ഥയാണ്.

അമ്മ രോഗിയായി കിടപ്പിലാണെന്നും അവര്‍ക്ക് മരുന്ന് വാങ്ങാനുള്ള പണം പോലും തനിക്കും അച്ഛനും കണ്ടെത്താനാകാറില്ലെന്നും ഇദ്ദേഹം പറയുന്നു. ഓരോ ദിവസം കഴിയുന്തോറും തങ്ങളുടെ സാമ്പത്തികാവസ്ഥ മോശമായി വരികയാണ്. പതിനേഴാം വയസ്സില്‍ മറ്റ് നിവൃത്തിയില്ലാതെ തൊഴില്‍ തേടിയിറങ്ങിയതാണ് കപ്രി. 2012-ല്‍ ഡല്‍ഹിയിലെത്തിയ കപ്രി ആദ്യം ഡല്‍ഹി വിമാനത്താവളത്തിലെ ടാക്‌സി സ്റ്റാന്‍ഡില്‍ ക്ലീനറായും പിന്നീട് ഡ്രൈവറായും ജോലി ചെയ്യുകയായിരുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍