UPDATES

ഓഫ് ബീറ്റ്

അമര്‍നാഥ് തീര്‍ത്ഥാടകരെ രക്ഷിച്ചത് സലീം മിര്‍സയെന്ന ഡ്രൈവറുടെ ധീരത: ബുള്ളറ്റുകള്‍ക്കിടയിലൂടെ ചീറിപ്പാഞ്ഞ ബസ്

വെടിവയ്പിനിടയിലൂടെ രണ്ട് കിലോമീറ്റര്‍ ബസ് ഓടിച്ചാണ് സലീം മിര്‍സ, യാത്രക്കാരെ കരസേനാ ക്യാമ്പിലെത്തിച്ചത്.

                       

ഇന്നലെ ജമ്മു കാശ്മീരില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ബസിന്റെ ഡ്രൈവറായ ഗുജറാത്ത് സ്വദേശി സലീം മിര്‍സ പ്രകടിപ്പിച്ച അസാമാന്യ ധീരതയാണ്. വെടിവയ്പിനിടയിലൂടെ രണ്ട് കിലോമീറ്റര്‍ ബസ് ഓടിച്ചാണ് സലീം മിര്‍സ, യാത്രക്കാരെ കരസേനാ ക്യാമ്പിലെത്തിച്ചത്. 56 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. സലീം മിര്‍സയ്ക്ക് മൂന്ന് ലക്ഷം രൂപയാണ് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

രാത്രി എട്ട് മണിയോടെയാണ് ഒരു സംഘം ഭീകരര്‍ ബസ് വളഞ്ഞത്. ഡ്രൈവറെ കൊല്ലാന്‍ ലക്ഷ്യമിട്ട് മുന്നില്‍ നിന്നാണ് വെടിവയ്പ് തുടങ്ങിയത്. എന്നാല്‍ തെന്നിമാറിയ സലീംമിര്‍സ ബസ് അതിവേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. തനിക്ക് ആ സമയത്ത് എങ്ങനെയാണ് ഇത്രയ്ക്ക് ധൈര്യമുണ്ടായതെന്ന് അറിയില്ലെന്ന് സലീം മിര്‍സ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സലീം മിര്‍സ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മിര്‍സയേയും പരിക്കേറ്റ മറ്റുള്ളവരേയും വ്യോമസേനാ വിമാനത്തിലാണ് ഗുജറാത്തിലെ സൂറത്തിലെത്തിച്ചത്. മിര്‍സയെ പ്രശംസിച്ച ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി അദ്ദേഹത്തെ ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യുമെന്നും പറഞ്ഞു. ബല്‍ട്ടാലില്‍ നിന്ന് ജമ്മുവിലേയ്ക്കുള്ള യാത്രയിലായിരുന്നു ആക്രമണം നടക്കുന്ന സമയത്ത് ഗുജറാത്ത് രജിസ്‌ട്രേഷനുള്ള ബസ്. അതേസമയം അമര്‍നാഥ് തീര്‍ത്ഥാടനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്ന സംഘമായിരുന്നില്ല അതെന്നും അതുകൊണ്ട് തന്നെ സുരക്ഷയൊരുക്കിയിരുന്നില്ലെന്നും ഐജി മുനീര്‍ ഖാന്‍ പറയുന്നു.

ലഷ്‌കര്‍ ഇ തയിബ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അനന്ത്‌നാഗ് മേഖലയിലെ എല്ലാ റൂട്ടുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്രസര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചിരുന്നു. സുരക്ഷാചട്ടങ്ങള്‍ പാലിക്കാനും അധികൃതരുമായി സഹകരിക്കാനും തീര്‍ത്ഥാടകരോട് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

Share on

മറ്റുവാര്‍ത്തകള്‍