UPDATES

ട്രെന്‍ഡിങ്ങ്

ബഹു. സുപ്രീം കോടതീ… ഈ ആവലാതി ഒന്ന് കേള്‍ക്കണം; ഒരു മദ്യപാനിയുടെ തുറന്ന കത്ത്

നീതിയും ന്യായവും ദൈവവും എല്ലാം മനുഷ്യന്മാര്‍ക്ക് വേണ്ടിയാണ്‌

                       

എത്രയും ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക്,

പ്രമുഖ അഭിഭാഷകര്‍ക്ക് ഒരു സിറ്റിംഗിന് 30 ലക്ഷം രൂപ കൊടുക്കാന്‍ ത്രാണിയില്ലാത്ത ഒരു മദ്യപാനിയുടെ ആവലാതി എന്തെന്നാല്‍, താഴെ കൊടുത്തിരിക്കുന്ന വീഡിയോ ഒന്ന് കാണണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. 300 ശതമാനം നികുതി കൊടുത്ത് നിയമപരമായി സാധുതയുള്ള ഒരു ഉത്പന്നം വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന ഇന്ത്യയിലെ ജനലക്ഷങ്ങളില്‍ ഒരു വിഭാഗമാണത്. അതില്‍ ഉന്നത സ്ഥാനീയരും ഉന്നതകുലജാതരും ഉണ്ടാവില്ല. അന്നന്നത്തെ അന്നത്തിന് വേണ്ടി ഭാരം ചുമക്കുന്നവരും വണ്ടി വലിക്കുന്നവരുമാണവര്‍. ഇന്ന് ഞായറാഴ്ച. ഒരു ദിവസത്തെ ആനന്ദത്തിന്, ജീവിതദുരിതങ്ങളില്‍ നിന്നും ഒരു മുക്തിക്ക് വേണ്ടി മാത്രമാണ് അവര്‍ ഈ പൊരിവെയിലത്രയും കൊള്ളുന്നത്. ഓര്‍മ്മകളാണ് ജീവിതം എന്ന് പല മഹാന്മാരും പറഞ്ഞിട്ടുണ്ടെങ്കിലും ചില മറവികള്‍ മനുഷ്യര്‍ ആഗ്രഹിക്കും. അവര്‍ക്കും ജീവിച്ചല്ലേ പറ്റൂ.

ഒരു ചെറിയ സ്ഥലത്ത് ഇത്രയും വലിയ ആള്‍ക്കൂട്ടം ഉണ്ടാക്കുന്ന സ്വൈര്യജീവിത, ക്രമസമാധാന പ്രശ്‌നങ്ങള്‍ വേറെ. ദയവായി കോടതി കണ്ണ് തുറക്കണം. ഈ സംസാരസാഗരത്തില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കണം. ആജീവനാന്ത മദ്യനിരോധനമുള്ള പണ്ട് ഗാന്ധിയുടേതായിരുന്നതും പിന്നെ നരേന്ദ്ര മോദിയുടെതായി തീര്‍ന്നതുമായ രാജ്യത്ത് പോത്തിലി (വാറ്റ് ചാരായം) എന്ന ഒരു സാധനം ‘മദ്യം’ എന്ന വ്യാജേന ഇപ്പോഴും ജനം വാങ്ങി കുടിക്കുന്നുണ്ടെന്ന് ബഹുമാനപ്പെട്ട കോടതി മനസിലാക്കണം. നീതിയും ന്യായവും ദൈവവും എല്ലാം മനുഷ്യന്മാര്‍ക്ക് വേണ്ടിയാണെന്നും. മിനിട്ടിന് ലക്ഷങ്ങള്‍ വിലയുള്ള അഭിഭാഷകരുടെ വാക്ക് കേട്ട് നിയമം വ്യാഖ്യാനിക്കുകയും നീതി ഉത്‌ഘോഷിക്കുകയും ചെയ്യുന്നതിന് മുമ്പ് ഈ പൊരിവെയലത്ത് ഈയാംപാറ്റകളാവുന്ന ജനകോടികളുടെ ജീവിതം തമാശയായെങ്കിലും ഒന്ന് കാണാന്‍ അഭ്യര്‍ത്ഥന.

അതിബഹുമാനപൂര്‍വം ഒരു മദ്യപാനി.

ശരത് കുമാര്‍

ശരത് കുമാര്‍

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Related news


Share on

മറ്റുവാര്‍ത്തകള്‍