UPDATES

ബ്ലോഗ്

എന്തുകൊണ്ട് കൊലപാതകി തന്റെ ക്രൂരകൃത്യം ലൈവ് ഇടുന്നു? ന്യൂസീലാന്‍ഡ് കൊലയാളി ബ്രെണ്ടന്‍ റ്ററന്‍റിന്റെയും അട്ടപ്പാടിയില്‍ മധുവിനെ തല്ലിക്കൊന്നവരുടെയും മനഃശാസ്ത്രം

ഭയപ്പെടുത്തുക, അത് ദൃശ്യവൽക്കരിക്കുക എന്ന് തന്നെയായിരുന്നു ഈ ഭീകരന്റെ ലക്ഷ്യം. രാഷ്ട്രീയ കൊലകൾ നടത്തുന്നവർക്കും ഭീകരാക്രമണം നടത്തുന്നവർക്കും വംശീയകൊലപാതകങ്ങൾ നടത്തുന്നവർക്കും ലക്ഷ്യം അത് തന്നെയാണ്.

പാര്‍വതി

പാര്‍വതി

                       

തല്ലിക്കൊല്ലുന്നതിനു മുന്‍പ് വംശീയവെറിയുള്ള ഒരു ആള്‍ക്കൂട്ടം കെട്ടിയിട്ട് സെല്‍ഫി എടുക്കുമ്പോള്‍ മധു എന്ന ആദിവാസി യുവാവിന്റെ മുഖത്ത് കണ്ട ദൈന്യത ആരും മറന്നിരിക്കാനിടയില്ല. ആള്‍ക്കൂട്ടത്തിന് അയാളെ തല്ലിക്കൊന്നാല്‍ മാത്രം പോരായിരുന്നു അത് പകര്‍ത്തുകയും സൈബര്‍ ഇടങ്ങളില്‍ പോസ്റ്റ് ചെയ്ത് ആദിവാസിക്കുമേലുള്ള നഗരവാസിയുടെ ആധിപത്യം ഉറപ്പിക്കുകയും കൂടി വേണമായിരുന്നു. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളികളില്‍ എത്തി നിരവധി മുസ്ലീങ്ങളെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ലൈവായി ഇട്ട ബ്രെണ്ടന്‍ റ്ററന്റ്‌റ് എന്ന ഭീകരന്റെയും മനശാസ്ത്രം മറ്റൊന്നല്ല. ആക്രമണം നടന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഫെസ്ബുക്ക് കമ്പനിക്ക് നീക്കം ചെയ്യേണ്ടി വന്നത് കൊലയാളിയുടെ ലൈവ് വീഡിയോയുടെ പതിനഞ്ച് ലക്ഷത്തോളം കോപ്പികളാണ്.

കൊലചെയ്യുന്നതില്‍ മാത്രമല്ല, ഒരു ടാര്‍ജറ്റ് ഓഡിയന്‍സിനായി കൊലയെ വ്യക്തമായി ചിത്രീകരിക്കുന്നതിലും അത് മറ്റുള്ളവര്‍ കാണുന്നുവെന്നുള്ള ബോധ്യത്തിലുമാണ് ഈ അടുത്തകാലത്തായി കൊലയാളികള്‍ സംതൃപ്തി കണ്ടെത്തുന്നത്. 2010നു ശേഷം ലോകത്തെ ഞെട്ടിച്ച പല കൊലപാതകങ്ങളും കൊലപാതകികള്‍ തന്നെ വീഡിയോയില്‍ പകര്‍ത്തി വെക്കുകയോ ഫോട്ടോ എടുക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട്. സ്വന്തം കൊലയെ ദൃശ്യവല്‍ക്കരിക്കാന്‍, അത് മറ്റുള്ളവരെ കാണിച്ചുകൊടുക്കാന്‍ വെമ്പുന്ന മനോഭാവത്തിന് പിന്നിലെന്ത്? എന്തുകൊണ്ട് കൊലപാതകി തന്റെ ക്രൂരകൃത്യം ലൈവ് ഇടുന്നു?

അന്യനാടുകളില്‍ നിന്നുള്ള കുടിയേറ്റം തന്റെ നാടിന്റെ മഹത്തായ യൂറോപ്യന്‍ സംസ്‌കാരത്തെ കളങ്കപ്പെടുത്തിയെന്നും, അതിന്റെ കുടിപ്പക തനിക്ക് മുസ്ലീങ്ങളോടുണ്ടെന്നും തന്റെ ‘ഗ്രെറ്റ് റീപ്ലേസ്മെന്റ്’ എന്ന മാനിഫെസ്‌റ്റോയില്‍ ന്യൂസീലാന്‍ഡ് കൂട്ടക്കൊലയാളി ബ്രെണ്ടന്‍ റ്ററന്‍റ് വിശദീകരിക്കുന്നുണ്ട്. കൊലപാതകം എന്ന പ്രവര്‍ത്തിയേക്കാള്‍ തന്റെ അധികാര പ്രയോഗം നാലാള്‍ കാണുന്നുണ്ട്, മുസ്ലീങ്ങള്‍ അത് കണ്ട് നടുങ്ങുന്നുണ്ടെന്ന ചിന്തയാണ് അയാള്‍ക്ക് ആവേശം നല്‍കുന്നത്. കൊല നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്റെ മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതിലൂടെ ഇത് വളരെ വ്യക്തമാകുന്നുണ്ട്. ഭയപ്പെടുത്തുക, അത് ദൃശ്യവല്‍ക്കരിക്കുക എന്ന് തന്നെയായിരുന്നു ഈ ഭീകരന്റെ ലക്ഷ്യം. ഏറ്റവും ഒടുവില്‍ തനിക്ക് അഭിഭാഷകന്റെ ആവശ്യമില്ലെന്നും സ്വയം വാദിച്ചുകൊള്ളാം എന്നുമാണ് റ്ററന്‍റ് പറയുന്നത്.

രാഷ്ട്രീയ കൊലകള്‍ നടത്തുന്നവര്‍ക്കും ഭീകരാക്രമണം നടത്തുന്നവര്‍ക്കും വംശീയകൊലപാതകങ്ങള്‍ നടത്തുന്നവര്‍ക്കും ലക്ഷ്യം അത് തന്നെയാണ്. തന്റെ കയ്യിലെത്തുന്ന ഇരകളാണ് അവരുടെ ലക്ഷ്യം. ഇരയിലൂടെ തന്റെ പ്രത്യയശാസ്ത്രം നാലാളെ അറിയിക്കുക എന്നത് തന്നെയാണ് ഇക്കൂട്ടരുടെ ലക്ഷ്യം.അതുകൊണ്ടു തന്നെയാണ് ഫെസ്ബുക്ക് ലൈവുകള്‍ പോലെയുള്ള പ്ലാറ്റ്‌ഫോമുകള്‍ നവനാസികളുടെയും ആധുനിക ഭീകരവാദികളുടെയും ഇഷ്ട തട്ടകമാകുന്നത്.

മനഃശാസ്ത്രം

സ്വന്തം കൊടും ക്രൂരതകള്‍ മറ്റുള്ളവരെ കാണിക്കുക എന്നതുപോലെ തന്നെ സ്വന്തം പ്രവര്‍ത്തികള്‍ കണ്ണാടികാഴ്ചകള്‍ പോലെ കണ്ട് അഭിരമിക്കുന്ന നാര്‍സിസിസ്റ്റുകളാകുകയാണ് ആധുനിക കാലത്തെ ഓരോ ക്രിമിനലുമെന്നാണ് ഫ്‌ലോറിഡയിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ക്രിമിനല്‍ ജസ്റ്റിസ് പ്രഫസര്‍ റിമാന്‍ഡ് സൂററ്റ് പറയുന്നത്. 1880കളില്‍ യൂറോപ്പില്‍ ഒരാള്‍ താന്‍ ചെയ്ത കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വര്‍ണ്ണിച്ചുകൊണ്ട് മാധ്യമസ്ഥാപനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും കത്തുകള്‍ അയച്ചതാണ് ഈ നാര്‍സിസ്റ്റിക് കൊലപാതകങ്ങളുടെ ഏറ്റവും ആദ്യത്തെ സംഭവമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്വീഡനിലെ ഉപ്സാലയിലെ കൂട്ടബലാത്സംഗം ബലാത്സംഗികളില്‍ ഒരാള്‍ ലൈവ് ടെലികാസ്‌റ് ചെയ്തത് 2017 ലാണ്. കഴിഞ്ഞ വര്‍ഷം ഫ്‌ലോറിഡയിലെ ഇ ടൂര്‍ണമെന്റ് കേന്ദ്രത്തില്‍ നടന്ന കൂട്ടക്കൊലയും കൊലപാതകി ലൈവ് ടെലികാസ്റ്റ് ചെയ്തിരുന്നു.

സ്‌കൂളിലും കോളേജിലും എന്തിനു വീട്ടില്‍ പോലും ക്യാമറ നിരീക്ഷണത്തില്‍ വളരുന്ന കുട്ടികളിലാണ് സ്വന്തം കുറ്റകൃത്യം ലൈവ് ടെലികാസ്റ്റ് ചെയ്യാനുള്ള പ്രവണത കൂടുതലായി കാണാനാകുന്നതെന്നാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. എപ്പോഴും തന്നെ മറ്റൊരാള്‍ കാണുന്നുണ്ട്, താന്‍ ക്യാമറയ്ക്കുള്ളിലാണ് എന്ന ബോധമാണ് ഈ കാലത്തിന്റെ പ്രത്യേകത. സ്വന്തം സന്തോഷം ഒരു നിമിഷം പോലും കളയാതെ ഒരു ടാര്‍ഗറ്റ് ഓഡിയന്‍സിന് മുന്‍പില്‍ അവതരിപ്പിക്കുക എന്നതാണ് ഫേസ്ബുക് ലൈവ് സ്ട്രീമിനിനു പിന്നിലുള്ള നിസ്സാര ആശയം. ഒരു ഫോട്ടോ എടുത്തില്ലെങ്കില്‍, അതിന്റെ വീഡിയോ എടുത്തില്ലെങ്കില്‍, ഒരു ലൈവ് ഇട്ടില്ലെങ്കില്‍ ഒരു അസുലഭ നിമിഷവും അവിസ്മരണീയമാകുന്നില്ല എന്നതാണ് ഇന്നിന്റെ വിശ്വാസം. ക്യാമറകള്‍ക്ക് വേണ്ടിയാണ് ഇന്ന് മനുഷ്യര്‍ പലപ്പോഴും ആഘോഷിക്കുന്നതെന്നാണ് മനഃശാസ്ത്രജ്ഞ പമേല റാറ്റ്‌ലെഡ്ജ് ദി ഗാര്‍ഡിയനില്‍ എഴുതുന്നത്.

2017ലെ ‘ചിക്കാഗോ ടോര്‍ച്ചര്‍’ എന്നറിയപ്പെടുന്ന സംഭവം ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. കറുത്ത വര്‍ഗ്ഗക്കാരായ നാല് യുവാക്കള്‍ ചേര്‍ന്ന് ചിക്കാഗോയില്‍ ഒരു ഫ്‌ലാറ്റില്‍ വെച്ച് മാനസികമായി വെല്ലുവിളി നേരിടുന്ന ഒരു വെള്ളക്കാരനായ യുവാവിനെ ആക്രമിച്ച സംഭവമായിരുന്നു ലോകമനഃസാക്ഷിയെ ഞെട്ടിച്ചത്. മണിക്കൂറുകള്‍ നീണ്ടു നിന്ന ഈ പീഡനവും ആക്രമണവും അക്രമികളില്‍ ഒരാള്‍ ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തിരുന്നു.

ജസ്റ്റിന്‍ ബീബറിന്റെ അപകടകരമായ ഡ്രൈവിങ്ങിന്റെ വീഡിയോയും പാരീസ് ഹില്‍ട്ടന്റെ ഡ്രഗ് ഉപയോഗങ്ങളുടെ വീഡിയോയുമെല്ലാം ഹീറോയിസം എന്ന തരത്തിലാണ് പുതിയ തലമുറ കാണുന്നത്. ആളുകളെ തുരുതുരെ വെടിവെച്ച് കൊല്ലുക, അത് മറ്റുള്ളവരെ കാണിക്കുക എന്നതില്‍ യാതൊരു മനഃസാക്ഷിക്കുത്തും വേണ്ടെന്നും അതാണ് ശരിക്കുമുള്ള ഹീറോയിസം എന്നും ധരിച്ചാണ് പുത്തന്‍ തലമുറ വളര്‍ന്നു വരുന്നത്. തനിയ്ക്ക് മുന്നിലെത്തുന്നയാളെ പരമാവധി പീഡിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ് പരമാവധി സുഖിക്കുന്നതിന്റെ ലക്ഷണമെന്നു വിളിച്ചോതുന്ന പോണ്‍ ഫിലിമുകളും ഇന്നത്തെ തലമുറയെ ഒരളവോളം സാഡിസ്റ്റുകള്‍ ആക്കുന്നുണ്ട്. സ്വന്തം അധികാരത്തെ പുത്തന്‍ തലമുറ സ്വയം ബോധ്യപ്പെടുത്തുന്നത് കുറ്റകൃത്യത്തിന്റെ വീഡിയോ എടുത്തുകൊണ്ടാണെന്നു വരുന്നു.

വീഡിയോ എടുക്കുമ്പോഴുള്ള ഇരയുടെ ദൈന്യതയും നിസ്സാരതയും നിസ്സഹായതയും ആസ്വദിച്ചുകൊണ്ടാണ് കൊലപാതകി വീഡിയോ ഷൂട്ട് ചെയ്യുന്നത്. അത് കണ്ട് ആനന്ദിച്ചുകൊണ്ടാണ് സാഡിസ്റ്റുകളായ കൊലപാതകികള്‍ തൃപ്തി നേടുന്നത്. ന്യൂസിലാന്‍ഡില്‍ കൊലചെയ്യപ്പെട്ട 50 പേരോടുള്ള നീതികേട് ആണെന്നതിനാലാണ് തങ്ങള്‍ വീഡിയോ ഫീഡുകളില്‍ നിന്നും അടിയന്തിരമായി നീക്കം ചെയ്യുന്നതെന്നാണ് ഫെസ്ബുക്ക് കമ്പനി അറിയിക്കുന്നത്. കൊലപ്പെടുത്തുന്ന നേരത്ത് അത് ഷൂട്ട് ചെയ്യുന്നത് ഇരയ്ക്ക് മേലുള്ള ഇരട്ടി ആക്രമാണെന്നാണ് നിയമ സംവിധാനം പോലും പറയുന്നത്.

അഥവാ കൊലപാതകി ആ വീഡിയോ മറ്റാരെയെങ്കിലും കാണിച്ചില്ലെങ്കില്‍ പോലും, ‘കാണിച്ചേക്കാം എന്ന ഇരയുടെ ഭയം’അവര്‍ക്ക് മേലുള്ള ഇരട്ടി അപമാനവും ക്രൂരതയുമാണെന്ന് ന്യൂയോര്‍ക്ക് ടിംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു വംശത്തിലെ ഒരാളെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തിയിട്ട് മറ്റുള്ളവരെ കാണിച്ചുകൊടുക്കുന്ന ഭീഷണിയും ബ്ലാക്‌മെയ്ലിംഗും തന്നെയാണ് കൊലയുടെ ലൈവ് സ്ട്രീമിങ്. ഇതേ വീഡിയോ ഉപോയോഗിച്ച് തന്നെ ഇരവാദം പരത്താനും രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനും തുര്‍ക്കി പ്രസിഡന്റ്‌റ് റെസിപ്പ് ടയിപ്പ് എര്‍ഡോഗനെ പോലുള്ളവര്‍ക്ക് മനസ്സുവരുന്നുണ്ടെന്നതാണ് അതിലും പരിതാപകരം.

വിവരങ്ങൾക്ക് കടപ്പാട്: ദി ഗാർഡിയൻ, ന്യൂ യോർക്ക് ടൈംസ് , വിക്കിപീഡിയ

Read more : ജെസിൻഡ ആര്‍ഡന്‍, ലോകം നിങ്ങളെ ആരാധിക്കുന്നു; ഹിജാബ് ധരിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനെത്തിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയെ അറിയാം

പാര്‍വതി

പാര്‍വതി

അഴിമുഖം സബ് എഡിറ്റര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍