ഒരു നടന്‍ മെസ്സേജിന് പ്രതികരിച്ചതിലോ തിരിച്ചു വിളിച്ചതിലോ എന്താണിത്ര കൊട്ടിഘോഷിക്കാനുള്ളതെന്ന് ചിന്തിക്കുന്നവരുണ്ടാകും.
ഓംപുരി എന്ന നടനുമായുള്ള വ്യക്തിപരമായ ഒരു അനുഭവം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. സിനിമ ചെയ്യാനുളള ശ്രമത്തില്‍ പല നടന്മാരേയും സമീപിക്കുകയുണ്ടായി.എന്നാല്‍ ഈ മേഖലയില്‍ പുതുമുഖമായതിനാല്‍, അസിസ്റ്റന്റായി ആരുടേയും കീഴില്‍ പണിയെടുക്കാത്തതിനാല്‍ പല നടന്മാരും സംസാരിക്കാന്‍ പോലും വിസമ്മതിച്ചു. ഹിന്ദി സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന, ഈ പ്രോജക്റ്റില്‍ എന്നോടൊപ്പം പങ്കാളിയുമായ സുഹൃത്താണ് എന്തുകൊണ്ട് ഓംപുരിയെ ആ വേഷത്തിലേക്ക് പരിഗണിച്ചു കൂടാ എന്നൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
നമ്മുടെ സ്വന്തം ഭാഷയിലെ നടന്മാര്‍ പോലും മുഖം തിരിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍, ഓംപുരി എന്ന മഹാമേരുവിനെ സമീപിക്കുകയെന്ന ആശയത്തെ, അതിരു കടന്ന ആത്മവിശ്വാസം കൂട്ടിനുണ്ടെങ്കില്‍ പോലും പ്രായോഗികതയുടെ യാഥാര്‍ത്ഥ്യബോധം പുറകിലേക്ക് വലിച്ചേക്കാം. എന്നാല്‍ നഷ്ടപ്പെടാനൊന്നുമില്ലെന്ന തിരിച്ചറിവ് പ്രായോഗിക ബുദ്ധിയുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ചു.
സുഹൃത്ത് അദ്ദേഹത്തിന്റെ നമ്പര്‍ സംഘടിപ്പിച്ചു. സൗണ്ട് ഡിസൈനറായ രങ്കനാഥ് രവിയായിരുന്നു ആ സുഹൃത്ത്. സ്വയം പരിചയപ്പെടുത്തി, പ്രോജക്റ്റിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി മെസ്സേജയച്ചു. മെസ്സേജ് തുറന്ന് വായിക്കാനെടുക്കുന്ന കുറഞ്ഞ സമയം അഞ്ച് മിനിറ്റാണെങ്കില്‍, അഞ്ച് മിനിറ്റിനകം അദ്ദേഹമെന്നെ തിരിച്ചു വിളിച്ചു. കഥയെക്കുറിച്ചന്വേഷിച്ചു. പ്രോജക്റ്റിനെക്കുറിച്ചന്വേഷിച്ചു. വിദേശത്ത് ഷൂട്ടിംഗില്‍ ആണെന്നും തിരിച്ചെത്തിയതിനു ശേഷം നേരില്‍ കാണാമെന്നും പറഞ്ഞു. സാറ്റലൈറ്റ് വാല്യുവെന്ന ബ്ലാക്ക് ഹോള്‍ ഓംപുരിയുടെ പ്രതിഭയെ വിഴുങ്ങിയതിനാല്‍ അദ്ദേഹവുമായി ചേര്‍ന്നു പ്രവര്‍ത്തിയ്ക്കാനായില്ല.
ഒരു നടന്‍ മെസ്സേജിന് പ്രതികരിച്ചതിലോ തിരിച്ചു വിളിച്ചതിലോ എന്താണിത്ര കൊട്ടിഘോഷിക്കാനുള്ളതെന്ന് ചിന്തിക്കുന്നവരുണ്ടാകും. അത്ഭുതത്തിന് ഇടമെവിടെയെന്ന് സാമാന്യജനം ചോദിച്ചേക്കാം. എന്നാല്‍ സ്വന്തമായൊരു സിനിമയെന്ന ലക്ഷ്യത്തിലേക്ക് നീന്തിയടുക്കുന്ന നിരവധി പേര്‍ അത്ഭുതത്തിന് വകയുണ്ടെന്ന് സമ്മതിച്ചേക്കാം. മറുപടി ലഭിക്കാത്ത മെസ്സേജുകളും മിസ്ഡ് കോളുകളും എന്‍ഗേജ്ഡ് ടോണുകളുമായി മാത്രം രൂപാന്തരപ്പെടുന്ന ഒട്ടേറെ ഫോണ്‍വിളികളും, പ്രതീക്ഷകളേയും കാത്തിരിപ്പിനേയും കാലത്തേയും കവര്‍ന്നെടുത്തിട്ടും പിന്നെയും പിന്നെയും വെള്ളമൊഴിച്ച് പ്രത്യാശ വളര്‍ത്തുന്ന ചിലര്‍ക്ക് പ്രത്യേകിച്ചും.
‘ഓപ്പണ്‍’, ‘ഡിലീറ്റ്’ എന്നീ രണ്ട് കീ-കളുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ സമയദൈര്‍ഘ്യം ഏറ്റവും കുറഞ്ഞൊരു ഏര്‍പ്പാടിലേക്കോ, ഒരിക്കലും തുറക്കപ്പെടാത്ത നിരവധി സന്ദേശങ്ങളുടെ ഇന്‍ബോക്സ് തടവറയിലേയ്ക്കോ എന്റെ ക്ഷണത്തെ ഒതുക്കാതെ, ഒരു മനുഷ്യനെപ്പോലെ പെരുമാറിയെന്നതാണ് അദ്ദേഹത്തില്‍ ഞാന്‍ കാണുന്ന മഹത്വം. പിന്നിട്ട കാലങ്ങളിലെ കനല്‍വഴികളിലെ അവഗണനകളും വേദനകളും പരിഹാസങ്ങളുമൊക്കെയായിരിക്കാം സഹജീവികളോടുള്ള പെരുമാറ്റത്തില്‍ പുലര്‍ത്തുന്ന മാന്യത അദ്ദേഹത്തില്‍ രൂപപ്പെടുത്തിയത്.
മറ്റൊരര്‍ത്ഥത്തില്‍, തന്നിലേക്ക് വന്ന പ്രകാശത്തിന്റെ കാഠിന്യത്തെ അതേ തീവ്രതയിലും തീക്ഷണതയിലും പ്രതിഫലിപ്പിക്കുന്ന കണ്ണാടി പ്രതലത്തിന് പുരട്ടേണ്ട മെര്‍ക്കുറി ആയിട്ടായിരുന്നില്ല കടന്നുപോയ അനുഭവങ്ങളെ അദ്ദേഹം കണ്ടതും മനസ്സിലാക്കിയതും പ്രയോഗിച്ചതും. കൊടും വേനലില്‍ മരച്ചുവടിന്റെ തണല്‍ സമ്മാനിക്കുന്ന സാന്ത്വനവും ഊഷ്മളതയും കുളിര്‍മയുമെല്ലാക്കി ആ മഹാനടന്‍ ആ ഉഷ്ണത്തെ പരിണമിപ്പിച്ചു. ‘പരിഗണന’ എന്ന മാന്ത്രികദണ്ഡ് നിങ്ങളെ ഒരുപക്ഷേ, പര്‍വ്വതത്തിന്റെ ഉയരങ്ങളിലേയ്ക്ക് എടുത്തുയര്‍ത്തപ്പെടുകയോ, സാഗരത്തിന്റെ ആഴങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെടുകയോ ചെയ്തേക്കാം.
കടല്‍വെള്ളത്തിന്റെ ഉപ്പിന്റെ രുചി മാത്രം അറിഞ്ഞിരുന്ന ഞാന്‍ അന്നു രാത്രി മേഘങ്ങളുമായി തൊട്ടുരുമ്മി ഉറങ്ങി.
(ഇരിങ്ങാലക്കുട സ്വദേശിയായ ജോബി വര്‍ഗീസ് ഹ്രസ്വചിത്ര സംവിധായകനാണ്. അഴിമുഖത്തില്‍ ലോക സിനിമകളെ പരിചയപ്പെടുത്തുന്ന സിനിമ ജാലകം എന്ന കോളം ചെയ്യുന്നു)