UPDATES

യജുര്‍വിന്ദ്ര സിങ്

കാഴ്ചപ്പാട്

യജുര്‍വിന്ദ്ര സിങ്

ക്രിക്കറ്റ് ഒരു യുദ്ധക്കളമല്ല; എന്തുകൊണ്ട് മോദി വാജ്‌പേയിയെ മാതൃകയാക്കണം

ഒരു യുദ്ധത്തിനിടയിലും കളിയെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കാഞ്ഞതിന് അന്നത്തെ വാജ്പേയി സര്‍ക്കാര്‍ പ്രശംസ അര്‍ഹിക്കുന്നുണ്ട്. ആ ബോധമാണ് വാജ്പേയിയെ ഒരു മികച്ച നേതാവാക്കിയത്.

                       

പുല്‍വാമയില്‍ സിആര്‍പിഎഫ് അംഗങ്ങള്‍ക്ക് നേരെ ഇന്ത്യക്കാരനായ ഒരു ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണം ഓരോ ഇന്ത്യക്കാരനിലും വെറുപ്പും പ്രതികാരവും ഉണ്ടാക്കിയിട്ടുണ്ട്. വിഭജനകാലം തൊട്ടേ പരിഹാരമില്ലാത്ത കശ്മീരിലെ കുഴപ്പങ്ങള്‍ ഇപ്പോള്‍ ദേഷ്യവും മടുപ്പും നിറഞ്ഞ ഗൗരവമായ പരിഹാരം ആവശ്യപ്പെടുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. നമ്മുടെ നിസ്വാര്‍ത്ഥരായ സൈനികര്‍ നമ്മുടെ ഭൂമിയില്‍ തന്നെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന കാര്യം സങ്കല്പിക്കാനാവില്ല.

ഇന്ത്യയിലെങ്ങും പാകിസ്താനോടുള്ള പ്രതികാരം തീര്‍ക്കേണ്ടതിന്റെ വര്‍ത്തമാനമാണ്. അത് യുദ്ധത്തിലല്ലെങ്കില്‍ ഏഷ്യയിലെ ഏറ്റവും ജനപ്രിയ കളിയായ ക്രിക്കറ്റിലൂടെയെങ്കിലും. ഇംഗ്ലണ്ടില്‍ 2019 മെയ് മാസത്തില്‍ നടക്കാന്‍ പോകുന്ന ക്രിക്കറ്റ് ലോകകപ്പിലേക്കാണ് ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍. പാകിസ്താനുമായുള്ള കളി ഇന്ത്യ ബഹിഷ്‌ക്കരിക്കുകയോ അല്ലെങ്കില്‍ അവരെ മത്സരത്തില്‍ നിന്നും ഒഴിവാക്കുകയോ വേണമെന്ന ആവശ്യത്തിന് മുന്‍ ക്രിക്കറ്റ് കളിക്കാരില്‍ നിന്ന് മാത്രമല്ല മറ്റ് പല ഇന്ത്യക്കാരില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

കായിക വിനോദങ്ങള്‍ സമാധാനത്തിനും സൗഹൃദത്തിനുമുള്ള ഒരു പ്രതലമാണ്. അതില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ല. ക്രിക്കറ്റ് ഒരു യുദ്ധക്കളമല്ല. മറിച്ച് മത്സരം മാത്രമല്ല സാഹോദര്യം കൂടി ഉണ്ടാക്കുന്ന ഒരു നല്ല അന്തരീക്ഷത്തില്‍ ഒരാളുടെ കഴിവുകള്‍ കാണിക്കുന്നതിനുള്ള പക്വമായ ഒരവസരമാണ്. 2019-ലെ ലോകകപ്പില്‍ ഇന്ത്യ എന്തായാലും പാകിസ്ഥാനെതിരെ കളിക്കണം. 1999-ലെ ലോകകപ്പില്‍ കാര്‍ഗില്‍ യുദ്ധകാലത്ത് ഇന്ത്യ പാകിസ്ഥാനെതിരെ കളിച്ചിട്ടുണ്ട്, അതും ഇംഗ്‌ളണ്ടില്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ അന്ന് ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചു. അവിടെവെച്ചുതന്നെയാണ് 2019 ജൂണ്‍ 16-നു അവര്‍ വീണ്ടും കളിക്കാന്‍ പോകുന്നത്. അന്നത്തെ കളിക്കിടയിലെ ഒരനിഷ്ഠ സംഭവവും ഉണ്ടായില്ല. എല്ലാം സമാധാനപരമായി നടന്നു.

ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായപ്പോള്‍ പാകിസ്താന്‍ കിരീടപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റു. അന്ന് 1999-ലും പിന്നീട് പാകിസ്താനിലെ പരമ്പരയിലും കളിച്ച ചില മുന്‍ താരങ്ങളാണ് ഇപ്പോള്‍ അവരുമായി കളിക്കരുതെന്നു വാശിപിടിക്കുന്നത്. ഒരു യുദ്ധത്തിനിടയിലും കളിയെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കാഞ്ഞതിന് അന്നത്തെ വാജ്പേയി സര്‍ക്കാര്‍ പ്രശംസ അര്‍ഹിക്കുന്നുണ്ട്. ആ ബോധമാണ് വാജ്പേയിയെ ഒരു മികച്ച നേതാവാക്കിയത്.

പാകിസ്ഥാനെ ലോകകപ്പില്‍ നിന്നും ഒഴിവാക്കണമെന്നോ അല്ലെങ്കില്‍ ഇന്ത്യയുമായുള്ള കളിയില്‍ നിന്നും മാറ്റണമെന്നോ അതുമല്ലെങ്കില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്നുമൊക്കെ കാണിച്ചുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡിന് (ICC ) കത്തെഴുതാന്‍ പോവുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഭരണ സമിതി (BCCI). ഇതെല്ലാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കാന്‍ പോകുന്ന ഒന്നാണ്. ഇന്ത്യന്‍ വനിതകളുടെ ക്രിക്കറ്റ് സംഘം 2016 വരെ ഇത് നേരിട്ടാണ്. ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലം അവര്‍ക്ക് താഴെയുള്ള പാകിസ്താന്‍ സംഘവുമായുള്ള കളികള്‍ ബഹിഷ്‌ക്കരിക്കേണ്ടിവന്നു. ICC ഇന്ത്യന്‍ സംഘത്തിന് പിഴ ചുമത്തി എന്ന് മാത്രമല്ല, കളിയില്‍ ഇന്ത്യ പൂജ്യം റണ്‍ നേടിയതായി കണക്കാക്കുകയും ചെയ്തു.

ഇത് റണ്‍ നിരക്കിനെ ബാധിക്കുകയും ഇന്ത്യക്ക് പോയിന്റുകള്‍ നഷ്ടമായി യോഗ്യത വട്ടത്തില്‍ കളിക്കേണ്ടി വരികയും ചെയ്തു, ഭാഗ്യവശാല്‍ അവര്‍ യോഗ്യത നേടിയെങ്കിലും. കലാശക്കളിയില്‍ ഇംഗ്ലണ്ടിനോട് ചെറിയ വ്യത്യാസത്തിന് തോറ്റെങ്കിലും അവര്‍ ചരിത്രം സൃഷ്ടിച്ചു. പക്ഷെ കിരീടാപ്പോരാട്ടം വരെയുള്ള യാത്ര ദുര്‍ഘടങ്ങളിലൂടെയായിരുന്നു.

ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് സംഘം പാകിസ്താനോട് കളിക്കാതിരിക്കുന്നത് ചില ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. മുന്നിലുള്ള 10 സംഘങ്ങള്‍ തമ്മിലുള്ള മത്സരം വളരെ കടുത്തതാണ്. ഏറ്റവും പിന്നിലുള്ള അഫ്ഗാനിസ്ഥാന്‍ പോലും ഏറ്റവും മുന്നിലുള്ള ഇംഗ്ലണ്ടിനെ വരെ തോല്‍പ്പിച്ചേക്കും എന്നാണു അവസ്ഥയെന്ന് കഴിഞ്ഞകാല കളികള്‍ കാണിക്കുന്നു. ഏകദിന കളി എങ്ങനെ കളിക്കണമെന്ന് ലോകത്തെ ക്രിക്കറ്റ് സംഘങ്ങളെല്ലാം മനസിലാക്കിക്കഴിഞ്ഞു. ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍ തമ്മിലുള്ള വ്യത്യാസം നിശ്ചിത ഓവര്‍ കളിയിലെത്തുമ്പോള്‍ വളരെ ചുരുങ്ങിയതാണ്. ടെസ്റ്റില്‍ എത്ര മുന്നിലാണ് തങ്ങളെന്ന് തെളിയിച്ച ഇന്ത്യ അതേ അഫ്ഗാനിസ്ഥാനോട് ഏക ദിനത്തില്‍ തോറ്റത് ഇതാണ് തെളിയിക്കുന്നതും.

പാകിസ്താനുമായി കളിക്കാത്തതിന്റെ പേരില്‍ ഇന്ത്യക്ക് പിഴ കിട്ടുന്നതും പൂജ്യം റണ്‍സുമായി പോയന്റ് നഷ്ടപ്പെടുന്നതും ആദ്യ നാല് സ്ഥാനക്കാരില്‍ സ്ഥാനം പിടിക്കുന്നതിന് ഇന്ത്യക്ക് തടസമാകും. 2019 ലോകകപ്പിലെ കിരീടപ്പോരാട്ടത്തില്‍ ഇന്ത്യ പാക്കിസ്താനുമായി കളിക്കുന്നത് ഒരു സ്വപ്നമാണ്. ഇത്തവണ ആര്‍ക്കാണ് സാധ്യതയെന്ന് പറയാനാകില്ല. ഇന്ത്യക്ക് പാകിസ്താനുമായി കളിക്കാന്‍ ഇനിയും മൂന്നു മാസമുണ്ട്.

പാകിസ്താനോടുള്ള ഇന്ത്യയുടെ തിരിച്ചടിയില്‍ നിന്നും ക്രിക്കറ്റിനെ ഒഴിവാക്കണം. അഫ്ഗാനിസ്ഥാന്‍ ഇത് ചെയ്തു, അതിനവരെ അഭിനന്ദിക്കേണ്ടതുണ്ട്. അവര്‍ക്കും അയല്‍ക്കാരായ പാകിസ്താനുമായി തീവ്രവാദം സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷെ അവര്‍ എല്ലാ പ്രതിബന്ധങ്ങളും തട്ടിമാറ്റിയാണ് ക്രിക്കറ്റിലെ ലോക വേദിയിലെത്തിയത്. അതാണ് ക്രിക്കറ്റ് എന്ന കളി. ക്രിക്കറ്റ് കളിക്കുന്നത് ബാറ്റും പന്തും കൊണ്ടാണ്, അതങ്ങനെത്തന്നെ തുടരട്ടെ.

യജുര്‍വിന്ദ്ര സിങ്

യജുര്‍വിന്ദ്ര സിങ്

മുന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം

More Posts

Share on

മറ്റുവാര്‍ത്തകള്‍