അടിസ്ഥാനപരമായി കോൺഗ്രസ് സന്ദിഗ്ധാവസ്ഥയിലാണ്, സ്വന്തം താത്പര്യത്തിനും വിശാല താത്പര്യത്തിനും ഇടയിൽ
റായ് ബറേലിയിൽ സ്വന്തം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിലൂടെ സോണിയ ഗാന്ധി പ്രിയങ്ക ഗാന്ധിയെ രാഷ്ട്രീയത്തിലേക്ക് പൊക്കിക്കൊണ്ടുവന്നതുപോലെ താഴെയിട്ടോ? അതോ പുൽവാമക്ക് ശേഷമുള്ള അങ്കലാപ്പിൽ നേതൃത്വം യാഥാർത്ഥ്യബോധം ഉണ്ടാക്കുകയാണോ? അതോ റോബർട്ട വാദ്ര അന്വേഷണം ചൂടുപിടിക്കുന്നുണ്ടോ?
പുൽവാമക്ക് മുമ്പോ ശേഷമോ, കോൺഗ്രസ് പൂർണമായും അങ്കക്കളത്തിലായി എന്നെനിക്ക് തോന്നിയിട്ടില്ല. അടിസ്ഥാനപരമായി കോൺഗ്രസ് സന്ദിഗ്ധാവസ്ഥയിലാണ്, സ്വന്തം താത്പര്യത്തിനും വിശാല താത്പര്യത്തിനും ഇടയിൽ-സഖ്യവും രാജ്യവും.
കോൺഗ്രസ് അധ്യക്ഷൻ, ദ്രോണാചാര്യരുടെ മീൻകണ്ണ് പരീക്ഷയിൽ പരാജയപ്പെടുകയാണ്. അർജുനൻ മത്സ്യത്തിന്റെ കണ്ണിലേക്കു തന്നെ ലക്‌ഷ്യം വെച്ചെങ്കിൽ, രാഹുൽ ഗാന്ധിയുടെ ലക്ഷ്യം തെന്നിമാറിപ്പോവുകയാണ്. മുന്നണി തങ്ങൾക്കായി നിശ്ചയിച്ച ഏക ലക്ഷ്യത്തിൽ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിനാകുന്നില്ല-നരേന്ദ്ര മോദിയെ അധികാരത്തിൽനിന്നുമിറക്കൽ. സഖ്യത്തോടൊപ്പം ചേർന്ന് മോദിയെ താഴെയിറക്കുന്നതിനൊപ്പം കോൺഗ്രസിനെ ഉദ്ധരിക്കാനുള്ള അധികഭാരം കൂടി ഒപ്പമുള്ളവർ രാഹുലിന്റെ തലയില്‍ വെച്ചിരിക്കുന്നു. സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രത്യക്ഷമായിത്തന്നെ രാഹുലിന് മാത്രം അവകാശപ്പെട്ടതാണ് പ്രധാനമന്ത്രി കിരീടം എന്നമട്ടിലാണ് പെരുമാറുന്നത്.
തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ഒരേ തരത്തിലുള്ള പ്രചാരണതന്ത്രങ്ങൾക്കായി സഖ്യകക്ഷികൾ എല്ലാ സമ്മർദ്ദവും പ്രയോഗിക്കും. പക്ഷെ അവർ കോൺഗ്രസിന് എന്തെങ്കിലും ഉറപ്പൊന്നും നൽകില്ല. വോട്ടെണ്ണിക്കഴിഞ്ഞതിനു ശേഷമുള്ള ശക്തി നിർണ്ണയമായിരിക്കും അടുത്ത ഘട്ടത്തിലെ കാര്യങ്ങൾ നിശ്ചയിക്കുക. തീർച്ചയായും കോൺഗ്രസിന്റെ എണ്ണം വളരെ പ്രധാനമാണ്. പക്ഷെ ഏകോപിതമായ ഒരു നേതൃത്വം കൂടാതെ ഉത്തർ പ്രദേശിലും ഡൽഹിയിലും പശ്ചിമ ബംഗാളിലുമെല്ലാം കോൺഗ്രസ് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. അത് മത്സ്യത്തിന്റെ കണ്ണിലല്ല ലക്‌ഷ്യം വെക്കുന്നത്: അവർ അതിന്റെ വാലും നോക്കിയാണ് ആലോചിക്കുന്നത്.
റഫേലിലും ചൗക്കിദാർ ചോർ ഹേ മുദ്രാവാക്യത്തിലുമൊക്കെയായി തനിക്കാവുന്നത്ര രൂക്ഷമാകാൻ രാഹുൽ ശ്രമിച്ചു. പക്ഷെ മോദിയുടെ ഗുണ്ടാഭാഷയും രാജ്യത്തിന്റെ ചോര തിളപ്പിക്കാൻ പാകിസ്ഥാനെ വെല്ലുവിളിക്കലുമൊക്കെ പകർത്തിയാൽ രാഹുലിന് അയാളുടെ സ്വഭാവം നഷ്ടപ്പെടും. എന്നാൽ മമതാ ബാനർജി രാഹുലിനെപ്പോലെയല്ല, വേണമെങ്കിൽ തെരുവുയുദ്ധം നടത്തും, ദുർഗയുമാകും. പുൽവാമയിലെ സുരക്ഷാ വീഴ്ച്ചയുടെ പ്രശ്നം അവരാണുയർത്തിയത്. മൊത്തം നിരീക്ഷണക്കണ്ണുകളുള്ള ഒരു സംസ്ഥാനത്ത് ഒരു 20 വയസുകാരന്റെ കയ്യിൽ നൂറുകണക്കിന് കിലോഗ്രാം RDX എങ്ങനെയാണ് എത്തിയത്? എല്ലാത്തിനും മുകളിൽ ബാൽകോട്ടിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ചുള്ള കള്ളം. ആഗോള മാധ്യമങ്ങൾ സ്ഥലത്തെത്തി പറഞ്ഞത് ആരും കൊല്ലപ്പെട്ടിട്ടില്ല എന്നാണ്.
മമത ഉയർത്തിയ വിഷയങ്ങൾ എല്ലാ സഖ്യകക്ഷി നേതാക്കളും ഉന്നയിക്കുന്ന ഒരു സർവകക്ഷി യോഗം ഡൽഹിയിലെ രാം ലീല മൈതാനത്ത് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു പാർട്ടി നേതാക്കൾ. പ്രിയങ്ക ഗാന്ധിക്ക് തന്റെ പ്രചാരണം തുടങ്ങാനുള്ള ഒരു വേദിയുമാകും അത്. യോഗത്തിൽ ആരോ വാഷിംഗ്ടൺ പോസ്റ്റ് തലക്കെട്ട് കാണിച്ചു, “പുല്‍വാമക്കു ശേഷം, തങ്ങൾ ബി ജെ പിയുടെ പ്രചാരണ യന്ത്രമാണെന്ന് ഇന്ത്യൻ മാധ്യമങ്ങൾ തെളിയിച്ചിരിക്കുന്നു.” ഇത് മറ്റൊരു നിർദേശത്തിനു വഴി തെളിച്ചു, മാധ്യമ സ്ഥാപനങ്ങൾക്കു മുന്നിൽ “സത്യത്തിനു വേണ്ടിയുള്ള പ്രകടനങ്ങൾ” നടത്താൻ ഏതു കക്ഷിക്കാണ് കഴിയുക?
നേതൃത്വരാഹിത്യത്താൽ രാഹുൽ ഒരിക്കൽക്കൂടി നരേന്ദ്ര മോദിയെ സഹായിക്കുകയാണോ? വാശി പിടിച്ചാൽ അനുവദിക്കുന്ന തരത്തിൽ കോൺഗ്രസിന്റെ സംസ്ഥാന ഘടകങ്ങളെ തന്നിഷ്ടത്തിനു വിട്ടിരിക്കുകയാണ്. ഡൽഹിയിൽ ഷീലാ ദീക്ഷിത് ചെയ്തത് കൃത്യമായും അതാണ്.
പ്രാദേശിക നേതാക്കളെ അടിച്ചിരുത്തുക എന്നതാണ് കോൺഗ്രസ് സംസ്കാരം. ഈ പ്രവണത തിരിച്ചാക്കുന്നതിന്റെ തുടക്കമാണോ ഷീലാ ദീക്ഷിത് ചെയ്തത്? തന്റെ മകൻ സന്ദീപ് ദീക്ഷിത് കണ്ണുവെച്ചിട്ടുള്ള കിഴക്കൻ ഡല്‍ഹിയിലെ മണ്ഡലത്തിൽ തങ്ങളുടെ ഏറ്റവും കരുത്തയായ സ്ഥാനാർത്ഥി അതിഷിയെ നിർത്തിയ എഎപിയോടുള്ള ചൊരുക്കാണോ ഇതിനു കാരണം?
ഡൽഹിയിൽ ഒരത്ഭുതവും കോൺഗ്രസ് കാണിക്കില്ല എന്നുറപ്പുള്ളപ്പോൾ ഈ സാഹസത്തിനു എന്തിനാണ് അനുമതി നൽകിയത്? തലസ്ഥാന നഗരിയിൽ ചെറിയ പങ്കാളിയായി ഒതുങ്ങാനാവില്ലെന്നും പാർട്ടിയെ ‘പുനരുജ്ജീവിപ്പിക്കണമെന്നും’ സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരെ ബോധ്യപ്പെടുത്താൻ ദീക്ഷിതിന് കഴിഞ്ഞതു കൊണ്ടാണോ ഇത്? ചുരുക്കത്തിൽ നരേന്ദ്ര മോദിയെ തോൽപ്പിക്കുക എന്ന മുൻഗണനയിൽ നിന്നും തെന്നിപോയിരിക്കുന്നു. ഇതാദ്യമായല്ല, കോൺഗ്രസ് ‘ദീർഘ നാളത്തേക്ക്’ ചിന്തിക്കുന്നത്, 2013-14-ൽ ചിന്തിച്ച പോലെ. ഏപ്രിൽ 2013-നു Confederation of Indian Industry യോഗത്തിൽ രാഹുൽ പറഞ്ഞത്, താൻ പാർട്ടിയിൽ അടിത്തട്ടിൽ നിന്നും ജനാധിപത്യം ഉണ്ടാക്കിയെടുക്കും എന്നാണ്. പ്രാഥമിക തെരഞ്ഞെടുപ്പുകളുടെ സമ്പ്രദായം നടപ്പിലാക്കാന്‍ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ കെ ജെ റാവുവിനെ ചുമതലപ്പെടുത്തുക വരെ ചെയ്തു.
ഇപ്പോഴുള്ളപോലെ കുഴഞ്ഞുമറിഞ്ഞ ആലോചനകൾ അന്നുമുണ്ടായിരുന്നു. 2009-ലെ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പ്രതിപക്ഷത്തിരിക്കണമായിരുന്നു എന്ന് 2014-ലെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി ജനാർദ്ദൻ ദ്വിവേദി പറഞ്ഞു. എന്ത് തരത്തിലുള്ള ചിന്തയെയാണ് ആ പ്രസ്താവന പ്രതിനിധീകരിക്കുന്നത്? 1991-നു ശേഷം 2009-ലെ 209 സീറ്റുകളിലെ വിജയത്തേക്കാൾ വലിയ വിജയം കോൺഗ്രസ് നേടിയിട്ടില്ല. എന്നിട്ടുമെന്തിനാണ് അവർ പ്രതിപക്ഷത്തിരിക്കേണ്ടത്? കാരണം പാർട്ടിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടിയില്ല എന്നതുകൊണ്ട്. കേവല ഭൂരിപക്ഷത്തിലേക്കുള്ള സൂത്രപ്പണിയാണ് ഈ ത്യാഗമെന്നു രാഹുലിനെ ബോധ്യപ്പെടുത്താനായിരുന്നു ദ്വിവേദിയുടെ ശ്രമം.
മറ്റൊരു തരത്തിൽ പറഞ്ഞാൽ വേണ്ടത്ര എണ്ണമില്ലാത്തതുകൊണ്ട് അധികാരം ഏറ്റെടുടുക്കാതിരുന്നാൽ ജനം 2014-ൽ പാർട്ടിയെ കേവലഭൂരിപക്ഷം നൽകി അധികാരത്തിലെത്തിക്കുമായിരുന്നു എന്ന്. ദ്വിവേദിയുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷയ്ക്ക് നൂറിൽ നൂറ്. ഇനി വേണ്ടവിധം ഉയർത്തെഴുന്നേൽക്കാനാകുമോ എന്ന് സംശയം തോന്നുന്ന വിധത്തിൽ കുറഞ്ഞ എണ്ണം- 44- സീറ്റാണ് അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കിട്ടിയത്. ഇപ്പോൾ കോൺഗ്രസ് ഒറ്റയ്ക്കുമല്ല എന്നാൽ പൂർണമായും മുന്നണിയായുമല്ല. എന്തായാലും വിജയസാധ്യതയുള്ള ഒരു നിലപാടല്ല.
ഡൽഹിയിൽ ഷീല ദീക്ഷിതിന്റെ താത്പര്യങ്ങളാണെങ്കിൽ, കൊൽക്കത്തയിൽ ജ്യോതി ബസുവിന്റെ കാലത്തെ സുവർണ ഇടതുപക്ഷത്തിന്റെ നാളുകൾക്കായുള്ള സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആഗ്രഹമാണ് ഇടയിൽ നിൽക്കുന്നത്. മമതാ ബാനര്‍ജിയാകട്ടെ ഈ ആശയക്കുഴപ്പത്തിൽ തൃപ്തയാണ്. ബി ജെ പിക്ക് പോകുമായിരുന്ന ചില വോട്ടുകൾ കോൺഗ്രസ് പിടിച്ചുകൊള്ളും. രാഷ്ട്രീയമായി അവർക്ക് യുക്തിയുണ്ട്.
ഉത്തർ പ്രദേശിൽ മായാവതിയെക്കുറിച്ചുള്ള ധാരണ എടുത്തു പറയേണ്ടതാണ്, “എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരന്തരം അവരെ ചുറ്റിപ്പറ്റി അന്വേഷിക്കുന്നതിനാൽ, അവരുടെ ഭാവി പരിപാടികളെക്കുറിച്ച് ഉറപ്പില്ല.”
മൂന്നു സംസ്ഥാനങ്ങളിൽ രണ്ടു ഭാഗത്തും പന്തയം വെച്ച കോൺഗ്രസിനു, വോട്ടെണ്ണിക്കഴിയുന്നതോടെ സഖ്യത്തിന്റെ വഴി മുടങ്ങിയാൽ, കോൺഗ്രസിന് ഒട്ടും ആവേശകരമാകില്ല കാര്യങ്ങൾ.