UPDATES

സയീദ് നഖ്‌വി

കാഴ്ചപ്പാട്

സയീദ് നഖ്‌വി

വിദേശം

യുഎസും റഷ്യയും കൂലിപ്പട്ടാളവും അഫ്ഗാനിസ്ഥാന് വേണ്ടി കൂട്ടുന്ന കണക്കുകള്‍

തന്ത്രപ്രധാനമായ പ്രദേശങ്ങളിലെത്തിയാല്‍ വന്‍ശക്തികള്‍ക്ക് ഒന്നിലേറെ താത്പര്യങ്ങള്‍ ഉണ്ടാകാന്‍ അധികം സമയമെടുക്കില്ല. അതുകൊണ്ടുതന്നെ അടുത്തകാലത്തൊന്നും ഒരു അമേരിക്ക മുക്തമായ അഫ്ഗാനിസ്ഥാന്‍ സ്വപനം കാണേണ്ടതില്ല.

                       

അഫ്ഗാനിസ്ഥാന് വേണ്ടി രണ്ടു സമാന്തര സമാധാന പ്രക്രിയകള്‍ നടക്കുകയാണ്. അഫ്ഗാനിസ്ഥാനായുള്ള യുഎസ് പ്രത്യേക പ്രതിനിധി സല്‍മയ് ഖലീല്‍സാദ് ദോഹയില്‍ താലിബാന്‍ നേതാക്കളുമായി കഴിഞ്ഞ മാസം പല ദിവസങ്ങളിലായി വിപുലമായ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. അസൂയയുണ്ടാക്കുംവിധം ഈ പ്രക്രിയയുടെ അവകാശി അമേരിക്കയാണ്. പക്ഷെ ഫെബ്രുവരി 5-നും 6-നും താലിബാനും മറ്റ് അഫ്ഗാന്‍ രാഷ്ട്രീയ സംഘടനകളും മോസ്‌കോവില്‍ നടന്ന ചര്‍ച്ചകളിലും പങ്കെടുത്തു. മോസ്‌കോ പ്രഖ്യാപനം എന്ന പേരില്‍ ഭാവിയിലേക്കുള്ള ഒരു മാര്‍ഗരേഖയും പുറത്തിറക്കി. അതിന്റെ ഒമ്പതിന പരിപാടിയില്‍ ദോഹ പ്രക്രിയയുമായുള്ള ഏകോപനവും നിര്‍ദ്ദേശിക്കുന്നുണ്ട്- സമാധാന പ്രക്രിയയുടെ ഉടമസ്ഥാവകാശം കൈവശപ്പെടുത്തിവെക്കാനുള്ള മത്സരമില്ല. സമാധാനത്തില്‍ താത്പര്യമുള്ള ആര്‍ക്കും കൂടെച്ചേരാം. പ്രഖ്യാപനത്തെ കാബൂളിലെ പ്രസിഡണ്ട് കൊട്ടാരം തള്ളിക്കളഞ്ഞു. ”അഫ്ഗാനിസ്ഥാനിലെ സമാധാനപ്രക്രിയയില്‍ മോസ്‌കോ പ്രഖ്യാപനത്തിന് പങ്കുണ്ടാകില്ല,” എന്ന് കൊട്ടാരം വക്താവ് ഹാരൂണ്‍ ചഖാന്‍സൂരി പറഞ്ഞു.

അതേസമയം പൂര്‍ണമായും പിന്‍വാങ്ങാന്‍ തന്നെയാണോ യുഎസിന്റെ ഉദ്ദേശമെന്ന കാര്യത്തില്‍ പല രാഷ്ട്രങ്ങള്‍ക്കും സംശയമുണ്ട്. ഒരു പരിധി വരെ ഇത് ഡൊണാള്‍ഡ് ട്രംപിന്റെ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകളുടെയും ട്വീറ്റുകളുടെയും ഫലമാണ്. ഇറാഖിലെ അയാളുടെ ഏറ്റവുമടുത്ത നടത്തിയ പ്രസ്താവന നോക്കൂ. ഇറാഖിലുള്ള അയാളുടെ സേന ”ഇറാന് മുകളില്‍ ഒരു കണ്ണുവെക്കാന്‍’ അയാളെ സഹായിക്കും എന്ന്. യു എസ് -ഇറാഖ് കരാറിന് പുറത്തുള്ള ഒരു കാര്യമാണിത്. അഫ്ഗാനിസ്ഥാനെ സംബന്ധിച്ചതും ഖലീല്‍സാദ് എങ്ങനെയെങ്കിലും ഒരു ഫലപ്രാപ്തിയുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അയാളുടെ പ്രസിഡണ്ട് തീര്‍ത്തും ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനയാണ് നടത്തുന്നത്. അഫ്ഗാനിസ്ഥാനില്‍ ‘രഹസ്യാന്വേഷണ ഘടകങ്ങളെ’ ശേഷിപ്പിക്കുമെന്നാണ് ട്രംപ് പറയുന്നത്.

അഞ്ചു കൊല്ലം മുമ്പുള്ള റഷ്യന്‍ കണക്കുകള്‍ എന്റെ കയ്യിലുണ്ട്. അവയില്‍ മാറ്റം വന്നിരിക്കാം. പക്ഷെ അന്ന് റഷ്യക്കാര്‍ കണക്കാക്കിയത് അഫ്ഗാനിസ്ഥാനില്‍ 30 യു എസ് താവളങ്ങളുണ്ട് എന്നാണ്. ഇതില്‍ ബാഗ്രാം, ജലാലാബാദ്, കാണ്ഡഹാര്‍, ഹെല്‍മന്ദ്, ഷിന്‍ന്താന്ദ് (ഹെറാത്), മസര്‍ ഇ ശരീഫ് എന്നിവിടങ്ങളിലെ താവളങ്ങള്‍ നിര്‍മ്മാണവൈപുല്യവും പടക്കോപ്പുകളുമൊക്കെ വെച്ചുനോക്കുമ്പോള്‍ താത്ക്കാലികമല്ല. ഈ താവളങ്ങള്‍ തുടരും. അപ്പോള്‍ ഒരു ഭാഗിക പിന്‍വാങ്ങലിനെക്കുറിച്ചാണോ നാം സംസാരിക്കുന്നത്? പിന്‍വാങ്ങാനാണ് യുഎസ് ശരിക്കും ഉദ്ദേശിക്കുന്നതെങ്കില്‍ എന്തുകൊണ്ടാണ് മറ്റുള്ളവയെക്കാള്‍ വലിയ ഒരു നയതന്ത്ര കാര്യാലയം മസര്‍ ഇ ശരീഫിലെ ഹൃദയഭാഗത്ത് യുഎസ് നിര്‍മ്മിക്കാത്തത്? മസര്‍ ഇ ശരീഫിലെ കൊള്ളാവുന്ന ഏക ഹോട്ടല്‍ Renaissance മാത്രമാണ്.

തന്ത്രപ്രധാനമായ പ്രദേശങ്ങളിലെത്തിയാല്‍ വന്‍ശക്തികള്‍ക്ക് ഒന്നിലേറെ താത്പര്യങ്ങള്‍ ഉണ്ടാകാന്‍ അധികം സമയമെടുക്കില്ല. അതുകൊണ്ടുതന്നെ അടുത്തകാലത്തൊന്നും ഒരു അമേരിക്ക മുക്തമായ അഫ്ഗാനിസ്ഥാന്‍ സ്വപനം കാണേണ്ടതില്ല. ”ഇക്കണ്ട രക്തവും ധനവും ഞങ്ങള്‍ ചെലവിട്ടതെന്തിനാണ്,” അമേരിക്കക്കാരന്‍ ചോദിക്കും. ഒപ്പം കാബോളിലെ മറ്റൊരു വര്‍ത്തമാനം, ”ലോകത്തിലെ ആണവശക്തിയായ ഏക മുസ്ലിം രാഷ്ട്രത്തെ നിരീക്ഷിക്കാന്‍ നമ്മള്‍ അടുത്തുതന്നെയുണ്ടാകണം” എന്നുമാണ്.

ജൂലായ് 2011-ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങാനുള്ള പരിപാടി 2009 ഡിസംബര്‍ 1-നു ഒബാമ പ്രഖ്യാപിച്ചതിനുശേഷം അമേരിക്കക്ക് അങ്ങനെ എളുപ്പത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പോരാനാകില്ലെന്ന് ഞാന്‍ വാദിച്ചിരുന്നു. ഞാന്‍ പറഞ്ഞത് ശരിയാണെന്നുതന്നെയാണ് ഇതുവരെയും തെളിഞ്ഞത്. ഇപ്പോള്‍ ഒരിക്കല്‍ക്കൂടി ‘ഞങ്ങള്‍ പോകുന്നു’ എന്ന കഥ തുടങ്ങിയിരിക്കുന്നു. ശരിയാണ്, ഇത്തവണ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്, പക്ഷെ നമുക്ക് നോക്കാം.

കഴിഞ്ഞ ജൂലൈ മാസത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന മേഖല വിഷയങ്ങളെക്കുറിച്ചുള്ള ഒരു ഉന്നത തല യോഗത്തില്‍ സല്‍മായ് ഖലീല്‍സാദും റഷ്യന്‍ ഉപ വിദേശകാര്യ മന്ത്രി മോര്‍ഗലോവ് ഇഗോര്‍ വ്‌ളാദിമിറോവിച്ചും (ഫെബ്രുവരി 5,6-നു മോസ്‌കോവില്‍ നടന്ന അഫ്ഗാന്‍ സംഭാഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമാണ്) പങ്കെടുത്തിരുന്നു.

കുറച്ചുകൂടി സഹകരണ മനോഭാവമുള്ള ഒരു ലോകത്തില്‍ യുഎസ്, റഷ്യ പ്രതിനിധികള്‍ തമ്മില്‍ അഫ്ഗാനിസ്ഥാന്‍ സംബന്ധിച്ച കുറിപ്പുകള്‍ കൈമാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാമായിരുന്നു. എന്നാല്‍ നടന്നത് അതിനു വിരുദ്ധമായാണ്. യോഗത്തെ ഞെട്ടിച്ച ഒരാരോപണമാണ് വ്‌ളാദിമിറോവിച് ഉയര്‍ത്തിയത്. “സിറിയയില്‍ നിന്നും ‘ഐഎസ്ഐഎസ് ‘പോരാളികളെ’ വ്യോമമാര്‍ഗം വടക്കന്‍ അഫ്ഗാനിസ്ഥാനിലേക്ക് എത്തിച്ചിരിക്കുന്നു. അഫ്ഗാന്‍ വ്യോമമേഖല അമേരിക്കയുടെയും അഫ്ഗാന്‍ സര്‍ക്കാരിന്റെയും നിയന്ത്രണത്തിലാണ്. അപ്പോള്‍ ആരാണ് ഉത്തരവാദി?” ഖലീല്‍സാദ് നിഷേധിച്ചെങ്കിലും അത് ദുര്‍ബലമായിരുന്നു. കാരണം അതിനു മുമ്പ് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമേനിയും ഈ ആരോപണം ഉന്നയിച്ചിരുന്നു. ജനുവരി 30, 2018-ലെ ഒരു വെള്ളിയാഴ്ച അഭിസംബോധനയില്‍ ഖമേനി പറഞ്ഞു, ”അഫ്ഗാനിസ്ഥാനിലേക്ക് ഐഎസ് ഭീകരവാദികളെ എത്തിച്ച യുഎസ് നടപടി മേഖലയില്‍ അവരുടെ (യുഎസ്) സാന്നിധ്യത്തിന് ന്യായീകരണം ഉണ്ടാക്കാനാണ്.”

അഫ്ഗാനിസ്ഥാനു ചുറ്റുമുള്ള രാജ്യങ്ങളില്‍ യു എസ് സാന്നിധ്യത്തെക്കുറിച്ചുള്ള സംശയം പുറത്തേക്ക് പ്രകടിപ്പിക്കുന്നില്ലെങ്കിലും ശക്തമാണ്. 80-കളില്‍ സോവിയറ്റുകളെ നേരിടാനായി സൃഷ്ടിച്ച ജിഹാദും ഭീകരവാദവും ഇസ്ലാമികവാദവുമെല്ലാം ഇപ്പോള്‍ പൂര്‍ണവൃത്തം പൂര്‍ത്തിയാക്കുന്നു എന്നത് വൈരുധ്യമാണ്. മാത്രവുമല്ല, ഇസ്ലാമിക തീവ്രവാദം അമേരിക്കയുടെ വിദേശനയത്തിന്റെ ഉപകരണമാകുന്നതില്‍ ഒരു അനിവാര്യതയുമുണ്ട്. ഈ ബന്ധം തുടരുന്നിടത്തോളം സ്ഥിതിഗതികള്‍ ഇങ്ങനെത്തന്നെ പോകുന്നു എന്ന് ടെല്‍ അവീവും റിയാദും ഉറപ്പാക്കും.

അനിവാര്യത എന്താണെന്ന് ഞാന്‍ വിശദമാക്കാം. തെക്കേ ഇന്ത്യയില്‍ ഊട്ടിയില്‍ വാര്‍ഷിക കുറുക്കന്‍ വേട്ട മൃഗാവകാശ സംഘടനകള്‍ ഇടപെട്ട് നിര്‍ത്തിച്ചപ്പോള്‍ ഞാന്‍ അതിലെ ഒരു പ്രധാന വേട്ടക്കാരനോട് ചോദിച്ചു, ”ഈ വേട്ടക്കായി വളര്‍ത്തിയെടുത്ത നൂറുകണക്കിന് പ്രത്യേക വേട്ടനായ്ക്കളെ എന്ത് ചെയ്യും?” ആ നായ്ക്കളെ ചെലവേറിയ ഒരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും നായപ്രേമികള്‍ അവിടെ നിന്നും അവയെ വേണമെങ്കില്‍ വാങ്ങുകയും ചെയ്യും.

അപ്പോള്‍ നാളെ മുന്തിയ ഇനത്തില്‍പ്പെട്ട വേട്ടനായ്ക്കളെ എന്തുചെയ്യണമെന്ന് നമുക്കറിയാം. പക്ഷെ കോടിക്കണക്കിനു ഡോളര്‍ ചെലവില്‍ കൊല്ലാനും യുദ്ധം ചെയ്യാനും പാകമാക്കിയ ഇസ്ലാമിക തീവ്രവാദികളെ സൗദി അറേബ്യ പോലുള്ള ഒരു രാഷ്ട്രം എന്ത് ചെയ്യും? അവരെ അഫ്ഗാനിസ്ഥാന്‍ പോലുള്ള പുതിയ സംഘര്‍ഷ ഭൂമികളിലേക്ക് ഇറക്കിവിടുകയല്ലാതെ മാര്‍ഗമില്ല. ഇവിടെനിന്നും അവര്‍ യു എസ് അസ്ഥിരമാക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളിലേക്കെല്ലാം പടരും- ചൈനയിലെ ക്‌സിങ്ക്സിയാങ്, റഷ്യയിലെ കോക്കസസ്, ഇറാന്‍, പാകിസ്ഥാന്‍ അങ്ങനെ യു എസ് ആജ്ഞകള്‍ അനുസരിക്കാത്ത എല്ലായിടത്തേക്കും.

കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ കൂലിപ്പട്ടാള കമ്പനിയുടെ ഉടമയായ ( Academi , പിന്നെ Triple Canopy വീണ്ടും പരിണമിച്ചു Blackwater ) Erik Prince യു എസ് പട്ടാളത്തിന് പകരം തങ്ങളുടെ കൂലിപ്പട്ടാളത്തെ അഫ്ഗാനിസ്ഥാനില്‍ നിര്‍ത്താം എന്ന നിര്‍ദ്ദേശവുമായി എത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഒരു ‘വൈസ്രോയിയെ’ വെച്ച് ഭരിക്കാം എന്ന അയാളുടെ നിര്‍ദ്ദേശം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്. ആര്‍. മാക് മാസ്റ്ററും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും തള്ളിക്കളഞ്ഞു. രണ്ടു പേരും സ്ഥാനമൊഴിഞ്ഞതോടെ എറിക് പ്രിന്‍സ് വീണ്ടും, ഖലീല്‍സാദിന്റെ ശ്രദ്ധ പിടിച്ചുപറ്റി അഫ്ഗാനിസ്ഥാനില്‍ നിറയുകയാണ്. കാബൂളില്‍ യാളെ കാണാന്‍ വിസമ്മതിച്ച ഏക വ്യക്തി പ്രസിഡന്റ് ഖാനിയാണ്.

IANS

സയീദ് നഖ്‌വി

സയീദ് നഖ്‌വി

മാധ്യമപ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍