Continue reading “പരവൂരിന്റെ മനസ്സിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല”

" /> Continue reading “പരവൂരിന്റെ മനസ്സിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല”

"> Continue reading “പരവൂരിന്റെ മനസ്സിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല”

">

UPDATES

പരവൂരിന്റെ മനസ്സിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല

Avatar

                       

വര്‍ഗ്ഗീസ് ആന്റണി

ഇന്നലെ വിഷു പരവൂരിലെ പുറ്റിങ്ങൽ ദേവീക്ഷേത്ര മുറ്റത്തായിരുന്നു. ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോയതാണ്. സുഹൃത്ത് Satheesh Eriyalath ആണ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. അവിടെ നിന്നും ഒരു ചിത്രവുമെടുക്കാൻ തോന്നിയില്ല. ഇന്നലെ അതേക്കുറിച്ച് ഒന്നും പറയാനും തോന്നിയില്ല. വെടിമരുന്നിന്റെ മണമാണ് ആ പരിസരമെങ്ങും. ചിലയിടങ്ങളിൽ നിന്ന് മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ ഇന്നലെയും കണ്ടെടുക്കുന്നുണ്ടായിരുന്നു. മാതൃഭൂമി ചാനലിലെ Shammy Prabhakar പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിന് നേരെ പുറകിലുള്ള വീട്ടിൽ പോയി. ഒരമ്മയും മകളും മാത്രം താമസിക്കുന്ന ഒരു ചെറിയ വീട്. 13 വയസുള്ള മകൾ ആശുപത്രിയിലാണ്. മന്ത്രിസഭാ ഉപസമിതി പ്രദേശം സന്ദർശിക്കുമെന്നും, ആ സമയം അവിടുണ്ടാകണമെന്നും വാർഡ് മെമ്പർ കർശനമായി പറഞ്ഞതിനേത്തുടർന്ന് അമ്മ ആശുപത്രിയിൽ നിന്നും വന്നതാണ്. വീടാകെ തകർന്ന് കിടക്കുകയാണ്. വാതിലും ജനലും മേൽക്കൂരയുമെല്ലാം പാടേ തകർന്നിരിക്കുന്നു. അത് നേരെയാക്കുവാൻ സർക്കാരിന്റെ ധനസഹായം കിട്ടണം. സർക്കാർ നടപടികൾ പൂർത്തിയായി പണം ലഭിക്കാൻ വൈകുമെന്നറിഞ്ഞ് ആ സ്ത്രീ കരയുന്നുണ്ടായിരുന്നു. അതുവരെ മകളോടൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിൽ എങ്ങനെ കഴിയുമെന്നാതാണ് ആ അമ്മയുടെ സങ്കടം. മകളുടെ മാനസിക നില ഇപ്പോഴും നേരെയായിട്ടില്ല. പ്രെഷർ നില താഴെയായി തുടരുന്നു. വീടിന് മുന്നിൽ കൂടിക്കിടന്ന മൃതദേഹങ്ങൾ കണ്ട് തളർന്ന് വീണതാണ് ആ എട്ടാം ക്ലാസുകാരി. തൊട്ടിപ്പുറത്ത് ഒരു വൃദ്ധ മനോനില തെറ്റിയ നിലയിലാണെന്ന് ചിലർ പറഞ്ഞു. അവിടേക്ക് പോയില്ല.

മരിച്ചു പോയവരുടെ കഥകളാണ് നമ്മൾ അറിയുന്നത്. മരണത്തോട് മല്ലിടുന്ന മുന്നോറോളം പേരുണ്ട്. പലര്‍ക്കും കൈയും കാലും മുഖവുമൊന്നുമില്ല. ശരീരമാകമാനം പൊള്ളിയവര്‍ നിരവധിയുണ്ട്. അപകടം കണ്ട ആയിരങ്ങൾ. അവരുടെ മനസാണ് പൊള്ളിയത്. രക്ഷാപ്രവർത്തനം നടത്തിയ പരശ്ശതം വേറെ. 

ഏഷ്യാനെറ്റിലെ Lallu Sasidharan Pillai യുടെ ചേട്ടൻ ശൈലേഷ് ഞങ്ങൾക്കൊപ്പം ഇന്നലെ മുഴുവൻ സമയവും ഉണ്ടായിരുന്നു. പത്തു മുപ്പത് പേരെയെങ്കിലും മാലിന്യക്കൂട്ടത്തിൽ നിന്നും പുറത്തെടുത്തത് ശൈലേഷാണ്. നേരം വെളുത്ത ശേഷം നോക്കുമ്പോള്‍ ദേഹം മുഴുവൻ ചോരയും കരിഞ്ഞ മാംസത്തിന്‍റെ ഗന്ധവുമായിരുന്നത്രേ. സി.പി.എം ബ്രാഞ്ച് സെക്രട്ടറി മഹദാണ് ഞങ്ങളുടെ പരിപാടികള്‍ എല്ലാം ഏകോപിച്ചത്. മഹദ് രണ്ട് തവണയായി പത്തോളം പേരെ തന്‍റെ കാറില്‍ ആശുപത്രിയിലെത്തിച്ചു. 14 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ രണ്ട് തവണ താനെങ്ങനെ പോയി വന്നെന്ന് അദ്ദേഹത്തിന് ഇപ്പോള്‍ ഓര്‍ക്കാനാകുന്നില്ല. രണ്ടാം തവണ പോകുമ്പോള്‍ ദേഹമാകെ പൊള്ളി വീര്‍ത്ത ഒരു ചെറുപ്പക്കാരന്‍ കാറിലുണ്ടായിരുന്നു. അല്‍പം വെള്ളം ദേഹത്തൊഴിച്ച് തരാന്‍ കുറച്ചു ദൂരം ചെന്നപ്പോള്‍ അയാള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. പിന്നില്‍ നിന്നും തോളില്‍ പിടിച്ചുകൊണ്ടുള്ള ആ കരച്ചില്‍ നേര്‍ത്തുവരുന്നതും കൈ അയഞ്ഞു പോകുന്നതും സഖാവ് ഓര്‍ക്കുന്നു. ആശുപത്രിയില്‍ എത്തും മുന്‍പ് ആ ചെറുപ്പക്കാരന്‍ മരിച്ചിരുന്നു. ഇത്തരം നിരവധി കഥകളുണ്ട് പരവൂരുകാര്‍ക്ക് പറയാന്‍. ആ മനസുകളില്‍ ഇപ്പോഴും തീയണഞ്ഞിട്ടില്ല.

(മാധ്യമ പ്രവര്‍ത്തകനായ വര്‍ഗ്ഗീസ് ആന്‍റണി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ്)

Share on

മറ്റുവാര്‍ത്തകള്‍