(കുട്ടികള്‍ വീടുകളില്‍ നിന്ന്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുവരികയും പകരമായി പുസ്തകങ്ങള്‍ നല്‍കുകയും ചെയ്യുന്ന പദ്ധതി ആലപ്പുഴയില്‍ നടപ്പാക്കി വരികയാണ്. ഇത് സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയത്തില്‍ അഴിമുഖവും ചര്‍ച്ചയ്ക്കുള്ള വേദിയൊരുക്കുന്നു.)
‘പ്ലാസ്റ്റിക്ക് തരൂ പുസ്തകം തരാം’ എന്ന തികച്ചും ലളിതമായ ഒരു ബോധവല്‍ക്കരണ പരിപാടിയെ കുറിച്ച് വിശദമായ ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ് . പ്രധാനമായും മൂന്നു തലങ്ങളലുള്ള ആക്ഷേപങ്ങള്‍ ആണ് ഉന്നയിക്കപ്പെട്ടത് -രാഷ്ട്രീയം, സാമൂഹികം, ശാസ്ത്രീയം.
രാഷ്ട്രീയം
ഡോ. തോമസ് ഐസക്ക് എം.എല്‍. എ യുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നടന്നു വരുന്ന ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയായ ‘നിര്‍മല നഗരം നിര്‍മല ഭവനം’ ഒരു പുതിയ ഘട്ടത്തിലേക്ക് ചുവടുവയ്ക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ചതാണ് ‘പ്ലാസ്റ്റിക്ക് തരൂ പുസ്തകം തരാം’ എന്ന പരിപാടി. ഈ പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴയില്‍ നിന്ന് തന്നെ തുടക്കമിട്ടതിന് പിന്നില്‍ ഇന്നത്തെ ആധുനിക ഓണ്‍ലൈന്‍ ബുദ്ധിജീവികള്‍ക്ക് ഒരുപക്ഷെ അറിവില്ലാത്ത ഒരു ചരിത്രം ഉണ്ട്. കേരളത്തിലെ പ്രത്യേക സാമൂഹ്യ സാഹചര്യങ്ങള്‍ വഴി ഏതൊരു ചെറിയ നഗരത്തെയും പോലെ ആലപ്പുഴയ്ക്കും മാലിന്യം ഏറ്റവും പ്രധാന പ്രശ്‌നമായി പൊന്തി വന്നതിന്റെ ചരിത്രം. കേരളത്തിലെ മറ്റേതൊരു നഗരത്തേക്കാളും ഈ പ്രശ്‌നം ഭീകരമായി ബാധിക്കാവുന്ന പ്രത്യേക സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന ഭൂപ്രകൃതിയാണ് ആലപ്പുഴയുടേത്. കേരളത്തിലെ ഒട്ടുമിക്ക സാംക്രമിക രോഗങ്ങളുടെയും പ്രഭവകേന്ദ്രം ആയിരുന്നു ഒരു കാലത്ത് ആലപ്പുഴ.
നഗരത്തിലെ മാലിന്യം മുഴുവന്‍ കൊണ്ടുവന്ന് തള്ളിയിരുന്നത് എന്റെ വീട്ടില്‍ നിന്നു കഷ്ടിച്ച് രണ്ടുകിലോമീറ്റര്‍ മാത്രം അകലെ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ സര്‍വോദയപുരത്ത് ആയിരുന്നു . വര്‍ഷങ്ങളായി തുടരുന്ന നാട്ടുകാരുടെ എതിര്‍പ്പ് മൂലം ആലപ്പുഴ നഗരസഭ പല കേന്ദ്രീകൃത സംസ്‌കരണ പദ്ധതികളും ആവിഷ്‌കരിച്ചെങ്കിലും കേരളത്തില്‍ എല്ലായിടത്തും സംഭവിച്ചത് പോലെ, സാങ്കേതിക വിദ്യയുടെ പോരായ്മ മൂലവും നടത്തിപ്പിലെ വീഴ്ചകള്‍ മൂലവും അവയെല്ലാം തികഞ്ഞ പരാജയമായി. ആലപ്പുഴ നഗരസഭയും മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തും ഏറ്റുമുട്ടലിന്റെ വക്കോളമെത്തി. അവസാനം ഇക്കഴിഞ്ഞ ജൂണ്‍ മാസം സര്‍വോദയപുരം മാലിന്യസംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടി.
ദിനംപ്രതി മാലിന്യം വഹിക്കുന്ന പത്തോളം ലോറികള്‍ സര്‍വോദയപുരത്തേക്ക് എത്തിയിരുന്നത് നിലച്ചിട്ടും അത്ഭുതമെന്ന് പറയട്ടെ , നഗരം ചീഞ്ഞ് നാറിയില്ല! ‘നിര്‍മല നഗരം നിര്‍മല ഭവനം’ പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ അങ്ങോളമിങ്ങോളം സ്ഥാപിച്ച തുമ്പൂര്‍മുഴി മോഡല്‍ എയറോബിക്ക് ബിന്നുകള്‍ അപ്പോഴേക്കും പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞിരുന്നു. ആലപ്പുഴ നഗരത്തിലെ ജൈവ മാലിന്യം മുഴുവന്‍ സംസ്‌കരിക്കുവാന്‍ അവ പ്രാപ്തമായിരുന്നു. ഈ പദ്ധതിയില്‍ തികഞ്ഞ ശുഭാപ്തി വിശ്വാസം പുലര്‍ത്തിയിരുന്നവര്‍ പോലും കരുതിയിരുന്നത് സര്‍േവാദയപുരം പൂട്ടിയാല്‍ പരമാവധി ഒരാഴ്ച, അതിനകം നഗരം ചീഞ്ഞു നാറിയേക്കാം എന്നായിരുന്നു. ഒരാഴ്ച കഴിഞ്ഞു, ഒരു മാസം പിന്നിട്ടു, ഇപ്പോള്‍ ആറ് മാസമാകുന്നു; നഗരം നാറിയില്ല . വഴിച്ചേരിയിലൂടെ ഒരിക്കല്‍ മൂക്ക് പൊത്തിയും ഒക്കാനിച്ചും കടന്നു പോയിരുന്നവര്‍ ഇന്ന് എയറോബിക്ക് ബിന്നുകള്‍ ക്രമമായി സജ്ജീകരിച്ചു മനോഹരമാക്കിയ അവിടുത്തെ കാത്തിരുപ്പ് കേന്ദ്രത്തില്‍ ഇരുന്നു കിഴക്കിന്റെ വെനീസ് മനോഹരമാകുന്ന കാഴ്ച കണ്ട് അതിശയിക്കുകയാണ്.
അര നൂറ്റാണ്ടായി സര്‍വോദയപുരം നിവാസികള്‍ അനുഭവിച്ചിരുന്ന ഒരു നീറുന്ന പ്രശ്‌നം വളരെ ലളിതമായി പരിഹരിക്കപ്പെട്ടു എന്നത് മാത്രമല്ല, കേരളത്തില്‍ മുഴുവന്‍ സ്വീകാര്യത കിട്ടിയ ഒരു മാതൃക സൃഷ്ടിക്കാനും ആലപ്പുഴ നഗരസഭയുടെ ‘നിര്‍മല നഗരം നിര്‍മല ഭവനം’ പദ്ധതിക്ക് കഴിഞ്ഞു . ഈ പദ്ധതിയുടെ പരാജയം മുന്‍കൂട്ടി പ്രവചിച്ച്, രാഷ്ട്രീയ മുതലെടുപ്പിനായി എന്ന് കിനാവ് കണ്ടിരുന്ന വിമര്‍ശകരുടെ ഉറക്കം നഷ്ടപ്പെട്ടു. രണ്ടു പ്രദേശങ്ങളില്‍ ഉണ്ടാകുമായിരുന്ന രാഷ്ട്രീയ മുതലെടുപ്പിന്റെ സാധ്യതയാണ് ഇവിടെ ഇല്ലാതായത്. അത് മനസ്സിലാക്കുവാന്‍, കഴിഞ്ഞ മാസങ്ങളിലെ ആലപ്പുഴയിലെ രാഷ്ട്രീയ വാക്‌പോര് ശ്രദ്ധിച്ചാല്‍ മാത്രം മതി .
ഈ മാറ്റം പെട്ടെന്ന് ഉണ്ടായതല്ല. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ആലപ്പുഴയില്‍ നടന്ന ജനകീയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ വിപ്ലവം സാദ്ധ്യമായത് . ക്രിസ്മസ് കരോള്‍, ഡ്രാഗണ്‍ ഡാന്‍സ്, ശില്‍പ്പശാലകള്‍ എന്നിങ്ങനെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ ആലപ്പുഴയില്‍ നടക്കുന്ന എല്ലാ പരിപാടികളിലും ‘ഉറവിട മാലിന്യ സംസ്‌കരണം’ എന്ന ആശയം പ്രതിഫലിപ്പിക്കുവാന്‍ ഇതിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ടായിരുന്നു.
ഇപ്പോള്‍ വിമര്‍ശന വിധേയമായ ‘പ്ലാസ്റ്റിക്ക് തരൂ പുസ്തകം തരാം’ എന്ന പരിപാടിയുടെയും അന്തിമ ലക്ഷ്യം ബോധവത്കരണം തന്നെയാണ്. കുട്ടികള്‍ വഴി അവരുടെ വീടുകളിലേക്ക് പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത പകര്‍ന്നു നല്‍കല്‍ തന്നെയാണ് ഇതില്‍ ലക്ഷ്യമിട്ടിട്ടുള്ളത്. രാഷ്ട്രീയ തിമിരം ബാധിച്ച വിമര്‍ശനങ്ങളില്‍ വേള്‍ഡ് ബാങ്ക് പോലും കടന്നു വരുന്നത്, ആരെയാണ് ഉന്നം വയ്ക്കുന്നതെന്ന കാര്യം മറ്റാര്‍ക്കും മനസ്സിലായില്ലെങ്കിലും മാരാരിക്കുളം, ആലപ്പുഴ നിവാസികള്‍ക്ക് പെട്ടെന്ന് മനസ്സിലാവും; ഇതിലെ രാഷ്ട്രീയവും ലക്ഷ്യങ്ങളും.
സാമൂഹികം
തോട്ടിപ്പണിയോട് അറപ്പും വെറുപ്പും തോന്നിയിരുന്ന മലയാളിയുടെ കാഴ്ചപ്പാടുകള്‍ മാറിതുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നവരായിരുന്നു ഇത്തരം പണികള്‍ കൈകാര്യം ചെയ്തിരുന്നത്. പുസ്തക കൂപ്പണ്‍ എന്ന ഇരുപതു രൂപയുടെ പ്രലോഭനം വെച്ചു നീട്ടി ‘ പ്ലാസ്റ്റിക് തരൂ, പുസ്തകം തരാം ‘ എന്ന പദ്ധതി തോട്ടിപ്പണിയുടെ ആ ഇരുണ്ട ഭൂതകാലത്തെ തിരിച്ചുവിളിക്കുന്നു എന്നതാണ് ചിലരുടെ ആക്ഷേപം. ആ ആക്ഷേപത്തില്‍ ഒളിഞ്ഞിരിക്കുന്ന ഗൂഡലക്ഷ്യങ്ങളെ തിരിച്ചറിയണമെങ്കില്‍ ഈ പദ്ധതിയുടെ ഉദ്ദേശ്യശുദ്ധി മനസിലാക്കുക തന്നെ വേണം.
ആലപ്പുഴ നഗരത്തിലെ ഏറ്റവും പ്രശസ്തവും പുരാതനവുമായ രണ്ടു എയിഡഡ് സ്‌കൂളുകളാണ് ആലപ്പുഴ എസ്.ഡി.വി സ്‌കൂളും, സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളും. സാമ്പത്തികമായും സാമൂഹികമായും എല്ലാതലത്തിലുമുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്‌കൂളുകള്‍, കേരളത്തിലെ മികച്ച നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകളുടെ ഗണത്തില്‍ പെടുന്നവയാണ്. അതുകൊണ്ട് തന്നെയാണ് ‘പ്ലാസ്റ്റിക് തരു, പുസ്തകം തരാം’ എന്ന പദ്ധതിയുടെ തുടക്കം അവിടെ നിന്ന് തന്നെയായത്. കുട്ടികളിലൂടെ കൈമാറ്റം ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നത് കേരളത്തിലെ പ്രമുഖ ദിനപത്രങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. സ്വന്തം വീട്ടിലെ പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് അവയ്ക്ക് പകരം പുസ്തക കൂപ്പണ്‍ സ്വന്തമാക്കുന്ന കുട്ടിയെ കാണുമ്പോള്‍, അത് അവരെ കൊണ്ട് ചെയ്യിക്കുന്ന തോട്ടിപ്പണിയാണ് എന്നു പറയുന്നത് സാമൂഹിക അന്ധത ആണ്. സാമൂഹികമായും സാമ്പത്തികമായും ഉന്നതിയില്‍ നില്‍ക്കുന്നവരുടെ വീട്ടുമുറ്റത്താണ് ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതെന്നത് ഒരു വസ്തുതയാണ്. സമ്പന്നന്റെയും ദരിദ്രന്റെയും അടുക്കലേക്കു പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങള്‍ ഒരുപോലെ എത്തിക്കാന്‍ കഴിയുന്ന നല്ല വഴിയാണ് കുട്ടികള്‍. കുട്ടികളുടെ ഈ പ്ലാസ്റ്റിക് ശേഖരണം മുതിര്‍ന്നവരില്‍ ഒരു സാമൂഹിക ഉത്തരവാദിത്വവും, ബോധവല്‍ക്കരണവും ഉളവാക്കും എന്ന നല്ല വശത്തെ കാണാന്‍ കഴിയുമ്പോഴേ ഇത്തരം പദ്ധതികള്‍ നമ്മുടെ നാടിന്റെ നന്മയ്ക്കാണ് എന്നു തിരിച്ചറിയാന്‍ കഴിയൂ. ഒരു നല്ല സന്ദേശം എല്ലാവരുടെയും ഉത്തരവാദിത്വവും, ഒരു ജനതയുടെ പൊതുബോധവുമായി മാറുന്നത് കാണുമ്പോള്‍, സാമൂഹിക അസമത്വത്തിലൂടെ ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന സ്വാര്‍ത്ഥന്‍മാരാണ് ഇതിനെ തോട്ടിപ്പണിയോടു ഉപമിക്കുന്നത്.
മറ്റൊരു കാര്യം കൂട്ടിേച്ചര്‍ക്കട്ടെ, ഈ നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്ന മുന്‍സിപ്പാലിറ്റി തൊഴിലാളികളാണ് ഇന്നു വാട്ട്‌സാന്‍ പാര്‍ക്കിന്റെ ടെക്‌നീഷ്യന്‍മാരായി വര്‍ക്ക് ചെയുന്നത്. മുന്‍സിപ്പാലിറ്റി ജോലിയില്‍ നിന്നും വാട്ട്‌സാന്‍ പാര്‍ക്കിന്റെ ടെക്‌നീഷ്യനിലേക്ക് എത്തിയപ്പോള്‍ ജീവിത രീതിയും സാമൂഹിക കാഴ്ചപാടുകളും ഒക്കെ മാറിയതായി അവര്‍ തന്നെ സാക്ഷ്യപെടുത്തുന്നു. ഇത്തരം തൊഴിലുകള്‍ ചെയുന്നവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറ്റാന്‍ വാട്ട്‌സാന്‍ പാര്‍ക്കിനു കഴിഞ്ഞു എന്നതും ഒരു വലിയ നേട്ടം തന്നെയാണ്.
ശാസ്ത്രീയം
പ്ലാസ്റ്റിക്ക് വിഷമാണ് എന്ന തിരിച്ചറിവിനു വലിയ ശാസ്ത്രീയ ബോധത്തിന്റെയൊന്നും ആവശ്യമില്ല. പ്ലാസ്റ്റിക്ക് ഒഴിവാക്കി കൊണ്ടുള്ള ഒരു ജീവിതം സാധ്യമല്ലാത്ത ഒരു കാലഘട്ടത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത്. ശാസ്ത്രത്തെ കൂട്ടുപിടിച്ചാല്‍ പ്ലാസ്റ്റിക്ക് ഉപയോഗം, ഏത് അളവ് ആണെങ്കിലും ഏതുതരം ആണെങ്കിലും ചെറുതല്ലാത്ത ഉപദ്രവം ചെയ്യുന്നുണ്ട്. അതിന് ഏതു ഗ്രേഡ് എന്നതൊക്കെ ഉപദ്രവത്തിന്റെ തോതിലുള്ള ഏറ്റക്കുറച്ചില്‍ മാത്രമേ തീരുമാനിക്കുന്നുള്ളൂ, അതിനൊക്കെ അപ്പുറം പുതിയ ഉല്‍പ്പന്നങ്ങളിലെ ഒരു വിപണനതന്ത്രം മാത്രമാണ് ഈ ഗ്രേഡിംഗ് ഒക്കെ.
കുട്ടികള്‍ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങളും, വീട്ടിലെ നിത്യോപയോഗത്തിലുള്ള ഉപകരണങ്ങളും വീട്ടുമുറ്റത്ത് ചിതറി കിടക്കുന്ന പ്ലാസ്റ്റിക്കും, ശേഖരിക്കപ്പെട്ട പ്ലാസ്റ്റിക്കുമെല്ലാം പ്രത്യേക ഊഷ്മാവിലും, സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിലും, കത്തിക്കുമ്പൊഴും ഒക്കെ വിഷപദാര്‍ത്ഥങ്ങള്‍ ആയി മാറ്റപ്പെടുന്നു. പ്ലാസ്റ്റിക്ക് സകല ജീവജാലങ്ങളുടെയും നിലനില്‍പിന് ഭീഷണിയാണ് എന്ന ബോധം സമൂഹത്തില്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവണം ‘നിര്‍മല നഗരം നിര്‍മല ഭവനം’ പദ്ധതിയുടെ പുതിയ ഘട്ടത്തില്‍ പ്ലാസ്റ്റിക്കിനെതിരെ ഒരു വലിയ യുദ്ധത്തിന് തുടക്കം കുറിച്ചത് . വീട്ടുമുറ്റത്ത് പ്ലാസ്റ്റിക്ക് കൂട്ടിയിട്ട് കത്തിക്കുമ്പോഴാണ് ഏറ്റവും ഹാനികരമായ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് എന്നതു വിമര്‍ശകര്‍ വിട്ടു പോയി. ആഴ്ചയില്‍ ഒരു വീട്ടില്‍ ഒരു തവണ പ്ലാസ്റ്റിക്ക് കത്തിച്ചാല്‍ തന്നെ ആ വീട്ടിലും ചുറ്റുവട്ടത്തുമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അത്യന്തം വിഷമയമായ പദാര്‍ത്ഥങ്ങള്‍ ശ്വസിക്കുക വഴി ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് മനുഷ്യര്‍ക്ക് ഇനിയും അറിവില്ല എന്നതാണ് ഒരു യഥാര്‍ത്ഥ്യം. വളര്‍ന്നു വരുന്ന തലമുറയില്‍ ആയിരിക്കും ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ആദ്യമായി പ്രതിഫലിക്കുക.
പ്ലാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ട് കത്തിക്കല്‍ എന്ന വഴക്കത്തിനു ഒരു പതിറ്റാണ്ടിലധികം പഴക്കമില്ല എന്നതിനാല്‍ തന്നെ അതുണ്ടാക്കാന്‍ പോകുന്ന ആരോഗ്യ ഭീഷണിയുടെ കാഠിന്യം വലിയ ഒരളവ് വരെ ഇപ്പോഴും അജ്ഞാതം ആണ്. ഇവിടെ ഓര്‍ക്കേണ്ടത്, താന്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് പ്ലാസ്റ്റിക്ക് ഒഴിവാക്കുക എന്നതു തന്നെയാണ് ഏറ്റവും ആരോഗ്യകരം. അതിനായി നഗരത്തിലെ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുവാനായി ജനകീയ പങ്കാളിത്തത്തോടെ ഇവിടെ ഒരു പ്ലാസ്റ്റിക്ക് ജാഥ തന്നെ നടന്നിരുന്നു. ആ ജാഥയില്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക്ക് ശേഖരിച്ച് റീ സൈക്ലിംഗ് കേന്ദ്രങ്ങളില്‍ എത്തിക്കുകയും ചെയ്തു . ആ പരിപാടിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളുടെ സഹായം കൂടി തേടി എന്നു മാത്രം. അതിനു കുട്ടികള്‍ക്ക് ഒരു ചെറിയ സമ്മാനവും നിശ്ചയിച്ചു .
പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരായ ക്യാമ്പയിനിലെ ഒരു പരിപാടിയെ അതിന്റെ ശാസ്ത്രീയ വശം പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ ഓര്‍മ്മിപ്പിക്കുന്നത് റോഡിലെ ആളെ കൊല്ലിയായ കുഴി നാട്ടുകാര്‍ മണ്ണിട്ട് മൂടിയപ്പോള്‍ അത് റോഡിന്റെ ‘ബാങ്കിംഗ് ഓഫ് കര്‍വേച്ചര്‍’ പരിഗണിക്കാതെ ആണു ചെയ്തത് എന്ന് ആക്ഷേപിച്ച ശാസ്ത്രജ്ഞനെയാണ്. ഇവിടുത്തെ ഈ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന നിസ്വാര്‍ത്ഥരായ ഒരു കൂട്ടം ഗവേഷകരും ഗവേഷകവിദ്യാര്‍ത്ഥികളും ഒക്കെ ഉണ്ട് .അവരുടെ നിസ്വാര്‍ത്ഥതയ്ക്കും സേവന സന്നദ്ധതയ്ക്കും നേരെയുള്ള അവഹേളനം ആയേ ഇത്തരം വിമര്‍ശനങ്ങളെ കാണാന്‍ കഴിയൂ.
പൊതു സമൂഹത്തിന്റെ നന്മ കാംക്ഷിക്കുന്നു എങ്കില്‍ ഇവ മെച്ചപ്പെടുത്തുവാന്‍ ഉള്ള നിര്‍ദ്ദേശങ്ങളും അത് ലാക്കാക്കിയുള്ള വിമര്‍ശനങ്ങളും ആണ് ഉണ്ടാവേണ്ടത്. വിജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന ഒരു പദ്ധതിയില്‍ പുതുമകള്‍ കൂട്ടി ചേര്‍ക്കുവാനും, പോരായ്മകള്‍ പരിഹരിക്കുവാനും ആവട്ടെ വിമര്‍ശനങ്ങള്‍.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)