(കുട്ടികള്‍ വീടുകളില്‍ നിന്ന്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുവരികയും പകരമായി പുസ്തകങ്ങള്‍ നല്‍കുകയും ചെയ്യുന്ന പദ്ധതി ആലപ്പുഴയില്‍ നടപ്പാക്കി വരികയാണ്. ഇത് സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയത്തില്‍ അഴിമുഖവും ചര്‍ച്ചയ്ക്കുള്ള വേദിയൊരുക്കുന്നു)
ഡോ. തോമസ് ഐസക്കിന്റെ ആലപ്പുഴ പരീക്ഷണങ്ങള്‍ വളരെ കൗതുകത്തോടെ വീക്ഷിക്കാറുള്ളതാണ്. സന്നദ്ധപ്രവര്‍ത്തനത്തിലൂടെയുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജനശ്രമങ്ങളും അടുത്തിടെ ഫാം വില്ലയെ ഫേസ്ബുക്കില്‍നിന്നു മണ്ണിലേയ്ക്കിറക്കുന്ന കൃഷിരീതിയും ഒക്കെ ഇങ്ങനെ മതിപ്പുളവാക്കിയ സംരംഭങ്ങളാണു്. എന്നാല്‍ ഈ കുട്ടികള്‍ പ്ലാസ്റ്റിക്ക് ശേഖരിച്ച് സ്കൂളിലെത്തിക്കുമ്പോള്‍ ഓരോ കിലോയ്ക്കും പുസ്തകക്കൂപ്പണ്‍ നല്‍കുന്ന “പ്ലാസ്റ്റിക്ക് തരൂ പുസ്തകം തരാം പദ്ധതി” എനിക്ക് പല ആശങ്കകളും ഉണ്ടാക്കുന്നുണ്ട്. എഴുതണമെന്നു കരുതിയതല്ല. എന്നാല്‍ ചര്‍ച്ചകള്‍ വളരെ കാല്‍പനികമാവുകയും എതിര്‍ശബ്ദങ്ങളെ കൂട്ട Ad-hominem ആക്രമണങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍ ഇത്രയെങ്കിലും പങ്കുവെക്കേണ്ടതുണ്ടെന്ന് തോന്നുന്നു
ഒന്നാമതായി വളരെ നിഷ്കളങ്കമായാണു് ആളുകള്‍ ഈ വിഷയത്തെ സമീപിക്കുന്നത്. സ്കൂള്‍ പരിസരം അടിച്ചുവാരി വൃത്തിയാക്കുന്ന കുട്ടികളില്‍ നിന്നു ഇത് വ്യത്യസ്തമാണ്. പരിസര ശുചീകരണത്തിന്റെ വിത്തുകള്‍ പാകുകയൊക്കെ ചെയ്യുന്ന ഗാന്ധിയന്‍ പരിസരത്തിലല്ല ഈ പദ്ധതി നടക്കുന്നതു്. ഇവിടെ ശുചീകരണത്തേക്കാള്‍ പ്ലാസ്റ്റിക്കും കുട്ടികളുമാണ് വിഷയം.
കുട്ടികളെ പ്ലാസ്റ്റിക്കിന്റെ പ്രശ്നങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കുകയും പ്ലാസ്റ്റിക് റീസൈക്കിളിങ്ങ് പ്രൊസസ്സില്‍ പങ്കാളിയാക്കുകയും ചെയ്യുന്ന നിരവധി പ്രൊജക്റ്റുകള്‍ ലോകത്തു പലയിടത്തുമായുണ്ട്.
ഉദാഹരണത്തിനു് യുകെ ഗവണ്‍മെന്റിന്റെ ഈ പേജ് കാണുക http://your.caerphilly.gov.uk/
ഇതുവരെ കേട്ട റിപ്പോര്‍ട്ടുകളില്‍ നിന്നു് കുട്ടികള്‍ക്ക് പ്ലാസ്റ്റിക് ശേഖരണത്തിന് പുസ്തകക്കൂപ്പണ്‍ റിവാര്‍ഡ് നല്‍കുന്ന “ക്രിയേറ്റീവിറ്റി” പ്രകടിപ്പിക്കുന്ന ഈ പദ്ധതിയുടെ ഫ്രെയിമിലാകട്ടെ പ്ലാസ്റ്റിക്കിന്റെ വിവിധ തരങ്ങളോ വിഷമാലിന്യങ്ങളോ ഒന്നും വിഷയമാകുന്നത് കാണുന്നുമില്ല.
ആലപ്പുഴ പ്രൊജക്റ്റില്‍ ഐസക്കിനെ സഹായിക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തെ വിദഗ്ധനായ തണലിലെ ഷിബു കെ. എന്‍ രണ്ടുദിവസം മുമ്പ് അഴിമുഖത്തില്‍ തന്നെ ഇങ്ങനെ എഴുതുന്നു (പ്ലാസ്റ്റിക്കുകളാല്‍ സമ്പന്നമായ നമ്മുടെ ജീവിതം അഥവാ വിഷം തീറ്റക്കാര്‍) – “ഉല്‍പന്നങ്ങള്‍ക്ക് നിറം, ആകൃതി, വഴക്കം, ദൃഢത, മണം തുടങ്ങിയ ഗുണങ്ങള്‍ കിട്ടുന്നതിന് ആന്റി സ്റ്റാറ്റിക് ഏജന്റുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ബ്ലോയിംഗ് ഏജന്റുകള്‍,ക്യൂറിംഗ് ഏജന്റുകള്‍, കപ്ലിംഗ് ഏജന്റുകള്‍, ഫില്ലറുകള്‍, ജ്വലന പ്രതിരോധികള്‍, താപസമീകാരികള്‍, പിഗ്മെന്റുകള്‍, ഘനലോഹങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട അനവധി രാസ വസ്തുക്കള്‍ ഒരു പ്ലാസ്റ്റിക് ഉല്‍പ്പന്നത്തില്‍ കണ്ടേക്കാം. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് താലേറ്റുകള്‍. പ്ലാസ്റ്റിക്കുകളില്‍ നിന്നും പെട്ടെന്ന് ഊര്‍ന്നിറങ്ങുന്ന ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. താലേറ്റുകളടങ്ങിയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പ്രത്യേകിച്ച് ആശുപത്രി ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ ഇക്കാരണം കൊണ്ടു തന്നെ പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. അതുപോലെ തന്നെ കുഞ്ഞുങ്ങള്‍ക്കുള്ള പാല്‍ക്കുപ്പികളൂണ്ടാക്കുന്ന പോളി കാര്‍ബണേറ്റ് പ്ലാസ്റ്റിക്കുകളിലെ ഒരു പ്രധാന വിഷവസ്തു ‘ബിസ്ഫിനോള്‍ – എ (ബി.പി.എ) ആണ്. കുഞ്ഞുങ്ങളുടെ വളര്‍ച്ചാ ഘട്ടത്തില്‍ കുഞ്ഞ് ആഗിരണം ചെയ്യുന്ന വൈറ്റമിന്‍ സിയുടെ മൂന്ന് മടങ്ങെങ്കിലും അളവില്‍ ബി.പി.എ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ എത്തിച്ചേരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഹോര്‍മോണ്‍ സംബന്ധമായ ഒട്ടനവധി ആരോഗ്യത്തകരാറുകള്‍ ഇതു വരുത്തിവെക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബി.പി.എ ഉപയോഗം വികസിത രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്.
നാമുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ആകെ ഭാരത്തിന്റെ 30 മുതല്‍ 80 ശതമാനം വരെ മാത്രമേ അടിസ്ഥാന പ്ലാസ്റ്റിക് പോളിമറുകള്‍ ഉണ്ടായിരിക്കുകയുള്ളൂ. ബാക്കി ഭാഗം നേരത്തേ സൂചിപ്പിച്ചതു പോലുള്ള രാസ വസ്തുക്കളോ മൂലകങ്ങളോ ആയിരിക്കും. ഇത്തരം അന്യവസ്തുക്കള്‍ കാലം ചെല്ലുന്തോറും ഉല്‍പ്പന്നത്തില്‍ നിന്നൂര്‍ന്ന് അന്തരീക്ഷത്തിലേക്കോ ഉല്‍പന്നവുമായി സമ്പര്‍ക്കത്തിലുള്ള ആഹാര പദാര്‍ത്ഥങ്ങളിലേക്കോ വ്യാപിക്കുന്നു. സൂര്യപ്രകാശ രാജിയിലുള്ള അള്‍ട്രാ വയലറ്റ് വികിരണങ്ങള്‍, ചൂട്, എണ്ണ/കൊഴുപ്പ് എന്നിവയുമായുള്ള സമ്പര്‍ക്കം എന്നിവ മൂലമാണ് അന്യവസ്തുക്കള്‍ ഉല്‍സര്‍ജ്ജിക്കപ്പെടുന്നത്.”
ഇവയാണ് നമ്മുടെ കുട്ടികള്‍ പെറുക്കിയെടുക്കേണ്ടതു്. നേരത്തെ പരാമര്‍ശിച്ച യുകെ ഗവണ്‍മെന്റ് ലിങ്കില്‍ എന്തു ശേഖരിക്കണം, എന്തു ശേഖരിക്കരുതു് എന്ന് താഴെപ്പറയുന്ന ഇമേജിലെപ്പോലെ വ്യക്തമായ നിര്‍ദ്ദേശമുണ്ട്.
എന്നാല്‍ ഡോ. തോമസ് ഐസക്കിന്റെ ഇതെക്കുറിച്ചുള്ള പോസ്റ്റ് വീണ്ടും എടുത്തുവായിക്കൂ
“വീട്ടിലെ പ്ലാസ്റ്റിക് വൃത്തിയാക്കി സ്കൂളില്‍ കൊണ്ടു വന്നാല്‍ കിലോയ്ക്ക് 20 രൂപയുടെ ബുക്ക് കൂപ്പണ്‍ നല്കുന്ന സ്കീം” എന്നാണ് അതിന്റെ ഹൈലൈറ്റ്.
പണ്ട് ഞാന്‍ എല്‍പി സ്കൂളില്‍ പഠിക്കുന്നകാലത്ത് തീപ്പെട്ടികളുടെ കവറുകള്‍ ശേഖരിച്ച് തീപ്പെട്ടിപ്പടം കൊണ്ടു കളിക്കുന്ന പരിപാടി ഉണ്ടായിരുന്നു. അന്ന് 10 – 20 തീപ്പെട്ടിപ്പടം കൊടുത്താല്‍ മറ്റു കുട്ടികള്‍ സ്ലേറ്റ് പെന്‍സില്‍ തരും. അതുപോലെ അന്നത്തെ ബാര്‍ട്ടര്‍ സംവിധാനത്തിലൂടെ കുട്ടികള്‍ക്കിടയില്‍ കൈമാറ്റം ചെയ്തുപോന്ന കമ്മോഡിറ്റികള്‍ തീപ്പെട്ടിപ്പടങ്ങള്‍ക്കുപുറമേ ചൂടുകുരുവും റബര്‍ കുരുവും പുളിങ്കുരുവും മുള്ളന്‍ പഴവും ഒക്കെയായിരുന്നു. വീട്ടുകാരുടേയും ടീച്ചര്‍മാരുടേയും അംഗീകാരമില്ലാഞ്ഞിട്ടും അതിനായി എവിടെയൊക്കെ എങ്ങനെയൊക്കെ കയറിയിറങ്ങിയിട്ടുണ്ടെന്നോ. അതുപോലൊരു സാഹചര്യത്തിലാണ് അധ്യാപകരുടെ പിന്തുണയോടെ ഇങ്ങനെ ഒന്ന്‍ വരുന്നതു്. സ്വാഭാവികമായും ഒരു റിവാര്‍ഡുണ്ടാവുമ്പോള്‍ കുട്ടികള്‍ എവിടുന്നും പ്ലാസ്റ്റിക്ക് സംഘടിപ്പിക്കും. കാലിക്കുപ്പി എന്തിന്റെയാണെന്ന് വല്ല ധാരണയും കുട്ടികള്‍ക്കുണ്ടാവുമോ? ഒപ്പം തോമസ് ഐസക്ക് പറഞ്ഞതിലെ ‘വൃത്തിയാക്കി’ എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കുക. എന്താണ് കുട്ടികള്‍ വൃത്തിയാക്കാന്‍ പോകുന്നതു്. ഏതു തരം പ്ലാസ്റ്റിക്കോ എന്തിന്റെ കുപ്പിയോ ആണു്. ഇതൊന്നും ചര്‍ച്ച ചെയ്തു കൂടാ എന്നാണോ. കുട്ടികളുടെ സുരക്ഷ ഈ പ്രൊജക്റ്റ് ഏതു തുലാസിന്റെ തട്ടിലാണ് എടുത്തുവെയ്ക്കുന്നതു്? ഏത് കുട്ടികള്‍? ഏതു സ്കൂളുകള്‍? എന്നു് സോഷ്യല്‍ മീഡിയില്‍ പലരും ഉയര്‍ത്തിയ പ്രസക്ത ചോദ്യങ്ങള്‍ക്കു പുറമേ അദ്ധ്യാപകരുടെ മുന്‍കൈയില്‍ നടക്കാനിരിക്കുന്ന, പൊതുസ്ഥലങ്ങളിലെ പ്ലാസ്റ്റിക്ക് പെറുക്കല്‍ യജ്ഞങ്ങളും വരാനിരിയ്ക്കുന്നുണ്ട്.
പിന്‍കുറി
പണ്ട് 2003 ഒക്ടോബറില്‍ സീറോ വേസ്റ്റ് കോവളം പ്രൊജക്റ്റിന്റെ കാലത്ത് തണലിന്റെയും ഗ്രീന്‍പീസിന്റെയും പ്രവര്‍ത്തകര്‍ കോവളത്തു നിന്നു ശേഖരിച്ച കൊക്കക്കോള ഉത്പന്നങ്ങളുടെ ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികള്‍ പ്ലാച്ചിമടയിലെ കോളക്കമ്പനിയ്ക്കു മുന്നില്‍ കൊണ്ടിട്ട് പ്ലാസ്റ്റിക് മാലിന്യം തിരിച്ചെടുക്കേണ്ടതു് പ്രൊഡ്യൂസര്‍ റെസ്പോണ്‍സിബിലിറ്റി ആണെന്നും അതിനുള്ള ഉത്തരവാദിത്വവും നിയമപിന്തുണയും ഉണ്ടാവണമെന്ന് പറയുന്ന വിഷ്വല്‍ ഇപ്പോഴും ഓര്‍മയിലുണ്ട്.