UPDATES

സീറോ പ്ലാസ്റ്റിക്: ആലപ്പുഴ മോഡല്‍

പ്ലാസ്റ്റിക് പെറുക്കുന്ന കുട്ടി (അതായത് മാവോ ഒരു പൂന്തോട്ടക്കാരനാണ്)

മുതലാളിത്തം അതിസുന്ദരമായി ഇടപെടുന്നു. പച്ചക്കറിക്കടയിൽ‌പ്പോലും സിസിടിവികളുടെ സാന്നിധ്യത്തിൽ നമുക്കൊരു പ്രശ്നവുമില്ല.

                       

(കുട്ടികള്‍ വീടുകളില്‍ നിന്ന്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുവരികയും പകരമായി പുസ്തകങ്ങള്‍ നല്‍കുകയും ചെയ്യുന്ന പദ്ധതി ആലപ്പുഴയില്‍ നടപ്പാക്കി വരികയാണ്. ഇത് സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയത്തില്‍ അഴിമുഖവും ചര്‍ച്ചയ്ക്കുള്ള വേദിയൊരുക്കുന്നു)

Your children are not your children.
They are the sons and daughters of Life’s longing for itself: Khalil Gibran

അതെയതേ, നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ കുട്ടികളല്ല. അവർ ജീവിതത്തിന്റെ തീക്ഷ്ണമായ അഭിവാഞ്ചയുടെ മക്കളാണ് എന്ന ഒരു നല്ല വാചകം പറഞ്ഞ് മാത്രമേ തുടങ്ങാൻ കഴിയൂ. നാളത്തെ പൌരന്മാർ എന്ന് വിചാരിക്കുന്നവരെ ഉരുപ്പടിപോലെ ഉരുട്ടിയെടുത്ത് പ്രവൃത്തിപ്പിക്കാമെന്നൊക്കെ വിചാരിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

കുട്ടികളെക്കുറിച്ചാണല്ലോ പറയുന്നത്. കുട്ടികളുടെ നെഹ്രു കുട്ടികൾക്കെഴുതിയ കത്തിൽ ഉപദേശങ്ങളെക്കുറിച്ച് പറയുന്നു:I remember that I disliked this very much long ago when I was a boy. So I suppose you do not like it very much either. Grown-ups also have a habit of appearing to be very wise, even though very few of them possess much wisdom.

പിള്ളേരോട് സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ പറയാൻ നല്ല രസമാണ്. അവർക്കത് നൽകാത്തിടത്തോളം. എന്ത് പരീക്ഷിച്ചാലും അത് കുട്ടികളുടെ മേൽത്തന്നെ വേണം എന്ന് പണ്ടേ വലിയ നിർബന്ധമാണ്. കതിരിന്മേൽ വളം വെക്കുന്നത് ഒരു നാടുവാഴിഫാഷനല്ലല്ലോ. സോറി, അല്ല, അതും ഒന്ന് ഓർത്തുപോയതാണ്.

മുതലയുടെ വായ വൃത്തിയാക്കിക്കൊടുക്കുന്ന ഒരു കൊക്കിനെക്കുറിച്ച് കേട്ടതുപോലെയുണ്ട്. പ്ലാസ്റ്റിക്കും ജൈവമാലിന്യവും വാരിയെടുത്ത് നാടിനെ രക്ഷിക്കാൻ പെടാപ്പാടുപെടുന്ന മതേതര ഇടതുപക്ഷ രാഷ്ട്രീയക്കാരെക്കാണുമ്പോൾ. മുതലയുടെ വായിൽനിന്ന് വിശപ്പടക്കാൻ കഴിയുന്നത്രയും വേണോ അടവുനയം? ഓ! മാറുന്ന സമൂഹത്തിൽ എന്താണ് ട്രെൻഡ് എന്ന് കണ്ടുപിടിക്കുക അത്ര എളുപ്പമല്ലല്ലോ. ട്രെൻഡിങ്ങ് അല്ലാത്തതിനെ ആരാണ് ലൈക്കടിക്കുക?

ആഗോളവൽക്കരണത്തിന്റെ ഒരു പുകമറ അഥവാ സ്മോക്ക് സ്ക്രീനുണ്ട് നമ്മുടെ സമൂഹത്തിൽ. പ്ലാസ്റ്റിക് ഉപയോഗത്തിലും, അത് ഒരു മാലിന്യമായി മാറുന്നതിലും ഈ പുകമറ ഒരു മറപിടിക്കുന്നുണ്ട്. അതാണ് ശരിക്കും ഉത്തരവാദിത്ത്വമില്ലാത്ത വ്യവസായങ്ങളെ തൊഴിലവസരങ്ങളുടെ പേരിലും, വികസനത്തിന്റെ പേരിലും മൂന്നാം ലോകത്ത് അഴിഞ്ഞാടാൻ ഇടനൽകുന്നത്. അല്ലെങ്കിലും പാവപ്പെട്ടവർ പട്ടിണിയെക്കുറിച്ചാണല്ലോ ആദ്യം കോൺഷ്യസാവുക! അവരിൽ ഒരു ഇക്കോ കോൺഷ്യസ്നസ് വളർന്നുവരണം എന്ന് ചിന്തിക്കുന്നതിൽ‌പ്പോലും ഒരു ക്ലീൻ/അൺക്ലീൻ എന്ന മോറൽ സോഷ്യൽ ഫാബ്രിക്കേഷനുണ്ട്. അത് എന്തെങ്കിലുമാവട്ടെ. എന്നാലും ഇത്രയും കഷ്ടപ്പെടണോ? നവരാഷ്ട്രീയത്തിലൂന്നിനിൽക്കുന്നത് എന്നുകരുതുന്ന പല ഇടപെടലുകളും അരാഷ്ട്രീയവിഷയങ്ങളിലൂന്നി നിൽക്കുകയും അതിലൂടെ നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാവും എന്നു ലളിതമായി വിശ്വസിച്ചുവശപ്പെടുകയും ചെയ്യുന്നു.

അതും എന്തെങ്കിലുമാവട്ടെ. അഴിമതിനിറഞ്ഞ സർക്കാർ സംവിധാനങ്ങളെ ഒട്ടും പരിഷ്കരിക്കാൻ കഴിയുന്നില്ല എന്നത് തൽക്കാലം മറന്നേക്കാം. സർവ്വ രാഷ്ട്രീയക്കാരും സമൂഹത്തിൽ ഇറങ്ങിക്കളിക്കാൻ തീരുമാനിച്ചിരിക്കുന്നു. അവർ അങ്ങനെ ഇടപെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

ഫൂക്കോയെ കുറച്ച് വഴിവിട്ട് വായിക്കാമെങ്കിൽ ഇതിനൊക്കെ പ്രേരിപ്പിക്കുന്ന ഭൂതകാലചിന്ത പ്രധാനം ചെയ്യുന്ന ഒരു അദൃശ്യ അധികാരകേന്ദ്രമായി മാറാൻ പ്രത്യയശാസ്ത്രം പാടുപെടുന്നു; അഥവാ ഭൂതകാല മേൽക്കോയ്മയ്ക്ക് പിന്തുടർച്ച അന്വേഷിക്കുന്ന ആറാം തമ്പുരാന്മാരാണ്.

മുതലാളിത്തം അതിസുന്ദരമായി ഇടപെടുന്നു. പച്ചക്കറിക്കടയിൽ‌പ്പോലും സിസിടിവികളുടെ സാന്നിധ്യത്തിൽ നമുക്കൊരു പ്രശ്നവുമില്ല. സ്വകാര്യത ആരുടെയും പ്രശ്നമേയല്ല. എന്നാൽ അവർ തരുന്ന പ്ലാസ്റ്റിക് നമ്മുടെ പ്രശ്നമാവുകയും ചെയ്യുന്നു. എന്നാൽ ഇതേ പ്ലാസ്റ്റിക് മുതലാളിക്ക് ഒരു പ്രശ്നമേയല്ല. ആരുടെ വിഷയമാണ് സമൂഹത്തിൽ ചർച്ചയാവേണ്ടതെന്ന് അവർ തീരുമാനിക്കുന്നു. അതിന് അവർ സ്ഥാപനശക്തി ഉപയോഗപ്പെടുത്തുന്നു. അദൃശ്യ അധികാരകേന്ദ്രങ്ങളെ നല്ലരീതിയിൽ പിന്തുണയ്ക്കുന്നു. പാവം പൌരന്മാർ അധികാരശൂന്യരാവുകയും ചൂലെടുക്കുകയും, പ്ലാസ്റ്റിക്ക് പെറുക്കുകയും ചെയ്യുന്നു.

വ്യക്തികൾ അത്ര പ്രധാനമല്ല, വർഗമാണ് പ്രധാനം.  സംഘടിപ്പിക്കാൻ കഴിയുന്ന പ്രശ്നങ്ങളിലും അവയുടെ പരിഹാരങ്ങളിലും ഇടപെടുന്നതിൽ ഒരു രസമുണ്ട്. വ്യക്തികൾ വളരെ നിശിതമായ ഒരു സങ്കേതമാണ് കേരളസമൂഹത്തിൽ; അതുകൊണ്ടാണല്ലോ ഒരു പ്രത്യയശാസ്ത്രത്തിനും അത് കീഴ്പ്പെടാത്തത്; എല്ലാത്തരം പാമ്പുകൾക്കും ഇവിടെ മാളമുള്ളത്. വോട്ടർമാർ എന്നനിലയിൽ എങ്ങനെ വ്യക്തികളെ സാമൂഹികമായി സംഘടിപ്പിക്കാം എന്ന പരീക്ഷണമാണ് സത്യത്തിൽ അരങ്ങേറുന്നത്. അല്ലാതെ ഇത് എല്ലാത്തിന്റെയും അവസാനവുമല്ല, മഹത്തായ തുടക്കവുമല്ല. പൊട്ടിത്തകർന്നുപോയതോ, ഉപയോഗശൂന്യമായതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വസ്തുക്കളെ ആരും സ്വീകരിക്കാൻ തയ്യാറാവുകയില്ല. അതിൽനിന്നും സാർഥകമായ ഒന്ന് സാധ്യമാണെന്ന് തോന്നിപ്പിക്കുന്നത്, കുറച്ചുകൂടി സ്റ്റൈലനായി ദ്യോതിപ്പിക്കുന്നത് ഒരു സൈക്കോ-സോഷ്യൽ ഇമ്പാക്ട് നൽകുന്നുണ്ട്. ആകാശം നീലയാവുന്നതുപോലെ എത്രയെളുപ്പമാണ് എല്ലാം കുട്ടികളിലൂടെ സാധിക്കുന്നത്. അഥവാ എല്ലാവരും കൂട്ടുപ്രതികളാവുന്ന ഒരു കുറ്റവും ശിക്ഷയുമാണ് നടപ്പിലാവുന്നത്. മാലിന്യം നിർമ്മിച്ചവരും, അത് വലിച്ചെറിഞ്ഞവരും, അത് ഏറ്റുവാങ്ങിയവരും, അത് കണ്ടുനിന്നവരും എല്ലാവരും പെട്ടെന്ന് പശ്ചാ‍ത്താപ വിവശരാവുന്നു, എന്നാൽ ആർക്കും ഇതിൽനിന്ന് മോചനവുമില്ല. ആകപ്പാടെ ഒരു കരിസ്മാറ്റിസം, പാപികളുടെ നിർവ്വാണപൂർത്തി. ഹോ! എന്തൊരു ഉട്ടോപ്പിയ! അതും പെറ്റി ഒഫൻസുകളെ മാത്രമാണ് നമ്മൾ കുട്ടികളുടെ കണ്ണുകളിൽക്കൂടി കാലിഡോസ്ക്കോപ്പിൽക്കാണുന്നത്.


“Man transforms raw materials into commodities and commodities into garbage” – Herman Daly.
ഇങ്ങനെ പറഞ്ഞത് ആരായാലും കുട്ടികളേ; മനുഷ്യനായതിൽ ഖേദിക്കൂ. പുസ്തകങ്ങൾ വായിക്കുന്നതിലും കൂപ്പൺ കളക്ട് ചെയ്യുന്നതിലും നല്ലത് അതാണ്. അതുമാത്രമല്ല, എല്ലായിടത്തും എന്താണ് കാണുന്നത്. മറ്റൊന്നുമല്ല ചവർ, ചവർ മാത്രം. അപ്പോൾ നമ്മുടെ നാഗരികതയെ എല്ലാവരും എത്രമാത്രം സ്നേഹിക്കുന്നു- സെല്ഫിയെടുക്കാൻ രൂപപ്പെടുത്തിയിട്ടുള്ളത് എന്ന മട്ടിൽ.സത്യത്തിൽ നെഹ്രു പറഞ്ഞതുപോലെ കുട്ടികളെ അവരുടെ പാട്ടിനുവിട്ടാൽ എന്താണ് കുഴപ്പം. അപ്പോൾ അവർ നമ്മുടെ അഭിവാഞ്ചയുടെ മക്കളാവുമോ? ആവില്ലായെങ്കിൽ എന്താണ് കുഴപ്പം. ജീനിയോളജിക്കലായി ഒരു സമൂഹത്തിന് നിലനിൽക്കാൻ അത്രയും ദുരാഗ്രഹമുണ്ടോ? അതിനു പ്രേരിപ്പിക്കുന്ന ഒരു രാഷ്ട്രീയപ്പാർട്ടിക്ക് അരാഷ്ട്രീയസമൂഹത്തിനെ വോട്ടിൻ വഴിയെ നടത്തിക്കാനാവുമോ? ആവോ..

അങ്ങനെയൊരു സെല്ഫി ജനറേഷന് പൊട്ടിയ ജനാലച്ചില്ലുകളെ ഭയമായിരിക്കും. സമൂഹത്തിൽ അത് അക്രമം പരത്തും എന്നതിനാൽ എല്ലാം ഭംഗിയായിരിക്കുന്നു എന്ന് പെട്ടെന്ന് വന്നുപറഞ്ഞുതരികയാണ്, വോട്ടെണ്ണലുകാർ. ആഹാ എത്ര സുന്ദരമാണ് പൊട്ടാത്ത ജനാലച്ചില്ലുകൾ. അതുകൊണ്ട് ഒരു പക്ഷെ കുട്ടികൾ വിചാരിക്കുക മാവോ ഒരു പൂന്തോട്ടക്കാരനാണെന്നാവും. ആശയങ്ങളുടെ ആയിരം പൂക്കൾ വിരിയട്ടെ എന്നൊക്കെ ഒരു പൂന്തോട്ടക്കാരനല്ലേ പറയാൻ കഴിയൂ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

പ്രിയന്‍ അലക്സ്‌

പയ്യന്നൂര്‍ സ്വദേശി. വെറ്റനറി സര്‍ജനായി ജോലി ചെയ്യുന്നു

More Posts

Share on

മറ്റുവാര്‍ത്തകള്‍