ഇന്നലെ വൈകുന്നേരം 150 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുന്ന 3600 കോടി രൂപയുടെ കൂറ്റന്‍ ശിവാജി പ്രതിമക്കെതിരായ പ്രതിഷേധം മഹാരാഷ്ട്ര സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നു. കടലില്‍ നിര്‍മ്മിക്കുന്ന പടുകൂറ്റന്‍ പ്രതിമക്കെതിരെ മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ പ്രതിഷേധം മാറ്റി വയ്‌ക്കേണ്ട അവസ്ഥയുണ്ടാക്കുന്ന അടിച്ചമര്‍ത്തലും ഭീഷണിയുമാണ് മുംബയ് പൊലീസ് ഇവര്‍ക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം 150 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
കോലി സമുദായത്തില്‍ പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്. കൊളാബയില്‍ കരിങ്കൊടികളുമായി ഇവര്‍ ബൈക്ക് റാലി നടത്തിയിരുന്നു. സംസ്ഥാന മത്സ്യത്തൊഴിലാളി സംഘടനയായ അഖില്‍ മഹാരാഷ്ട്ര മച്ചിമാര്‍ കൃതി സമിതി പ്രസിഡന്‌റ് ദാമോദര്‍ താന്‍ഡല്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി വന്ന് പോകുന്നത് വരെ പ്രതിഷേധം പാടില്ലെന്ന് കാണിച്ച് മത്സ്യത്തൊഴിലാളി സംഘടനകള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഔദ്യോഗികമായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏതാണ്ട് ആ അവസ്ഥയാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നു. അഞ്ച് പേരില്‍ കൂടുതല്‍ ഒരുമിച്ച് നില്‍ക്കാന്‍ പാടില്ലെന്നാണ് പൊലീസ് കല്‍പ്പന. 5000 ബോട്ടുകളില്‍ കരിങ്കൊടി നാട്ടി കടലില്‍ പ്രതിഷേധ പരിപാടി നടത്താനുള്ള മത്സ്യത്തൊഴിലാളി നീക്കം പൊലീസും തീരദേശസേനയും ചേര്‍ന്ന് തടഞ്ഞിരിക്കുകയാണ്. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ മനുഷ്യച്ചങ്ങലയ്ക്കും പദ്ധതിയിട്ടിരുന്നു.
32 ഇനം മത്സ്യങ്ങളുടെ പ്രജനന കേന്ദ്രമായ ഭാഗത്താണ് കടലില്‍ മണ്ണിട്ട് നികത്തി 192 മീറ്റര്‍ ഉയരത്തിലുള്ള ഛത്രപതി ശിവജിയുടെ കൂറ്റന്‍ പ്രതിമ വരുന്നത്. 2010ല്‍ പ്രഖ്്യാപിക്കപ്പെട്ട മുതല്‍ തന്നെ മത്സ്യത്തൊഴിലാളികളും പരിസ്ഥിതി പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. പ്രതിമ, മ്യൂസിയം, ബോട്ട് ജെട്ടികള്‍ തുടങ്ങിയവയാണ് നിര്‍മ്മിക്കുന്നത്. മൊത്തം 60 ഏക്കര്‍ പ്രദേശം വേണ്ടി വരും. ഇത് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അതിജീവനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്‌റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍.