UPDATES

രാഷ്ട്രീയവും കള്ളപ്പണവും; ചില ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍

രാഷ്ട്രീയകക്ഷികള്‍ അനധികൃത പണം ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ നടത്തുന്നത് അധരവ്യായാമം

                       

നോട്ട് പിന്‍വലിക്കലിനെക്കുറിച്ചുള്ള ആരവങ്ങള്‍ക്കിടയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്ന കള്ളപ്പണം നിയന്ത്രിക്കുന്ന വിഷയം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇതൊരു രഹസ്യമല്ല. വാസ്തവത്തില്‍ പലപ്പോഴും ശരിയായിത്തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളപോലെ തെരഞ്ഞെടുപ്പിലെ കള്ളപ്പണ ഉപയോഗത്തിന്റെ ഭാഗമായി വളരുന്ന രാഷ്ട്രീയ-വ്യാപാര-കുറ്റകൃത്യ കൂട്ടുകെട്ടു രാജ്യത്തെ അഴിമതിയുടെ ഉറവിടമാണ്; ഒരു ഇന്ത്യന്‍ ഉപമ പറഞ്ഞാല്‍ അഴിമതിയുടെ ഗംഗോത്രി. കൌശലക്കാരായ വ്യാപാരികള്‍  രാഷ്ട്രീയക്കാരില്‍ നിക്ഷേപിച്ചാല്‍ അവര്‍ തീര്‍ച്ചയായും അതിനു പകരം ഗുണം പ്രതീക്ഷിക്കും. ഇത് വ്യവസ്ഥയില്‍ അഴിമതി കുത്തിവെച്ച് രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ മലീമസമാക്കുന്നു. ഇതൊന്നും ഈ രാജ്യത്തു പുതിയതോ തനതായതോ അല്ല. പക്ഷേ നോട്ട് പിന്‍വലിക്കല്‍ രാഷ്ട്രീയക്കാരുടെ കള്ളപ്പണ ഉപയോഗത്തെ വലിയതോതില്‍ കുറച്ചു രാജ്യത്തെ ശുദ്ധീകരിക്കും എന്ന അവകാശവാദങ്ങളെ അല്പം സംശയത്തോടെ കാണണം. എന്നിട്ടും, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ ദുര്‍ബ്ബലമാക്കാന്‍ ലക്ഷ്യം വെച്ചായിരുന്നു നവംബര്‍ 8-ലെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനമെന്ന ഊഹാപോഹങ്ങള്‍ക്ക് ചില അടിസ്ഥാനമുണ്ടാകാം.

നോട്ട് പിന്‍വലിക്കലിന് ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സൈദി തെരഞ്ഞെടുപ്പിലെ കള്ളപ്പണ ഉപയോഗം നിയന്ത്രിക്കുന്നതടക്കമുള്ള നിരവധി തെരഞ്ഞെടുപ്പ് പരിഷ്കാര നിര്‍ദേശങ്ങള്‍ സര്‍ക്കാരിനെഴുതി. കോഴയും ‘പണം നല്‍കിയുള്ള വാര്‍ത്തയും’ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കണമെന്ന് അദ്ദേഹം വാദിക്കുന്നു. രാഷ്ട്രീയ കക്ഷികളുടെ അംഗീകാരം റദ്ദാക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്നും അദ്ദേഹം എഴുതി. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഏതാണ്ട് 1900 രാഷ്ട്രീയ കക്ഷികളില്‍ വെറും 400 എണ്ണം മാത്രമാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ കക്ഷികള്‍ക്ക് ആദായ നികുതിയില്‍ നിന്നും ഇളവുണ്ട് എന്നതിനാല്‍ നിരവധി പാര്‍ട്ടികള്‍ കള്ളപ്പണം വെളുപ്പിക്കാനായി മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു രാഷ്ട്രീയ കക്ഷിയുടെ വരുമാനത്തിന്റെ അഞ്ചിലൊന്നോ അതോ 20 കോടിയോ (ഏതാണോ ചെറുത്) മാത്രമേ അജ്ഞാത സംഭവനകളായി സ്വീകരിക്കാന്‍ അനുമതി നല്‍കാവൂ എന്ന 2015-ലെ നിയമ കമ്മീഷന്റെ നിര്‍ദേശം നടപ്പാക്കണമെന്നും സൈദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവില്‍ ആദായ നികുതി നിയമത്തിന് കീഴില്‍ 20,000 രൂപയില്‍ കുറവുള്ള സംഭാവനകളുടെ സ്രോതസുകള്‍ രാഷ്ട്രീയ കക്ഷികള്‍ വെളിപ്പെടുത്തേണ്ടതില്ല. തങ്ങളുടെ കണക്കുപുസ്തകങ്ങള്‍ പരിശോധിച്ച് അനുമതി നല്കാന്‍ രാഷ്ട്രീയകക്ഷികള്‍ ‘സുഹൃത്തുക്കളായ’ ഓഡിറ്റര്‍മാരെ നിയോഗിക്കും. കഴിഞ്ഞ നിയമത്തിലെ ഏറ്റവും ഭീമമായ ഒരു പഴുത്, സ്ഥാനാര്‍ത്ഥികള്‍ക്ക് പണം ചെലവാക്കുന്നതില്‍ നിശ്ചിത പരിധിയുണ്ടെങ്കിലും രാഷ്ട്രീയ കക്ഷികള്‍ക്ക് അത്തരം പരിധിയില്ല എന്നതാണ്. നിയമ കമ്മീഷനും തെരഞ്ഞെടുപ്പ് കമ്മീഷനും നല്കിയ മറ്റ് ശുപാര്‍ശകള്‍ അട്ടത്ത് വെച്ചിരിക്കുന്നു. ഉദ്യോഗസ്ഥ ഭാഷയില്‍, ഈ ശുപാര്‍ശകള്‍ നിയമ മന്ത്രാലയത്തിലെ ദൌത്യ സംഘം ‘പരിശോധിച്ചുവരികയാണ്.’

രാഷ്ട്രീയ കക്ഷികള്‍ക്ക് ചിലതരം സംഭവനകള്‍ നിയമവിധേയമാക്കാന്‍ നിയമത്തെ നഗ്നമായി വളച്ചൊടിച്ചതിനുള്ള ഉദാഹരണം 2016-ലെ സാമ്പത്തിക നിയമത്തിലാണ്. വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിലെ (FCRA) വകുപ്പ് 23 (1) മുന്‍കാലപ്രാബല്യത്തോടെ ഭേദഗതി ചെയ്ത് ‘ഇന്ത്യന്‍’ കമ്പനി എന്നതിന്റെ നിര്‍വ്വചനത്തില്‍ മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പരിധികള്‍ക്കുള്ളിലെ വിദേശ ഓഹരിയുടമകളുള്ള കോര്‍പ്പറേറ്റ് സ്ഥാപനത്തെയും ഉള്‍പ്പെടുത്തി. എന്തുകൊണ്ടാണത് ചെയ്തത്? മാര്‍ച്ച് 2014-ല്‍ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ബിജെപിക്കും കോണ്‍ഗ്രസിനും ‘വിദേശ സ്രോതസുകളില്‍’ നിന്നും അനധികൃത സംഭാവനകള്‍ ലഭിച്ചതായി ഡല്‍ഹി ഹൈക്കോടതി കണ്ടെത്തിയിരുന്നു. അവരുടെ സംഭാവനാ ദാതാക്കളില്‍ ചിലവ ഖനന ഭീമന്‍ അനില്‍ അഗര്‍വാള്‍ നയിക്കുന്ന  വേദാന്ത, സ്റ്റെര്‍ലൈറ്റ്, സെസാ ഗോവ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളായിരുന്നു. ഭേദഗതിക്ക് മുമ്പ് FCRA-യില്‍ വിദേശ സ്രോതസുള്ള കോര്‍പ്പറേറ്റ് സ്ഥാപനമെന്നാല്‍ 50 ശതമാനത്തില്‍ കൂടുതല്‍ വിദേശ ഓഹരിയുടമസ്ഥതയുള്ളത് എന്നായിരുന്നു.

parliament1

സര്‍ക്കാരേതര സന്നദ്ധ സംഘടനകള്‍ക്കുള്ള വിദേശ സംഭാവനകള്‍ തടയാന്‍ ബിജെപി സര്‍ക്കാരും ഇതിന് മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരും ചട്ടങ്ങള്‍ കര്‍ശനമാക്കിയെങ്കിലും വേദാന്ത ഗ്രൂപ്പില്‍ നിന്നും വാങ്ങിയ സംഭാവനകള്‍ അനധികൃതമെന്ന് വിധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജികള്‍ രാജ്യത്തെ രണ്ടു വലിയ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചാണ് പിന്‍വലിച്ചത്. വൊഡാഫോണ്‍ കേസില്‍ മുന്‍കാല പ്രാബല്യത്തോടെ ആദായ നികുതി നിയമത്തില്‍ ഭേദഗതി വന്നപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ബിജെപി, കോണ്‍ഗ്രസ് കക്ഷികള്‍ FCRA സെപ്റ്റംബര്‍ 2010 മുതല്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്തപ്പോള്‍ നിശബ്ദരായിരുന്നു. ധന മന്ത്രാലയമല്ല, ആഭ്യന്തര മന്ത്രാലയമാണ് നിയമം നടപ്പാക്കുന്നതെങ്കിലും FCRA ഒരു മണി ബില്‍ വഴിയാണ് ഭേദഗതി ചെയ്തത് എന്നും ശ്രദ്ധേയമാണ്.

തന്റെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ചെലവും കള്ളപ്പണത്തിന്റെ സ്വാധീനവും കുറയ്ക്കാന്‍ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്നും നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങള്‍ ഇതാദ്യമല്ല. 1998-ല്‍ ആഭ്യന്തര മന്ത്രി ഇന്ദ്രജിത്ത് ഗുപ്ത നയിച്ച സമിതി ചില രാജ്യങ്ങളില്‍ ഉള്ളപോലെ തെരഞ്ഞെടുപ്പ് ചെലവ് ഭാഗികമായി സര്‍ക്കാര്‍ വഹിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. 1999-ല്‍ നിയമ കമ്മീഷനും, 2008-ല്‍ ഭരണ പരിഷ്കാര കമ്മീഷനും സമാനമായ നിര്‍ദേശങ്ങള്‍ നല്കി. ദൂരദര്‍ശനും ആകാശവാണിയും വഴിയുള്ള സൌജന്യമായ പ്രക്ഷേപണ സൌകര്യങ്ങള്‍ വഴി സര്‍ക്കാര്‍ ഇപ്പോള്‍ത്തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില പ്രത്യേക ചെലവുകള്‍ വഹിക്കുന്നുണ്ട്. പക്ഷേ രാഷ്ട്രീയകക്ഷികളുടെ പ്രവര്‍ത്തനവും സംഭാവനകളുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങളില്‍ പല മാറ്റങ്ങളും വരുത്താതെ, തെരഞ്ഞെടുപ്പുകള്‍ക്ക്  സര്‍ക്കാര്‍ പണം നല്കിയാലും തെരഞ്ഞെടുപ്പുകളില്‍ കള്ളപ്പണത്തിന്റെ ഉപയോഗമോ, അഴിമതിയോ കുറയില്ല.

Share on

മറ്റുവാര്‍ത്തകള്‍