UPDATES

സംഗീത് സെബാസ്റ്റ്യന്‍

കാഴ്ചപ്പാട്

The Republic of Libido

സംഗീത് സെബാസ്റ്റ്യന്‍

ഓ, മാര്‍പ്പാപ്പേ, പ്രശ്നം സ്വവര്‍ഗാനുരാഗമല്ല, ലൈംഗികതയാണ്!

ഈ രേഖ അവകാശപ്പെടുന്ന തരത്തിലുള്ള ‘യഥാര്‍ത്ഥ ലോകത്തിലെ പ്രശ്നങ്ങളെ’ അഭിമുഖീകരിക്കണമെങ്കില്‍, സഭ അതിന്റെ ‘ജന്‍മശത്രു’വിനെ നേരിടാന്‍ തയ്യാറാകണം: അതായത് ലൈംഗികതയെ!

                       

തലക്കെട്ടുകളില്‍ നിറയാന്‍  പോപ് ഫ്രാന്‍സിസിന് പ്രത്യേക വിരുതുണ്ട്. അദ്ദേഹത്തിന്റെ വിശ്വസ്തരായ ബിഷപ്പുമാര്‍ തയ്യാറാക്കിയ താരതമ്യേന അധികമാരും ശ്രദ്ധിക്കാത്ത ഒരു രേഖ അദ്ദേഹത്തിന്റെ ശതകോടി കവിയുന്ന അനുയായികള്‍ക്കിടയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൃഷ്ടിച്ച ഇളക്കത്തിന് മറ്റൊരു വിശദീകരണവുമില്ല.

ചൊവ്വാഴ്ച റോമന്‍ കാത്തലിക് ബിഷപ്പുമാരുടെ ഒരു സമ്മേളനത്തിനിടയിലാണ് ഈ രേഖ പുറത്തിറക്കിയത്. ഈ രേഖ, സഭ ഇക്കണ്ടകാലത്തോളം ഭ്രഷ്ടന്‍മാരും നീചരുമായി കണ്ടിരുന്ന ചില വിഭാഗങ്ങളോട് സൌഹാര്‍ദത്തിന്റെ കൈ നീട്ടുന്നു, പ്രത്യേകിച്ചും സ്വവര്‍ഗാനുരാഗികളോട്,  എന്നു പറയുന്നു.

ലാറ്റിനിലെഴുതിയ 12 പുറമുള്ള ഈ രേഖയെ, സ്വവര്‍ഗാനുരാഗത്തോടുള്ള വത്തിക്കാന്റെ കടുത്ത എതിര്‍പ്പില്‍ അയവുവരുന്നു എന്നു മാധ്യമങ്ങളും കാത്തലിക് ലോകവും ഉടന്‍തന്നെ വ്യാഖ്യാനിച്ചു; സത്യവുമായി പുലബന്ധമില്ലാത്ത ഒരു വ്യാഖ്യാനം.

അറിവിലേക്കായി ഓര്‍മ്മിപ്പിക്കാം, സഭക്ക് ഇപ്പോള്‍ത്തന്നെ സ്വവര്‍ഗാനുരാഗികളോട് അനുതാപപൂര്‍വമായ നിലപാടുണ്ട്. 1994-ല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച കാത്തലിക് സഭയുടെ പ്രശ്നോത്തരപാഠത്തില്‍ (The Catechism), സ്വവര്‍ഗാനുരാഗികളെ ബഹുമാനത്തോടും, ആര്‍ദ്രതയോടും, സംവേദനക്ഷമതയോടും കൂടി കാണണമെന്ന് ആവശ്യപ്പെടുന്നു. അറിഞ്ഞുകൊണ്ടുള്ള സ്വവര്‍ഗാനുരാഗ പ്രവര്‍ത്തികള്‍ കൊടിയ പാപമാണെന്ന് സഭ പഠിപ്പിക്കുന്നു, അതായത് അത് ചെയ്യുന്നവര്‍ കുമ്പസാരിക്കുകയും, അവ പുരോഹിതന്‍ പൊറുക്കുകയും ചെയ്തില്ലെങ്കില്‍ അവര്‍ ശപിക്കപ്പെട്ടവരാകും.

പുതിയ വത്തിക്കാന്‍ രേഖ ഈ യാഥാര്‍ത്ഥ്യത്തെയോ വിട്ടുനില്‍ക്കലില്‍ ആധാരമായ ലൈംഗികതയേ കുറിച്ചുള്ള സഭയുടെ അനുശാസനങ്ങളെയോ തിരുത്തുന്നില്ല. അതെന്തുകൊണ്ടാണെന്ന് പറയാം.

ലൈംഗികതയെക്കുറിച്ചുള്ള കാത്തലിക് വീക്ഷണം രൂപപ്പെടുത്തിയ നാലാം നൂറ്റാണ്ടിലെ റോമന്‍ ബിഷപ്പ്, സെന്‍റ് അഗസ്റ്റിന്‍ ലൈംഗികത സഹജമായിത്തന്നെ പാപമാണെന്ന് കരുതിയിരുന്നു. ആദമിനെയും ഹവ്വയേയും ഏദന്‍ തോട്ടത്തില്‍നിന്നും പുറത്താക്കിയത് അവരുടെ ലൈംഗികബന്ധത്തിന്റെ പേരിലാണെന്നും അഗസ്റ്റിന്‍ വിശ്വസിച്ചു. ഇത് ബ്രഹ്മചര്യത്തെ അലംഘനീയമായ ആദര്‍ശമാക്കി. എന്നാലും, മാംസദാഹത്തിന്റെ പ്രലോഭനം സഹിക്കാന്‍ പറ്റാത്തവര്‍ക്ക് വിവാഹം  കഴിക്കാം. പക്ഷേ കാര്യം വളരെ വ്യക്തമാണ്. ഓരോ ലൈംഗിക പ്രവര്‍ത്തിയും പ്രത്യുത്പാദനത്തിനായിരിക്കണം. അതായത്, മറ്റെല്ലാതരം ലൈംഗികതയും, സ്വയംഭോഗം മുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വരെ അധാര്‍മികമാണ്.

തങ്ങളുടെ ശാസനകളെ പ്രതിരോധിക്കുന്ന കാര്യത്തില്‍ സഭ ഏതറ്റം വരെയും പോകും. വത്തിക്കാന്റെ കുടുംബവിഷയങ്ങള്‍ക്കുള്ള മത സമിതിയുടെ മുന്‍ മേധാവി  കര്‍ദിനാള്‍ അല്‍ഫോണ്‍സോ ലോപേസ് ഡി ട്രുജില്ലോ തന്റെ കേള്‍വിക്കാര്‍ക്ക് നല്കിയ മുന്നറിയിപ്പ്, ഗര്‍ഭനിരോധന ഉറകളില്‍ ചെറിയ സുഷിരങ്ങളുണ്ടെന്നും അതുവഴി എയ്ഡ്സ് പടരുമെന്നുമായിരുന്നു. മത സമ്മേളനങ്ങളില്‍ കേരളത്തിലെ സുവിശേഷ പ്രഘോഷകന്മാരായ വൈദ്യന്‍മാര്‍ ഇതൊരു ശാസ്ത്രീയ സത്യമായി ആവര്‍ത്തിച്ചുദ്ഘോഷിച്ചു. സ്വയംഭോഗവും, ഗര്‍ഭനിരോധനവും ഉള്‍പ്പെടുന്നു എന്നുപറഞ്ഞു 2007-ല്‍ ലൈംഗിക വിദ്യാഭ്യാസത്തിനുള്ള പദ്ധതി നടപ്പാക്കുന്നതിനെതിരെ കേരളത്തിലെ സഭാമേധാവികള്‍ സമരവും നയിച്ചു. കത്തോലിക്കാ കുട്ടികളെ കാലങ്ങളായി പഠിപ്പിക്കുന്നത്, ലൈംഗിക അവയവങ്ങളെക്കുറിച്ചുള്ള എന്തും അശ്ലീലമാണ് എന്നാണ്. തങ്ങളുടെ ലൈംഗികാവയവങ്ങളെ തൊടാനൊ, അവയെക്കുറിച്ച് സംസാരിക്കാനോ പാടില്ലെന്ന് അവരോടു ഓതിക്കൊടുക്കുന്നു.

ഇതിനെക്കുറിച്ചൊക്കെയുള്ള നിലപാട് മാറ്റുന്നത്, പണ്ടോറയുടെ പെട്ടി തുറക്കും പോലെയാണ്. കാരണം അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കില്‍ പോലും പാടിലെന്ന് വാശിപിടിക്കുന്ന ഗര്‍ഭനിരോധനമടക്കമുള്ള വിവാദ വിഷയങ്ങളിലെ സഭ നിലപാടില്‍ മാറ്റം വരുത്താന്‍ ഇത്  സമ്മര്‍ദമുണ്ടാക്കും. പരമ്പരാഗത നിലപാടുകളില്‍ മാറ്റം വരുത്തുന്നത് സഭയുടെ വിശ്വാസ്യതയെ മാത്രമല്ല, നില്‍നില്‍പ്പിനെതന്നെ ബാധിക്കുകകയും ചെയ്യും.

“സ്വവര്‍ഗാനുരാഗികള്‍ക്ക് ക്രിസ്ത്യന്‍ സമൂഹത്തിനു നല്കാന്‍ കഴിവുകളും ഗുണങ്ങളും ഉണ്ട്” എന്ന ഒരുതരം സംരക്ഷണ മനോഭാവത്തിന് പുറമെ,“കാത്തലിക് സമൂഹത്തിനു അവരുടെ (സ്വവര്‍ഗാനുരാഗി) ലൈംഗിക താത്പര്യത്തെ അംഗീകരിക്കാനും, സ്വീകരിക്കാനുമുള്ള കഴിവുണ്ടാകണം” എന്ന വെറും ആഹ്വാനം മാത്രമാണു ഇരുനൂറിലേറെ കാത്തലിക് നേതാക്കള്‍ക്ക് മുന്നില്‍ ഉറക്കെ വായിച്ച ഈ വത്തിക്കാന്‍ രേഖ.

ഈ രേഖ അവകാശപ്പെടുന്ന തരത്തിലുള്ള ‘യഥാര്‍ത്ഥ ലോകത്തിലെ പ്രശ്നങ്ങളെ’ അഭിമുഖീകരിക്കണമെങ്കില്‍, സഭ അതിന്റെ ‘ജന്‍മശത്രു’വിനെ നേരിടാന്‍ തയ്യാറാകണം: അതായത് ലൈംഗികതയെ!

(The article was written before the Synod decided to abandon the document on homosexuality)

*Views are personal

സംഗീത് സെബാസ്റ്റ്യന്‍

സംഗീത് സെബാസ്റ്റ്യന്‍

ഡല്‍ഹിയില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ മെയില്‍ ടുഡേ ദിനപത്രത്തില്‍ അസി. എഡിറ്റര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍