UPDATES

സ്ത്രീ

സുഹൃത്തിന് വൃക്ക ദാനം ചെയ്യുന്നത് തടഞ്ഞ് കുടുംബം; ശസ്ത്രക്രിയ വൈകിപ്പിക്കുന്നതിനെതിരെ കശ്മീരി പെണ്‍കുട്ടി

‘വൃക്കദാതാവായ ഞാന്‍ മറ്റൊരു മതത്തിലുളള ആളായത് കൊണ്ടാവാം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്താത്തതെന്നാണ് കരുതുന്നത്.’ മന്‍ജ്യോത് സിംഗ്

                       

സുഹൃത്തിന് വൃക്ക ദാനം ചെയ്യുന്നതിന് കുടുംബം തടഞ്ഞതിനാല്‍ ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയ വൈകിപ്പിക്കുന്നതിനെതിരെ 23കാരി. ജമ്മു കശ്മിരിലെ ഉദ്ദംപൂരിലെ സിഖ് കുടുംബാംഗമായ മന്‍ജ്യോത് സിംഗ് കോഹ്‌ലിയാണ് 22കാരിയായ സുഹൃത്ത് സമ്രീന്‍ അക്തറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായത്. എന്നാല്‍ കുടുംബം മന്‍ജ്യോതിനെ തടഞ്ഞത്തോടെ ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയ വൈകിപ്പിക്കുകയാണ്.

ഇന്നലെ (ശനിയാഴ്ച) മന്‍ജ്യോത് സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലുടെയും മറ്റും വിവരം പുറത്തെത്തിക്കുകയായിരുന്നു. ഷരീഹ് കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (SKIMS) ആശുപത്രിയിലാണ് സമ്രീന്‍. മന്‍ജ്യോത് പറയുന്നത്, ‘നാല് വര്‍ഷമായി ഞാനും സമ്രീനും സുഹൃത്തുക്കളാണ്. ഞങ്ങള്‍ തമ്മില്‍ വൈകാരികമായി നല്ല അടുപ്പമാണുള്ളത്. മനുഷ്യത്വമാണ് എന്നെ വൃക്ക ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. കശ്മീരിലെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ കുറച്ച് വര്‍ഷങ്ങളായി ഞാനും സമ്രീനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. വൃക്ക തകരാറിലാണെന്ന കാര്യം ഇന്നുവരെ സമ്രീന്‍ എന്നോട് പറഞ്ഞിട്ടില്ല.

മറ്റൊരു കൂട്ടുകാരി മുഖേനയാണ് അവളുടെ അസുഖം ഞാനറിയുന്നത് തന്നെ. എന്റെ കഷ്ടത നിറഞ്ഞ സമയങ്ങളില്‍ അവളായിരുന്നു പിന്തുണ നല്‍കി ആശ്വാസമായി കൂടെ നിന്നത്. ഇതും ഒരു കാരണമാണ് വൃക്ക ദാനം ചെയ്യാന്‍.. വൃക്ക ദാനം ചെയ്യാനുളള ശസ്ത്രക്രിയയ്ക്കായി കമ്മിറ്റി അംഗീകാരം നല്‍കിയിട്ടും ആശുപത്ര അധിക്ൃതര്‍ വൈകിപ്പിക്കുകയാണ്. വൃക്കദാതാവായ ഞാന്‍ മറ്റൊരു മതത്തിലുളള ആളായത് കൊണ്ടാവാം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്താത്തതെന്നാണ് കരുതുന്നത്.


എന്റെ കുടുംബം എതിര്‍ത്തത് കൊണ്ടുമാവാം ആശുപത്രി അധികൃതര്‍ അലംഭാവം കാട്ടുന്നത്. സമ്മതം ഇല്ലെന്ന് കാണിച്ച് എന്റെ കുടുംബം നോട്ടീസ് ആശുപത്രി അധികൃതര്‍ക്ക് അയച്ചിട്ടുണ്ട്. അവര്‍ ഒരിക്കലും സമ്മതം നല്‍കില്ല. എങ്കിലും എനിക്ക് പ്രായപൂര്‍ത്തി ആയത് കൊണ്ട് തന്നെ സ്വന്തമായി തീരുമാനം എടുക്കാം. നിയമപരമായി വൃക്ക ദാനം ചെയ്യാന്‍ എനിക്ക് കഴിയും. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ സമ്മതം വേണ്ട.’ മന്‍ജ്യോത് പറഞ്ഞു.

മന്‍ജ്യോതിന്റെ തീരുമാനം എന്റെ ജീവിതം തന്നെ മാറ്റാന്‍ പോന്നതാണെന്നാണ് ഇസ്ലാം മതവിശ്വാസിയായ സമ്രീന്‍ അക്തര്‍ പറയുന്നത്, ‘ഞാന്‍ കടപ്പെട്ടിരിക്കുകയാണ് അവളോട്.. അവള്‍ വലിയ മനസ്സുളള പെണ്‍കുട്ടിയാണ്. ആദ്യം എനിക്ക് വിശ്വസിക്കാനായില്ല. വൃക്ക ദാനം ചെയ്യാനായി കമ്മിറ്റിയുടെ മുമ്പില്‍ അവള്‍ എന്നെ എത്തിച്ച് സ്വയം സന്നദ്ധത അറിയിക്കുകയായിരുന്നു’ എന്ന് സമ്രീന്‍ പ്രതികരിച്ചു.


ആശുപത്രി അധികൃതര്‍ക്കെതിരെ മന്‍ജ്യോത് ഇന്നലെ കോടതിയെ സമീപിച്ചിരിക്കുകയാണ്. നേരത്തേ ഇത്തരം കേസുകളില്‍ കോടതി വിധി പറഞ്ഞത് കൊണ്ട് അനുകൂല വിധി ലഭിക്കുമെന്നാണ് മന്‍ജ്യോതിന്റെ വിശ്വാസം. അതേസമയം, കമ്മിറ്റി ഇതിനെ കുറിച്ച് പരിശോധിക്കുകയാണെന്നും തീരുമാനം വൈകാതെ എടുക്കുമെന്നുമാണ് സ്‌കിംസിലെ ഡോക്ടര്‍ ഒമര്‍ ഷാ പ്രതികരിച്ചത്.

ചരിത്രത്തിലുണ്ട് ചില മഹാന്മാരുടെ രചനാമോഷണങ്ങള്‍

പോണ്‍ താരങ്ങളുടെ പുതിയ ട്രെന്‍ഡ്, കാമിംഗ് എന്ന ഓണ്‍ലൈന്‍ സ്ട്രിപ്പ് ഷോ!

Share on

മറ്റുവാര്‍ത്തകള്‍