UPDATES

പോസിറ്റീവ് സ്റ്റോറീസ്

മലയാളി ഏര്‍പ്പെടുത്തിയ ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകനുള്ള 6.88 കോടി രൂപയുടെ അവാര്‍ഡ് കെനിയക്കാരന്

ദുബായ് കേന്ദ്രമാക്കി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിവരുന്ന സണ്ണി വർക്കി എന്ന മലയാളിയാണ് 2015 മുതൽ ലോകത്തിലെ ഏറ്റവും മികച്ച അധ്യാപർക്കായി ഒരു മില്യൺ ഡോളറിന്റെ ഈ വലിയ പുരസ്‌കാരം ഏർപ്പെടുത്തുന്നത്.

                       

കഥ നടക്കുന്നത് ഒരു കെനിയൻ ഉൾഗ്രാമത്തിലാണ്. ദരിദ്രരിൽ ദരിദ്രരായ കുട്ടികൾ മാത്രം പഠിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഒരു സ്‌കൂൾ. 7 കിലോമീറ്ററോളം നടന്നാണ് ഓരോ കുട്ടിയും സ്കൂളിലെത്തുന്നത്. മഴക്കാലത്ത് സ്കൂളിലേക്കുള്ള  വഴി മുഴുവൻ അടയും. സ്കൂൾ കുട്ടികളുടെ മയക്ക് മരുന്ന് വ്യാപാരം, പ്രായപൂർത്തിയാകുന്നതിന് മുൻപേയുള്ള വിവാഹങ്ങൾ, ലൈംഗിക അരാജകത്വം ഇവയൊന്നും രഹസ്യങ്ങളായിരുന്നില്ല. സ്കൂളിലെ മിക്ക കുട്ടികളും അനാഥരാണ്‌. പുസ്തകങ്ങളും വസ്ത്രങ്ങളും വാങ്ങാൻ പോലും ഭൂരിഭാഗം പേർക്കും നിവർത്തിയില്ല.

ഇങ്ങനെ ഒരു സ്കൂൾ അന്താരാഷ്ട്ര ശാസ്ത്രമേളയിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ? സത്യമാണ്. പീറ്റർ ടാബിച്ചി എന്ന ഒരൊറ്റ ശാസ്ത്രാദ്ധ്യാപകന്റെ കഠിനാധ്വാനവും അർപ്പണ മനോഭാവവും മാത്രമായിരുന്നു ആ നേട്ടത്തിന് പിന്നിൽ. ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകനുള്ള വർക്കി ഫൗണ്ടേഷൻ അവാർഡ് ഏറ്റു വാങ്ങുമ്പോൾ വികാരാധീനനായാണ് ടാബിച്ചി തന്റെ സ്‌കൂളിന്റെ കഥ പറയുന്നത്. അധ്യാപനത്തിനുള്ള ഈ അവാർഡ് ഏർപ്പെടുത്തിയത് വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ കൊണ്ട് ലോകത്തിന് മാതൃകയായ സണ്ണി വർക്കി എന്ന മലയാളിയും!

കെനിയയിലെ പവനി ഗ്രാമത്തിലെ കെറിക്കോ സെക്കണ്ടറി സ്കൂളിലെ ശാസ്ത്രാധ്യാപകനായിരുന്നു പീറ്റർ ടാബിച്ചി എന്ന മുപ്പത്തിയാറുകാരൻ. തന്റെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ പുസ്തകങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ലെന്ന് മനസിലാക്കിയപ്പോൾ സ്വന്തം വരുമാനത്തിന്റെ 80 ശതമാനത്തോളം ചെലവഴിച്ചാണ് അദ്ദേഹം കുട്ടികൾക്കു പഠിക്കാനുള്ള സൗകര്യം ഒരുക്കിയത്. വിദ്യാർത്ഥി -അധ്യാപക അനുപാതം 58:1 ആയിരുന്ന സ്കൂളിൽ പഠിക്കാൻ പിന്നോക്കമുള്ള ഓരോ കുട്ടിയേയും ഒറ്റയ്‌ക്കൊറ്റയ്ക്ക് വിളിച്ചിരുത്തി ശാസ്ത്രവും ഗണിതവും പഠിപ്പിച്ചെടുക്കാൻ ഇദ്ദേഹം അധിക സമയം പണിയെടുത്തിരുന്നു. തന്റെ വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കാനും അവരുടെ ലോകാവബോധം തന്നെ മാറ്റിയെടുക്കാനുമായി ഇദ്ദേഹം ടാലന്റ് നേച്ചർ ക്ലബ് ആരംഭിച്ചു. ഈ ക്ലബ്ബിന്റെ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ഈ സ്കൂൾ അന്താരാഷ്ട്ര ശാസ്ത്ര മേളയിൽ പങ്കെടുക്കുന്നതും സമ്മാനം നേടുന്നതും.

ലോകത്തിനാകെ മാതൃകയായ പ്രവർത്തങ്ങൾ കാഴ്ച വെച്ചതിനാണ് ഏറ്റവും മികച്ച അധ്യാപകനുള്ള വർക്കി ഫൌണ്ടേഷന്റെ ഈ വലിയ പുരസ്‌കാരം ടാബിച്ചിയെ തേടിയെത്തിയത്. അധ്യാപക സമൂഹത്തിലെ മൂല്യമെന്തെന്ന് ടാബിച്ചി ലോകത്തിന് കാണിച്ച് കൊടുത്തു എന്നാണ് അവാർഡ് ജൂറി വിലയിരുത്തുന്നത്. ദുബായിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ രാജകുമാരൻ ഹംദാൻ ബിൻ മുഹമ്മദ്, നടൻ ഹുഗ് ജാക്ക്മാൻ തുടങ്ങിയവർ പങ്കെടുത്തു. ഒരു മില്യൺ ഡോളറും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 179 ലോക രാജ്യങ്ങളിൽ നിന്നുമുള്ള പതിനായിര കണക്കിന് നോമിനേഷനുകളിൽ നിന്നുമാണ് ജൂറി ടാബിച്ചിയെ തിരഞ്ഞെടുത്തത്. ദുബായ് കേന്ദ്രമാക്കി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിവരുന്ന സണ്ണി വർക്കി എന്ന മലയാളിയാണ് 2015 മുതൽ ലോകത്തിലെ ഏറ്റവും മികച്ച അധ്യാപർക്കായി ഒരു മില്യൺ ഡോളറിന്റെ (6.88 കോടി രൂപ) ഈ വലിയ പുരസ്‌കാരം ഏർപ്പെടുത്തുന്നത്. നാളെയെ പ്രകാശപൂരിതമാക്കാൻ ടാബിച്ചിയെ പോലുള്ളവർ ലോകത്തിലെ മറ്റ് അധ്യാപകർക്ക് ഒരു പ്രചോദനമാണെന്ന് അറൗഡ് സമർപ്പണ വേളയിൽ സണ്ണി വർക്കി പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍