UPDATES

പോസിറ്റീവ് സ്റ്റോറീസ്

അനിത ദേവി; ഒരു ഗ്രാമത്തെ തന്നെ മാറ്റി മറിച്ച ‘കൂണ്‍ വനിത’

കൂണ്‍കൃഷിയില്‍ അനിത നടത്തിയ മുന്നേറ്റം അനന്തപൂര്‍ ഗ്രാമത്തെ കൂണ്‍ഗ്രാമം എന്ന പ്രശസ്തിയിലേക്കാണ് ഉയര്‍ത്തിയത്

                       

നളന്ദ ജില്ലയിലെ ചാന്ദി ബ്ലോക്കിന്റെ കീഴില്‍ വരുന്ന തന്റെ ജന്മഗ്രാമമായ അനന്തപൂരിലെയും സമീപ ഗ്രാമങ്ങളിലെയും ഒട്ടനവധി സ്ത്രീകളെ കൂണ്‍ വളര്‍ത്തുന്നതിന് പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ പ്രദേശത്താകെ പ്രസിദ്ധയാണ് അനിത ദേവി

2010ല്‍ കൂണ്‍ കൃഷിയുമായി അവര്‍ തന്റെ യാത്ര ആരംഭിച്ചപ്പോള്‍ പ്രതികൂലവും ബുദ്ധിമുട്ടേറിയതുമായ സാഹചര്യങ്ങളാണ് നിലനിന്നിരുന്നത്. അവരുടെ ഗ്രാമത്തെ സംബന്ധിച്ചിടത്തോളം അതൊരു പുതിയ ആശയമായിരുന്നു. ബിഹാറിലെ സമഷ്ടിപൂര്‍ ജില്ലയിലെ പുസയിലുള്ള ഡോ. രാജേന്ദ്ര പ്രസാദ് കേന്ദ്ര കാര്‍ഷിക സര്‍വകലാശാല, ഉത്തരാഖണ്ഡിലെ ജിബി പാന്ത് കാര്‍ഷിക, സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നും കൂണ്‍ കൃഷിയില്‍ പരിശീലനം നേടിയ ആളാണ് അനിത. കൂണ്‍ വിത്തുല്‍പാദനത്തിലും അവര്‍ പരിശീലനം നേടിയിട്ടുണ്ട്. ‘എന്തെങ്കിലും വരുമാനം വേണമെന്ന ഒരു ഘട്ടം എത്തിയപ്പോള്‍, നളന്തയിലെ ഹര്‍നൗട്ടിലുള്ള കൃഷി വിജ്ഞാന്‍ കേന്ദ്രത്തെ ഞാന്‍ സമീപിച്ചു. കൂണ്‍ കൃഷി തുടങ്ങാന്‍ ഉദ്യോഗസ്ഥര്‍ എന്നെ ഉപദേശിച്ചു. അതിന് ശേഷം വിജയത്തിന്റെ പുതിയ പാതയില്‍ എന്റെ യാത്ര ആരംഭിച്ചു.’

അയല്‍പക്കത്തെ മറ്റ് സ്ത്രീകളെ പോലെ തന്നെ വലിയ രീതിയില്‍ കൂണ്‍ കൃഷി ആരംഭിച്ചതോടെ അനിതയ്ക്കും കുടുംബത്തിനും ഒരു സ്ഥിര വരുമാനം ലഭ്യമാകാന്‍ തുടങ്ങി. ഇപ്പോള്‍ പണം സമ്പാദിക്കുന്ന കൂണ്‍ കൃഷിക്കാരായ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ ബഹുമാന്യത ലഭിക്കുന്നു. മാത്രമല്ല അവരുടെ കുടുംബങ്ങളുടെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിലേക്ക് സംഭാവന ചെയ്യാനും അവര്‍ക്ക് സാധിക്കുന്നു.

തന്റെ വിജയത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട അനിത, ജൈവ കൂണുകള്‍ വളര്‍ത്തുന്നതിനായി തന്റെ അയല്‍പക്കത്തുള്ള സ്ത്രീകളെ പങ്കെടുപ്പിക്കുന്നതിനായി പുതുതായി പണി കഴിപ്പിച്ച വീട്ടില്‍ മധോപൂര്‍ കര്‍ഷക ഉല്‍പാദക കമ്പനിയ്ക്ക് രൂപം നല്‍കി. ഇപ്പോള്‍ ഏകദേശം 250 സ്ത്രീകള്‍ കമ്പനിയില്‍ അംഗങ്ങളാണ്. പെട്ടെന്ന് വളരുമെന്നതിനാല്‍ ഒയിസ്റ്റര്‍, ക്ഷീരധവള കൂണുകള്‍ എന്നീ ഇനങ്ങളാണ് അനിതയും മറ്റുള്ള സ്ത്രീകളും കൃഷി ചെയ്യുന്നത്.

അനിതയുട കേന്ദ്രത്തിലെ ഒയിസ്റ്റര്‍ കൂണുകളുടെ ദൈനംദിന ശരാശരി ഉല്‍പാദനം 15 മുതല്‍ 20 കിലോ വരെ വരും. ഇത് മൊത്തക്കച്ചവടക്കാര്‍ക്ക് കിലോയ്ക്ക് 80 രൂപയ്ക്കും ചെറുകിട വ്യാപാരികള്‍ക്ക് 120 രൂപയ്ക്കും വില്‍ക്കുന്നു. പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ അവര്‍ കൂണ്‍ കൃഷിയിലൂടെ വരുമാനമുണ്ടാക്കുന്നു.

ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നതിനായി കഷ്ടപ്പെടുകയായിരുന്ന അനിതയുടെ ഭര്‍ത്താവ് സഞ്ജയ് കുമാറിനും അവരുടെ കൂണ്‍ കൃഷി ഒരു അവസരമായി മാറി. ഇപ്പോള്‍ സംഘത്തിലെ ഒരംഗമായി തീര്‍ന്ന അദ്ദേഹം, കൂണ്‍ സംരംഭത്തില്‍ അനിതയെ സഹായിക്കുന്നു. കൂണ്‍ കൃഷിയില്‍ നിന്നും ന്യായമായ ലാഭം ലഭിക്കാന്‍ തുടങ്ങിയതോടെ സമീപത്തുള്ള മധോപൂര്‍ ചന്തയില്‍ അദ്ദേഹം ഒരു തുണിക്കട ആരംഭിച്ചിട്ടുണ്ട്. അവരുടെ രണ്ട് പുത്രന്മാര്‍ ഹോട്ടികള്‍ച്ചര്‍ ബിരുദത്തിനും ഒരേ ഒരു പുത്രി ബിഎഡിനും പഠിക്കുന്നു.

അനിതയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി പ്രത്യേകതകള്‍ ഒന്നുമില്ലാതിരുന്ന ഒരു സാധാരണ ഗ്രാമമായിരുന്ന അനന്തപൂര്‍ ഗ്രാമത്തെ, പ്രിന്‍സിപ്പള്‍ സെക്രട്ടറിയും ജില്ല ഭരണകൂടവും കാര്‍ഷിക സര്‍വകലാശാലകളിലെ വിദഗ്ധരും അടങ്ങുന്ന സംസ്ഥാന കൃഷി വകുപ്പിന്റെ ഒരു സംഘം മാതൃക കൂണ്‍ ഗ്രാമമായി പ്രഖ്യാപിച്ചു. കൂണ്‍ കൃഷി പ്രചരിപ്പിക്കാനും കൂണുമായുള്ള അവരുടെ അടുത്ത ബന്ധവും പരിഗണിച്ച് നളന്തയിലെ പ്രാദേശിക ജനങ്ങള്‍ ഇപ്പോള്‍ അനിതയെ കൂണ്‍ വനിത എന്നാണ് വിശേഷിപ്പിക്കുന്നത്.

 

Share on

മറ്റുവാര്‍ത്തകള്‍