April 20, 2025 |
Share on

ലാപ് ടോപ്പ് കിട്ടി, ഇനി ഇംഗ്ലീഷ് ടൈപ്പ് ചെയ്തു പഠിക്കും കാര്‍ത്യായനി അമ്മ

വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് കാര്‍ത്യായനി അമ്മയ്ക്ക് ലാപ് ടോപ്പ് സമ്മാനിച്ചത്

97 ആം വയസില്‍ 98 മാര്‍ക്ക് നേടി സാക്ഷരത പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയ കാര്‍ത്യായനി അമ്മയ്ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ വാക ലാപ് ടോപ്പ്. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് കാര്‍ത്യായനി അമ്മയുടെ വീട്ടിലെത്തിയാണ് ലാപ് ടോപ്പ് നല്‍കിയത്. ലാപ് ടോപ്പ് കിട്ടിയ ഉടന്‍ തന്നെ സ്വന്തം പേര് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു കാണിച്ചു തന്നു കാര്‍ത്യായനി അമ്മ എന്നും മന്ത്രി ഇതുസംബന്ധിച്ച് ഫെയ്‌സബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ഇംഗ്ലീഷ് പഠിക്കണമെന്ന് ആഗ്രഹം നേരത്തെ തന്നെ കാര്‍ത്യായനി അമ്മ പ്രകടിപ്പിച്ചിരുന്നതാണ്. അടുത്ത വര്‍ഷം പത്താംതരം തുല്യത പരീക്ഷ എഴുതാനുള്ള ആഗ്രഹവും കാര്‍ത്യായനി അമ്മ പങ്കുവച്ചെന്നും മന്ത്രി പറയുന്നു. വിദ്യാഭ്യാസ മന്ത്രിക്കൊപ്പം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, എസ് ഐ ഇ റ്റി ഡയറക്ടര്‍ അബുരാജ എന്നിവരും ഉണ്ടായിരുന്നു.

ഓഗസ്റ്റ് അഞ്ചിന് ഹരിപ്പാട് മുട്ടം കണിച്ചനെല്ലൂര്‍ യുപി സ്‌കൂളിലാണ് പ്രായത്തിന്റെ അവശതകള്‍ മറികടന്ന് കാര്‍ത്യായനിയമ്മയുടെ തുല്യതാ പരീക്ഷയെഴുതിയത്. കാര്‍ത്യായനിമ്മ പരീക്ഷയെഴുതുന്ന ചിത്രവും വാര്‍ത്തയും ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.സാക്ഷരതാ മിഷന്‍ നടത്തിയ നാലാം തരം തുല്യതാപരീക്ഷയിലാണ് പരീക്ഷാര്‍ഥികളിലെ സീനിയര്‍ സിറ്റിസണായിരുന്ന കാര്‍ത്യായനിയമ്മ സംസ്ഥാനതലത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കായ 98 നേടിയത്.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്;

സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയില്‍ 97ം വയസ്സില്‍ 98 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്ക് നേടിയ ആലപ്പുഴയിലെ കാര്‍ത്ത്യായനി അമ്മയ്ക്ക് ലാപ്‌ടോപ്പ് വാങ്ങി നല്‍കി. നേരത്തെ തന്നെ കമ്പ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം കാര്‍ത്ത്യായനിയമ്മ അറിയിച്ചിരുന്നു. ലാപ് ടോപ്പ് കിട്ടിയ ഉടന്‍ തന്നെ കാര്‍ത്യായനി അമ്മ ഇംഗ്ലീഷില്‍ തന്റെ പേര് ടൈപ്പ് ചെയ്തു കാണിച്ചു.

അടുത്ത വര്‍ഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും കാര്‍ത്ത്യായനി അമ്മ പങ്കുവച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, SIET ഡയറക്ടര്‍ അബുരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×