ജീവിതത്തിലെ പ്രതിസന്ധികളെ മറികടന്ന് വയനാട് കാട്ടിക്കുളം നാരങ്ങാക്കുന്ന് അടിയ കോളനിയിലെ പ്രവീണയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. എസ് ടി കാറ്റഗറിയില്‍ 19-ാം റാങ്കോടെയാണ് പ്രവീണ കളമശ്ശേരി ഗവ. മെഡിക്കള്‍ കോളേജില്‍ എംബിബിഎസിന് പ്രവേശനം നേടിയിരിക്കുന്നത്. അഖിലേന്ത്യാതലത്തില്‍ 4757-ാം റാങ്കാണ് പ്രവീണക്ക് ലഭിച്ചത്.
നാലാം ക്ലാസുവരെ വീടിനു സമീപത്തുള്ള ഏകാദ്ധ്യാപക വിദ്യാലയത്തില്‍ പഠിച്ച പ്രവീണ കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാണ് എസ്.എസ്.എല്‍.സി.യും പ്ലസ് ടു വും വിജയിച്ചത്. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും പ്രവീണ എ.പ്ലസ് നേടി. ആദിവാസി മേഖലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് പ്രവീണയുടെ സ്വപ്‌നം.
കഷ്ട്പ്പാടുകള്‍ നിറഞ്ഞ ജീവിതത്തിനിടയിലും മകള്‍ നല്ലപോലെ പഠിക്കാന്‍ താല്‍പ്പര്യം കാണിച്ചിരുന്നുവെന്ന് പ്രവീണയുടെ അമ്മ ശാന്തബാബു പറയുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ഗവണ്‍മെന്റിന്റെ സഹായത്താല്‍ വീട് ലഭിക്കുന്നത്. അതുവരെ താമസിച്ചിരുന്നത് ഒറ്റമുറി കുടിലിലായിരുന്നു. വീട്ടില്‍ അടിസ്ഥാന സൗകര്യങ്ങളോ, വൈദ്യുതിയോ ഉണ്ടായിരുന്നില്ല. എന്നിട്ടും മകള്‍ എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. മകളുടെ വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു ഇത്. ട്രൈബല്‍ വകുപ്പിന്റേയും, നാട്ടുകാരുടേയും സഹായത്തോടെയാണ് പാലയില്‍ എന്‍ട്രന്‍സ് കോച്ചിങിന് വിട്ടതെന്നും. ഇപ്പോള്‍ മകളുടെ സ്വപ്‌നങ്ങള്‍ സഫലമാവുന്നതില്‍ സന്തോഷം തോന്നുന്നുണ്ടെന്നും ശാന്തബാബു പറഞ്ഞു.
പ്രവീണയുടെ അമ്മ ശാന്തയും പിതാവ് ബാബുവും കൂലിപ്പണിക്കാരാണ്. ഒരു സഹോദരിയുണ്ട്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രവീണക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. ആദിവാസി മേഖലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പഠിച്ച് ഡോക്ടര്‍ എന്ന നിലയ്ക്ക് മികച്ച പ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന പ്രവീണയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കാട്ടിക്കുളം നാരങ്ങാക്കുന്ന് അടിയ കോളനിയിലെ പ്രവീണ തന്റെ കാറ്റഗറിയിൽ 19-ാം റാങ്ക്‍ കരസ്ഥമാക്കി കളമശ്ശേരി ഗവ. മെഡിക്കൾ കോളേൽ പ്രവേശനം നേടിയിരിക്കുന്നു, അഖിലേന്ത്യാതലത്തിൽ 4757-ാം റാങ്കാണ് പ്രവീണക്ക് ലഭിച്ചത്. പ്രതിസന്ധികളോട് പടവെട്ടി പരീക്ഷകളിൽ മികച്ച വിജയം നേടി സ്വന്തം സ്വപ്നം സാക്ഷാത്കരിച്ച പ്രവീണയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം. നാലാം ക്ലാസുവരെ വീടിനു സമീപത്തുള്ള ഏകാദ്ധ്യാപക വിദ്യാലയത്തിൽ പഠിച്ച പ്രവീണ കാട്ടിക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്നാണ് എസ്.എസ്.എൽ.സി.യും പ്ലസ് ടു വും വിജയിച്ചത്. എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും പ്രവീണ എ.പ്ലസ് നേടി. ആദിവാസി മേഖലയിലെ ആരോഗ്യപ്രശ്നങ്ങൾ പഠിച്ച് ഡോക്ടർ എന്ന നിലയ്ക്ക് മികച്ച പ്രവർത്തനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന പ്രവീണയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.