UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഇരുപത് വര്‍ഷം കൊണ്ട് ഒരു ഫോട്ടോഗ്രാഫറും ഭാര്യയും നട്ടുപിടിപ്പിച്ചത് 20 ലക്ഷം മരങ്ങളുള്ള കാട്

ഇവര്‍ പുനരുജ്ജീവിപ്പിച്ച വനത്തിലേക്ക് 172 ഇനം പക്ഷികളും 33 ഇനം സസ്തനികളും തിരിച്ചുവന്നു

                       

ഇരുപത് വര്‍ഷം കൊണ്ട് 20 ലക്ഷം മരങ്ങള്‍ നട്ട് ബ്രസീലിയന്‍ ദമ്പതിമാര്‍. നശിച്ചുകൊണ്ടിരിക്കുന്ന ഒരു കാടിനെ പുനഃസൃഷ്ടിക്കുകയും മൃഗങ്ങള്‍ക്ക് പുതിയൊരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു ബ്രസീലിയന്‍ ഫോട്ടോഗ്രാഫറായ സെബാസ്റ്റ്യാ സല്‍ഗഡോയും ഭാര്യ ലെലിയ ഡെല്യൂസ് വാനിക് സല്‍ഗഡോയും.

റുവാണ്ടന്‍ വംശഹത്യ സംബന്ധിച്ച ഡോക്യുമെന്ററിക്ക് ശേഷം മാനസികമായും ശാരീരികമായും തകര്‍ന്ന് 1990ല്‍ ബ്രസീലില്‍ തിരിച്ചെത്തിയ സല്‍ഗഡോയെ എതിരേറ്റത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ആയിരുന്നു. ഒരു കാലത്ത് ഗംഭീര മഴക്കാടുകളായിരുന്ന തന്റെ നാട് മരങ്ങളോ വന്യ മൃഗങ്ങളോ ഇല്ലാതെ മരുഭൂമി പോലെ ആയിരിക്കുന്നു. നിരാശനായ സല്‍ഗഡോയ്ക്കു പ്രതീക്ഷ പകര്‍ന്നത് ഭാര്യ ലെലിയ ആണ്. അങ്ങനെയാണ് ഈ ദമ്പതികള്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ദീര്‍ഘ കാല യജ്ഞത്തിലേക്ക് തിരിഞ്ഞത്.

ഞാന്‍ എത്രമാത്രം പരിക്ഷീണന്‍ ആയിരുന്നോ അതുപോലെയായിരുന്നു ഈ പ്രദേശവും, 2015ല്‍ സെബാസ്റ്റ്യാ ദി ഗാര്‍ഡിയനോട് പറഞ്ഞു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുകയും പകരം ഓക്‌സിജന്‍ പുറത്തുവിടാനും മരങ്ങള്‍ക്കുമാത്രമേ സാധിക്കുകയുള്ളൂ. അതിനാല്‍ തന്നെ മരങ്ങളെ സംരക്ഷിച്ചേ മതിയാകൂ, സെബാസ്റ്റ്യാ സല്‍ഗഡോ പറയുന്നു. പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റായ സെബാസ്റ്റ്യാ സല്‍ഗഡോ അര ഡസനോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വനസംരക്ഷണത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ടോ ടെറ എന്നൊരു ഫൗണ്ടേഷനും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്. അര്‍പ്പണ ബോധവും പ്രകൃതിയോട് താല്‍പര്യവുമുളളവര്‍ വിചാരിച്ചാല്‍ വീണ്ടെടുക്കാവുന്നതെയുള്ളൂ നമ്മുടെ പ്രകൃതിയെ എന്ന സന്ദേശമാണ് ഇവര്‍ ലോകത്തിന് പകര്‍ന്നുതരുന്നത്.

2001

2019

ഇവര്‍ പുനരുജ്ജീവിപ്പിച്ച വനത്തിലേക്ക് 172 ഇനം പക്ഷികളും 33 ഇനം സസ്തനികളും തിരിച്ചുവന്നു. അതുപോലെ തന്നെ 293 ഇനം സസ്യങ്ങളാണ് ഇന്നീ വനത്തിലുള്ളത്.

യുണൈറ്റഡ് നേഷന്‍സ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ കണക്കു പ്രകാരം 1990 നു ശേഷം ആയിരം കോടിയോളം ഹെക്ടര്‍ വനഭൂമിയാണ് ലോകത്ത് നശിച്ചിരിക്കുന്നത്. ഇത് ദക്ഷിണാഫ്രിക്കയുടെ വിസ്തൃതിയോളം വരും. വനഭൂമിയുടെ നാശം കൊണ്ട് 15 ശതമാനത്തോളം വര്‍ദ്ധനയാണ് ഹരിതഗൃഹ വാതകങ്ങള്‍ക്കുണ്ടായിരിക്കുന്നത്. ഓരോ ദിവസവും നിരവധി മൃഗങ്ങള്‍ക്കാണ് തങ്ങളുടെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

Read More: boredpanda

Related news


Share on

മറ്റുവാര്‍ത്തകള്‍