UPDATES

പോസിറ്റീവ് സ്റ്റോറീസ്

ബ്രഹ്മപുത്രാ തീരത്തെ മണല്‍ത്തിട്ട കാടാക്കി മാറ്റിയ ‘ഫോറസ്റ്റ് മാന്‍’

ബ്രഹ്മപുത്ര സൃഷ്ടിക്കുന്ന വാര്‍ഷിക വെള്ളപ്പൊക്കങ്ങളേയും സ്ഥിരമായ മണ്ണൊലിപ്പിനേയും അതിജീവിച്ചുകൊണ്ട് പായേങിന്റെ വനം തലയുയര്‍ത്തി നില്‍ക്കുന്നു.

                       

കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഒരു കാടിന് ഒരു സാധാരണക്കാരന്റെ പേരിട്ട ഒരേയോരു ഉദാഹരണം ജാദവ് ‘മൊലായ്’ പായേങിന്റെതായിരിക്കണം. അസാമിലെ ജോര്‍ഹട്ടില്‍ ബ്രഹ്മപുത്ര നദിയുടെ നടുവിലുള്ള തരിശായ മണല്‍ത്തിട്ടയില്‍ 1,360 ഏക്കര്‍ വനം ഒറ്റയ്ക്ക് നട്ടുപിടിപ്പിച്ച വ്യക്തിയാണ് മിഷിംഗ് ഗോത്രവര്‍ഗത്തില്‍പ്പെട്ട പായേങ്. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം മൊലായ് കതോണി ബാരി (മൊലായിയുടെ കാട്) എന്ന് പേരിട്ടിരിക്കുന്ന ഈ വനം ഇന്ന് അപൂര്‍വ വന്യജീവികളായ റോയല്‍ ബംഗാള്‍ കടുവ, ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം, നൂറില്‍പരം ആനകള്‍ എന്നിവയുടെ ആവാസകേന്ദ്രമാണ്. 2015ല്‍ പത്മശ്രീ നല്‍കി ഇദ്ദേഹത്തെ രാഷ്ട്രം ആദരിച്ചു.

1979ല്‍ പായേങിന് 16 വയസുള്ള സമയത്ത് ആസാമിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ പാമ്പുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇഴജന്തുക്കള്‍ ലോകത്തിലെ ഏറ്റവും വലിയ മണല്‍ തിട്ടയായ മജൂലി ദ്വീപില്‍ അഭയം തേടി. എന്നാല്‍ കൊടുംചൂടില്‍ ശീതരക്ത ജീവനികളായ ഇഴജന്തുക്കള്‍ ജലശോഷണം മൂലം ചത്തു. അവയുടെ മരണം പായേങിനെ വല്ലാതെ നോവിച്ചു. ഒരു പക്ഷെ ആവശ്യത്തിന് മരത്തണല്‍ ഉണ്ടായിരുന്നെങ്കില്‍ അവയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേനേ എന്ന ചിന്ത അദ്ദേഹത്തില്‍ വളര്‍ന്നു. പായേങ് മണല്‍ത്തിട്ടയില്‍ വിത്തുകളും തൈകളും നടാന്‍ തുടങ്ങി. ആ സമയത്ത് സാമൂഹ്യ വനവല്‍ക്കണ വിഭാഗം മാജുളിയിലെ 200 ഹെക്ടറില്‍ വനം നട്ടുപിടിപ്പിക്കുന്ന ഒരു പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു. ഈ പദ്ധതിക്ക് വേണ്ടി പണിയെടുക്കുന്ന തൊഴിലാളികളില്‍ ഒരാളായിരുന്നു പായേങ്. അഞ്ച് വര്‍ഷത്തിന് ശേഷം പദ്ധതി കാലവധി അവസാനിച്ചു. എന്നാല്‍ അവിടെ തുടരാന്‍ തന്നെ പായേങ് തീരുമാനിച്ചു. എല്ലാവരും അവിടം വിട്ടുപോയതിന് ശേഷവും ബാക്കിയുള്ള സ്ഥലങ്ങളില്‍ വൃക്ഷങ്ങള്‍ നടുപിടിപ്പിക്കുന്ന പ്രവൃത്തി തുടര്‍ന്നു. പ്രദേശം പൂര്‍ണമായും ഒരു വനമാക്കുകയായിരുന്നു ലക്ഷ്യം.

രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജിയില്‍ നിന്ന് പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്നു.


തരിശ് ഭൂമി ചെടികള്‍ വളരുന്നതിന് പാകമാക്കുന്നതിന്റെ ഭാഗമായി കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനായി തന്റെ വള്ളത്തില്‍ ഉറമ്പുകളെയും ചിതലുകളെയും മണ്ണിരകളേയും കീടങ്ങളെയും എന്തിന് ചാണകവും വരെ അദ്ദേഹം ദ്വീപിലെത്തിച്ചു. വനത്തിന്റെ സുരക്ഷയും വളര്‍ച്ചയും ഉറപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധനായിരുന്ന അദ്ദേഹം എല്ലാ ദിവസവും അവിടെ പണിയെടുത്തു. ചെടികളുടെ വളര്‍ച്ച തടസപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി അവയെ ശുശ്രൂഷിച്ചും വൃത്തിയാക്കിയും പുരോഗതി വിലയിരുത്തിയും അദ്ദേഹം മണല്‍ത്തിട്ടയില്‍ തന്നെ താമസം ആരംഭിച്ചു. എല്ലാ വര്‍ഷവും ഉണ്ടാവുന്ന വെള്ളപ്പൊക്കത്തില്‍ വനത്തിന്റെ ഒരു ഭാഗം നശിക്കുമെങ്കിലും കൂടുതല്‍ മരങ്ങള്‍ നട്ടുവളര്‍ത്തിക്കൊണ്ട് പ്രദേശം പരിപോഷിപ്പിച്ച് തന്റെ ഉദ്യമത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് അദ്ദേഹം ക്ഷമിച്ചത്.

താമസിയാതെ തണലില്ലാതിരുന്ന ആ മണല്‍ത്തിട്ട പക്ഷിമൃഗാദികള്‍ക്ക് ഒരു ആവാസ വ്യവസ്ഥയായി മാറി. ഇന്ന് മുള കൂടാതെ, മരുത്, ഗുല്‍മോഹര്‍ തുടങ്ങി ആയിരക്കണക്കിന് ഇനം വൃക്ഷങ്ങള്‍ മൊലായിയുടെ വനത്തിലുണ്ട്. എല്ലാവര്‍ഷവും 100 ആനകള്‍ അടങ്ങുന്ന ഒരു കൂട്ടം ഇവിടേക്ക് കുടിയേറും. സാധാരണഗതിയില്‍ ആറുമാസം അവ ഇവിടെ ഉണ്ടാവും. അടുത്തകാലത്ത് പത്ത് ആനക്കുട്ടികളാണ് ഉണ്ടായത്. ഓജസ്വിയായ ബ്രഹ്മപുത്ര സൃഷ്ടിക്കുന്ന വാര്‍ഷിക വെള്ളപ്പൊക്ക ചാക്രികതയെയും സ്ഥിരമായ മണ്ണൊലിപ്പിനെയും അതിജീവിച്ചു കൊണ്ട് ഇന്ന് പായേങിന്റെ വനം തലയുയര്‍ത്തി നില്‍ക്കുന്നു.

പുറംലോകം അറിയാതെ, സബ്‌സിഡികളും പിന്തുണയും ഇല്ലാതെ സുസ്ഥിര ജീവനത്തിന് സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തിയില്‍ പായേങ് വ്യാപൃതനായിരുന്നു. വനം മുഴുവന്‍ മനുഷ്യസൃഷ്ടിയാണെന്ന് 2008ല്‍ ഒരു ആനക്കൂട്ടത്തെ പിന്തുടര്‍ന്ന് ഇവിടെ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മനസിലായി. 2009ല്‍ ജോര്‍ഹട്ടില്‍ നിന്നുള്ള വന്യജീവി റിപ്പോര്‍ട്ടറും കോളമിസ്റ്റുമായ ജിതു കലിത തന്റെ കോളത്തില്‍ പായേങിനെ കുറിച്ച് എഴുതി. തുടര്‍ന്ന് ലോകമെമ്പാടുമുള്ള പത്രങ്ങളും മാസികകളും മറ്റ് മാധ്യമങ്ങളും പായേങിന്റെ അഭിമുഖം പ്രസിദ്ധീകരിക്കാന്‍ മത്സരിച്ചതോടെ അദ്ദേഹത്തിന്റെ അദ്ധ്വാനം ലോകശ്രദ്ധ നേടി. 2012ല്‍ ‘ഫോറസ്റ്റ് മാന്‍’ എന്ന പേരില്‍ പായേങിനെ കുറിച്ച് ഒരു ഡോക്യുമെന്ററി കലിത നിര്‍മ്മിച്ചു.

പായെങ്ങിനെ കുറിച്ചുള്ള ‘ഫോറസ്റ്റ് മാന്‍’ എന്ന ഡോക്യുമെന്‍ററി:

2012ല്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍വെയറോണ്‍മെന്റല്‍ സയന്‍സസില്‍ വച്ച് മഗ്‌സാസെ അവാര്‍ഡ് ജേതാവ് രാജേന്ദ്ര സിംഗിനോട് അദ്ദേഹം തന്റെ സവിശേഷ വനവല്‍ക്കരണ പരിപാടിയുടെ കഥ പറഞ്ഞു. അവിടെ വച്ചാണ് പായേങിനെ ജെഎന്‍യു വൈസ് ചാന്‍സിലര്‍ സുധീര്‍ കുമാര്‍ സൊപോരി ആദരിക്കുന്നതും ‘ഇന്ത്യയുടെ വനമനുഷ്യന്‍’ എന്ന പേര് നല്‍കുന്നതും. 2013ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റും അദ്ദേഹത്തെ ആദരിച്ചു. ആസാം സര്‍ക്കാര്‍, അക്കാദമിക് വിദഗ്ധര്‍, മുന്‍ രാഷ്ട്രപതിയും പ്രഗത്ഭ ശാസ്ത്രജ്ഞനുമായ ഡോ എപിജെ അബ്ദുള്‍ കലാം തുടങ്ങി നിരവധി പേര്‍ അദ്ദേഹത്തിന്റെ അദ്ധ്വാനത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. 1972ലെ വന്യജീവി (സംരക്ഷണ) നിയമപ്രകാരം ഈ വനം ഒരു സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.

Related news


Share on

മറ്റുവാര്‍ത്തകള്‍