ദുരന്തമുഖങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ അവവസാനിച്ചിരിക്കുന്നു. വീടുകളിലെ വെള്ളമിറങ്ങുന്നതിന് അനുസരിച്ച് ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് ജനങ്ങള്‍ മാറാന്‍ തുടങ്ങി. പക്ഷേ പഴയതെല്ലാം വീണ്ടെടുത്ത് ജീവിതം ഒന്നേന്നു തന്നെ തുടങ്ങണം. ഇത്രയും നാള്‍ ആശിച്ചും ആഗ്രഹിച്ചും ഉണ്ടാക്കിയതെല്ലാം നഷ്ടമായവര്‍, ഭാഗികമായും പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ടവര്‍, ഉറ്റവരെ കാണാതായവര്‍ ഇങ്ങനെ നീണ്ട് നീണ്ട് പോകുന്നു ജീവിതത്തിലേക്ക് കരകയറാനുള്ള ദൂരം.
പ്രളയബാധിത പ്രദേശങ്ങളുടെ പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ സൌജന്യമായി വാഗ്ദാനം ചെയ്തു രംഗത്തുവന്നിരിക്കുകയാണ് ജ്വാല മാക്കുനി എന്ന സ്വതന്ത്ര സംഘടന. കണ്ണൂര്‍ തലശ്ശേരിയിലുള്ള മാക്കുനിയിലെ യുവാക്കളുടെ സ്വതന്ത്ര സംഘടനയാണ് ജ്വാല. ‘വെള്ളമിറങ്ങി കഴിഞ്ഞാല്‍ പ്രളയബാധിത മേഖലകളിലെ ജനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടാന്‍ പേകുന്നത് വീടും പരിസരവും വൃത്തിയാക്കാന്‍ വേണ്ടിയാണ്. അതിനായി വേണ്ട സഹായങ്ങള്‍ ജ്വാല ഒരുക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. ഒരു റെസിഡന്‍ഷ്യല്‍ ഏര്യയില്‍ ആവശ്യമുള്ള എല്ലാ സഹായങ്ങളും സൗജന്യമായി ചെയ്ത് നല്‍കാനാണ് ഞങ്ങളുടെ തീരുമാനം.’ ജ്വാലയുടെ സെക്രട്ടറി അനില്‍ വിശദീകരിച്ചു.
‘ജ്വാല അമ്പത്തിരണ്ടോളം പേരടങ്ങുന്ന സംഘടനയാണ്. കഴിഞ്ഞ ദിവസമാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായത്. എറണാകുളം, തൃശൂര്‍, പറവൂര്‍, ചാലക്കുടി എന്നിവടങ്ങളില്‍ നിന്ന് സഹായം ചോദിച്ച് വിളിച്ചിട്ടുണ്ട്. ആശാരിമാര്‍, ഇലക്ട്രീഷന്‍മാര്‍, പ്ലംബര്‍മാര്‍, തുടങ്ങി എല്ലാ ജോലികളും ചെയ്യുന്ന ആളുകളുണ്ട്. അവരുടെയൊക്കെ മനുഷ്യാദ്ധ്വാനം ഈ അവസരത്തില്‍ നമുക്ക് പ്രയോജനപ്പെടുത്താനാകും.’