June 20, 2025 |
Share on

സൗദി പ്രവാസികള്‍ക്ക് പുതിയ മൂന്ന് സേവനങ്ങള്‍കൂടി ഉള്‍പ്പെടുത്തി അബ്ഷിര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍

ജവാസാത്തില്‍ നിന്നും വിവിധ സേവനങ്ങള്‍ക്ക് രണ്ടാമതൊരാളെ നിയമിക്കാമെന്നതാണ് പ്രധാന സേവനം.

സൗദി അറേബ്യയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി ഓണ്‍ലൈന്‍ സേവനത്തിന് ആരംഭിച്ച അബ്ഷിര്‍ പോര്‍ട്ടലില്‍ പുതിയ മൂന്ന് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അബ്ഷിര്‍ പോര്‍ട്ടലിലൂടെ സേവനം ലഭ്യമാകും. ജവാസാത്തില്‍ നിന്നും വിവിധ സേവനങ്ങള്‍ക്ക് രണ്ടാമതൊരാളെ നിയമിക്കാമെന്നതാണ് പ്രധാന സേവനം. ജവാസാത്തില്‍ നിന്ന് 21 സേവനങ്ങള്‍ക്ക് മറ്റാരെയെങ്കിലും ഉത്തരവാദിത്തം ഏല്‍പിക്കാന്‍ ഇതിലൂടെ സാധിക്കും.

സ്വദേശികളെയോ വിദേശികളെയോ ഇത്തരത്തില്‍ പകരം ഉത്തരവാദിത്തം ഏല്‍പിക്കാന്‍ സാധിക്കുന്നതാണ്. പുതിയ പാസ്‌പോര്‍ട്ട് എടുക്കല്‍, നിലവിലുള്ളത് പുതുക്കല്‍, പാസ്‌പോര്‍ട്ട് കൈപറ്റല്‍, ഹുറൂബ് രേഖപ്പെടുത്തല്‍, സന്ദര്‍ശന വിസ കാലാവധി നീട്ടല്‍ തുടങ്ങിയവ ഈ സേവനത്തിന്റെ കീഴില്‍ വരുന്നതാണ്. ഏല്‍പിക്കപ്പെടുന്ന വ്യക്തിക്ക് അബ്ഷിര്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണമെന്നതും നിബന്ധനകളിലുണ്ട്.

മുമ്പ് ജവാസാത്ത് ഓഫീസില്‍ നിന്ന് ചെയ്തിരുന്ന വിദേശികളുടെ പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചേര്‍ക്കല്‍ (നഖല്‍ മഅലൂമാത്ത്) ഇനി ഓണ്‍ലൈന്‍ വഴി സാധിക്കും. 100 പേരില്‍ കുറഞ്ഞ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികളുടെ ആശ്രിതരായി കഴിയുന്നവരുടെ പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങളും ഇത്തരത്തില്‍ വിവരങ്ങളില്‍ ഉള്‍പ്പെടുത്താനാവും.

പ്രവാസികളുടെ വിവരങ്ങള്‍ പ്രിന്റ് എടുക്കാന്‍ സാധിക്കുമെന്നതാണ് മൂന്നാമത്തെ സേവനം. സ്‌പോണ്‍സര്‍മാര്‍ക്ക് തങ്ങളുടെ കീഴിലുള്ള വിദേശികളുടെ വിസ, പാസ്‌പോര്‍ട്ട്, വാഹനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭിക്കാനും അത് ആവശ്യമായ അധികൃതര്‍ക്ക് സമര്‍പ്പിക്കാനും ഈ പ്രിന്റ് സംവിധാനം സഹായകരമാവും.

Leave a Reply

Your email address will not be published. Required fields are marked *

×